Tuesday, June 25, 2019 Last Updated 31 Min 18 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Thursday 03 Jan 2019 01.55 AM

പുതുവര്‍ഷം ഹര്‍ത്താല്‍രഹിതമാകണം

uploads/news/2019/01/277264/bft1.jpg

ഭൂമി ഒരു വട്ടംകൂടി സൂര്യനെ വലയംവച്ചു പൂര്‍ത്തിയാക്കിയിരിക്കുന്നു. കാലവൃക്ഷത്തിന്റെ ഒരിലകൂടി കൊഴിഞ്ഞിരിക്കുന്നു. ഒപ്പം 2019 എന്ന ഒരു തളിരില കിളിര്‍ത്തിരിക്കുന്നു. അതോടൊപ്പം തന്നെ ഭൂമിയും സൂര്യനും ചേര്‍ന്ന്‌ ഒരു വട്ടം കൂടി നമുക്കു പ്രകാശവും ചൂടും തണുപ്പും മഴയും മഞ്ഞും പൂക്കളും കനികളും സമ്മാനിച്ചു. പകരം ഒന്നും പ്രതീക്ഷിക്കാതെയാണു ഭൂമാതാ തന്റെ നിര്‍മ്മലമായ കൈത്തലത്തില്‍വച്ച്‌ നമുക്കിതല്ലാം നല്‍കിയത്‌. നമ്മള്‍ പകരം ഭൂമാതാവിന്‌ എന്തു നല്‍കി എന്നു സ്വയം ചോദിക്കുമ്പോഴാണ്‌ നന്ദിയില്ലാത്ത മക്കളാണ്‌ നമ്മളോരോരുത്തരും എന്നു ബോധ്യമാകുന്നത്‌.
ഹൃദയം നന്ദികൊണ്ടു നിറയേണ്ട നിമിഷങ്ങളാണിത്‌. കഴിഞ്ഞുപോയ വര്‍ഷത്തില്‍ ദൈവം നമ്മിലേക്കു ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ അപകടങ്ങളില്‍നിന്നും കാത്ത അനുഭവങ്ങള്‍ ഒക്കെ നന്ദിയോടെ നമുക്ക്‌ ഓര്‍ക്കാം. ഓരോ നിമിഷവും നമ്മെ സംരക്ഷിക്കുന്ന ദൈവപരിപാലനയുടെ തണലിലാണു നാം ജീവിക്കുന്നത്‌ എന്ന സത്യം ഈ ഒരു വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ നമ്മുടെ ഹൃദയങ്ങളില്‍ നമുക്കു കുറിച്ചിടാം.
പുതുവര്‍ഷാഘോഷത്തിനായ്‌ മധുരിക്കുന്ന കേക്കുകള്‍മുറിക്കുമ്പോള്‍ കേക്ക്‌ എന്ന ആഹാരസാധനം കണ്ടിട്ടില്ലാത്ത കുട്ടികള്‍ നിരവധി ഈ ലോകത്തുണ്ടെന്ന ബോധം നമ്മില്‍ ഉണ്ടാകണം. മറ്റുള്ളവരുടെ ജീവിതവും ആവുംവിധമെല്ലാം മധുരമായിത്തീരാനും നമ്മള്‍ പരിശ്രമിക്കണം.

പ്രളയകാലവും പ്രളയാനന്തരകാലവും

പുതുവര്‍ഷം കൂടി കടന്നു വരുമ്പോള്‍ അതിജീവനത്തിന്റെ കഥയാണ്‌ എല്ലാ മലയാളികള്‍ക്കുമുള്ളത്‌. ചരിത്രത്തിലാദ്യമായാണു കേരളത്തിലെ 54 അണക്കെട്ടുകളില്‍ 35 എണ്ണവും തുറന്നുവിടേണ്ടി വന്നത്‌. 2018 ജൂലൈ-ഓഗസ്‌റ്റ്‌ മാസങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക ദുരന്തത്തില്‍ കേരളത്തിന്‌ ഏകദേശം 40,000 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചിട്ടുണ്ടെന്നാണ്‌ സംസ്‌ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. പ്രളയകാലം കേരളീയരെ അതിജീവനത്തിന്റെ ഒരുപാടു നല്ല പാഠങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്‌. പ്രളയാനന്തരമുള്ള പുനര്‍നിര്‍മാണത്തിലും ഈ പാഠങ്ങള്‍ മുതല്‍ക്കൂട്ടാകേണ്ടതുമാണ്‌. പ്രളയത്തില്‍ നഷ്‌ടപ്പെട്ടതൊക്കെ പഴയ പടി വീണ്ടെടുക്കുകയല്ല പുനര്‍നിര്‍മാണംകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. തികച്ചും ഒരു പുതുകേരളം പണിതുയര്‍ത്തണം.
പ്രളയകാലം തിരിച്ചറിവുകളുടേത്‌ കൂടിയായിരുന്നു. ജാതിയുടേയും മതത്തിന്റേയും പണത്തിയേും അതിര്‍വരമ്പുകള്‍ ഇല്ലാതായി. അമ്പലത്തിലും പള്ളികളിലും നിസ്‌കാരപായകള്‍ വിരിച്ചു. പാവപ്പെട്ടവനും പണക്കാരനും ഒരു പാത്രത്തില്‍നിന്നു കഴിച്ചു. അന്യര്‍ക്കു പ്രവേശനമില്ലെന്ന്‌ എഴുതിയ ബോര്‍ഡുകള്‍ പ്രളയമെടുത്തു. വിശപ്പിനേക്കാള്‍ വലുതല്ല ദുരഭിമാനമെന്നു തിരിച്ചറിഞ്ഞു.
എന്നാല്‍ പ്രളയാനന്തരം, അതിന്റെ ഓര്‍മകളില്‍ നിന്നും മുക്‌തമാകുന്നതിനു മുമ്പു നാട്ടില്‍ പ്രക്ഷോഭത്തിനു കളമൊരുങ്ങിയതും തുടര്‍ന്നുണ്ടായ നടപടികളും വിവാദങ്ങളും പ്രതിവാദങ്ങളും പ്രളയകാലത്ത്‌ നേടിയെടുത്ത പ്രതിച്‌ഛായയെ സാരമായി ബാധിച്ചു എന്നുതന്നെ പറയാം. കേരള സമൂഹത്തില്‍ സംഭക്കില്ലെന്നു ധരിച്ചിരുന്ന സംഭവവികാസങ്ങളാണ്‌ ദിനവും സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ഇതു തികച്ചും ദുഃഖകരമാണ്‌. തുറന്ന ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുന്ന വിഷയത്തെ തെരുവില്‍ സജീവമാക്കുകയല്ല വേണ്ടത്‌.

പുതുവര്‍ഷം അനാവശ്യ ഹര്‍ത്താല്‍ ഇല്ലാത്ത വര്‍ഷമാകട്ടേ

കഴിഞ്ഞ വര്‍ഷം ജനങ്ങളില്‍ നിന്നും എതിരഭിപ്രായം ഉയര്‍ന്നത്‌ അനാവശ്യ ഹര്‍ത്താലുകള്‍ക്കെതിരേയാണ്‌. ഇത്തവണയെങ്കിലും പ്രതീക്ഷാ നിര്‍ഭരമായ, അനാവശ്യ ഹര്‍ത്താലുകളില്ലാത്ത പുതുവര്‍ഷമാകുമെന്നാണു പ്രതീക്ഷിക്കുന്നത്‌. നാടിന്റെ പുരോയാനത്തെ ഏറ്റവുമധികം പിന്നോട്ടടിക്കുന്ന കാര്യങ്ങളാണു ഹര്‍ത്താലും സമാനമായ സമരങ്ങളുമെന്നതില്‍ യാതൊരു സംശയവുമില്ല. ഉയര്‍ന്ന കാഴ്‌ചപ്പാടിലും സാക്ഷരതയിലും അഹങ്കരിക്കുന്ന കേരളത്തിലാണ്‌ ഹര്‍ത്താലിന്റെ പേരില്‍ നരക ജീവിതം അനുഭവിക്കേണ്ടി വരുന്നത്‌.
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു ഗാന്ധിജി ഗുജറാത്തി ഭാഷയില്‍ പ്രതിഷേധസൂചകമായി ഉപയോഗിച്ച വാക്കാണു ഹര്‍ത്താല്‍. അതു തികച്ചും സമാധാനപരമായി പ്രകടിപ്പിച്ചിരുന്ന ഒരു പ്രതിഷേധ പ്രകടനമാണ്‌. ഇന്നു വ്യക്‌തികള്‍ക്കും സമൂഹത്തിനും രാഷ്‌ട്രത്തിനും ജീവനും സ്വത്തിനും ഉള്‍പ്പെടെ നാശനഷ്‌ടം വരുത്തുന്ന ഒരു വലിയ വിപത്തായി പിടിമുറുക്കിയിരിക്കുകയാണ്‌.
ഇതിനെതിരേ ഈ പുതുവര്‍ഷമെങ്കിലും കേരളത്തിലെ ജനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാകൂ. ഹര്‍ത്താലുകള്‍ ആരു പ്രഖ്യാപിക്കുന്നതായാലും ഇത്തരം രാഷ്ര്‌ടീയ പീഡനത്തിന്റെ ആഘാതം വര്‍ധിക്കാതിരിക്കാന്‍ നാം ഓരോരുത്തരും ജാഗ്രത പാലിക്കേണ്ടതുണ്ട്‌. ജനജീവിതം സ്‌തംഭിക്കാതിരിക്കാനും നാം ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ അവസ്‌ഥയെ തിരിച്ചറിഞ്ഞ്‌ മുമ്പോട്ടു പോകേണ്ടത്‌ ഏറെ ആവശ്യമാണ്‌. എവിടെ നോക്കിയാലും നല്ല മാതൃക കുറഞ്ഞുവരുന്നു. രാഷ്‌ട്രീയ രംഗത്താണെങ്കില്‍ മറ്റുള്ളവരെ എങ്ങനെയും തേജോവധം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. തങ്ങളുടെ കണ്ണില്‍ കോലിരിക്കുന്നതു തിരിച്ചറിയാതെ അപരന്റെ കണ്ണിലെ കരട്‌ എടുക്കാന്‍ പുറപ്പെടുന്ന കാപട്യമാണ്‌ എല്ലാ വേദികളിലും. ദൈവം നമ്മെ നിയോഗിച്ചിരിക്കുന്ന സ്‌ഥലങ്ങളിലെല്ലാം വെളിച്ചം നല്‍കാന്‍ പ്രകാശമുള്ള വ്യക്‌തികളെയാണ്‌ ഇന്ന്‌ ആവശ്യമായിരിക്കുന്നത്‌.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Thursday 03 Jan 2019 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW