Friday, May 24, 2019 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
ഷാലു മാത്യു
Monday 24 Dec 2018 01.15 AM

വിയര്‍പ്പിന്റെ അസുഖമുള്ള മലയാളി : ഭായിമാര്‍ തൊഴില്‍ തരും, ജീവിക്കാന്‍ പഠിപ്പിക്കും

uploads/news/2018/12/274982/opionin241218a.jpg

"നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്‌ചലം ശൂന്യമീ ലോകം" എന്ന്‌ അമ്പതു വര്‍ഷം മുമ്പ്‌ "കാവ്യമേള"യ്‌ക്കായി എഴുതിയ ഗാനത്തില്‍ വയലാര്‍ പറഞ്ഞതു സ്വപ്‌നങ്ങളോടാണ്‌. അല്‍പ്പം മാറ്റങ്ങളോടെ നമ്മള്‍ ഇപ്പോഴതു പറയുന്നത്‌ ഇതരസംസ്‌ഥാന തൊഴിലാളികളോട്‌. യു.പി, ബിഹാര്‍, അസം, പശ്‌ചിമ ബംഗാള്‍... എന്നിവിടങ്ങളില്‍നിന്നു (ചിലപ്പോള്‍ ബംഗ്ലാദേശില്‍നിന്നും) വരുന്നവരെല്ലാം നമുക്കു ബംഗാളികളാണ്‌. ഈ ഭായിമാരില്ലെങ്കില്‍ കേരളം നിശ്‌ചലം.

നിര്‍മാണ മേഖല മാത്രമല്ല, അവരില്ലെങ്കില്‍ പെട്രോള്‍ പമ്പുകളും ഹോട്ടലുകളും വരെ അടഞ്ഞുകിടക്കും. ചില വീടുകളില്‍ അടുപ്പു പുകയില്ല. മൂന്നു മാസം മുമ്പു നമ്മളത്‌ അനുഭവിച്ചറിഞ്ഞു. അവരില്‍ ചിലര്‍ ഇവിടെ കൊലപാതകമടക്കം കുറ്റകൃത്യങ്ങളില്‍ പ്രതിയായതിനു പിന്നാലെയായിരുന്നു സംഭവം. ഇതര സംസ്‌ഥാന തൊഴിലാളികള്‍ക്കു നേരേ കേരളത്തില്‍ വ്യാപകമായി ആക്രമണം നടക്കുന്നെന്നു പ്രചരിച്ചു. ഉത്തരേന്ത്യയിലെ ചില മാധ്യമങ്ങളില്‍ ഇയു വാര്‍ത്തയായി. രണ്ടു പേരെ ചുട്ടുകൊന്നെന്ന പ്രചാരണം ചില സാമൂഹിക മാധ്യമങ്ങളും ഏറ്റെടുത്തയോടെ തൊഴിലാളികളുടെ നാട്ടില്‍ ആശങ്കയായി. പലരും കിട്ടിയ ട്രെയിനില്‍ നാട്ടിലേക്കു വച്ചുപിടിച്ചു. കൂട്ടപ്പലായനം കേരളത്തെയാകെ ബാധിച്ചു.

കെട്ടിടനിര്‍മാണ മേഖല മാത്രമല്ല, റോഡുകളുടെയും പാലങ്ങളുടെയും വരെ പണി മുടങ്ങി. പെട്രോള്‍ പമ്പുകളും ഹോട്ടലുകളും വരെ അടഞ്ഞുകിടഞ്ഞു. മൂന്നു ദിവസം കൊണ്ടുതന്നെ ഗുരുതാവസ്‌ഥ സര്‍ക്കാരിനു ബോധ്യപ്പെട്ടു. ഒഡീഷക്കാരനായ സംസ്‌ഥാന പോലീസ്‌ മേധാവിയെക്കൊണ്ടു ഭായിമാര്‍ക്ക്‌ അവരുടെ സ്വന്തം ഭാഷയില്‍ സുരക്ഷിയതത്വം ഉറപ്പുനല്‍കി. പ്രചാരണം വ്യാജമാണെന്നു ബോധ്യപ്പെടുത്തി. പോയവര്‍ മടങ്ങിവരാനുള്ള അഭ്യര്‍ഥന ഇതര സംസ്‌ഥാനങ്ങളിലെ മാധ്യമങ്ങളിലൂടെ നല്‍കി. അവിടെ കേരളാ പോലീസിന്റെ അറിയിപ്പ്‌ പതിപ്പിച്ചു.

ഇതരസംസ്‌ഥാനക്കാര്‍ മടങ്ങിയെത്താന്‍ തുടങ്ങിയതോടെ എല്ലാ ജില്ലാ ആസ്‌ഥാനങ്ങളിലും പോലീസും റവന്യൂ അധികൃതരും തൊഴില്‍ വകുപ്പും ചേര്‍ന്നു യോഗങ്ങള്‍ വിളിച്ചു. അവരുടെ അധ്വാനത്തെ, സേവനത്തെ കേരളം വിലമതിക്കുന്നെന്നു ബോധ്യപ്പെടുത്തി.

ജീവിക്കാന്‍ ഇവര്‍ പഠിപ്പിക്കും
--------------------
കൂലിപ്പണിയും മേസ്‌തിരിപ്പണിയുമൊക്കെ ചെയ്യുന്ന ഇന്നാട്ടുകാര്‍ക്കു വൈകുന്നേരമാകുമ്പോള്‍ ആയിരത്തിനടുത്തു രൂപ എണ്ണിക്കൊടുക്കണം. പുറമേ കുറ്റം പറയുമെങ്കിലും നമ്മളും ഉള്ളില്‍ പറയും, രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഇതുകൊണ്ട്‌ എന്താകാന്‍! ഇതരസംസ്‌ഥാനത്തൊഴിലാളികള്‍ക്കു പരമാവധി 500 രൂപ നല്‍കിയാല്‍ മതി. എന്നാലും അവര്‍ സന്തുഷ്‌ടരാണ്‌. ജീവിതച്ചെലവിനെപ്പറ്റി മലയാളി പരിതപിക്കുമ്പോള്‍, കുറഞ്ഞ ചെലവില്‍ ജീവിക്കാമെന്നു ഭായിമാര്‍ കാണിച്ചുതരും.

സംസ്‌ഥാനത്ത്‌ അരി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ക്രയവിക്രയം നടക്കുന്ന മൂന്നു ഭക്ഷ്യവസ്‌തുക്കളിലൊന്ന്‌ ഇറച്ചിക്കോഴിയാണ്‌. ഇതിന്റെ ഏറ്റവും വലിയ ഉപയോക്‌താക്കള്‍ ഇതരസംസ്‌ഥാന തൊഴിലാളികളാണ്‌. അവരുടെ ഏക ആഡംബര ഭക്ഷണമാണ്‌ ഇറച്ചിക്കോഴി. നഖവും തലയും തൂവലുമൊഴികെ മുഴുവനും കഴിക്കും. തുടയുടെ താഴെ, വെറും വേസ്‌റ്റായി തള്ളിക്കളഞ്ഞിരുന്ന ഭാഗം വാങ്ങാന്‍ ചിക്കന്‍ സ്‌റ്റാളുകള്‍ക്കു മുന്നില്‍ അഞ്ചാറു വര്‍ഷം മുമ്പു ബംഗാളികള്‍ ക്യൂ നിന്നിരുന്നു. അതിനുള്ളിലെ മജ്‌ജ ആരോഗ്യത്തിന്‌ ഏറെ നല്ലതാണത്രേ! പിന്നീടാണു കോഴിയെ മുഴുവനോടെ വാങ്ങാന്‍ തുടങ്ങിയത്‌.

നിര്‍ബന്ധം വൈദ്യുതി മാത്രം
-------------------------
ഏതു പരിമിതമായ സൗകര്യത്തിലും താമസിക്കും. എന്തു ജോലിയും ചെയ്യും. കഠിനാധ്വാനികള്‍. യൂണിയനില്ല, സമരമില്ല. നടപ്പാക്കിക്കൊടുക്കാന്‍ പറ്റാത്ത ഒരാവശ്യവും അവര്‍ക്കില്ലെന്നു കോട്ടയത്തെ സെന്റ്‌ മേരീസ്‌ ഇന്‍ഡസ്‌ട്രീസിന്റെ ഉടമ ബിനോദ്‌ സാക്ഷ്യപ്പെടുത്തും. താമസസ്‌ഥലത്തു വൈദ്യുതി മാത്രമാണ്‌ ഏക നിര്‍ബന്ധം. വെളിച്ചം കാണാനല്ല, കാറ്റുകൊള്ളാന്‍ ഫാനിടാനുമല്ല. മൊബൈല്‍ ഫോണ്‍ ചാര്‍ജ്‌ ചെയ്യാന്‍!
ചൈനീസും സെക്കന്‍ഡ്‌ ഹാന്‍ഡുമൊക്കെയായി "ഹൈ എന്‍ഡ്‌" മൊബൈല്‍ സെറ്റുകളാണു പലരുടെയും കൈയില്‍. ഡേറ്റയ്‌ക്കു തുച്‌ഛവിലയായതോടെ ചെവിയില്‍ തിരുകിവച്ച ഹെഡ്‌ സെറ്റുകളിലൂടെ ഹിന്ദിപ്പാട്ടുകള്‍ ഒഴുകിയെത്തും. നാട്ടിലേക്കു മതിയാവോളം വിളിക്കും. സിനിമ കാണും. നാട്ടിലെ വാര്‍ത്തകളറിയും...

എന്തു തൊഴിലും ചെയ്യും
-----------------
കെട്ടിടനിര്‍മാണത്തില്‍ മെയ്‌ക്കാഡുകളായാണു വന്നതെങ്കിലും പിന്നീടവര്‍ മേസ്‌തിരികളായി. ഹോട്ടലുകളില്‍ പാചകക്കാരായി. വിത്തെറിയാനും ബംഗാളികള്‍ വേണ്ടിവന്നു. പാടങ്ങളില്‍ മലയാളം നാടന്‍പാട്ടുകളുടെ സ്‌ഥാനത്തു ഹിന്ദി ഈണങ്ങള്‍ മുഴങ്ങി. മുടിവെട്ട്‌, തെങ്ങുകയറ്റം, ആശാരിപ്പണി, കൊല്ലപ്പണി തുടങ്ങി കേരളത്തിലെ പരമ്പരാഗത തൊഴിലുകളിലും കൈവച്ചു. നമ്മുടെ പുതുതലമുറ വേണ്ടെന്നുവച്ച ജോലികളൊക്കെ ഇവര്‍ സന്തോഷത്തോടെ ഏറ്റെടുത്തു.

അവര്‍ തൊഴില്‍ദാതാക്കളുമായി
------------------------
തൊഴില്‍ തേടിയെത്തിയ ഭായിമാരില്‍ ചിലര്‍ ഇപ്പോള്‍ തൊഴില്‍ദാതാക്കളാണ്‌. നാട്ടില്‍ നിന്ന്‌ ആവശ്യത്തിനു തൊഴിലാളികളെ എത്തിച്ചുതരുന്ന ഇടനിലക്കാരായായിരുന്നു തുടക്കം. എത്ര പേര്‍ വേണമെന്നു പറഞ്ഞാല്‍ മതി, നാട്ടില്‍നിന്നു യുവാക്കളെ കൊണ്ടുവരും.
ഇതരസംസ്‌ഥാനക്കാര്‍ വലിയൊരു സമൂഹമായി മാറിയതോടെ അവര്‍ക്കിടയില്‍ ചിലര്‍ വസ്‌ത്രവ്യാപാരം തുടങ്ങി. കൂട്ടമായി താമസിക്കുന്ന സ്‌ഥലങ്ങളില്‍ ചെറിയ കടകള്‍ തുടങ്ങി. ചിലര്‍ ചെറിയ ചിട്ടികള്‍ നടത്തുന്നു. ഞായറാഴ്‌ച വഴിയോരങ്ങളിലെ ഷോപ്പിങ്ങിനു മാത്രമേ കാര്യമായി പണം ചെലവിടാറുള്ളൂ. ഇതിന്റെ സാധ്യത തിരിച്ചറിഞ്ഞതോടെ ചിലര്‍ വഴിയോരക്കച്ചവടവും തുടങ്ങി.

നല്ല കൂലി, സമാധാനാന്തരീക്ഷം, നല്ല കാലാവസ്‌ഥ, വീട്ടിലേക്കു പണമയയ്‌ക്കാന്‍ എളുപ്പം... പിന്നെന്തിനു നാട്ടിലേക്കു പോകണമെന്നു ബംഗാള്‍ സ്വദേശിയായ ജഹാംഗീര്‍ ചോദിക്കും. പത്തു വര്‍ഷത്തിലേറെയായി നാട്ടിലുള്ള ഇതരസംസ്‌ഥാനത്തൊഴിലാളികളില്‍ ചിലര്‍ നാട്ടില്‍ വലിയ ജന്മിമാരായി മാറിക്കഴിഞ്ഞു. ഏക്കറുകളോളം ഭൂമിയുള്ളവരുണ്ട്‌. സഹോദരങ്ങള്‍ നാട്ടില്‍ ബസിനസുകള്‍ നടത്തുന്നു. കോട്ടയത്തു പത്തുവര്‍ഷമായി മേസ്‌തിരിപ്പണി ചെയ്യുന്ന അസം സില്‍ച്ചര്‍ സ്വദേശിയായ കമറുദീന്റെ ഭാര്യയും പിതാവും ചേര്‍ന്നു നാട്ടില്‍ വസ്‌ത്രവ്യാപാരശാല നടത്തുന്നു. അവിടെ പത്തുപേര്‍ക്കു കമറുദീന്‍ ശമ്പളം നല്‍കുന്നുണ്ട്‌.

മക്കള്‍ രണ്ടു പേരും നല്ല വിദ്യാഭ്യാസം നേടി. ഒരാള്‍ക്ക്‌ സര്‍ക്കാര്‍ ജോലി ലഭിച്ചു. ഇതെല്ലാം കേരളത്തില്‍ വന്നു മേസ്‌തിരിപ്പണിയിലൂടെ നേടിയതാണ്‌. സ്വന്തം നാടിന്റെ പുരോഗതി മലയാളക്കര സമ്മാനിച്ചതാണെന്നു കമറുദീന്‍ അഭിമാനത്തോടെ പറയും.

(അവസാനിച്ചു)

Ads by Google
ഷാലു മാത്യു
Monday 24 Dec 2018 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW