Friday, June 21, 2019 Last Updated 4 Min 35 Sec ago English Edition
Todays E paper
Ads by Google
അനില്‍ ബോസ്
Saturday 15 Dec 2018 11.22 AM

ഒടിയന്‍ വെറും മാസല്ല; മാസും ക്ലാസും ചേര്‍ന്ന ഒടി വിദ്യ

ഒടിയന്‍ മാണിക്യനെന്ന മായാജാലക്കാരന്‍ തിയേറ്ററുകളില്‍ ആളെ നിറയ്ക്കുന്ന ഒടിയാണ് വെച്ചിരിക്കുന്നത്. അമിത പ്രതീക്ഷയുടെ ഭാരമില്ലാതെ ടിക്കറ്റെടുത്താല്‍ മടുപ്പില്ലാത്ത ഒരു മാസ് കം ക്ലാസ് സിനിമ ശരാശരി പ്രേക്ഷകന് കണ്ടിറങ്ങാം.
Odiyan movie review

മലയാള സിനിമ പ്രേമികള്‍ ഇങ്ങനെ ഒരു ചിത്രത്തിനായി കാത്തിരുന്നിട്ടുണ്ടാവില്ല. അക്ഷമരായുള്ള കാത്തിരിപ്പിനൊടുവില്‍ ഇന്നലെ ഒടിയന്‍ അവതരിച്ചപ്പോള്‍ മലയാള സിനിമയില്‍ തന്റെ പേരില്‍ മറ്റൊരു സൂപ്പര്‍ ഹിറ്റ് കൂടിയാണ് മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭ എഴുതി ചേര്‍ത്തത്. തിരക്കഥ എഴുതിയ കെ ഹരികൃഷ്ണന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് പോലെ ' രാവിന്റെ കഥയാണ് ഒടിയന്‍'. വെളിച്ചത്തെ ഭയക്കുന്ന ഇരുളിനെ പ്രണയിക്കുന്ന ഒടിയന്റെ കഥ. മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയുടെ കൈയ്യില്‍ ഏത് വേഷവും സുരക്ഷിതമാണ്. ഒടിയനും മാറ്റമുണ്ടായില്ല. മാസും ക്ലാസും ഒരുമിക്കുന്ന ഒടിയന്‍.

Odiyan movie review

പാലാക്കാടുള്ള തേങ്കുറിശി എന്ന ഗ്രാമത്തിലെ ഭീതിപ്പെടുത്തിയ ഒടിയന്‍ മാണിക്യന്റെ കഥയാണ് ഒടിയന്‍. ഒടിയനായുള്ള മോഹന്‍ലാലിന്റെ പകര്‍ന്നാട്ടം ഒരു കാലത്തും മലയാളികളുടെ മനസില്‍ നിന്നും മായില്ല. കരിമ്പനകളും കരിമ്പും നിറഞ്ഞ ഗ്രാമത്തിന്റെ ഇരുട്ടില്‍ ഒടിയന്‍ കാളയായും ആനയായും കലമാനായും വവ്വാലായും ഊളിയിട്ടെത്തും. ഒടിവിദ്യകളും അസാമാന്യ മെയ്‌വഴക്കവും, ഒടിയനെ വെല്ലാന്‍ തേങ്കുറിശിയില്‍ ആരുമില്ല. എങ്കിലും നാടു വിടേണ്ടി വരുന്നുണ്ട് ഒടിയന്.

നാടുവിട്ട മാണിക്യന്‍ 15 വര്‍ഷങ്ങള്‍ക്കു ശേഷമാണ് തേങ്കുറിശിയിലേക്ക് തിരികെ എത്തുന്നത്. ഒടിവിദ്യകള്‍ കേട്ടുകേള്‍വി പോലുമില്ലാത്ത പുതിയ തെങ്കുറിശ്ശിയില്‍ ഒടിയന് എന്ത് ചെയ്യാനാകും? ഈ പരിഹാസങ്ങള്‍ക്കൊക്കെയുള്ള മറുപടി ഒടിയന്റെ ആദ്യ നോട്ടത്തില്‍ തന്നെയുണ്ട്. കനലെരിയുന്ന കണ്ണുകള്‍, നീട്ടിയ വിരലിന് വാളിന്റെ മൂര്‍ച്ഛ.. കാരണം മറ്റൊന്നുമല്ല അയാള്‍ക്ക് ഇത് അവസാന കളിയാണ്, അവസാന ഒടിവയ്പാണ്.

മാണിക്യന്റെ മുത്തശ്ശന്റെ ഒടിവിദ്യ തുടരാനുള്ള ഭയത്തില്‍ മാതാപിതാക്കള്‍ നാടുവിട്ടു. മുത്തശ്ശന്റെ നിര്‍ബന്ധത്തിന് വഴങ്ങി കൊച്ചുമകനായ മാണിക്യനെ അവര്‍ തേങ്കുറിശ്ശിയില്‍ നിര്‍ത്തിയിട്ട് പോകുന്നു. ഇതിനിടെ ഓരോ കാലഘട്ടത്തിലായി മുത്തശ്ശന്‍ ഓരോ ജാല വിദ്യകളും ഒടി പ്രയോഗങ്ങളും മാണിക്യനെ പഠിപ്പിക്കുന്നുണ്ട്. ഒടിയന്റെ ജീവിതവും രീതികളും മായകളും കൊണ്ട് സമ്പന്നമാണ് ചിത്രത്തിന്റെ ആദ്യ പകുതി. ഒടിയന്‍ അതൊരു യാഥാര്‍ത്ഥ്യമാണെന്നു തന്നെ കാണികളെ വിശ്വസിപ്പിക്കും.

Odiyan movie review

പഴങ്കഥകളില്‍ കേട്ട ഒടിയന്‍ ബിഗ് സ്‌ക്രീനിലേക്ക് എത്തുമ്പോള്‍ അമിത പ്രതീക്ഷയുടെ അധിക ഭാരം ഇറക്കിവെച്ച് വേണം കാണാന്‍. മാസ് മാത്രം പ്രതീക്ഷിച്ച് പോയാല്‍ വന്‍ നിരാശയായിരിക്കും ഫലം. കാരണം ഇത് ഒരു മാസ് ചിത്രമല്ല, മാസും ക്ലാസും കൂടിയുള്ള ചിത്രമാണ്. മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ മികവില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ചിത്രം.

പരസ്യ സംവിധായകനില്‍ നിന്നും ആദ്യ സിനിമ സംവിധാനം ചെയ്ത ശ്രീകുമാര്‍ മേനോന് മോഹന്‍ലാല്‍ എന്ന ടാലന്റിനെ പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ സംവിധാനത്തിന്റെ ചില പോരായ്മകള്‍ മുഴച്ച് നില്‍ക്കുന്നുണ്ട്. അനാവശ്യ സന്ദര്‍ഭത്തിലെ കൊണ്ടോരാം..കൊണ്ടോരാം.. എന്ന ഗാനം ഒരു പ്രേക്ഷകനും ദഹിച്ചിട്ടുണ്ടാവില്ല.

തനിക്ക് ലഭിച്ച വില്ലന്‍ കഥാപാത്രം ഇതിലും മികച്ചതാക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ലെന്ന് പ്രകാശ് രാജ് അടിവരയിട്ട് ഉറപ്പിക്കുകയാണ്. മുഖത്തും മനസിലും ഇരുണ്ട കറുപ്പും നിറച്ച് ഒടിയനോട് കട്ടയ്ക്ക് മുട്ടി നില്‍ക്കുകയാണ് രാവുണ്ണി എന്ന വില്ലന്‍. അയാളുടെ മോഹങ്ങളും പിടിവാശികളും തന്നെയാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ചിലപ്പോഴൊക്കെ ഒടിയന്റെ ജീവിതം നിശ്ചയിക്കുന്നത് പോലും രാവുണ്ണിയാണ്. പ്രഭയായി മഞ്ജു വാര്യരും വിസ്മയിപ്പിച്ചു.

Odiyan movie review

ചിത്രത്തിലെ ഫൈറ്റ് സീനുകള്‍ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. മൃഗങ്ങളായി എത്തി ഇടിച്ചിടുന്ന ഒടിയന്റെ ജാല വിദ്യകള്‍ നിറഞ്ഞ ഫൈറ്റിന് നല്ല കൈയ്യടി തന്നെ കൊടുക്കണം. പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ ആക്ഷന്‍ രംഗങ്ങള്‍ കോരിത്തരിപ്പിക്കുന്നതാണ്. ഷാജി കുമാറിന്റെ ഛായാഗ്രഹണം പലയിടത്തും പ്രേക്ഷകനെ വിസ്മയിപ്പിക്കുന്നുണ്ട്. ഒടിയന്റെ ജാലവിദ്യകളും തീഷ്ണതയേറിയ നോട്ടവും ജഡപിടിച്ചുള്ള തലമുടിയുമായുള്ള നടത്തവും ഷാജികുമാര്‍ പകര്‍ത്തിയിരിക്കുന്നത് അതിഗംഭീരമായി തന്നെയാണ്. എം ജയചന്ദ്രന്റെ ഗാനങ്ങളും മികച്ചു നില്‍ക്കുന്നു. സാം സി എസിന്റെ പശ്ചാത്തല സംഗീതമാണ് ഒടിയന്റെ ജീവവായു.

എന്നാല്‍ കഥ പറയുന്നിടത്ത് സംവിധായകന് ചിലയിടങ്ങളില്‍ പിഴച്ചു. വലിച്ചു നീട്ടലുകള്‍ അനുഭവപ്പെടുത്തുന്ന ചില സീനുകള്‍ ഒഴിവാക്കാവുന്നതായിരുന്നു. ഒടിയന്‍ മൃഗമായി മാറുന്നിടത്ത് ഗ്രാഫിക്‌സ് കുറച്ചുകൂടി നന്നാക്കാമായിരുന്നു. ഇതൊക്കെയാണെങ്കിലും ഒടിയന്‍ മാണിക്യനെന്ന മായാജാലക്കാരന്‍ തിയേറ്ററുകളില്‍ ആളെ നിറയ്ക്കുന്ന ഒടിയാണ് വെച്ചിരിക്കുന്നത്. അമിത പ്രതീക്ഷയുടെ ഭാരമില്ലാതെ ടിക്കറ്റെടുത്താല്‍ മടുപ്പില്ലാത്ത ഒരു മാസ് കം ക്ലാസ് സിനിമ ശരാശരി പ്രേക്ഷകന് കണ്ടിറങ്ങാം.

അനില്‍ ബോസ്

Ads by Google
Ads by Google
Loading...
TRENDING NOW