ഒരു കാലത്ത് മലയാള സിനിമയില്‍ നായകതുല്യം നിറഞ്ഞുനിന്ന നടന്. നായകനും പ്രതിനായകനുമായി കൈയടി നേടിയ ബാബു ആന്റണി പിന്നീട് വല്ലപ്പോഴും മാത്രം ബിഗ് സ്ക്രീനിന്റെ വെള്ളിവെളിച്ചത്തില്‍ പ്രത്യക്ഷപ്പെട്ടു. ചെയ്യുന്ന കഥാപാത്രങ്ങളെല്ലാംതന്നെ ഒന്നിനോടൊന്ന് തന്റെ കഴിവുകളെ അടയാളപ്പെടുത്തുന്നവ.
അതുകൊണ്ടുതന്നെ അന്നത്തെ ആ നായകന് ഇന്നും ചെറുപ്പക്കാരുടെയിടയില്‍ ഹിറോ തന്നെ. ആക്ഷന്‍ രംഗങ്ങളില്‍ ഇന്നും ബാബു ആന്റണിയെ വെല്ലാന്‍ മറ്റാരുമില്ല എന്നതും വാസ്തവം. കായംകുളം കൊച്ചുണ്ണിയിലെ തങ്ങള്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ബാബു ആന്റണി. ഒപ്പം കുടുംബ വിശേഷങ്ങളും..
ഇത്തവണത്തെ ക്രിസ്മസ് കുടുംബത്തോടൊപ്പമാണോ?
അതെ. ഇത്തവണ ക്രിസ്മസ് ഭാര്യ ഇവ്ജീനിയയ്ക്കും മക്കളായ ആര്‍തറിനും അലക്സിനും ഒപ്പമാണ്. അവരിപ്പോള്‍ യു.എസ്സിലാണ്. ഇവിടുത്തെ തിരക്കുകള്‍ കഴിഞ്ഞാല്‍ എത്രയും വേഗം അവരുടെ അടുത്തെത്തണം. ഗംഭീര ആഘോഷങ്ങളാണ് ആ നാട്ടിലും. വീടെല്ലാം ലൈറ്റൊക്കെയിട്ട് അലങ്കരിക്കും. പിള്ളേരും ഭാര്യയും കൂടി ക്രിസ്മസ് ട്രീയൊരുക്കും. ക്രിസ്മസ് വിഭവങ്ങള്‍ തയാറാക്കും.
പടക്കംപൊട്ടിക്കലില്ലന്നേയുള്ളൂ. അവിടെ അതിന് നിയന്ത്രണമൊക്കെയുണ്ട്. ക്രിസ്മസെന്നുപറഞ്ഞാല് ആദ്യം മനസിലേക്കോടി വരുന്നത് സമ്മാനങ്ങളാണ്. പണ്ടൊക്കെ സര്‍പ്രൈസായി കുട്ടികള്‍ക്ക് ക്രിസ്മസ് ട്രീയുടെ ചുവട്ടില്‍ ഓരോരുത്തരുടേയും പേരെഴുതിയ സമ്മാനപ്പൊതികളുണ്ടാവും. പിന്നെ കുടുംബത്തിലുള്ളവരെല്ലാം ഒത്തുകൂടുക, പല പല ആഘോഷങ്ങള്‍ നടത്തുക. ഇതൊക്കെ നല്ല ഓര്‍മകളാണ്.
കൊച്ചുണ്ണിയിലെ തങ്ങള്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണല്ലോ ലഭിച്ചത്?
വളരെ നല്ല റസ്പോണ്‍സാണ് കിട്ടിയത്. തീയറ്ററില്‍ ആളുകള്‍ സീറ്റില്‍ കയറിനിന്ന് കൈയടിച്ചു, തീയറ്റര്‍ പൂരപ്പറമ്പാക്കി എന്നൊക്കെയാണ് കിട്ടിയ വിവരം. നിവിന്‍ പോളി, സഞ്ജയ്, റോഷന് ഇവരൊക്കെ സിനിമ കണ്ട് അഭിനന്ദനമറിയിച്ചു.
പഴയ നായകന് ഇന്നും ജനങ്ങളില്‍നിന്ന് കിട്ടുന്ന അംഗീകാരം?
അന്നുണ്ടായിരുന്നതുപോലെതന്നെ. ഇന്നും ചെറുപ്പക്കാരും കുട്ടികളും ഓടിവന്ന് കെട്ടിപ്പിടിക്കുകയും കൂടെനിന്ന് ഫോട്ടോയെടുക്കുകയും ഒക്കെ ചെയ്യാറുണ്ട്. തലമുറയുടെ വ്യത്യാസം മാത്രമേ ഫീല്‍ ചെയ്യുന്നുള്ളൂ. ഞാന്‍ ഹീറോയായുള്ള സിനിമകള്‍ ഇപ്പോഴും ദിവസം രണ്ടും മൂന്നും ചാനലുകളില്‍ കാണിക്കാറുണ്ട്. ടി.വി യില്‍ സിനിമകള്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ പലരും വിളിക്കാറുണ്ട്.
അത്തരം നല്ല സിനിമകള്‍ എന്തേ ഇപ്പോള്‍ ചെയ്യുന്നില്ല എന്ന് ചോദിക്കാറുണ്ട്. പക്ഷേ നമുക്കെന്ത് ചെയ്യാനാവും.ഫേസ്ബുക്കിലൊക്കെ വരുന്ന കമന്റുകള്‍ക്ക് ഞാന്‍ തന്നെ മറുപടി അയക്കാറുണ്ട്. പുറത്തുവച്ചുകണ്ടാല് ഇപ്പോഴും ആളുകള്‍ പരിചയപ്പെടാന്‍ വരും, പ്രോത്സാഹിപ്പിക്കും. എനിക്ക് ഫാന്‍സ് ക്ലബില്ല. എല്ലാവരും എന്റെ ഫാന്‍സാണ് എന്ന് ഞാന്‍ വിചാരിക്കുന്നു.
അത്തരം സിനിമകള്‍ ഉടന്‍ പ്രതീക്ഷിക്കാമോ?
ഒമര്‍ ലുലുവിന്റെ പവര്‍ സ്റ്റാര്‍ എന്ന ചിത്രമാണ് അടുത്തതായി ചെയ്യാന്‍ പോകുന്നത്. വളരെ പ്രതീക്ഷ നല്കുന്ന ചിത്രമാണത്. ഹീറോയായിട്ടാവും ഇനി വേഷങ്ങള്‍ ചെയ്യുക. അല്ലെങ്കില്‍ അതുപോലെ പ്രധാനപ്പെട്ട റോളുകള്‍. സപ്പോര്‍ട്ടിംഗ് ക്യാരക്ടേഴ്സും മറ്റു സാധാരണ വേഷങ്ങളും ചെയ്ത് കളയാന്‍ ഇനി സമയമില്ല. സൈന്യം, അപരാഗ്നം, പൂവിന് പുതിയ പൂന്തെന്നല്‍, വൈശാലി, എസ്ര, അയ്യങ്കാളി അങ്ങനെയുള്ള സിനിമകള്‍ ചെയ്യാന്‍ ഇനിയും താല്പര്യമുണ്ട്. അതുപോലെ യേശുക്രിസ്തുവിന്റെ വേഷം ചെയ്യണമെന്നത് ജീവിതത്തിലെ വലിയൊരു ആഗ്രഹമാണ്.
സംഘട്ടനരംഗങ്ങള്‍ ചെയ്യാന്‍ ഇന്നും ആവേശമാണ്?
അതൊക്കെ ശരിതന്നെ. പക്ഷേ ഇത്തരം രംഗങ്ങളൊക്കെ മുന്നും പിന്നും നോക്കാതെ ചെയ്ത് ശരീരത്തിലുള്ള എല്ലാ ജോയിന്റുകള്‍ക്കും എന്തെങ്കിലുമൊക്കെ പരിക്ക് പറ്റിയിട്ടുണ്ട്. വലതുകാലിലെ പേശിയെല്ല് പൊട്ടിയിട്ട് 29 വര്‍ഷമായി. അത് ചികിത്സിച്ച് ഭേദമാക്കാന്‍ പോലും സമയം കിട്ടിയിട്ടില്ല.
പെയിന്റിംഗിനോടുള്ള താല്പര്യം ഇപ്പോഴുമുണ്ടോ?
പെയിന്റിംഗ്, ഡ്രോയിംഗ്, ഫോട്ടോഗ്രഫി ഇതെല്ലാം ചെറുപ്പംമുതല്‍ ഇഷ്ടമുള്ള കാര്യമാണ്. പക്ഷേ ഇതിലൊന്നിലും പിടിച്ച് മുന്നോട്ട് പോകാന്‍ പറ്റിയില്ല. എം. ബി. എ കഴിഞ്ഞപ്പോള്‍ സിനിമാറ്റോഗ്രഫിയും ആര്‍ട്ട്സും എല്ലാം മനസിലേക്ക് വന്നു. പക്ഷേ ഈ ആഗ്രഹങ്ങളൊന്നും നടന്നില്ല.
ഇപ്പോഴും എന്റെ സുഹൃത്തുക്കളധികവും പെയിന്റേഴ്സാണ്. എപ്പോഴെങ്കിലും ഭാവിയില്‍ കൈയും വിരലുകളും വഴങ്ങിയാല്‍ വീണ്ടും പെയിന്റിംഗിലേക്ക് തിരിയണമെന്നുണ്ട്.
പൊന്‍കുന്നത്തെയും അമേരിക്കയിലേയും ജീവിതത്തെക്കുറിച്ച്?
പൊന്‍കുന്നത്താണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. എവിടെ പോയാലും അവിടെ ജീവിക്കുമ്പോള്‍ കിട്ടുന്ന സന്തോഷവും സമാധാനവും കിട്ടില്ല. പൊന്‍കുന്നത്തെ വീട്ടില്‍ എനിക്ക് ഏറെ ഇഷ്ടമുള്ള മുറി എന്റെ അച്ഛന്റെ മുറിയായിരുന്നു. കാരണം ഏഴ് വയസുവരെ ഞാന്‍ അച്ഛനൊപ്പമാണ് ഉറങ്ങിയിരുന്നത്. അച്ഛന് അല്‍പ്പം സ്റ്റെലിഷായിരുന്നു. വേഷത്തിലും ജീവിത രീതിയിലുമെല്ലാം അദ്ദേഹം അത് പ്രകടിപ്പിച്ചിരുന്നു.
എന്നെ അടുക്കും ചിട്ടയുമൊക്കെ പഠിപ്പിച്ചത് അച്ഛനായിരുന്നു. രാവിലെ എഴുന്നേറ്റാല്‍ ബെഡ് ഷീറ്റൊക്കെ മടക്കിവച്ചിട്ടേ അച്ഛന് വെളിയിലിറങ്ങാറുള്ളൂ. ആ ശീലങ്ങളൊക്കെ ഞാനും ശീലിക്കുന്നു. ഇപ്പോള്‍ എന്റെ മക്കള്‍ക്കും അതെല്ലാം പറഞ്ഞുകൊടുക്കുന്നു. ഇവ്ജീനിയയെ വിവാഹം ചെയ്യുന്നതിന് മുന്‍പേ യു. എസ്സില്‍ ഞാന്‍ ആറ് വര്‍ഷത്തോളം ജീവിച്ചിരുന്നു.
വെള്ളക്കാരായ ഒരു ഫാമിലിയോടൊപ്പമായിരുന്നു അന്ന് ഞാന്‍ താമസിച്ചത്. വളരെ മനോഹരമായ ജീവിതരീതി, ഭക്ഷണം. അതൊക്കെ ഞാന്‍ ഏറെ ആസ്വദിച്ചു. എന്റെ വീട് പോലെതന്നെ എനിക്ക് പ്രിയപ്പെട്ടയിടമായിരുന്നു അതും.
മക്കള്‍ സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞാല്‍?
മക്കള്‍ക്ക് സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞാല്‍ സന്തോഷമേയുള്ളൂ. ഒന്നിനും അവരെ നിര്ബന്ധിക്കില്ല. അവര്‍ അഭിനയിച്ചുകാണണമെന്ന് ആഗ്രഹമുണ്ട്. കാരണം ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു തൊഴിലാണ്. എവിടെയും മത്സരമുണ്ട്. അത് അതിന്റേതായ രീതിയില്‍ കാണാനുള്ള മാനസികാവസ്ഥ ഉണ്ടാവണമെന്ന് മാത്രം.
മൂത്ത മകന് ആര്‍തര്‍ എന്റെയൊപ്പം ഇടുക്കി ഗോള്‍ഡില്‍ അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിംഗ് കാണാന്‍ വന്നതായിരുന്നു. അതുവരെ ഒരു സിനിമ പോലും കാണാത്ത അവന് ഒരു സിനിമയില്‍ അഭിനയിച്ചത് അതിശയം തോന്നിച്ച കാര്യമാണ്.
അച്ഛന്റെ ആക്ഷന്‍ മക്കളും അനുകരിക്കാറുണ്ടോ?
മക്കളെ ഞാന്‍ അഭിനയിച്ച ഒരു ആക്ഷന്‍ സീക്വന്‍സ് ലാപ്ടോപ്പില്‍ കാണിച്ചു. ഇതുകണ്ട് ഉടനെതന്നെ അവര്‍ ബെഡ്ഡില്‍ ചാടിക്കയറി ഇടി തുടങ്ങി. അപ്പോഴാണ് ഓരോ അച്ഛനമ്മാര്‍ പറഞ്ഞതോര്ക്കുന്നത്. ഞങ്ങളുടെ മക്കള്‍ നിങ്ങളുടെ സിനിമ കണ്ട് എന്നും ഇടിയും ബഹളവുമാണെന്ന്.
ഭാര്യ ആകെ മൂന്ന് സിനിമയെ എന്റെ കൂടെ തീയറ്ററില്‍ കണ്ടിട്ടുള്ളൂ. ഒന്ന് വിണ്ണെ താണ്ടി വരുവായ. പിന്നെ കുടുംബത്തോടെ കണ്ടത് ഇടുക്കി ഗോള്‍ഡാണ്. പിന്നെ കായംകുളം കൊച്ചുണ്ണി റിലീസ് ചെയ്തപ്പോള്‍ തീയറ്ററില്‍ പോയി കണ്ടു.
എന്താണ് മക്കള്‍ക്കുള്ള ഉപദേശം?
ഞാന്‍ ആദ്യം അവരെ പഠിപ്പിക്കുന്നത് ഹമ്പിളായിട്ടിരിക്കാനാണ്. മറ്റുള്ളവരോട് അഹങ്കാരത്തോടെയോ ബഹുമാനമില്ലാതെയോ പെരുമാറരുത്. ഇതൊക്കെ അവര്‍ക്ക് പറഞ്ഞുകൊടുത്തിട്ടുള്ള കാര്യങ്ങളാണ്. പക്ഷേ കമ്പ്യൂട്ടര്‍ ഗെയിംസ്, മൊബൈല്‍ഫോണ്‍, ടാബ് ഇതൊക്കെ ഞാന്‍ ഒരു പരിധിവരെ വേണ്ടെന്നു വയ്പ്പിക്കാറുണ്ട്.
ഇത് കൈയില്‍ കിട്ടിക്കഴിഞ്ഞാല്‍ കുട്ടികള്‍ അതും നോക്കിയിരിക്കും. ആരുമായും ഒരു ബന്ധവും ഉണ്ടാവില്ല. മാതാപിതാക്കളും അതുപോലെ തന്നെ. അതുകൊണ്ട് പരസ്പരമുള്ള കമ്യൂണിക്കേഷന്‍ നമ്മുടെ നാട്ടില്‍ തകരാറിലായിരിക്കുകയാണ്. വലിയൊരു സ്ട്രഗിളാണ്. അവര്‍ ഇടയ്ക്കിടയ്ക്ക് പറയാറുണ്ട് പപ്പാ, യു ആര് കണ്‍ട്രോളിങ് ടു മച്ച് എന്ന്.
മലയാള സിനിമയില്‍ എന്ത് മാറ്റം വരുത്തണമെന്നാണ് ആഗ്രഹിക്കുന്നത്?
മലയാളത്തില്‍ ന്യൂജനറേഷന് ടാഗ് കെട്ടി കുറേ ആളുകള്‍ വന്നിട്ടുണ്ട്. അതില്‍ നല്ലവരുമുണ്ട്, മോശക്കാരുമുണ്ട്. സിനിമയെക്കുറിച്ച് വലിയ ധാരണയില്ലാത്ത കുറേ ആളുകള്‍. അത്തരം ആളുകള്‍ കൊണ്ടുവന്ന കാഴ്ചപ്പാടുകള്‍ മാറുന്നുണ്ട്, മാറിക്കൊണ്ടിരിക്കുന്നു. ജനങ്ങളെ എന്റര്ടെയിന് ചെയ്യിക്കുന്ന രീതിയിലുള്ള സിനിമകളാണ് നമുക്കാവശ്യം. ആ രീതിയിലുള്ള ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്്. അത്തരം ഒരു കഥയേക്കുറിച്ച് റിസര്‍ച്ച് ചെയ്യുന്നു. നമ്മുടെ റേഞ്ചോ നമ്മുടെ കഴിവോ കാണിക്കുക എന്നതല്ല. ജനങ്ങളാണ് പണം മുടക്കി ടിക്കറ്റെടുത്ത് കാണാന്‍ വരുന്നത്. അവരെ എന്റര്ടെയിന് ചെയ്യിക്കണം.
ഇന്നത്തെക്കാലത്ത് പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുപോലെ മാര്‍ഷ്യല്‍ ആര്‍ട്ട്സ് പഠിക്കേണ്ടതുണ്ട്?
അതേ അത് അത്യാവശ്യമാണ്. മാര്‍ഷ്യല്‍ ആര്‍ട്ട്സ് കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെയൊക്കെ വീടുകളില്‍ ആണോ പെണ്ണോഎന്ന് വ്യത്യാസമില്ലാതെ കളരിപ്പയറ്റിനെ അറിഞ്ഞിരുന്ന സമയമുണ്ടായിരുന്നു.
ഇങ്ങനെയുള്ള കലകള്‍ ജീവിതത്തെ അടുക്കും ചിട്ടയുമുള്ളതാക്കും. ലൈഫ് സ്റ്റെല്‍ സിമ്പിളും ഹമ്പിളും ആക്കും. തലച്ചോറും മനസും ഒക്കെ നല്ല ഷാര്‍പ്പാകും. വിദ്യാഭ്യാസമാണെങ്കിലും കുടുംബജീവിതമാണെങ്കിലും കുറച്ചുകൂടി ഭംഗിയായി കൊണ്ടുപോകാനാവും. ഇതിനൊക്കെ കുറച്ച് കഷ്ടപ്പെട്ടാലെ പറ്റൂ.
തെറ്റായിപ്പോയി എന്നു തോന്നിയ കാര്യങ്ങളുണ്ടോ?
ചില ആളുകളുമായുള്ള സൗഹൃദം വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അത്തരം ചങ്ങാത്തങ്ങള്‍ ഒരുപാട് കുഴപ്പങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ ഒരു സിനിമപോലും ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടില്ല. ഏറ്റവും അടുത്ത ചില കുടുംബ ബന്ധങ്ങള്‍ പോലും വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. കുറച്ച് അകല്‍ച്ച പാലിച്ചിരുന്നെങ്കില്‍ നന്നായിരുന്നു എന്നും.
കരാട്ടെയേക്കാള് സംഗീതമാണല്ലോ വീട്ടിലെ ഹൈലൈറ്റ്സ് ?
ഇവ്ജീനിയ സംഗീതം പഠിച്ചിട്ടുണ്ട്. നന്നായി പിയാനോ വായിക്കും. മ്യൂസിക്ക് കമ്പോസറും കൂടിയാണ്.
മക്കള്‍ക്കും അവളെപ്പോലെ സംഗീതത്തോടാണ് കൂടുതല്‍ താല്പര്യം. അവള് പത്ത് വര്‍ഷം പൊന്‍കുന്നത്തും മൂന്ന് വര്‍ഷ്ം കൊച്ചിയിലും ഉണ്ടായിരുന്നു. അപ്പോള്‍ പരിചയക്കാരുടെ മക്കളെയൊക്കെ സംഗീതം പഠിപ്പിച്ചിരുന്നു.
അതുപോലെ ഇവിടെ താമസിച്ച സമയംകൊണ്ട് അവള് നമ്മുടെ ഭക്ഷണം ഉണ്ടാക്കാന്‍ നന്നായി പഠിച്ചു. ഞങ്ങളുടെ ഫാമിലി പൊതുവേ എരിവ് കുറച്ച് കഴിക്കുന്ന ആളുകളാണ്. അവള്‍ക്ക് മസാലയൊന്നും പരിചിതമേ ആയിരുന്നില്ല. ആകെ അറിയുന്ന സ്പൈസ് കുരുമുളകാണ്. ഇപ്പോഴും ഞാനുണ്ടെങ്കില് ഉച്ചയ്ക്ക് ചോറും കറിയും തന്നെയാണ്.
തോരന്‍, മോര് കാച്ചിയത്, മീന്‍ കറി, ചിക്കന്‍ കറി, അച്ചാറ് ഇത്തരത്തിലെന്തെങ്കിലുമൊക്കെയാവും ലഞ്ചിന്. വൈകിട്ട് വെസ്റ്റേണ്‍ സ്റ്റെലായിരിക്കും. പാസ്ത, ന്യൂഡില്‍സ് ഇവയൊക്കെ. മൂത്ത മകന് നന്നായി മലയാളമറിയാം. ഇളയവന് മറന്നുതുടങ്ങിയിട്ടുണ്ട്. പതുക്കെ അവനെയും നമ്മുടെ ഭാഷ പഠിപ്പിച്ചുതുടങ്ങണം.
ഷെറിങ്ങ് പവിത്രന്