Tuesday, June 25, 2019 Last Updated 31 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 05 Jan 2019 01.51 PM

'ചേച്ചിയുടെ മുഖത്തു കണ്ട ഭയം', ഇളം പ്രായത്തിലെ വിവാഹം സെര്‍വിക് കാന്‍സറിന് വഴിയൊരുക്കുമോ? വൈറലായി ഡോക്ടറുടെ കുറിപ്പ്

signs of cervical cancer

ഇന്ത്യയില്‍ സെല്‍വിക്കല്‍ കാന്‍സര്‍ (ഗര്‍ഭാശയഗള അര്‍ബുദം) മൂലം മരിക്കുന്ന സ്ത്രീകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. ജീവിതത്തില്‍ നേരത്തെ തുടങ്ങുന്ന ലൈംഗിക ബന്ധം ഗര്‍ഭാശയഗളഅര്‍ബുദത്തിന്റെ കാരണങ്ങളില്‍ ഒന്നാണ്. ഗര്‍ഭാശയഗള അര്‍ബുദത്തെ ലളിതമായി വിശദീകരിക്കുകയാണ് ഡോ.വീണ ജെ.എസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ച വിഷയമായിരിക്കുന്നത്.

മുസ്ലീം മതവിഭാഗത്തിലായതിനാല്‍ നേരത്തെ വിവാഹം ഉണ്ടാകുമെന്നും സെര്‍വിക് കാന്‍സറിനെതിരെ വാക്‌സിന്‍ എടുക്കാമെന്നും പറഞ്ഞു കൊണ്ടായിരുന്നു ഒരു വിദ്യാര്‍ത്ഥിയുടെ ചാറ്റ്. കഴിഞ്ഞ ദിവസം രാത്രി ഇതേ ക്ലാസിലെ ഒരു ആണ്‍കുട്ടി തന്നെ വിളിച്ചുവെന്നും പതിനെട്ടു വയസില്‍ തന്നെ കുട്ടിയുടെ ചേച്ചിയെ വിവാഹം ചെയ്ത് അയക്കാനായി പതിനേഴു വയസില്‍ തന്നെ നിശ്ചയം നടത്താന്‍ തീരുമാനിക്കുന്നതായും വീണ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു. ചേച്ചിയുടെ മുഖത്തു കണ്ട ഭയം അവന് വല്ലാതെ വിഷമം ഉണ്ടാക്കി. എന്നോട് അവന്‍ ഇത്രമാത്രം പറഞ്ഞവസാനിപ്പിച്ചു. ;ഞാനൊരിക്കലും ഇത്ര ചെറിയ പെണ്‍കുട്ടിയെ നിക്കാഹ് ചെയ്യില്ല. ഞാന്‍ മാത്രമല്ല കൂട്ടുകാരും ചെയ്യില്ല അത്യാവശ്യം നന്നായി അഭിമാനം തോന്നിയ ഒരു നിമിഷമാണ് ഇതെന്നും ഡോ. വീണ വിശദീകരിക്കുന്നു.

ഡോ. വീണ് ജെ എസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥിനി എനിക്കയച്ച വാട്‌സാപ്പ് മെസേജിന്റെ സ്‌ക്രീന്‍ഷോട് ആണ് താഴെയുള്ളത്. ജീവിതത്തില്‍ നേരത്തെ തുടങ്ങുന്ന ലൈംഗികബന്ധം ഗര്‍ഭാശയഗള അര്‍ബുദത്തിന്റെ/cervix cancer റിസ്‌കുകളില്‍ ഒന്നാണെന്നു പറഞ്ഞുകൊടുത്തിട്ടുണ്ടായിരുന്നു. ചിലയിനം cervix കാന്‍സര്‍നെതിരെ വാക്സിന്‍ ഉണ്ടെന്നു പറഞ്ഞത് അന്വേഷിയ്ക്കാനാണ് കുട്ടി മെസ്സേജ് അയച്ചത്. മുസ്ലീം ആയതിനാല്‍ വിവാഹം വളരെ നേരത്തെ ഉണ്ടാവുമെന്നും അതിനാല്‍ വാക്സിന്‍ എടുക്കാമെന്നും ആയിരുന്നു കുട്ടി പറഞ്ഞത്. വിവാഹം വൈകി മതി എന്ന ആവശ്യമൊന്നും വീട്ടുകാര്‍ അംഗീകരിക്കില്ലെന്ന ഉറപ്പ് ആ വീട്ടുകാരും നാട്ടുകാരും പള്ളിക്കാരുമൊക്കെ കാലങ്ങളായി നടത്തിച്ചുകൊണ്ടുപോകുന്നതാകയാല്‍ ഇക്കാര്യത്തില്‍ എന്റെ മോട്ടിവേഷന്‍ വര്‍ത്താനത്തില്‍ കാര്യമില്ലെന്നു ഞാന്‍ മനസിലാക്കി.

എന്നാല്‍ ഇന്നലെ രാത്രി ഇതേ ക്ലാസ്സിലെ ഒരാണ്‍കുട്ടി എന്നെ വിളിച്ച് സംസാരിച്ചു. അവന്റെ ചേച്ചിക്ക് അവനെക്കാള്‍ രണ്ടു വയസ്സ് മാത്രമേ കൂടുതലുള്ളു. പതിനെട്ടു വയസ്സില്‍ കല്യാണം കഴിപ്പിക്കാന്‍ പതിനേഴു വയസ്സില്‍തന്നെ നിശ്ചയം നടത്താന്‍ പോകുന്നു. എന്നാല്‍ അവന്‍ ഗര്‍ഭാശയഗളഅര്‍ബുദത്തെപ്പറ്റി വീട്ടുകാരെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു.ഞമ്മന്റെ അപ്പനും അപ്പൂപ്പനും അപ്പൂപ്പന്റപ്പൂപ്പനും ഇതേ രീതീലാ കുടുംബം നോക്കിയേ, ആര്‍ക്കും കാന്‍സര്‍ വന്നിട്ടില്ല എന്നുംപറഞ്ഞ് അവര്‍ അവനെ കളിയാക്കിവിട്ടു. ചേച്ചിയുടെ മുഖത്തു കണ്ട ഭയം അവന് വല്ലാതെ വിഷമം ഉണ്ടാക്കി. എന്നോട് അവന്‍ ഇത്രമാത്രം പറഞ്ഞവസാനിപ്പിച്ചു.

ഞാനൊരിക്കലും ഇത്ര ചെറിയ പെണ്‍കുട്ടിയെ നിക്കാഹ് ചെയ്യില്ല. ഞാന്‍ മാത്രമല്ല കൂട്ടുകാരും ചെയ്യില്ല. അത്യാവശ്യം നന്നായി അഭിമാനം തോന്നിയ ഒരു നിമിഷമാണ് ഇത്. Cervix cancer അനുബന്ധഎഴുത്തുകളും ന്യൂസും കമന്റ് boxല്‍ കൊടുക്കുന്നു. ലോകത്തിലെ ഗര്‍ഭാശയഗള അര്‍ബുദരോഗികളുടെ നാലിലൊരുഭാഗം ഇന്ത്യയിലാണ് എന്നതും, ഇന്ത്യയില്‍ അര്‍ബുദം കാരണമുള്ള സ്ത്രീകളുടെ മരണങ്ങളില്‍ സ്തനാര്‍ബുദം കഴിഞ്ഞാല്‍ ഗര്‍ഭാശയഗളഅര്‍ബുദം ആണെന്നതും ഓര്‍ക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ വരുമ്പോള്‍, സ്ത്രീകളുടെ ആരോഗ്യത്തെ മുന്‍നിര്‍ത്തി ഈ വാക്സിന്‍ ഗവണ്മെന്റ് തലത്തില്‍ സംഘടിപ്പിക്കാന്‍ ശ്രമം നടത്തേണ്ടതാണ്. വാക്സിന്‍ ചിലവ് കൂടുതലായതിനാല്‍ വാക്സിന്‍ പ്രചരിപ്പിക്കരുത് എന്ന തത്വത്തിനോട് യോജിക്കാനാവില്ല. ചില ടൈപ്പുകള്‍ക്കെതിരെ മാത്രമേ വാക്സിന്‍ വിജയകരമാവു, അതിനാല്‍ ചിലവുകൂടിയ വാക്സിന്‍ പ്രചരിപ്പിക്കാതെ കുട്ടികളുടെ പ്രതിരോധകുത്തിവെപ്പില്‍ മാത്രം തല്ക്കാലം ശ്രദ്ധ എന്ന തത്വത്തോടും യോജിക്കാനാവില്ല. ഹൈ റിസ്‌ക് ടൈപ്പ് വൈറസ്സിനെതിരെ വാക്സിന്‍ ഫലപ്രദമാണെന്ന് വാക്സിന്‍ നിര്‍ബന്ധമായ നാടുകളില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ടല്ലോ.

നല്ല ലൈംഗികവിദ്യാഭ്യാസമുള്ള, ജനസംഖ്യപെരുപ്പം കുറഞ്ഞ ഒരു നാട്ടില്‍ ആയിരുന്നെങ്കില്‍ വാക്സിന്‍ വിലയുടെ കാര്യം പറയുന്നതില്‍ അര്‍ത്ഥമുണ്ടായിരുന്നു. എന്നാല്‍ ഗര്‍ഭാശയഗളകാന്‍സറിന്റെ നാലിലൊന്നു ഭാരം ഇന്ത്യയിലായിട്ടും സ്ത്രീകളുടെ കാന്‍സര്‍അനുബന്ധമായ മരണകാരണത്തില്‍ രണ്ടാമതായിട്ടും വാക്സിന്‍ പ്രചരണം ഇല്ലാതാവുന്നത് ന്യായീകരിക്കാനാവില്ല. മെഡിക്കല്‍ മേഖലയില്‍ ശക്തമായ സ്ത്രീപക്ഷം ഉടലെടുക്കേണ്ടതിന്റെ അനിവാര്യതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. വാക്സിന്‍ ബിസിനസ്സിനെ സഹായിക്കാന്‍ എന്ന കുത്തുവാക്കുകള്‍ ഭയന്ന് ഇക്കാര്യത്തില്‍ നമ്മള്‍ മാറിനില്‍ക്കരുത്. കുട്ടികളുടെ ആരോഗ്യം പോലെ, ഒരുപക്ഷെ അതിനേക്കാള്‍ മുകളിലാവണം സ്ത്രീയുടെ ആരോഗ്യം എന്നത്. അതിന്റെ കാരണം നമ്മടെ തൊലിഞ്ഞ സംസ്‌കാരം തന്നെയാണ് ! സ്ത്രീയില്ലെങ്കില്‍ ഒരു വീട് ചലിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന സംസ്‌കാരത്തില്‍ വളര്‍ന്ന നമ്മള്‍ക്ക് സ്ത്രീകളുടെ കാര്യത്തില്‍ മേല്‍പ്പറഞ്ഞകണക്കുകളെ മുന്‍നിര്‍ത്തി വാക്സിന്‍ പ്രചരിപ്പിക്കാം. UK ഗവണ്മെന്റ് ജനുവരി 21 മുതല്‍ 27 വരെ Cervix Cancer Week എന്ന പേരില്‍ ഗര്‍ഭാശയഗളഅര്‍ബുദത്തിനെപ്പറ്റി ബോധവല്‍ക്കരണം നടത്തുന്നുണ്ട്. നാലിലൊന്ന് ഭാരം ചുമക്കുന്ന നമ്മളിതാ, ഇങ്ങനെ മിണ്ടാതിരിക്കുന്നുമുണ്ട്. കാന്‍സര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മാത്രം ഉയര്‍ന്നു വരേണ്ട കാര്യമല്ല cervix cancer awareness. സ്ത്രീയുടെ ജീവചക്രത്തിന്റെ ഒരുപാട് സങ്കീര്‍ണചങ്ങലകളുമായി ബന്ധപ്പെട്ട ഒരു രോഗമാണിത്. ചീനുവമ്മയെപ്പറ്റി എഴുതിയത് വായിക്കുക.

കൗമാരപ്രായത്തില്‍ വാക്സിന്‍ എടുക്കാത്തവര്‍ക്ക് ആദ്യത്തെ ലൈംഗികബന്ധത്തിനു മുന്നേ എടുക്കാവുന്നതാണ്. ഇരുപത്തഞ്ചു വയസ്സിനു മുകളിലുള്ള ഓരോ സ്ത്രീയും ഓരോ മൂന്നു വര്‍ഷം കൂടുമ്പോള്‍ സ്ത്രീരോഗവിദഗ്ധ ഡോക്ടറുടെ സേവനം ലഭ്യമായ സര്‍ക്കാര്‍ ആശുപത്രിയില്‍ചെന്ന് തികച്ചും സൗജന്യമായി ലഭിക്കുന്ന പാപ് സ്മിയര്‍ ടെസ്റ്റ് ചെയ്യേണ്ടതാണ്. നേരത്തെ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ ചികില്‍സിച്ചു ഭേദമാക്കാന്‍ വളരെയധികം സാധ്യതയുള്ള അസുഖമാണിത്. എന്നാല്‍ അര്‍ബുദം കണ്ടെത്താന്‍ വൈകിയാല്‍ സാഹചര്യങ്ങള്‍ സങ്കീര്‍ണമാകാം.

Ads by Google
Ads by Google
Loading...
TRENDING NOW