Saturday, February 09, 2019 Last Updated 3 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Jan 2019 10.54 AM

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാതെ സര്‍ക്കാരിന്റെ ഒത്തുകളി; വേണ്ടിവന്നാല്‍ വീണ്ടും സമരത്തിനിറങ്ങുമെന്ന് കന്യാസ്ത്രീകള്‍

വനിതാ ശാക്തീകരണത്തിനു വേണ്ടി 55 ലക്ഷം പേരെ അണിനിരത്തി വനിതാ മതില്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ വെമ്പല്‍ കൊള്ളുമ്പോഴാണ് നീതിക്കു വേണ്ടി തെരുവില്‍ പോരാടിയ കന്യാസ്ത്രീകള്‍ക്ക് നിയമ സഹായം നല്‍കാന്‍ സര്‍ക്കാര്‍ മടി കാണിക്കുന്നത്.
bishop franco mulakkal

കോട്ടയം: ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നീക്കമെന്ന് ആരോപണം. കേസില്‍ സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടറെ നിയമിക്കണമെന്ന പരാതിക്കാരിയുടെയും വീട്ടുകാരുടെയും അപേക്ഷ സര്‍ക്കാര്‍ പൂഴ്ത്തി. കേസില്‍ കുറ്റപത്രം നല്‍കാനിരിക്കേയാണ് ബിഷപ്പിനു വേണ്ടി സര്‍ക്കാരിന്റെ തലപ്പത്ത് ചിലര്‍ ഒത്തുകളിക്കുന്നത്.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാത്തതു മൂലം കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുകയാണ്. പ്രോസിക്യൂട്ടറുമായി കൂടിയാലോചിച്ച് കുറ്റപത്രത്തിലെ പോരായ്മകള്‍ പരിഹരിക്കേണ്ടതുണ്ട്. പ്രോസിക്യുട്ടറെ നിയമിക്കാത്തത് ചിലരുടെ സ്വാധീനത്തിന് വഴങ്ങിയാണെന്നാണ് സാക്ഷികളായ കന്യാസ്ത്രീകള്‍ ആരോപിക്കുന്നത്.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കേണ്ട ചിലരുടെ പേരുകള്‍ പോലീസും സര്‍ക്കാരിന് സമര്‍പ്പിച്ചതായാണ് സൂചന. ഇവരില്‍ നിന്ന് ആരെയും നിയമിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറാകാത്തത് വിചാരണ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സൂചനയുണ്ട്. പ്രോസിക്യൂഷന് വേണ്ടി ഇവരില്‍ ആരെങ്കിലും ഹാജരായാല്‍ പ്രതിഭാഗം കോടതിയില്‍ വെള്ളംകുടിക്കുമെന്നും ഫ്രാങ്കോ അഴിക്കുള്ളിലാകുമെന്നും ഉറപ്പാണ്. അതുകൊണ്ട് പ്രതിഭാഗത്തോട് അനുഭാവമുള്ള ആരെയെങ്കിലും നിയമിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണോ എന്ന സംശയവും ബലപ്പെടുന്നു.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്നും കാണിച്ച് പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബവും സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. അപേക്ഷ അനുഭാവപൂര്‍വ്വം പരിഗണിച്ച മുഖ്യമന്ത്രി അപേക്ഷ ഓഫീസിന് കൈമാറിയിരുന്നു. ഈ അപേക്ഷ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇടപെട്ട് ചിലര്‍ പൂഴ്ത്തിയതായും സംശയമുണ്ട്.

മുന്‍പ് ഫ്രാങ്കോയ്‌ക്കെതിരായ അന്വേഷണം നിര്‍ണായകഘട്ടത്തില്‍ എത്തിയപ്പോള്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ചിലര്‍ സമ്മര്‍ദ്ദം നടത്തിയിരുന്നു. മാധ്യമങ്ങള്‍ ഇക്കാര്യം പുറത്തുകൊണ്ടുവന്നതോടെയാണ് ഈ നീക്കം പാളിയത്. അതേസമയം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ഫാ.ജെയിംസ് ഏര്‍ത്തയില്‍ സി.എം.ഐ, പരാതിക്കാരിയുടെ ചിത്രം പുറത്തുവിട്ടതിന് മിഷണറീസ് ഓഫ് ജീസസ് സഭയിലെ സി.അമല എന്നിവര്‍ക്കെതിരായ അന്വേഷണം ക്രൈംബാഞ്ചിന് കൈമാറിയിരുന്നു. ഈ കേസുകളില്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

2018 ജൂണ്‍ 28നാണ് ബിഷപ്പിനെതിരെ കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനില്‍ കന്യാസ്ത്രീ ബലാത്സംഗ പരാതി നല്‍കിയത്. വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം വളരെ വെല്ലുവിളികളും സമ്മര്‍ദ്ദങ്ങളും അതിജീവിച്ചാണ് സെപ്തംബര്‍ 19ന് ബിഷപ്പിനെ ചോദ്യം ചെയ്യലിനായി കേരളത്തില്‍ എത്തിച്ചത്. മൂന്നൂ ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ 21ന് ബിഷപ്പ് അറസ്റ്റിലായി. ജലന്ധറില്‍ ധാര്‍ഷ്ട്യത്തോടെ കേരള പോലീസിനെ നേരിട്ട ബിഷപ്പ് ഫ്രാങ്കോ നിയമത്തിനു മുന്നില്‍ പത്തിമടക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

മൂന്നാഴ്ചത്തെ റിമാന്‍ഡ് വാസത്തിനു ശേഷം ഫ്രാങ്കോയ്ക്ക് ഹൈക്കോടതി ജാമ്യവും അനുവദിച്ചു. പിറ്റേന്ന് കേരളം വിട്ട ഫ്രാങ്കോ രണ്ടാഴ്ച കൂടുമ്പോള്‍ ഒപ്പിടാന്‍ മാത്രം പോലീസ് സ്‌റ്റേഷനില്‍ വന്നുപോയിരുന്നു. ഇതിനിടെ, പോലീസ് ആവശ്യപ്പെട്ട ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ളവ ഹാജരാക്കാനും ഫ്രാങ്കോ തയ്യാറായില്ല. പോലീസ് സമ്മര്‍ദ്ദം ശക്തമാക്കിയതോടെ ഡെങ്കിപ്പനിയുടെ പേരുപറഞ്ഞ് ആശുപത്രിയില്‍ കയറുകയും ചെയ്തു.

ഫ്രാങ്കോ അറസ്റ്റിലായി മൂന്നു മാസം കഴിഞ്ഞിട്ടും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ കുറ്റപത്രം വൈകിപ്പിച്ച് വിചാരണ പരമാവധി വച്ചുതാമസിപ്പിക്കാന്‍ ഫ്രാങ്കോയ്ക്ക് വേണ്ടി കേരളത്തില്‍ വാദിക്കുന്ന മത രാഷ്ട്രീയ നേതൃത്വങ്ങള്‍ സമ്മര്‍ദ്ദം നടത്തിയെന്നാണ് സൂചന.

ഇതിനകം പൂര്‍ത്തയായിക്കഴിഞ്ഞ കുറ്റപത്രം പ്രോസിക്യൂട്ടറെ കാണിച്ചശേഷമേ കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയൂ. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥ ഇനിയും തുടര്‍ന്നാണ് വീണ്ടും പ്രക്ഷോഭത്തിനിറങ്ങേണ്ടിവരുമെന്ന മുന്നറിയിപ്പും കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ നല്‍കുന്നു.

വനിതാ ശാക്തീകരണത്തിനു വേണ്ടി 55 ലക്ഷം പേരെ അണിനിരത്തി വനിതാ മതില്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ വെമ്പല്‍ കൊള്ളുമ്പോഴാണ് നീതിക്കു വേണ്ടി തെരുവില്‍ പോരാടിയ കന്യാസ്ത്രീകള്‍ക്ക് നിയമ സഹായം നല്‍കാന്‍ സര്‍ക്കാര്‍ മടി കാണിക്കുന്നത്. ആഗോള കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് പീഡനക്കേസിലെ പ്രതിയായ ബിഷപ്പിനെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ കന്യാസ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയത്. സഭയില്‍ നിന്നും രാഷ്ട്രീയ നേതാക്കളില്‍ നിന്നും നേരിട്ട സമ്മര്‍ദ്ദങ്ങള്‍ അതിജീവിച്ച കന്യാസ്ത്രീക്കാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ അവഗണന.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW