Monday, June 24, 2019 Last Updated 10 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 30 Dec 2018 12.48 AM

നിത്യയുടെ 'പ്രാണ'ന്‍

uploads/news/2018/12/276305/sun4.jpg

നാലു ഭാഷകളില്‍ ഒരു സിനിമ. ഒരേയൊരു കഥാപാത്രം. അതാണ്‌ നിത്യമേനോന്‍ അഭിനയിക്കുന്ന പ്രാണ എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. പരസ്യചിത്രസംവിധാനവും സിനിമയും ഒരേപോലെ മുന്നോട്ടുകൊണ്ടുപോകുന്ന വി.കെ. പ്രകാശാണ്‌ പ്രാണയുടെ സംവിധായകന്‍. പ്രാണ എന്ന സിനിമയ്‌ക്ക് പ്രത്യേകതകള്‍ ഇനിയുമുണ്ട്‌. പ്രശസ്‌ത ക്യാമറാമാന്‍ പി.സി. ശ്രീറാം നീണ്ട ഇടവേളയ്‌ക്കുശേഷം മലയാളത്തില്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണിത്‌. ലോകസിനിമയില്‍ത്തന്നെ സറൗണ്ട്‌ സിങ്ക്‌ സൗണ്ട്‌ ഫോര്‍മാറ്റ്‌ പരീക്ഷിക്കുന്ന ആദ്യചിത്രം. ഓസ്‌കര്‍ ജേതാവ്‌ റസൂല്‍ പൂക്കുട്ടിയാണ്‌ ശബ്‌ദലേഖകന്‍. സംഗീതസംവിധായകനാകട്ടെ ലോകപ്രശസ്‌ത ജാസ്‌ വിദഗ്‌ധന്‍ ലൂയി ബാങ്ക്‌സ്. പ്രാണയുടെ സിനിമാവഴികളെക്കുറിച്ച്‌ നായിക നിത്യമേനോന്‍ സംസാരിക്കുന്നു.

ഒട്ടേറെ പുതുമകളും പ്രശസ്‌തരും അണിനിരക്കുന്ന സിനിമയില്‍ പക്ഷേ, നിത്യമേനോന്‍ മാത്രമാണ്‌ കഥാപാത്രം. എന്തു തോന്നുന്നു?
എന്റെ ഏറ്റവും അടുത്ത സുഹൃത്തായ വി.കെ. പ്രകാശ്‌ സാര്‍ ഒരുദിവസം വിളിച്ച്‌ പ്രാണയുടെ കാര്യം സംസാരിച്ചു. സിനിമയുടെ കാര്യങ്ങള്‍ സംസാരിക്കുന്നതിനിടയിലാണ്‌ പ്രാണയില്‍ ഒരേയൊരു കഥാപത്രമേയുള്ളൂ എന്ന കാര്യം അവതരിപ്പിച്ചത്‌. കേട്ടപ്പോള്‍ വല്ലാത്തൊരു അമ്പരപ്പാണ്‌ തോന്നിയത്‌. കാരണം ഒരു അഭിനേത്രിയെ സംബന്ധിച്ച്‌ ഒരേസമയം ഭാഗ്യവും വെല്ലുവിളിയുമാണത്‌. എന്റെ ആശങ്കകളാണ്‌ ഞാന്‍ ആദ്യം പങ്കുവച്ചത്‌. പക്ഷേ പ്രകാശ്‌ സാറിന്റെ കോണ്‍ഫിഡന്‍സിനു മുന്നില്‍ ഞാന്‍ സമ്മതിച്ചു.

പിന്നീടെങ്ങനെയായിരുന്നു പ്രാണയുടെ വര്‍ക്കുകള്‍ മുന്നോട്ടു പോയത്‌?
എന്റെ സമ്മതം അറിയിച്ചതോടെ കഥ വിശദമായി കേട്ടു. ചെറിയ ചില മാറ്റങ്ങള്‍ മാത്രമേ ആവശ്യമായുണ്ടായിരുന്നുള്ളൂ.

ഇതില്‍ നിത്യയാണ്‌ ഗാനങ്ങള്‍ ആലപിച്ചതെന്നതും പ്രത്യേകതയാണല്ലോ?
അങ്ങനെയൊരു സൗഭാഗ്യവും പ്രാണയില്‍ എനിക്കുണ്ടായി. ഒരു വാക്കിന്‍ മൗനം നെഞ്ചേറ്റി എന്നുതുടങ്ങുന്നതാണ്‌ ഗാനം. രാജീവ്‌ നായരാണ്‌ ഗാനരചന. പ്രശസ്‌തനായ സംഗീതജ്‌ഞന്‍ ലൂയി ബാങ്ക്‌സിന്റെ സംഗീതത്തില്‍ പാടാന്‍ പറ്റുകയെന്നതൊക്കെ എന്തൊരു അസുലഭനിമിഷമാണ്‌.

പ്രാണയുടെ കഥ ഒരു വാചകത്തില്‍ പറഞ്ഞാല്‍ എന്തായിരിക്കും അത്‌?
ഒറ്റവാചകത്തില്‍ പറയാനേ സംവിധായകന്‍ അനുവദിക്കുന്നുള്ളൂ. ഒരു സ്‌ത്രീയുടെ ഏകാന്തമായ യാത്രയും ജീവിതവും അതില്‍ അവര്‍ അനുഭവിക്കുന്ന ആനന്ദവുമാണ്‌ സിനിമയുടെ പ്രമേയം. പക്ഷേ, നിസ്സംശയം പറയാം, കണ്ടുവന്നതില്‍നിന്നും വളരെ വ്യത്യസ്‌തമായ ഒരു ട്രീറ്റ്‌മെന്റാണ്‌ ഈ സിനിമ. അതുകൊണ്ടുതന്നെയാണ്‌ മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി എന്നീ നാലു ഭാഷകളില്‍ ഈ സിനിമ പുറത്തിറങ്ങുന്നതും.

കേരളവുമായി നിത്യയ്‌ക്കുള്ള ബന്ധം എങ്ങനെയാണ്‌?
എന്റെ മാതാപിതാക്കളുടെ സ്‌ഥലം പാലക്കാട്‌, കല്‍പ്പാത്തിയാണ്‌. പക്ഷേ, ഞാന്‍ ജനിച്ചതും പഠിച്ചതുമെല്ലാം ബാംഗ്ലൂരിലാണ്‌. എന്നാല്‍ ഞാന്‍ മലയാളം പഠിക്കാതിരുന്നില്ല. വീട്ടില്‍ എല്ലാവരും മലയാളമായിരുന്നു സംസാരിച്ചത്‌.

സിനിമയെ എങ്ങനെയാണ്‌ സമീപിക്കുന്നത്‌?
ധാരാളം ഓഫറുകള്‍ പല ഭാഷകളില്‍നിന്നും വരാറുണ്ട്‌. മലയാളമടക്കം ഹിന്ദി, ഇംഗ്ലീഷ്‌, തമിഴ്‌, കന്നട, തെലുങ്ക്‌ തുടങ്ങി ആറു ഭാഷകള്‍ എനിക്കറിയാം. അതുകൊണ്ടുതന്നെ ഓരോ ഭാഷകളിലിറങ്ങുന്ന സിനിമകളും ട്രെന്‍ഡും ഞാന്‍ നന്നായി പഠിക്കാറുണ്ട്‌. പക്ഷേ, എന്റെ മാനസികാവസ്‌ഥയ്‌ക്ക് അനുയോജ്യവും എന്തെങ്കിലുമൊക്കെ കോണ്‍ട്രിബ്യൂട്ട്‌ ചെയ്യാനുമുള്ള സിനിമകളാണ്‌ ഞാന്‍ അധികവും തെരഞ്ഞെടുക്കാറ്‌.

എങ്ങനെയാണ്‌ നിത്യയുടെ സിനിമാപ്രവേശം?
എട്ടുവയസ്സുള്ളപ്പോഴാണ്‌ ഞാന്‍ ഒരു ഇംഗ്ലീഷ്‌ സിനിമയില്‍ അഭിനയിക്കുന്നത്‌. അതാണ്‌ ആദ്യ സിനിമ. പിന്നീട്‌ സിനിമയെക്കുറിച്ച്‌ ചിന്തിച്ചതേയില്ല. പഠനം കഴിഞ്ഞ സമയത്താണ്‌ ആകാശഗോപുരം എന്ന സിനിമയില്‍ അഭിനയിക്കുന്നത്‌. പിന്നീട്‌ കുറേ നല്ല റോളുകള്‍ തേടിവന്നു. അഭിനയിച്ചു.

പുതിയ പ്ര?ജക്‌ടുകള്‍ എന്തൊക്കെയാണ്‌?
തെലുങ്കില്‍ എന്‍.ടി. രാമറാവുവിന്റെ ബയോപിക്കില്‍ അഭിനയിച്ചതിനുശേഷം തമിഴില്‍നിന്നും ഒരു ഓഫര്‍ വന്നിട്ടുണ്ട്‌. ജയലളിതയായാണ്‌ ഞാന്‍ വേഷമിടുന്നത്‌. ഹിന്ദിയില്‍ അക്ഷയ്‌കുമാറിന്റെ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുന്നു. മലയാളത്തില്‍ രാജീവ്‌കുമാര്‍ സാറിന്റെ കോളാമ്പി എന്ന സിനിമയിലും സഹകരിക്കുന്നു.

പ്രാണയിലൂടെ നിത്യമേനോന്‍ ഒറ്റക്കഥാപാത്രമുള്ള സിനിമയില്‍ നായികയാവുകയും അത്‌ നാലു ഭാഷകളിലായി റിലീസ്‌ ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ തികച്ചും വ്യത്യസ്‌തമായ ഒരു അനുഭവമായി അതു മാറുമെന്നുറപ്പ്‌.

ഉമ ആനന്ദ്‌

Ads by Google
Sunday 30 Dec 2018 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW