Monday, April 22, 2019 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 21 Dec 2018 04.23 PM

പഴകിയ രോഗങ്ങള്‍ക്ക് ഹോമിയോപ്പതി

''നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ ഹോമിയോ ചികിത്സയുടെ അനന്തസാധ്യതകളെ സംബന്ധിച്ചുള്ള അറിവ് പൂര്‍വികര്‍ക്കുണ്ടായിരുന്നു. അപസ്മാരം, ആസ്ത്മ തുടങ്ങി ഗുരുതരമായ രോഗങ്ങളെപ്പോലും കൃത്യമായ ചികിത്സയിലൂടെ തുടച്ചു നീക്കുവാന്‍ ഹോമിയോപ്പതിയിലൂടെ കഴിയും''
uploads/news/2018/12/274350/homiyopathi211218.jpg

രോഗങ്ങള്‍ പഴകുന്തോറും അവയുടെ തീവ്രതയും വര്‍ധിക്കും. പഴകിയ രോഗങ്ങളോട് പൊതുവെ മരുന്നുകള്‍ പ്രതികരിക്കുന്നത് കുറവായിരിക്കും. ഇതിന്റെ ഫലമായി മരുന്നുകള്‍ തുടര്‍ച്ചയായി കഴിക്കേണ്ടിവരുന്നു. എന്നാല്‍ രോഗം ശമനമില്ലാതെ തുടരുകയും ചെയ്യുന്നു. പഴകിയ രോഗങ്ങള്‍ മാറാന്‍ ഹോമിയോപ്പതി ഫലപ്രദമാണ്.

രോഗം ഭേദമാകുവാന്‍ കാലതാമസമുണ്ടാകുമെന്ന ധാരണകൊണ്ട് മറ്റ് ചികിത്സാരീതികള്‍ സ്വീകരിക്കുന്നവരാണ് പലരും. നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ ഹോമിയോ ചികിത്സയുടെ അനന്തസാധ്യതകളെ സംബന്ധിച്ചുള്ള അറിവ് പൂര്‍വികര്‍ക്കുണ്ടായിരുന്നു. അപസ്മാരം, ആസ്ത്മ തുടങ്ങി ഗുരുതരമായ രോഗങ്ങളെപ്പോലും കൃത്യമായ ചികിത്സയിലൂടെ തുടച്ചു നീക്കുവാന്‍ ഹോമിയോപ്പതിയിലൂടെ കഴിയും.

പ്രത്യേകിച്ച് പഴകിയ രോഗങ്ങുടെ വേരറുക്കാന്‍ ഹോമിയോപ്പതിയില്‍ അനിവാര്യമായ ഒട്ടേറെ മാര്‍ഗങ്ങളുണ്ട്. പഴകിയ രോഗങ്ങളായ മൈഗ്രേന്‍, ആര്‍ത്രൈറ്റിസ്, സൈനസൈറ്റിസ്, സോറിയാസിസ്, വയറുവേദന, തലകറക്കം തുടങ്ങിയ പഴകിയ രോഗങ്ങളെല്ലാം കൃത്യമായ ചികിത്സയിലൂടെ അകറ്റാം.

ചികിത്സയും സാധ്യതകളും


കൂടെ കൂടെ പ്രത്യക്ഷപ്പെടുന്ന ഒരേ രോഗലക്ഷണങ്ങളെയാണ് പഴകിയ രോഗങ്ങള്‍ എന്നു പറയുന്നത്. പൊതുവേ പഴകിയ രോഗങ്ങള്‍ രണ്ടുവിഭാഗങ്ങളിലായാണുള്ളത്. പല ചികിത്സകള്‍ നടത്തിയിട്ടും വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങളാണ് പഴകിയ രോഗങ്ങളില്‍ ആദ്യവിഭാഗത്തിലുള്ളത്.

95 ശതമാനം രോഗികളിലും രോഗം പഴകുന്നത് ഇത്തരത്തിലാണ്. രോഗമുണ്ടായാലും വര്‍ഷങ്ങളോളം ചികിത്സിക്കാതിരുന്ന് രോഗം പഴകുന്നവരാണ് രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നത്. ഇങ്ങനെയുള്ളവര്‍ സ്വയം ചികിത്സകരായിരിക്കും. രോഗത്തിന്റെ തീവ്രതയനുസരിച്ച് അത് ഏറിയും കുറഞ്ഞുമിരിക്കും.

രോഗം തിരിച്ചറിഞ്ഞ് ചികിത്സ


ഹോമിയോപ്പതിയില്‍ ചികിത്സ നിര്‍ണയിക്കുന്നത് രോഗിയുടെ ശാരീരികവും മാനസികവുമായ സവിശേഷതകള്‍ കണക്കിലെടുത്താണ്. രോഗിയുടെ പ്രായം, പാരമ്പര്യ ഘടകങ്ങള്‍, പുകവലി, മദ്യപാനം, രക്തസമ്മര്‍ദം, ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. രോഗിയുടെ അവസ്ഥ കൃത്യമായി വിശകലനം ചെയ്തുള്ള ചികിത്സാരീതിയാണ് ഹോമിയോപ്പതി വിഭാവനം ചെയ്യുന്നത്.

ഹോമിയോപ്പതിയില്‍ ഓരോ രോഗിയുടെയും രോഗലക്ഷണത്തിനനുയോജ്യമായാണ് മരുന്ന് നല്‍കുന്നത്. ഹോമിയോ ചികിത്സ പ്രകാരം മനുഷ്യന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനാണ് മരുന്നുകള്‍ നല്‍കുന്നത്. മനുഷ്യന്റെ ജീവശക്തിയിലുണ്ടാകുന്ന വ്യതിയാനമാണ് രോഗം. വ്യതിയാനമുണ്ടായ ജീവശക്തിയെ ശരിയായ അവസ്ഥയില്‍ എത്തിക്കുകയാണ് ഹോമിയോ മരുന്നുകള്‍ ചെയ്യുന്നത്. ഒരേ രോഗം തന്നെ പല രോഗികളില്‍ വ്യത്യസ്തമായ ലക്ഷണങ്ങളായാണ് പ്രകടമാകുന്നത്. ഇതു തന്നെ പല തീവ്രതയിലായിരിക്കും.

uploads/news/2018/12/274350/homiyopathi211218a.jpg

ഓരോ വ്യക്തിയുടെയും മാനസിക ശാരീരിക അവസ്ഥകള്‍ക്കനുസരിച്ച് മരുന്നുകളും പൊട്ടന്‍സികളും വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരു മരുന്ന് ഏറ്റവും ചെറിയ ഡോസില്‍ കൊടുക്കുകയെന്നതാണ് ഹോമിയോപ്പതിയുടെ തത്വം. രോഗത്തിന്റെ കാലപ്പഴക്കമനുസരിച്ചാണ് ചികിത്സ നിര്‍ണയിക്കുന്നത്. തുടര്‍ച്ചയായി മരുന്നു കഴിച്ച് കൃത്യമായ ചികിത്സ തേടുന്നവര്‍ക്ക് ഭാവിയില്‍ രോഗം ഉണ്ടാകുവാന്‍ സാധ്യത വളരെക്കുറവാണ്.

കോണ്‍സ്റ്റിറ്റിയൂഷനല്‍ ചികിത്സ


ഇതില്‍ ഓരോ രോഗിയേയും ഓരോ പ്രത്യേക വ്യക്തിയായി കണ്ട് അവരുടെ പ്രത്യേകതകള്‍ നോക്കി ശാരീരികമായ പ്രശ്‌നങ്ങള്‍, അന്തരീക്ഷത്തോടുള്ള പ്രതികരണം (ചൂട്, തണുപ്പ്), വിശപ്പ്, ദാഹം, വിയര്‍പ്പ്, ഉറക്കം, മലമൂത്ര വിസര്‍ജനങ്ങള്‍ തുടങ്ങിയവയും മാനസികമായ ദേഷ്യം, സങ്കടം, പേടി, അലസത, മടി, ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം കണക്കിലെടുത്തു സമാന ലക്ഷണങ്ങള്‍ വരുന്ന ഒരു ഔഷധം നല്‍കുന്നു. ഇതില്‍ ഒരേപോലെ അസുഖലക്ഷണങ്ങളുള്ള ആളുകളാണെങ്കില്‍ അവരുടെ വ്യക്തിഗത പ്രശ്‌നങ്ങള്‍ നോക്കിയാല്‍ മരുന്നില്‍ മാറ്റമുണ്ടാകും. സള്‍ഫര്‍, നാട്രംമുര്‍, ഇഗ്‌നേഷിയ നക്‌സ്‌വമിക്ക, ഓറംമെറ്റ്, കാല്‍ക്കേരിയ കാര്‍ബ് എന്നിവ വളരെ നല്ല ഔഷധങ്ങളാണ്.

മയാസ്മാറ്റിക് ചികിത്സ


ഹോമിയോപ്പതിയുടെ മാത്രം പ്രത്യേകതയാണിത്. മൂന്നു മയാസങ്ങളാണ് എല്ലാത്തരം പഴകിയ രോഗങ്ങള്‍ക്കും കാരണം. ദീര്‍ഘകാല രോഗങ്ങളുടെ അടിസ്ഥാന കാരണമായി ഹോമിയോ ചികിത്സയില്‍ പരിഗണിക്കുന്ന ഘടകമാണ് മയാസം. തലമുറയായി കൈമാറി വരുന്ന, ആഴത്തില്‍ വേരൂന്നിയ വിഷലിപ്തമായ രോഗാവസ്ഥയാണു മയാസങ്ങള്‍.

സോറ സൈക്കസിസ്, സിഫിലിസ് എന്നിവയാണു മൂന്നു മായസങ്ങള്‍. കൂടാതെ ഇതു മൂന്നും കൂടിയതാണ് ട്യൂബര്‍ക്കുലാര്‍ മയാസം. ചിലപ്പോള്‍ വ്യക്തിഗത ചികിത്സയിലൂടെ രോഗശമനം ലഭിച്ചവര്‍ക്കും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ തലപൊക്കുമ്പോള്‍ പരിപൂര്‍ണ മുക്തിക്കായി മയാസ്മാറ്റിക് ചികിത്സ എടുക്കേണ്ടി വരാറുണ്ട്.

തുജ, സള്‍ഫര്‍, സിഫിലിനം, മെഡോറിനം, ട്യൂബര്‍കുലിനം എന്നിവ വളരെയേറെ പേരില്‍ രോഗശമനം നല്‍കിയ പ്രധാനപ്പെട്ട മരുന്നുകളാണ്. ചികിത്സയുടെ കൂടെ നിര്‍ദ്ദേശിക്കുന്ന ഭക്ഷണത്തിലും വ്യായാമത്തിലും ജീവിതചര്യയിലും പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം സമീകൃതാഹാരമാക്കാം അന്നജവും കൊഴുപ്പും അധികമാവാതെ പ്രോട്ടീനും നാരുകളും കൂടിയ ഭക്ഷണം തെരഞ്ഞെടുക്കാം. അധികം പഴുക്കാത്ത പഴങ്ങളും കഴിക്കാം. ഭക്ഷണത്തിന് ഇടയ്ക്കുള്ള സമയത്തു വേവിക്കാത്ത പച്ചക്കറികള്‍ ശീലമാക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ പരമാവധി ഒഴിവാക്കുക.

ചികിത്സയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


രണ്ട് വിധത്തിലാണ് ഹോമിയോപ്പതിയില്‍ ചികിത്സ നിര്‍ണയിക്കുന്നത്.
1. രോഗത്തിന് കാരണമായ അവസ്ഥയെ മാറ്റുക
2. രോഗലക്ഷണങ്ങള്‍ സമന്വയിപ്പിച്ച് സമാന ഔഷധങ്ങള്‍ നല്‍കുക
uploads/news/2018/12/274350/homiyopathi211218b.jpg

പഴകിയ രോഗങ്ങളെ നാല് ഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു


1. ഇടവിട്ടുണ്ടാകുന്നത്
2. കുറഞ്ഞ അളവില്‍ നിലനില്‍ക്കുന്നത്
3. തീവ്രത കുറഞ്ഞ് നിലനില്‍ക്കുന്നത്
4. തീവ്രമായി നിലനില്‍ക്കുന്നത്
വിദഗ്ധനായ ഒരു ഹോമിയോപ്പതി ചികിത്സകന് രോഗി ഏതു വിഭാഗത്തിലാണെന്ന് കൃത്യമായ നിര്‍ണയം നടത്തി ചികിത്സിക്കാന്‍ കഴിയും. ഹോമിയോപ്പതി ചികിത്സ വഴി പഴകിയ രോഗങ്ങള്‍ ഭേദമാക്കാമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ശരിയായ അളവില്‍ കൃത്യമായ കാലയളവ് മരുന്നു നല്‍കിയാല്‍ രോഗികളെ സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാം. രോഗി ഡോക്ടറെ നേരില്‍ കണ്ട് ചികിത്സ തേടുന്നതാണ് ഉചിതം.

രോഗലക്ഷണങ്ങള്‍ക്കാണ് ഹോമിയോ ചികിത്സയില്‍ പ്രാധാന്യം. മാനസികവും ശാരീരികവുമായി രോഗിക്ക് അപ്രധാനമെന്നു തോന്നുന്ന ലക്ഷണങ്ങള്‍ക്കും വളരെ പ്രാധാന്യമുണ്ട്. രോഗത്തിന് കാരണമാകുന്ന സാഹചര്യങ്ങളില്‍ നിന്ന് പരമാവധി അകന്നു നില്‍ക്കുവാന്‍ എപ്പോഴും ശ്രദ്ധിക്കണം. ഹോമിയോ ചികിത്സയുടെ സമയങ്ങളില്‍ ശാരീരികവും മാനസികവുമായി ശരീരത്തെ ബലഹീനമാക്കുന്ന മദ്യം, ലഹരി മരുന്നുകള്‍ തുടങ്ങിയവ പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതാകും നല്ലത്. ഇല്ലെങ്കില്‍ ചികിത്സയില്‍ വിപരീത ഫലമാകും ലഭിക്കുക.

ഹോമിയോപ്പതിയിലെ മുന്നേറ്റം


ആധുനിക ചികിത്സാ രംഗത്തിന്റെ സൗകര്യങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തി കൊണ്ടുള്ള മുന്നേറ്റം ഹോമിയോപ്പതിയിലും കാണാം. വളരെ ഗുരുതരമായ രോഗങ്ങള്‍ക്കുവരെ പ്രതിരോധം സൃഷ്ടിക്കാന്‍ ഹോമിയോപ്പതി അനന്തമായ സാധ്യതകളാണ് തുറന്നിടുന്നത്. പഴകിയ രോഗങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുവാന്‍ ഹോമിയോപ്പതി സഹായിക്കുന്നു. അതോടൊപ്പം ജീവിതശൈലി രോഗങ്ങളില്‍ നിന്നു മുക്തി നേടാനും ചിട്ടയായ ചികിത്സയും ജീവിതചര്യയുമാണ് ഹോമിയോപ്പതി നിര്‍ദേശിക്കുന്നത്.

പ്രീ കാന്‍സറസ് സ്‌റ്റേജില്‍ നില്‍ക്കുമ്പോള്‍ പൂര്‍ണമായും രോഗവിമുക്തി നേടാന്‍ ഹോമിയോപ്പതിയില്‍ സാധ്യതയുണ്ട്. രോഗപ്രതിരോധ രംഗത്തെ വിപ്ലവത്തിനൊപ്പം ഹൈപ്പര്‍ ആക്റ്റിവിറ്റി, സ്വഭാവവൈകല്യങ്ങള്‍, പഠന വൈകല്യങ്ങള്‍, വന്ധ്യത ചികിത്സ തുടങ്ങിയ രംഗത്തും ഹോമിയോപ്പതി പുതിയ വാതിലുകള്‍ തുറക്കുന്നു.

കടപ്പാട്:
ഡോ. എ.ജി. ഹരീന്ദ്രനാഥ് , കോട്ടയം

Ads by Google
Ads by Google
Loading...
TRENDING NOW