Friday, June 21, 2019 Last Updated 3 Min 12 Sec ago English Edition
Todays E paper
Ads by Google
ഇ.പി. ഷാജുദീന്‍
ഇ.പി. ഷാജുദീന്‍
Sunday 30 Dec 2018 08.20 PM

ചലോ ചമോലി

ഹിമാലയത്തിന്റെ മലമടക്കുകളില്‍ അപ്രതീക്ഷിതമായി കാണുന്ന ഇത്തരം സ്വാമിമാരെ കുറിച്ച് പല സഞ്ചാരികളും എഴുതിയിട്ടുള്ളത് ഓര്‍മ വന്നു. പലതരം പ്രവചനങ്ങള്‍ നടത്തുന്നവര്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂടിക്കാഴ്ച നടത്തിയത് ഓര്‍മിപ്പിക്കുന്നവര്‍, അന്തരീക്ഷത്തില്‍ നിന്ന് ഭസ്മവും രുദ്രാക്ഷവും മറ്റുമെടുത്ത് പ്രസാദമായി തരുന്നവര്‍...
Thunganath travalog
ഫോട്ടോ: ജോര്‍ഡി ജോര്‍ജ്, ജീവന്‍ ചാണ്ടി

ചന്ദ്രശിലയുടെ മേലേ-8

ഫോട്ടോയെടുത്തും ഇരുന്നു കാഴ്ചകള്‍ കണ്ടും ഒരു മണിക്കൂറോളം ചെലവഴിച്ച ശേഷം ചന്ദ്രശിലയോടു വിടപറയാന്‍ തീരുമാനിച്ചു. അന്നും ചോപ്തയിലും തുംഗനാഥിലും തന്നെ തങ്ങുന്നവര്‍ തിരക്കേതുമില്ലാതെ പാറപ്പുറങ്ങളില്‍ അലസമായി ഇരിക്കുന്നതു കണ്ട് ഞങ്ങള്‍ പതിയെ തിരികെയിറങ്ങി.
കയറ്റം പോലെ കഠിനമാണ് ഇറക്കവും. ചിലയിടങ്ങളില്‍ കയറ്റമായിരുന്നു ഭേദമെന്നു തോന്നിപ്പോകും. അതീവ ശ്രദ്ധയോടെ ചുവടുകള്‍ വയ്ക്കണം. കാരണം ഒരുവശത്ത് വലിയ മലഞ്ചെരിവാണ്. സൂര്യ രശ്മികള്‍ എത്തുന്നതേയുള്ളൂ എന്നതിനാല്‍ ഇരുട്ട് മാറിവരുന്നതേയുള്ളു. അങ്ങു താഴെയായി തുംഗനാഥിലെ ടെന്റ്ക്യാമ്പുകളും മറ്റും കാണാം. വഴിയില്‍ പശുക്കള്‍ മേഞ്ഞു നടക്കുന്നുണ്ട്. അമ്പലവുമായി ബന്ധപ്പെട്ടവയാണെന്നു തോന്നുന്നു.
അപ്പോഴതാ മുകളിലേക്ക് കയറി വരുന്നു, ഒരു സന്യാസി. ഒപ്പം നിഴലുപോലെ ഒരു പട്ടിയുമുണ്ട്. ഹിമാലയയാത്രയില്‍ സഞ്ചാരികള്‍ക്ക് ഒപ്പം കൂടാറുള്ള അനേകം നായ്ക്കളില്‍ ഒന്നു മാത്രമാണവന്‍. ഹരഹര മഹാദേവ് എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് കയറിവരികയാണ് സന്യാസി. എഴുപതിനു മേല്‍ പ്രായമുണ്ടെങ്കിലും ഉറച്ച ചുവടുകള്‍. കൈയില്‍ ഒരു ഇടത്തരം ഭാണ്ഡവും കമണ്ഡലുവും ഊന്നുവടിയുമുണ്ട്.

Thunganath travalog
ഫോട്ടോ: ജോര്‍ഡി ജോര്‍ജ്, ജീവന്‍ ചാണ്ടി

ഹിമാലയത്തിന്റെ മലമടക്കുകളില്‍ അപ്രതീക്ഷിതമായി കാണുന്ന ഇത്തരം സ്വാമിമാരെ കുറിച്ച് പല സഞ്ചാരികളും എഴുതിയിട്ടുള്ളത് ഓര്‍മ വന്നു. പലതരം പ്രവചനങ്ങള്‍ നടത്തുന്നവര്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂടിക്കാഴ്ച നടത്തിയത് ഓര്‍മിപ്പിക്കുന്നവര്‍, അന്തരീക്ഷത്തില്‍ നിന്ന് ഭസ്മവും രുദ്രാക്ഷവും മറ്റുമെടുത്ത് പ്രസാദമായി തരുന്നവര്‍... അങ്ങനെ ചിലര്‍. അതീവ ചൈതന്യം തുളുമ്പുന്ന സന്യാസിമാരെ കണ്ട കാര്യം പലരും എഴുതിക്കണ്ടിട്ടുണ്ട്. ഈ സ്വാമിയും അത്തരക്കാരന്‍ വല്ലതുമാണോ എന്നറിയാന്‍ അദ്ദേഹത്തെ സൂക്ഷിച്ചു നോക്കി. സ്വാമിയും തിരികെ നോക്കി. അദ്ദേഹത്തിന്റെ കൈകള്‍ ഭാണ്ഡത്തിനുള്ളിലേക്ക് പോയി, ഒരു മാന്ത്രികന്റെ അംഗവിക്ഷേപങ്ങളോടെ അതാ തിരികെയെത്തുന്നു, പ്രസാദവുമായി. പ്രസാദം മറ്റൊന്നുമായിരുന്നില്ല, ഒരു മഞ്ച് മിഠായി! ആരെങ്കിലും കൊടുത്തതാവാം. എന്തെങ്കിലും കുശലം ചോദിക്കാം എന്നു കരുതി അദ്ദേഹത്തെ സാകൂതം നോക്കിയെങ്കിലും സന്യാസി മൈന്‍ഡ് ചെയ്യാതെ മുകളിലേക്ക് കയറിപ്പോയി.

Thunganath travalog
ഫോട്ടോ: ജോര്‍ഡി ജോര്‍ജ്, ജീവന്‍ ചാണ്ടി

അരമണിക്കൂറോളം നടന്ന് താഴെ തുംഗനാഥ് ക്ഷേത്രത്തിന്റെ മുന്നിലെത്തിയപ്പോള്‍ ക്ഷേത്രമുറ്റത്ത് വെയില്‍ കൊള്ളുന്ന ഏതാനും ചിലരുണ്ട്. അവിടുത്തെ ജീവനക്കാരാണ്. തലേന്നു കണ്ട തീര്‍ഥാടകരില്‍ ചിലര്‍ പ്രഭാത ദര്‍ശനത്തിനായി എത്തിയിരിക്കുന്നു. ക്ഷേത്രമുറ്റത്ത് അല്‍പം നിന്ന് അവിടം ഒരിക്കല്‍ കൂടി ചുറ്റി നടന്ന് കണ്ട് തുംഗനാഥനോട് വിടചൊല്ലി മുറിയിലേക്കു പോയി.

പത്തുമണിയോടെ പ്രഭാതഭക്ഷണമായി മാഗി നൂഡില്‍സും കഴിച്ച് ഹോട്ടല്‍ ദേവ് ലോകിനോടും റാണയോടും വിടപറഞ്ഞു റോഡിലേക്ക് ഇറങ്ങുമ്പോള്‍ അതാ, തൊട്ടു മുന്നില്‍ ഒരു വഴക്ക്. രാവിലെ ഇണക്കിളികളെ പോലെ കിന്നാരം പറഞ്ഞ് നടന്ന ബംഗാളിയും ഭാര്യയുമാണ്. കൊടും ബംഗാളിയില്‍ രണ്ടു പേരും പരിസരം മറന്ന് പൊട്ടിത്തെറിച്ചു. ഇടപെടാനാകാതെ അയാളുടെ അമ്മ അന്ധാളിച്ചു നിന്നു. പെട്ടെന്ന് ബംഗാളിയുടെ തീരുമാനം വന്നു, ഒരു കോവര്‍ കഴുതക്കാരനെ വിളിച്ച് അമ്മയെ കഴുതപ്പുറത്തു കയറ്റി, പിന്നാലെ മറ്റൊന്നിന്റെ പുറത്ത് അയാളും കയറി. കഴുതപ്പുറത്തോ കുതിരപ്പുറത്തോ ഏതിലാണെന്നു വച്ചാല്‍ കയറാന്‍ അയാള്‍ ഭാര്യയോട് ഉത്തരവിടുന്നുണ്ട്. അവര്‍ അതു കേട്ട ഭാവം നടിക്കാതെ സാവധാനം, എന്നു വച്ചാല്‍ വളരെ സാവധാനം, നടക്കാന്‍ തുടങ്ങി. അവര്‍ അയാള്‍ക്ക് ഒരു പണി കൊടുത്തതാണെന്നു സ്പഷ്ടം. ഇനി അടുത്ത നാലു കിലോമീറ്റര്‍ എത്ര സമയം കൊണ്ടാവും അവര്‍ നടന്നു തീര്‍ക്കുക എന്ന് ഞാന്‍ ആലോചിച്ചു. അത്രയും നേരവും ബംഗാളി താഴെ കാത്തിരിക്കേണ്ടിവരും.

Thunganath travalog
ഫോട്ടോ: ജോര്‍ഡി ജോര്‍ജ്, ജീവന്‍ ചാണ്ടി

ചെറിയ കരിങ്കല്‍ വഴിയുണ്ടെങ്കിലും താഴേക്ക് ഇറക്കം അനായാസമല്ല. ശാരീരികാസ്വാസ്ഥ്യമുള്ളതിനാല്‍ പതുക്കെ നടക്കാനേ സാധിക്കുന്നുള്ളായിരുന്നു. താഴേക്ക് ഇറങ്ങുമ്പോഴും ക്ഷീണിതനാകുന്ന അവസ്ഥ. താഴെ നിന്ന് അനേകം പേര്‍ മുകളിലേക്ക് കയറി പോകുന്നുണ്ട്. നടപ്പു കാണുമ്പോള്‍ അറിയാം, ഇന്നു തന്നെ ഇറങ്ങി വരുമോ അതോ മുകളില്‍ തങ്ങാനുള്ള പോക്കാണോ എന്ന്. തങ്ങാന്‍ പോകുന്നവര്‍ സാവധാനം കാഴ്ചയൊക്കെ ആസ്വദിച്ച് നടക്കുമ്പോള്‍ അന്നു തന്നെ മടങ്ങുന്നവര്‍ അല്‍പം ധൃതിയിലായിരിക്കും. തിരിച്ചു വരുമ്പോഴേക്കും ഞങ്ങള്‍ ഗുരുസ്വാമിമാരായി. കയറി പോകുന്ന പലര്‍ക്കും ഉപദേശങ്ങള്‍ കൊടുത്തു തുടങ്ങി. ചിലര്‍ കയറാനുള്ള ദൂരത്തെക്കുറിച്ചും സമയത്തെക്കുറിച്ചും സംശയം ചോദിക്കാനും തുടങ്ങി. കയറിപ്പോകുന്ന പലരും മഴക്കോട്ടും ധരിച്ചാണ് യാത്ര. തുംഗനാഥില്‍ ഏതാണ്ട് എല്ലാ ദിവസവും മഴയുണ്ടാകും എന്ന് വെബ്‌സൈറ്റിലുമൊക്കെ കാണുന്നതു കൊണ്ടാണ് ഈ സന്നാഹം. അത് എല്ലാ ദിവസവും വേണ്ടി വന്നേക്കില്ല എന്നു മാത്രം.

നടന്ന് താഴെ ചോപ്തയിലെത്തുമ്പോഴേക്കും ഉച്ചയായിരുന്നു. വിക്രമിന്റെ ഹോട്ടലില്‍ നിന്ന് ഭക്ഷണവും കഴിച്ചിറങ്ങുമ്പോള്‍ പെരുമഴ വീണ്ടുമെത്തി. അന്ന് അവിടെനിന്ന് യാത്രയാകേണ്ടതാണ്. കഴിയുമെങ്കില്‍ ജോഷിമഠിലേക്ക് പോകണമെന്നായിരുന്നു ആഗ്രഹം. മുറിയുടെ വാടക കൊടുക്കുമ്പോള്‍ ഏറെ നാളായി പരിചയമുള്ളവരോട് വിടപറയുന്ന മുഖഭാവമായിരുന്നു വിക്രമിനും അമ്മയ്ക്കും. അഞ്ചു പേര്‍ക്ക് താമസത്തിനും ഭക്ഷണത്തിനുമായത് 3300 രൂപ. 3500 രൂപ തികച്ച് കൊടുത്ത് ബാക്കി കൈയിലിരിക്കട്ടെ എന്ന് പറഞ്ഞിട്ട് വിക്രം വാങ്ങാന്‍ തയാറായില്ല. അയാളെ ഏറെ നിര്‍ബന്ധിക്കേണ്ടി വന്നു, മനസ്സില്ലാമനസ്സോടെ അധിക പണം വാങ്ങാന്‍.

135 കിലോ മീറ്ററുണ്ട് ജോഷിമഠിലേക്ക്. കേരളത്തിലാണെങ്കില്‍ അനായാസം എത്തിച്ചേരാവുന്നതേയുള്ളു. പക്ഷേ, ഇതു ഹിമാലയമാണ് ഈ യാത്ര അത്ര എളുപ്പമല്ല. സുമോ വാടകയ്ക്ക് എടുത്ത് ജോഷിമഠിലേക്ക് പോകാനായിരുന്നു ആലോചന. വാഹനം ഏര്‍പാടാക്കി തരാം, പക്ഷേ ഗോപേശ്വറിലേക്കോ ചമോലിയിലേക്കോ മാത്രം പോകാനേ സാധിക്കൂ എന്നായി വിക്രം. കനത്ത മഴയാണ്. ചമോലിക്ക് ശേഷം എവിടെ വേണമെങ്കിലും മലയിടിയാം. അങ്ങനെയെങ്കില്‍ ജീപ്പ്കാരന് അന്നോ ചിലപ്പോള്‍ പിറ്റേന്നോ പോലും തിരിച്ചെത്താന്‍ കഴിഞ്ഞേക്കില്ല. അതുകൊണ്ട് ആരും വരാന്‍ തയാറാകില്ല എന്നായി വിക്രം. ഒടുവില്‍ ഒരു ഡ്രൈവര്‍ തയാറായി വന്നു. ഒറ്റ കണ്ടീഷന്‍, 93 കിലോ മീറ്റര്‍ അകലെ ഗോപേശ്വര്‍ വരെയേ പോവുകയുള്ളു. 1500 രൂപ വാടകയും നല്‍കണം.

Thunganath travalog
ഫോട്ടോ: ജോര്‍ഡി ജോര്‍ജ്, ജീവന്‍ ചാണ്ടി

ആര്‍ത്തലച്ചു പെയ്യുന്ന മഴയില്‍ കേദാര്‍നാഥ് വന്യജീവി സങ്കേതത്തിനുള്ളിലൂടെ മൊബൈല്‍ ഫോണില്‍ തുടരേ സംസാരിച്ച് സുമോ കത്തിച്ചു വിടുന്ന ഡ്രൈവറെ അല്‍പം ഭീതിയോടെയാണ് നോക്കിയിരുന്നത്. ഇവന്‍ നമ്മളെ കൊണ്ടുപോയി കുഴപ്പത്തിലാക്കുമോ എന്ന ഭയം. വാഹനങ്ങള്‍ കുറവായിരുന്നതിനാല്‍ അയാള്‍ക്ക് ഫോണില്‍ മാത്രമാണ് ശ്രദ്ധ എന്നു തോന്നിപ്പോയി. കടുത്ത ഗഡ്‌വാളി ഭാഷയിലാണ് സംസാരമത്രയും. ഇടയ്ക്ക് 'ഗോപ്ശ്വര്‍' എന്നു പറയുന്നതു മാത്രം മനസ്സിലാകും. ഒരു മണിക്കൂറോളം കഴിഞ്ഞപ്പോഴേക്കും കാടിനു വെളിയിലെത്തി. പിന്നീട് മഴയില്‍ മുങ്ങിയ ഹിമാലയന്‍ ഗ്രാമങ്ങളിലൂടെയായി യാത്ര. ഇടയ്ക്കിടയ്ക്ക് ഏതാനും കടകള്‍ മാത്രമുള്ള ചില നാല്‍ക്കവലകള്‍. ഒരു കുഞ്ഞു ടൗണിലൂടെയും കടന്നു പോയി. അവിടെ സിമന്റ് കടയും കമ്പിയും ഇരുമ്പുമൊക്കെ വില്‍ക്കുന്ന കടകളും കണ്ടു. മഴയത്ത് പുറത്തിറങ്ങാനാവാതെ കൂനിക്കൂടി ഗ്രാമീണര്‍ കടത്തിണ്ണകളില്‍ ഇരുന്നു.

നാലരയോടെ ഗോപേശ്വറിലെത്തിയപ്പോഴും മഴ തോര്‍ന്നിരുന്നില്ല. നന്നേ ഇടുങ്ങിയ റോഡുകളുള്ള ഒരു പട്ടണം. വഴിയിലാകെ വാഹനങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ ഓടുന്നുണ്ട്. ഇതുകാരണം ട്രാഫിക് ബ്ലോക്കാണ് എവിടെയും. ഒരു തരത്തില്‍ ഡ്രൈവര്‍ ഞങ്ങളെ ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചു. അവിടെ താമസിക്കാന്‍ മുറിയുണ്ടെന്നും പിറ്റേന്ന് ജോഷിമഠിനു പോകുന്നതാവും നല്ലതെന്നും ഡ്രൈവര്‍ ഉപദേശിച്ചതനുസരിച്ച് സ്റ്റാന്‍ഡിലെ മുറി അന്വേഷിച്ചു ചെന്നു. അത്യാവശ്യക്കാരാണെന്നു കണ്ടതോടെ മാനേജര്‍ തനിസ്വഭാവം കാട്ടി, വാടക ആറായിരം രൂപയാകും. എന്തായാലും വേണ്ടില്ല, മുറി കാണട്ടെ എന്നായി ഞങ്ങള്‍. ആയിരം രൂപ പോലും കഷ്ടിച്ച് വാടക വാങ്ങാന്‍ യോഗ്യതയില്ലാത്ത, വൃത്തിഹീനമായ ടോയ്‌ലറ്റുള്ള മുറിയാണ് അയാള്‍ ഞങ്ങള്‍ക്ക് ആറായിരം രൂപയ്ക്ക് തരാന്‍ നോക്കുന്നത്. ഒരു കാരണവശാലും ഈ മുറി വേണ്ട എന്നു പറഞ്ഞ് കനത്ത മഴയിലേക്ക് തിരിച്ച് എത്തുമ്പോള്‍ അതാ മുന്നില്‍ ഒരു രക്ഷകന്‍- മറ്റൊരു ഡ്രൈവറാണ്.

മഴയായതിനാല്‍ ഗോപേശ്വറില്‍ ഇനി ഇന്ന് കനത്ത വാടകയായിരിക്കുമെന്നും എത്രയും വേഗം 13 കിലോമീറ്റര്‍ അപ്പുറം ചമോലിയിലെത്തിയാല്‍ കുറഞ്ഞ വാടകയ്ക്ക് മുറികിട്ടുമെന്നുമായി അയാള്‍. 500 രൂപ നല്‍കിയാല്‍ ചമോലിയില്‍ എത്തിക്കാമെന്നായി ഡ്രൈവര്‍. ഭാഗ്യം പരീക്ഷിക്കാമെന്നുതന്നെ തീരുമാനിച്ച് അയാളുടെ കൂടെ കൂടി. കനത്ത മഴയില്‍ വീണ്ടും സുമോയിലേക്ക് വലിഞ്ഞു കയറി. 'ചലോ, ചമോലി'.

ഫോട്ടോ: ജോര്‍ഡി ജോര്‍ജ്, ജീവന്‍ ചാണ്ടി

Ads by Google
ഇ.പി. ഷാജുദീന്‍
ഇ.പി. ഷാജുദീന്‍
Sunday 30 Dec 2018 08.20 PM
Ads by Google
Loading...
TRENDING NOW