Sunday, June 16, 2019 Last Updated 27 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 30 Dec 2018 12.48 AM

മലയാള കവിത 'എന്നിലൂടെ'...

uploads/news/2018/12/276306/sun1.jpg

മുഖവുര ആവശ്യമില്ലാത്ത കവിയാണ്‌ ഏഴാച്ചേരി രാമചന്ദ്രന്‍. സമകാലീന മലയാള കവിതയിലെ ജനകീയ ശബ്‌ദം. ലളിതവും സരളവുമായ പദാവലികള്‍ കോര്‍ത്തിണക്കി രൂപപ്പെടുത്തിയവയാണ്‌ അദ്ദേഹത്തിന്റെ കവിതകള്‍. കൊച്ചുകുട്ടികള്‍ മുതല്‍ വന്ദ്യവയോധികര്‍ വരെ ഏത്‌ തലമുറയിലും ജനുസിലും പെട്ടവര്‍ക്ക്‌ ഒരുപോലെ ആസ്വാദനക്ഷമമായ കാവ്യശകലങ്ങള്‍. സമീപകാലത്ത്‌ യുവജനോത്സവ വേദികളിലും മറ്റും ഏറ്റവുമധികം മുഴങ്ങിക്കേട്ടത്‌ ഏഴാച്ചേരിയുടെ 'നീലി' പോലുള്ള കവിതകളാണ്‌. 'എന്നിലുടെ' എന്ന കവിതാ സമാഹാരത്തിന്‌ കേരളസാഹിത്യ അക്കാദമി അവാര്‍ഡ്‌ ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍.
15 സിനിമകള്‍ക്കായി മുപ്പതോളം പാട്ടുകള്‍ രചിച്ചിട്ടുണ്ട്‌ ഏഴാച്ചേരി. മരിക്കുന്നില്ല ഞാന്‍...എന്ന സിനിമയ്‌ക്കായി അദ്ദേഹം എഴുതിയ 'ചന്ദനമണിവാതില്‍ പാതി ചാരി...'എന്ന ഗാനം 30 വര്‍ഷങ്ങള്‍ക്ക്‌ ശേഷവും മലയാളിയുടെ ഹൃദയത്തിലെ നിത്യസാന്നിദ്ധ്യമാണ്‌.
എഴുത്തിന്റെ വഴിയില്‍ അഞ്ചു പതിറ്റാണ്ടായി സജീവസാന്നിദ്ധ്യം നിലനിര്‍ത്തുന്ന ഏഴാച്ചേരി പത്രപ്രവര്‍ത്തകനെന്ന നിലയിലും മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്‌. ഏഴാച്ചേരിയുടെ രചനാവഴികള്‍ മലയാളിക്ക്‌ ആ കവിതപോലെ തന്നെ ഹൃദിസ്‌ഥമാണ്‌. ഈ അഭിമുഖത്തില്‍ വ്യക്‌തിഗതമായ പരാമര്‍ശങ്ങള്‍ പാടെ ഒഴിവാക്കി മലയാള കവിതയുടെ നാള്‍വഴികളെ സംബന്ധിച്ച തന്റെ നിരീക്ഷണങ്ങള്‍ക്കാണ്‌ അദ്ദേഹം മുന്‍തൂക്കം നല്‍കിയിരിക്കുന്നത്‌.

കവിതയ്‌ക്ക് മാത്രമായി ഒരു ജീവിതം. അങ്ങയിലെ പത്രപ്രവര്‍ത്തകനെ മറന്നു കൊണ്ടല്ല ഇത്‌ പറയുന്നത്‌?
കവി, എഴുത്തുകാരന്‍, മാധ്യമപ്രവര്‍ത്തകന്‍ എന്നതിനപ്പുറത്ത്‌ വായനയെ, ഭാഷയെ, സാഹിത്യത്തെ അഗാധമായി സ്‌നേഹിക്കുന്ന ഒരു സാധാരണ മനുഷ്യനായിരിക്കാനാണ്‌ എനിക്ക്‌ താത്‌പര്യം. പലരും അവനവന്റെ കവിതയെക്കുറിച്ച്‌ മാത്രം ചിന്തിക്കുമ്പോള്‍ മലയാള കവിതയെക്കുറിച്ച്‌ ചിന്തിക്കാനാണ്‌ എനിക്കിഷ്‌ടം.
ഈ അഭിമുഖംപോലും എന്റെ മാഹാത്മ്യം വര്‍ണ്ണിക്കാനുളള വേദിയായി പരിമിതപ്പെടരുതെന്ന നിര്‍ബന്ധംകൊണ്ടാണ്‌ വ്യക്‌തിപരമായ ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന്‌ കര്‍നശമായി നിഷ്‌കര്‍ഷിച്ചത്‌.

മലയാളകവിതയെ വളരെ ആഴത്തിലും സമഗ്രതയിലും വായിക്കുകയും ഉള്‍ക്കൊളളുകയും ചെയ്‌ത വ്യക്‌തി എന്ന നിലയിലുള്ള അനുഭവങ്ങള്‍?
മലയാള കവിതയുടെ വികാസപരിണാമങ്ങളുടെ ഒരു ഗ്രാഫ്‌ വരച്ചാല്‍ എഴുത്തച്‌ഛന്‍,കുമാരനാശാന്‍, വൈലോപ്പള്ളി, വയലാര്‍..എന്നീ നാലു പേരുകളാണ്‌ എന്റെ മനസിലുള്ളത്‌. കുഞ്ചന്‍ നമ്പ്യാര്‍, വളളത്തോള്‍, ചങ്ങമ്പുഴ. ഇവരെ മറന്നു കൊണ്ടുള്ള ഒരു കാവ്യജീവിതം എനിക്കെന്നല്ല, ഒരു മലയാളിക്കും സാദ്ധ്യമല്ല. മലയാളത്തിന്റെ സര്‍ഗ്ഗജീവിതത്തില്‍ ഈ മഹത്‌വ്യക്‌തികളൊക്കെ അത്രകണ്ട്‌ സ്വാധീനം ചെലുത്തിയിരിക്കുന്നു. ഇക്കൂട്ടത്തില്‍ മഹാനായ ഒ.എന്‍.വിയും ഉള്‍പ്പെടുന്നു. ജനപ്രീതിയുടെ ഒരു കണക്കെടുത്താല്‍ എഴുത്തച്‌ഛന്‍, കുമാരനാശാന്‍, വൈലോപ്പള്ളി, വയലാര്‍..എന്നീ പേരുകള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌ കാണാം.
ഒരു കാലഘട്ടത്തില്‍ അടിമകള്‍ക്ക്‌ തുല്യമായ ജീവിതം നയിച്ചിരുന്ന തീരദേശജനതയെ അവരുടെ സാംസ്‌കാരികവും സാമുഹ്യവുമായ അടിമമനോഭാവത്തില്‍ നിന്നും ഉയര്‍ത്തി, ഉണര്‍ത്തിക്കൊണ്ടു വരാന്‍ ശ്രീരാമന്‍, ശ്രീകൃഷ്‌ണന്‍ തുടങ്ങിയ യുഗപുരുഷന്‍മാരെ മുന്‍നിര്‍ത്തി എഴുത്തച്‌ഛന്‍ നടത്തിയ പോരാട്ടം സര്‍ഗ്ഗജീവിതത്തിലെ വളരെ പ്രധാനപ്പെട്ട സംഭവമാണ്‌. ആ കാലഘട്ടത്തിലെ പരദേശ സാന്നിദ്ധ്യവും അതിനെതിരെയുള്ള പോരാട്ടത്തില്‍ എഴുത്തച്‌ഛന്‍ നടത്തിയ പങ്കും മറക്കാന്‍ സാധിക്കില്ല.

ഇതൊക്കെയാണെങ്കിലും കവിതയുടെ ചരിത്രത്തില്‍ മറ്റാര്‍ക്കുമില്ലാത്ത ഒരു പ്രാധാന്യം ആശാന്‌ ഉളളതായി കാണുന്നു?
മലയാള കവിതയില്‍ ഒരു ശുക്രനക്ഷത്രം പിറക്കുന്നത്‌ മുണ്ടശ്ശേരി മാഷ്‌ പറഞ്ഞതു പോലെ മഹാനായ കുമാരനാശാന്റെ വരവോടെയാണ്‌. മലയാളകവിതയെ ഹിമാലയത്തിനുമപ്പുറത്ത്‌ എത്തിച്ചത്‌ ആശാനാണ്‌. അന്നേവരെ ഉണ്ടായിരുന്ന പാരമ്പര്യവഴികളില്‍ നിന്ന്‌ മാറി, മഹാകാവ്യപ്രസ്‌ഥാനമടക്കമുള്ള ചിട്ടവട്ടങ്ങള്‍ അകറ്റി തനത്‌ കവിത, മലയാള കവിത അതിന്റെ സ്വത്വബോധത്തോടു കൂടി അവതരിക്കുന്നത്‌ കുമാരനാശാനിലുടെയാണ്‌.
അദ്ദേഹത്തിന്റെ നളിനി, ലീല, ചണ്ഡാലഭിക്ഷുകി, കരുണ, ദുരവസ്‌ഥ തുടങ്ങിയ കൃതികള്‍ കാലാതിവര്‍ത്തികളായി തീരാന്‍ കാരണം സാമൂഹ്യജീവിതത്തില്‍ അവ വരുത്തിയ പരിവര്‍ത്തനമാണ്‌. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു സമുദായത്തിന്റെയോ പ്രദേശത്തിന്റെയോ നേതാവ്‌ എന്നതിനപ്പുറം എല്ലാ കാലത്തുമുളള അധസ്‌ഥിത മനുഷ്യന്റെ, കവിതയെ സ്‌നേഹിക്കുന്നവരുടെ, സ്വാതന്ത്ര്യ കാംക്ഷികളുടെ ഏറ്റവും വലിയ അപ്പോസ്‌തലനാണ്‌ ആശാന്‍.
ഒപ്പം തന്നെ വയലാറിനെയും വളളത്തോളിനെയും ചേര്‍ത്തു പിടിക്കുന്നു. ഉളളൂരും വളളത്തോളും മരിക്കും വരെ മലയാളത്തിന്റെ ആസ്‌ഥാന കവികളായിരുന്നു.
എഴുത്തച്‌ഛന്‌ ശേഷം ജനകീയ കവിത പിറക്കുന്നത്‌ കുഞ്ചന്‍ നമ്പ്യാരിലാണെങ്കില്‍ രാമപുരത്ത്‌ വാര്യരിലൂടെ പാലാ നാരായണന്‍ നായരിലുടെ പിന്നീട്‌ വയലാര്‍, പി.ഭാസ്‌കരന്‍, ഒഎന്‍വി തുടങ്ങി ചുവന്ന ദശകത്തില്‍ ജീവിച്ചിരുന്ന കവികളിലൂടെ ജനകീയ കവിതയുടെ സര്‍ഗോന്മുഖമായ, ശോണദീപ്‌തമായ മുഖം പ്രത്യക്ഷപ്പെടുകയുണ്ടായി. അതിന്റെ ഒടുവിലത്തെ പ്രധാനകണ്ണിയായിരുന്നു മഹാനായ ഒ.എന്‍.വി.
മലയാളത്തിലെ ആദ്യത്തെ പെണ്‍പക്ഷ കവിതയുടെ രചയിതാവെന്ന നിലയില്‍ അവിടെയും കുമാരനാശാന്‌ തന്നെയാണ്‌ ഒന്നാം സ്‌ഥാനം.
വാത്മീകിയുടെ രാമായണത്തെ മുന്‍നിര്‍ത്തി ശ്രീരാമന്‍ എന്ന്‌ പറയുന്ന പച്ചയായ മനുഷ്യനെ കവിതയുടെ ജനകീയ കോടതിയില്‍ നിര്‍ത്തി വിസ്‌തരിക്കുക എന്ന സാമൂഹ്യധര്‍മ്മം ചിന്താവിഷ്‌ടയായ സീതയിലുടെ ആശാന്‌ സാധിച്ചു.

ഈ വീക്ഷണം മുന്നോട്ട്‌ കൊണ്ടുപോകാന്‍ പിന്നീട്‌ ശ്രമങ്ങള്‍ ഉണ്ടായില്ലേ?
മലയാളത്തിലെ രണ്ടാമത്തെ പെണ്‍പക്ഷ കവിത ഏറെ ദശകങ്ങള്‍ക്ക്‌ ശേഷം വന്ന വയലാറിന്റെ ആയിഷയാണ്‌. അതുകഴിഞ്ഞ്‌ ഒളപ്പമണ്ണയുടെ നങ്ങേമക്കുട്ടി.
പിന്നെ ഒ.എന്‍.വി യുടെ സ്വയംവരം, ഉജ്‌ജയിനി എന്നീ രണ്ട്‌ കവിതകള്‍.
മലയാളത്തിലെ പെണ്‍പക്ഷ കവിതകളുടെ ഗ്രാഫ്‌ വരയ്‌ക്കുമ്പോള്‍ തെളിയുന്നത്‌ ഇവയൊക്കെയാണ്‌.
ഇതിനിടയില്‍ ഉത്തമമായ ജനകീയ മുഖമുള്ള സല്‍ക്കവിതകളില്‍ വൈലോപ്പളളിയുടെ 'കുടിയൊഴിക്കല്‍' മുതലുള്ള സകല കാവ്യങ്ങളും തെളിഞ്ഞു നില്‍ക്കുന്നു.
'ചോര തുടിയ്‌ക്കും ചെറുകൈകളെ പേറുക വന്നീ പന്തങ്ങള്‍
ഏറിയ തലമുറയേന്തിയ വാരിന്‍ വാരൊളി മംഗള കന്ദങ്ങള്‍'
എന്നിങ്ങനെ പാടിക്കൊണ്ട്‌ മാമ്പഴത്തിലൂടെ മലയാള കവിതയുടെ അര്‍ദ്ധനാരീശ്വര സ്വരൂപിയായ അവതാരമായി മഹാനായ വൈലോപ്പള്ളി ഉയര്‍ത്തെണീറ്റു.
ആശാനെയും വളളത്തോളിനെയും പോലെ പാരതന്ത്ര്യത്തിനെതിരെ എക്കാലവും ധീരമായി പോരാടിയ ആളായിരുന്നു വൈലോപ്പളളി. അതിന്റെ ഏറ്റവും പ്രകടമായ തെളിവാണ്‌ അടിയന്തിരാവസ്‌ഥയുടെ ദുര്‍നീതികള്‍ക്കെതിരെ ഏറ്റവും ശക്‌തിയായി പ്രതികരിച്ച ഒന്നാംനിരയിലെ കവി വൈലോപ്പളളി ആയിരുന്നു. പിന്നീട്‌ പുരോഗമന കലാസാഹിത്യസംഘം എന്ന പുരോഗമന മുഖമുളള സാംസ്‌കാരിക പ്രസ്‌ഥാനം ആവിര്‍ഭവിച്ചപ്പോള്‍ അതിന്റെ പ്രഥമ അദ്ധ്യക്ഷനായി അവരോധിതനായതും അദ്ദേഹമായിരുന്നു. അവസാന കാലം വരെ ഈ പുരോഗമനോന്മുഖ മനസ്‌ അദ്ദേഹം നിലനിര്‍ത്തി.
ഈ തരത്തില്‍ മലയാള കവിതയില്‍ പരിവര്‍ത്തനത്തിന്റെ ദശാസന്ധികള്‍ രചിച്ച പ്രമുഖരായ കവിതകളെ ഒരു ഗുരുദക്ഷിണ എന്ന നിലയില്‍ ഓര്‍മ്മിച്ചു കൊണ്ടുളള കാവ്യപുസ്‌തകമാണ്‌ ഞാന്‍ ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച 'താണുവണങ്ങുന്നേന്‍' എന്ന കൃതി. ഈ പുസ്‌തകത്തില്‍ ചെറുശ്ശേരി മുതല്‍ കടമ്മനിട്ട വരെയുള്ള പ്രസ്‌ഥാനസൃഷ്‌ടാക്കളായ 32 കവികളെ അവതരിപ്പിക്കുന്നു.
ഇത്‌ ഗദ്യത്തില്‍ രേഖപ്പെടുത്തിയാല്‍ പോരേ എന്ന്‌ കരുതുന്നവരുണ്ടാവാം. എന്നാല്‍ കവിതയുടെ താളബദ്ധത അതിന്‌ ലഭിക്കില്ല.
മനുഷ്യഹൃദയം താളാത്മകമായി തുടിയ്‌ക്കുന്നിടത്തോളം കാലം നല്ല കവിത നിലനില്‍ക്കുമെന്ന വിശ്വാസം എന്റെ മനസിലുളളതു കൊണ്ടാണ്‌ ഈ 32 ഗുരുക്കന്‍മാരെയും പൂജിക്കാന്‍ താളബദ്ധമായ ഒരു കൈവട്ടക തന്നെയാണ്‌ നല്ലത്‌ എന്ന്‌ തീരുമാനിച്ചത്‌.

ഇടക്കാലത്ത്‌ സാമാന്യജനതയ്‌ക്കിടയില്‍ കവിതയ്‌ക്ക് സ്വീകാര്യത കുറഞ്ഞിട്ടില്ലേ?
അതില്‍ ഒരു പരിധി വരെ നിരൂപകര്‍ക്കും പങ്കുണ്ട്‌. ചുവന്ന ദശകത്തിലെ കവികളുടെ കാലം കഴിഞ്ഞ്‌ 70 കളിലാണ്‌ ഞാനടക്കമുളള കവികള്‍ രംഗപ്രവേശം ചെയ്‌തത്‌. എന്നാല്‍ നിരൂപകര്‍ ഈ കവികളെ വേണ്ടവിധത്തില്‍ വിലയിരുത്തുകയോ സ്‌ഥാനനിര്‍ണ്ണയം ചെയ്യുകയോ ചെയ്‌തിട്ടില്ലെന്ന പരാതി എഴുത്തുകാര്‍ക്ക്‌ മാത്രമല്ല വായനക്കാര്‍ക്ക്‌ പോലുമുണ്ട്‌. വയലാറും പി.ഭാസ്‌കരനും അടക്കമുള്ളവര്‍ ഇന്നും ഓര്‍മ്മിക്കപ്പെടുന്നത്‌ ചലച്ചിത്രഗാനങ്ങളുടെ പേരിലാണ്‌. കവിതയുടെ രംഗത്ത്‌ ഒഎന്‍വിക്ക്‌ കിട്ടിയ പരിഗണന ഈ രണ്ടുപേര്‍ക്കും കിട്ടിയിട്ടില്ല. സാഹിത്യബാഹ്യമായ കാരണങ്ങളുടെ പേരിലാണ്‌ സുഗതകുമാരി ടീച്ചര്‍ പോലും ഇന്ന്‌ വാര്‍ത്തകളില്‍ നിറയുന്നത്‌. വളരെ കതിര്‍ക്കനമുള്ള, ആരുറപ്പുള്ള നല്ല കവിതകള്‍ സുഗതകുമാരി ടീച്ചറും എഴുതിയിട്ടുണ്ട്‌.
പുരോഗമന ചിന്താഗതിക്കാരായ ധാരാളം നിരൂപകര്‍ ഇന്നും സജീവമാണ്‌. 50 കളില്‍ ഇതായിരുന്നില്ല അവസ്‌ഥ. അന്ന്‌ മുണ്ടശ്ശേരി മാഷ്‌ അടക്കമുള്ള നിരൂപകര്‍ അന്ന്‌ യുവകവികളായിരുന്ന വയലാറിനെയും ഒഎന്‍വിയെയും ഭാസ്‌കരനെയും മറ്റും കണക്കറ്റ്‌ പ്രോത്സാഹിപ്പിക്കുകയും വാഴ്‌ത്തുകയും ചെയ്‌തു. ഇത്‌ അവരുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക ഘടകമായി. ഇന്നുളള നിരൂപകര്‍ ഇക്കാലത്തിന്റെ കവികളെ വളര്‍ത്തുന്നതിനോ തിരിച്ചറിയാന്‍ പോലുമുളള താത്‌പര്യം കാണിക്കുന്നില്ല. പാര്‍ശ്വവത്‌കരിക്കപ്പെടുന്ന കവികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു. ഇടതുപക്ഷത്ത്‌ നിലയുറപ്പിക്കുകയും ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന പി.കെ.ഗോപി, കുരീപ്പുഴ ശ്രീകുമാര്‍, ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ തുടങ്ങി ധാരാളം കവികളുണ്ട്‌. ഇവരൊന്നും അര്‍ഹിക്കുന്ന തലത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോവുന്നു. പ്രധാന കാരണം ഇടതുപക്ഷത്തുളള ഈ കവികള്‍ സഞ്ചാരികളും ചൊല്ലല്‍ക്കവികളുമായതിനാലാണെന്ന്‌ തോന്നുന്നു.

സമകാലിക കവിതയുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ലേ?
കാലം മാറിയതനുസരിച്ച്‌ കവിതയുടെ ചിട്ടവട്ടങ്ങളും മറ്റ്‌ രീതികളും മാറി. സ്വാഭാവികമായും കവിത സാധാരണക്കാരില്‍ നിന്ന്‌ അകന്നു എന്നൊരു പരാതിയുണ്ട്‌. ഇത്‌ ഒരു പരിധി വരെ സത്യമാണ്‌. കാരണം വയലാറും പി.ഭാസ്‌കരനും ഒഎന്‍വി യും അടക്കമുളളവര്‍ സൃഷ്‌ടിച്ചുവച്ച ചൊല്ലല്‍ക്കവിതയുടെ നല്ല പാരമ്പര്യത്തില്‍ നിന്ന്‌ വ്യതിയാനമുണ്ടാവുകയും കവിത ഗദ്യസ്വരൂപികളായപ്പോള്‍ തൊഴിലാളി വര്‍ഗമടക്കമുള്ള, പാടുന്നവര്‍ കവിതയില്‍ നിന്ന്‌ അകന്നു.
ഇപ്പോള്‍ വല്ലപ്പോഴും നടക്കുന്ന സ്‌കൂള്‍-കോളജ്‌ യുവജനോത്സവങ്ങളില്‍ ഗ്രേസ്‌ മാര്‍ക്ക്‌ കൊതിക്കുന്ന അമ്മമാര്‍, ആരുടെയെങ്കിലും സഹായത്തോടെ ചില കവിതകള്‍ തപ്പിപിടിച്ചെടുത്ത്‌ കുട്ടികളെ കാണാതെ പഠിപ്പിച്ച്‌ അവതരിപ്പിക്കുന്നതൊഴിച്ചാല്‍ താളബദ്ധകവിതകള്‍ വ്യാപകമായി വാഴ്‌ത്തപ്പെടുന്നില്ല.
താളമുണ്ടായതു കൊണ്ട്‌ മാത്രം കവിത നന്നാവണമെന്നില്ല. താളമില്ലാത്തതു കൊണ്ട്‌ മോശമാവണമെന്നുമില്ല. എന്നാല്‍ മലയാളിയുടെ ദ്രാവിഡപാരമ്പര്യം വച്ചു നോക്കിയാല്‍ താളബദ്ധമായ, പാടുന്ന കവിതയാണ്‌ അവര്‍ക്ക്‌ ഇഷ്‌ടം. മനുഷ്യമനസിനെ പുതുക്കി പണിയുന്ന കവിതയോടാണ്‌ അവര്‍ക്ക്‌ ഇഷ്‌ടം. മനുഷ്യ മസ്‌തിഷ്‌കത്തോടോ മാംസത്തോടോ അല്ല മനസിനോടേ കാവ്യഹൃദയം സംസാരിക്കൂ എന്ന വയലാറിന്റെ പ്രഖ്യാതമായ അഭിപ്രായം ഇന്നും ഏറെ പ്രസക്‌തമാണ്‌.

താളബദ്ധ കവിതകള്‍ കൈമോശം വരാനിടയായ സാഹചര്യം?
താളബദ്ധ കവിതയില്‍ നിന്ന്‌ മലയാളികള്‍ മാറിയതിന്റെ പ്രധാന ഉത്തരവാദികള്‍ കവികള്‍ തന്നെയാണ്‌. അദ്ധ്യാപകര്‍ക്കും വലിയ പങ്കുണ്ട്‌. കുമാരനാശാന്‍ ഉള്‍പ്പെടെയുള്ളവരുടെ കവിതകള്‍ കാണാതെ പഠിക്കുകയും ക്ലാസില്‍ ഈണത്തില്‍ ചൊല്ലി അര്‍ത്ഥവും അടരുകളും പറഞ്ഞ്‌ കുട്ടികളെ ഒന്നാംതരം സഹൃദയന്‍മാരാക്കി മാറ്റിയിരുന്ന നല്ല അദ്ധ്യാപകരുടെ ഗോത്രം ഏകദേശം അന്യം നിന്നു പോയ അവസ്‌ഥയാണ്‌. മറ്റൊന്നിനും പ്രവേശനം ലഭിക്കാത്തതു കൊണ്ട്‌ മലയാളം ഐച്‌ഛികവിഷയമായെടുത്ത അദ്ധ്യാപകരാണ്‌ ഇന്ന്‌ ഏറെയും ക്ലാസുമുറികളില്‍ എത്തുന്നത്‌. അവര്‍ നല്ല കവിത പഠിക്കാനോ പഠിപ്പിക്കാനോ ഇഷ്‌ടപ്പെടുന്നില്ല. അവര്‍ വളരെ എളുപ്പത്തില്‍ പഠിപ്പിക്കാന്‍ കഴിയുന്ന ചെറുകഥയുടെയും സിനിമയുടെയും പിന്നാലെ പോവുകയാണ്‌. മലയാളത്തില്‍ താളവും ഈണവും വൃത്തവും അലങ്കാരവും നമ്മുടെ സിലബസില്‍ നിന്ന്‌ മാറ്റിയ കാലം മുതല്‍ മലയാളകവിതയ്‌ക്ക് ദുര്‍ദശ ആരംഭിച്ചുവെന്ന്‌ പറയാം.
കടമ്മനിട്ട രാമകൃഷ്‌ണന്‍, ബാലചന്ദ്രന്‍ ചുളളിക്കാട്‌, ഡി. മധുസൂദനന്‍ നായര്‍, മുരുകന്‍ കാട്ടാക്കട.. ഇങ്ങനെ ചൊല്ലല്‍ക്കവിതകളുടെ പാരമ്പര്യമുണ്ട്‌.
ചൊല്ലുന്നതിന്റെ ഗുണമേന്മ കൊണ്ടും തൊണ്ടയുടെ സൗഭാഗ്യം കൊണ്ടും ഇവര്‍ ജനങ്ങള്‍ക്കിടയില്‍ നല്ലതു പോലെ വേരുറപ്പിച്ചു. അവരുടെ പുസ്‌തകങ്ങള്‍ക്ക്‌ പ്രചാരം കിട്ടി. രണ്ടുവരി പോലും ഈണത്തില്‍ ചൊല്ലാന്‍ കഴിയാതിരുന്ന ചങ്ങമ്പുഴയുടെയും കവിതചൊല്ലല്‍ ഏറ്റവും വലിയ സാഹസമായി കരുതിയിരുന്ന വയലാറിന്റെയും കവിതകള്‍ മലയാളികള്‍ ഇന്നും ഏറ്റവുമധികം ചൊല്ലുകയും താലോലിക്കുകയും ചെയ്യുന്നു. ചൊല്ലുന്നതു കൊണ്ട്‌ മാത്രം കവിത നന്നാകണമെന്നില്ല. കവിതയ്‌ക്ക് അകത്തെ സംഗീതവും അര്‍ത്ഥപുഷ്‌ടിയും പദലാവണ്യവും എല്ലാം പ്രധാനമാണ്‌. ഇലകള്‍ക്ക്‌ അകത്തെ ഔഷധവീര്യം പോലെയാണത്‌. അത്‌ മനസിലാക്കാന്‍ സഹൃദയലോകം തയ്യാറാകണം.
പോരാടാനും പ്രണയിക്കാനും ഈശ്വരപൂജയ്‌ക്കും സ്വകാര്യതകള്‍ പങ്കിടാനുമെല്ലാം കവിത എന്ന മാധ്യമം, കവിത എന്ന ആയുധം സമര്‍ത്ഥമായി ഉപയോഗിച്ചിരുന്ന ഭൂതകാലപാരമ്പര്യത്തിന്റെ നല്ലവഴികളെ നാം മറന്നു. ഇപ്പോള്‍ നാം അന്ധകാരത്തിലൂടെ അലഞ്ഞു നടക്കുകയാണ്‌.

കവിതകള്‍ തിരിച്ചറിയപ്പെടുന്ന ഒരു കാലം ഇനി വരില്ലേ?
നല്ല വിദ്യാഭ്യാസ പദ്ധതിയില്‍ നല്ല കവിതയും സാഹിത്യവും പഠിക്കയും പഠിപ്പിക്കുകയും ചെയ്യുന്ന കാലം തിരിച്ചു വരണം. ഇന്റര്‍നെറ്റും ഗൂഗിളും ഫേസ്‌ബുക്കും നയിക്കുന്ന ഈ കാലത്ത്‌ മനുഷ്യമനസിലെ നന്മ പടിയിറങ്ങി പോയി. അതുകൊണ്ട്‌ എല്ലാ ദിവസവും അച്‌ഛനെ കൊല്ലുന്ന മക്കളും മക്കളെ കൊല്ലുന്ന അച്‌ഛനും ഭര്‍ത്താവിനെ ചവുട്ടിത്താഴ്‌ത്തുന്ന ഭാര്യയും ഭാര്യയെ തീവച്ചുകൊല്ലുന്ന ഭര്‍ത്താവും എല്ലാം ചേര്‍ന്ന്‌ നമ്മുടെ സമൂഹം ഹിംസാത്മകതയിലേക്ക്‌ വളരുകയാണ്‌. രമണനും ചെമ്മീനും പോലും വായിക്കാത്തവര്‍ കോളജിലെ മലയാളം അദ്ധ്യാപകരായി വിലസുന്നുവെന്ന്‌ പറഞ്ഞാല്‍ അതിശയോക്‌തിയല്ല.
സയന്‍സ്‌ പഠിക്കുന്നത്‌ ഒരു അപരാധമല്ല. സയന്‍സ്‌ പഠിച്ചവര്‍ മനുഷ്യത്വത്തോട്‌ ചേര്‍ന്നു നിന്നു. മഹാനായ വൈലോപ്പിള്ളി ബോട്ടണി അദ്ധ്യാപകനായിരുന്നു. എം.ടി ക്ക്‌ ബിരുദം കെമിസ്‌ട്രിയിലാണ്‌. പുനത്തില്‍ കുഞ്ഞബ്‌ദുള്ള ഡോക്‌ടറായിരുന്നു. ഇവര്‍ അക്കാദമി തലത്തില്‍ മലയാളം പഠിക്കാതെ തന്നെ ആ ഭാഷയെ സ്‌നേഹിച്ചു. ഭാഷയ്‌ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കി. ഇന്ന്‌ പലരും ഒരു തൊഴില്‍ സാദ്ധ്യത എന്ന നിലയില്‍ മാത്രം മലയാളം പഠിക്കുന്നു. അവര്‍ക്ക്‌ സാഹിത്യത്തെക്കുറിച്ച്‌ അറിയാന്‍ പോലും താത്‌പര്യമില്ല.
നമ്മുടെ കലാസ്വാദനത്തിന്റെ സ്വഭാവത്തില്‍ പോലും മാറ്റം വന്നു. സാഹിത്യവും കലയും അടക്കം എല്ലാ സര്‍ഗവ്യാപാരങ്ങളും തകര്‍ന്നു പോയി. ഇന്ന്‌ ചാനലുകളാണ്‌ നമ്മുടെ ഗുരുക്കന്‍മാര്‍. ചാനലുകളിലെ കലാഭാസങ്ങള്‍ക്ക്‌ വലിയ പ്രാധാന്യം കൈവരുന്നു. അമ്പലപ്പറമ്പുകളില്‍ നിന്ന്‌ സാംബശിവനും കെടാമംഗലവും കെട്ടുകെട്ടി.
കര്‍ഷകനൃത്തവും മറ്റ്‌ നാടോടി നൃത്തങ്ങളും ഓര്‍മ്മകള്‍ മാത്രമായി. യുവജനോത്സവ വേദികളില്‍ കൃത്രിമമായി കുട്ടികളെ അണിയിച്ചൊരുക്കുന്ന കലാമത്സരങ്ങളുടെ പിന്നാലെയാണ്‌ എല്ലാവരും. ലക്ഷങ്ങള്‍ മുടക്കുന്നവര്‍ സമ്മാനിതരാവുന്നു. യഥാര്‍ത്ഥ കഴിവുളളവര്‍ തമസ്‌കരിക്കപ്പെടുന്നു. ഇതിനൊക്കെ ഒരു മാറ്റം വരണം. നല്ല കവിതയിലേക്കും ഗൃഹാതുരതയുണര്‍ത്തുന്ന പാട്ടുകളിലേക്കും നല്ല സാഹിത്യത്തിലേക്കും മനുഷ്യനന്മയെ പ്രകീര്‍ത്തിക്കുന്ന നൃത്തത്തിലേക്കും ഒരു മടക്കം വേണം. മനുഷ്യത്വത്തിന്‌ ഒന്നാം സ്‌ഥാനം നല്‍കുന്ന ഒരു കേരളത്തിന്റെ പുനര്‍ജനിയാണ്‌ വേണ്ടത്‌. അതിന്‌ വേണ്ടി പ്രയത്നിക്കാന്‍ നാം സന്മനസ്‌ കാട്ടണം.
ഗുരുശിഷ്യ ബന്ധത്തിലുണ്ടായ വിളളല്‍ വേദനാജനകമാണ്‌. ഗുരുക്കന്‍മാര്‍ വിദ്യാര്‍ത്ഥികളുടെ തോളില്‍ കയ്യിട്ട്‌ നടന്നതു കൊണ്ടു മാത്രം കാര്യമായില്ല. അവരുടെ ഹൃദയത്തില്‍ വച്ചിരുന്ന വിഗ്രഹങ്ങള്‍ക്ക്‌ പോറലുകള്‍ സംഭവിക്കുന്നു. ഉത്തമന്‍മാരായ ഗുരുക്കന്‍മാര്‍ക്ക്‌ പകരം പണം കൊടുത്ത്‌ കലാലയങ്ങളില്‍ കയറി പറ്റുന്ന അദ്ധ്യാപകര്‍ ധാരാളമായി ഉണ്ടാവുന്നു. അവര്‍ക്ക്‌ കടപ്പാട്‌ കുട്ടികളോടല്ല, കൊടുക്കുന്ന പണത്തോടാണ്‌. പണ്ട്‌ ഇത്‌ എന്‍.കൃഷ്‌ണപിളളയും ഒഎന്‍വിയും തിരുനല്ലുര്‍ കരുണാകരനും പഠിപ്പിച്ചിരുന്ന കോളജ്‌ എന്ന്‌ ആളുകള്‍ പറയുമായിരുന്നു. ഇന്ന്‌ ഏതെങ്കിലും അദ്ധ്യാപകന്റെ പേരില്‍ ഒരു കലാലയം അറിയപ്പെടുന്നുണ്ടോ?

സജില്‍ ശ്രീധര്‍

Ads by Google
Sunday 30 Dec 2018 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW