ഒരാള്‍ക്ക് ജീവിതത്തില്‍ കിട്ടാവുന്ന മഹാപുണ്യമാണ് ശബരിമല അയ്യപ്പദര്‍ശനം. രോഗദുരിതങ്ങളില്നിന്നും, തീര്‍ത്താല്‍ തീരാത്ത കടങ്ങളില്‍നിന്നും ശാന്തിനല്കുന്ന പുണ്യദര്‍ശനമാണ് അയ്യപ്പദര്‍ശനം.
മത്സ്യമാംസാദികളുപേക്ഷിച്ച് വീട്ടില്‍വച്ച് അയ്യപ്പസേവ ചെയ്താല്‍ ദര്‍ശനം കിട്ടിയ മനസ്സുഖമുണ്ടാകും. സന്നിധാനത്തേക്ക് പോകാന്‍ പറ്റുന്നവര്‍ മല ചവിട്ടാന്‍ വ്രതം തുടങ്ങുമ്പോള്‍ തന്നെ വീട്ടിലുള്ള മറ്റുളളവരും ഭക്തിയോടെ വീട്ടില്‍ അയ്യപ്പ പൂജയ്ക്കൊരുങ്ങണം.
ശബരിമലശാസ്താവിനെ ഭജിക്കാന്‍ ശബരിമല പോകണമെന്നില്ല. ഉത്തമമായ മണ്ഡലകാലത്ത് ദുരിതപൂര്‍ണ്ണമായ ശനിദോഷം തീരാന്‍ എല്ലാ സ്ത്രീകള്‍ക്കും വീട്ടില്‍ അതിനുള്ള സൗകര്യം ഒരുക്കാം.
രാവിലെ കുളിച്ച് വിളക്കുവച്ച് നിത്യകര്‍മ്മങ്ങള്‍ ചെയ്തതിനുശേഷം സര്‍വ്വ ദേവധ്യാനം കഴിഞ്ഞ് അയ്യപ്പനാമങ്ങള്‍ ജപിക്കുക. ശനിയാഴ്ചവ്രതം എടുക്കുക. അടുത്തുള്ള അയ്യപ്പക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തൊഴുത് വഴിപാടുകള്‍ നടത്താം. വീട്ടില്‍ നീരാജനം തെളിയിച്ച് പ്രാര്‍ത്ഥിച്ചാല്‍ അയ്യപ്പന് നമ്മുടെ അടുത്തെത്തും.
ശനിയാഴ്ചകളില്‍ ശനിയാഴ്ച വ്രതത്തോടൊപ്പം എള്ളുപായസമുണ്ടാക്കി അയ്യപ്പന്റെ (വിളക്കിന്റെ) മുമ്പില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക. അതോടൊപ്പം അയ്യപ്പാഷ്ടോത്തരാര്ച്ചന കൂടിയായാല്‍, ആചാരാനുഷ്ഠാനങ്ങളെ തടസ്സപ്പെടുത്താതെ അയ്യപ്പനെ കണ്ടുതൊഴാം. (സന്നിധാനത്തിലെത്തി ഭഗവാനെ കണ്ടുതുപോലെ മണ്ഡലകാലം മുഴുവനും ഇതുപോലെ വ്രതം എടുത്തു പ്രാര്‍ത്ഥിക്കാം.)
കാര്യസിദ്ധിക്കുവേണ്ടി എള്ളുതിരി കത്തിച്ച് പ്രാര്‍ത്ഥിക്കാം. മണ്ഡലകാലം തുടങ്ങുന്ന വൃശ്ചികം ഒന്നുമുതല്‍ പവിത്രമായ നെയ്യ്വിളക്ക് കത്തിച്ച് എള്ളുതിരിയും കത്തിച്ച് പ്രാര്‍ത്ഥിച്ചാല്‍ രോഗങ്ങളൊക്കെ ഇല്ലാതാകും. ശുദ്ധവും ശ്രേഷ്ഠവുമായ ഈ കര്‍മ്മങ്ങള്‍ പന്ത്രണ്ടു ദിവസം തുടര്‍ച്ചയായി ചെയ്ത് നിര്‍ത്തുക.
ഒരു ദിവസം നിര്‍ത്തി പിന്നെയും 12 ദിവസം അനുഷ്ഠിക്കാം. ഇങ്ങനെ ചെയ്താല്‍ മുടക്കം വരില്ല. ആര്‍ത്തവ ദിവസങ്ങളില്‍ നിര്‍ത്തിവയ്ക്കുകയും ചെയ്യാം. ഇതിനോടൊപ്പം മന്ത്രജപം കൂടിയായാല്‍ ആഗ്രഹസാഫല്യം ഫലം.
സ്ത്രീകള്‍ക്ക് 41 ദിവസം തുടര്‍ച്ചയായി വ്രതമെടുക്കാന്‍ സാധിക്കില്ല. ഇടയ്ക്ക് തടസ്സം വരുന്നതിനാല്‍ പന്ത്രണ്ട് ദിവസം വീതം സൗകര്യമനുസരിച്ച് മണ്ഡലകാലത്തിനകം രണ്ടോ, മൂന്നോ പ്രാവശ്യം വ്രതത്തോടെ പ്രാര്‍ത്ഥിച്ച് അയ്യപ്പദര്‍ശനം മനസ്സില്‍ കണ്ടുതൊഴാം.
വ്രതനിഷ്ഠയെന്നാല് ധ്യാനം, ഭക്തി, ജ്ഞാനം, ദേഹശുദ്ധി എന്നിവ ചേര്‍ന്നതാണ്. മനഃശുദ്ധി, ശരീരശുദ്ധി, ആഹാരശുദ്ധി എന്നിവയോടെയുള്ള ശരണം വിളിയില്‍ അയ്യപ്പന് നമ്മുടെ അരികിലെത്തും. വീട്ടില്‍ വ്രതമെടുത്ത് അനുഷ്ഠാനം തുടങ്ങിയാല്‍ മരണവീടുകളിലോ, വാലായ്മ ഉള്ളയിടത്തോ പോകാന്‍ പാടില്ല.
നിഷ്ക്കാമമായി പ്രാര്‍ത്ഥിച്ചാല്‍ അയ്യപ്പന് കൈവിടില്ല . ശനിദശ, ഏഴരശനി, കണ്ടകശനി, അഷ്ടമശനി എന്നിവ കടന്നുപോകുന്നതറിയില്ല. അയ്യപ്പനെ ആരാധിക്കുന്നതും നാമം ജപിക്കുന്നതും ജന്മസുകൃതമാണ്. സര്‍വ്വാഭീഷ്ടസിദ്ധിയാണ്. എല്ലാവരും ഭവനങ്ങള്‍ ശുദ്ധീകരിച്ച് അയ്യപ്പാരാധന നടത്തുക.