Friday, June 21, 2019 Last Updated 8 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Dec 2018 04.45 PM

വിട്ടുമാറാത്ത പനിയും ജലദോഷവും കുട്ടികളില്‍

കുട്ടികളില്‍ ഇടയ്ക്കിടെ പനിയും ജലദോഷവും ഉണ്ടാകുന്നത് സാധാരണമാണ്. കുഞ്ഞുങ്ങളില്‍ ഇത്തരം ശാരീരിക അവസ്ഥകളുണ്ടാകുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം...
uploads/news/2018/12/271827/parenting121218.jpg

കുട്ടികളിലും മുതിര്‍ന്നവരിലും പനിയും ജലദോഷവുമുണ്ടാകുന്നത് സാധാരണമാണ്. ശരിയായ വിശ്രമവും ജീവിതരീതിയിലുള്ള ക്രമീകരണവും കൊണ്ട് വീട്ടിലിരുന്നുതന്നെ ഈ അസുഖങ്ങള്‍ ഭേദമാക്കാവുന്നതാണ്. എന്നാല്‍ കുട്ടികളിലുണ്ടാകുന്ന പനിയും ജലദോഷവും അധികനാള്‍ നീണ്ടുനിന്നാല്‍ ശ്രദ്ധിക്കേണ്ടതു ത ന്നെയാണ്.

എന്താണ് ജലദോഷം


ജലദോഷത്തിനു കാരണം വൈറസാണ്. ശ്വസിക്കുമ്പോള്‍ അകത്തേക്ക് കടക്കുന്ന വൈറസ് മൂക്കിലോ തൊണ്ടയിലോ ഉള്ള ലൈനിംഗ് മ്യൂക്കസ് മെമ്പറൈനില്‍ പറ്റിപ്പിടിക്കുന്നു. നമ്മുടെ പ്രതിരോധ ശക്തി ഇതിനെ എതിര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് മൂക്കൊലിപ്പായി ഇത് മാറുന്നത്. ക്ഷീണം, പനി, തലവേദന ഇവയൊക്കെ ജലദോഷത്തിന്റെ ലക്ഷണങ്ങളാണ്.

ജലദോഷം കുട്ടികളില്‍


ജലദോഷത്തിന് കാരണമായ വൈറസ് കുട്ടികളിലെ രോഗപ്രതിരോധശേഷി കുറയ്ക്കുന്നു. മൂക്കൊലിപ്പ്, മൂക്കടപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍. ഹ്യുമന്‍ റൈനോ വൈറസ് എന്ന വൈറസാണ് രോഗബാധയ്ക്ക് പ്രധാന കാരണം. ഇതിനുപുറമേ ഹ്യുമന്‍ കൊറോണ വൈറസ്, ഇന്‍ഫ്ളുവന്‍സ വൈറസ്, അഡിനോ വൈറസ് എന്നീ വിഭാഗത്തില്‍പ്പെട്ട വൈറസുകളും ജലദോഷത്തിന് കാരണമാകാറുണ്ട്. കുറഞ്ഞ രോഗപ്രതിരോധ ശേഷി, പോഷകാഹാരക്കുറവ്, വൃത്തിഹീനമായ ജീവിത സാഹചര്യങ്ങള്‍ ഇവയൊക്കെ രോഗബാധ എളുപ്പത്തിലുണ്ടാകുന്നതിന് കാരണമാകുന്നു.
uploads/news/2018/12/271827/parenting121218a.jpg

ജലദോഷം പ്രതിരോധിക്കാന്‍


ജലദോഷംമൂലം മൂക്കിലും തൊണ്ടയിലും ശ്വാസനാളത്തിലുമുണ്ടാകുന്ന അസ്വസ്ഥതകള്‍ മാറാന്‍ ആവിപിടുത്തം സഹായിക്കും. വിശ്രമമെടുത്തും ധാരാളം വെള്ളം കുടിച്ചും ആശുപത്രിയില്‍ പോകാതെ തന്നെ ജലദോഷം പ്രതിരോധിക്കാവുന്നതാണ്. മൂക്കടപ്പുണ്ടെങ്കില്‍ മൂക്കില്‍ തുള്ളിമരുന്ന് ഒഴിക്കാം. നവജാത ശിശുക്കളിലുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് കുഞ്ഞിനെ ഡോക്ടറെ കാണിക്കാവുന്നതാണ്.

പനിയില്ലെങ്കില്‍ ചെറുചൂടുവെള്ളത്തില്‍ കുളിപ്പിക്കാം. മൂന്ന് ദിവസം മുതല്‍ ഏഴ് ദിവസം വരെയാണ് ജലദോഷത്തിന്റെ കാലാവധി. ചികിത്സിച്ചാലും ഇല്ലെങ്കിലും ഒരാഴ്ചകൊണ്ട് ജലദോഷം മാറും. ജലദോഷം മൂലമുള്ള അസ്വസ്ഥതകളും മറ്റും മരുന്നുകൊണ്ട് മാറ്റാമെങ്കിലും ജലദോഷം പൂര്‍ണ്ണമായും മാറ്റാനാവില്ല. കുട്ടികളില്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ ജലദോഷം നില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ കാണിച്ച് ചികിത്സ തേടേണ്ടതാണ്.

കുട്ടികളിലെ പനി


വൈറല്‍ പനിയാണ് കുട്ടികളെ കൂടുതലായും ബാധിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് പനിക്ക് മുഖ്യകാരണമായി കണ്ടുവരുന്നത്. അഞ്ച് ദിവസത്തില്‍ കൂടുതല്‍ പനി നീണ്ട് നില്‍ക്കുകയോ വര്‍ഷത്തില്‍ ആറ് തവണയില്‍ കൂടുതല്‍ ഉണ്ടാവുകയോ ചെയ്താല്‍ പരിശോധന ആവശ്യമാണ്.

സാധാരണ പനിക്ക് വീട്ടിലിരുന്നുള്ള ചികിത്സ മതി. അതുപോലെതന്നെ പനി ചെറിയ അളവിലായാലും രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടു നിന്നാല്‍ പരിശോധന ആവശ്യമാണ്. പനിയോടൊപ്പം അപസ്മാരം പോലെയുണ്ടാകുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളിലെ പോഷകാഹാരക്കുറവും ഇടയ്ക്കിടയ്ക്കുണ്ടാകുന്ന പനിക്ക് കാരണമാകാറുണ്ട്.

നവജാത ശിശുക്കളിലെ പനി


ജനിച്ച് രണ്ടോ മൂന്നോ മാസം വരെ പ്രായമായ കുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ ശരീരത്തില്‍ നിന്ന് മുലപ്പാലിലൂടെ ലഭിച്ച ആന്റിബോഡികളുടെ സഹായംകൊണ്ട് ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാന്‍ സാധിക്കുമെങ്കിലും, പിന്നീടുള്ള ആറുമാസത്തിനു ശേഷം കുട്ടികള്‍ക്ക് മരുന്നിന്റെ സഹായം ആവശ്യമായി വരും.കഠിനമായ പനി, ശ്വാസംമുട്ടല്‍, ചുമ, ഛര്‍ദി, പാല് കുടിക്കാന്‍ മടി, മയക്കം, ഉന്മേഷക്കുറവ് എന്നിവ കണ്ടാല്‍ ഡോക്ടറെ സമീപിക്കാന്‍ ഒരിക്കലും മടിക്കരുത്. ഇത്തരം രോഗാവസ്ഥകള്‍ ന്യുമോണിയയുടെ ആരംഭമാകാന്‍ സാധ്യതയുണ്ട്.

ജനനസമയത്തുള്ള തൂക്കക്കുറവ്, മാസം തികയാതെയുള്ള പ്രസവം, മുലപ്പാല്‍ നല്‍കാന്‍ കഴിയാതെ വരിക, വൃത്തിഹീനമായ അന്തരീക്ഷം, പുകവലിക്കാരുടെ സാമീപ്യം എന്നിവ കുട്ടികളില്‍ ചുമ, പനി, മറ്റ് ശ്വാസകോശ രോഗങ്ങള്‍ ഇവയുണ്ടാക്കു ന്നു. നല്ല പോഷകാഹാരം നല്‍കുക, കൃത്യമായി കുഞ്ഞുങ്ങള്‍ക്ക് വാക്സിനുകള്‍ എടുക്കുക, കാറ്റും വെളിച്ചവും ധാരാളം ലഭിക്കുന്ന മുറികളില്‍ കുട്ടികളെ കിടത്തുക, പനിയോ ചുമയോ ഉള്ളവരെ കുട്ടികളുമായി അടുത്തിടപഴകുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തുക, വീടിനുള്ളിലെ പുകവലി ഒഴിവാക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. ഓര്‍ക്കുക രോഗം വരുന്നതിനേക്കാള്‍ വരാതെ നോക്കുന്നതിലാണ് കാര്യം...

uploads/news/2018/12/271827/parenting121218c.jpg

ഇടവിട്ടുണ്ടാകുന്ന പനി പേടിക്കണോ?


കുട്ടികളില്‍ രോഗപ്രതിരോധശേഷി മൂന്ന് രീതിയിലാണ് ഉള്ളത്.ജന്മസിദ്ധമായത്, പ്രായം, മാറുന്ന കാലാവസ്ഥ ഇവയ്ക്കനുസരിച്ച് നേടിയെടുക്കുന്നത്, ആരോഗ്യകരമായ ആഹാരജീവിതരീതികളില്‍നിന്നും ആര്‍ജിക്കുന്നത്. ജന്മസിദ്ധമായ രോഗപ്രതിരോധശേഷി കുഞ്ഞു ജനിക്കുന്നതിനുമുന്‍പുള്ള മാതാപിതാക്കളുടെ ആരോഗ്യം, അമ്മയുടെ ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോഴുള്ള ശാരീരികവും മാനസികവുമായ സ്ഥിതി, എന്നിവയെ ആശ്രയിച്ചിരിക്കും. എന്നാല്‍ പ്രായത്തിനും മാറുന്ന കാലാവസ്ഥയ്ക്കുമനുസരിച്ച് നേടുന്നതും ആരോഗ്യകരമായ ജീവിതരീതികളില്‍നിന്നും നേടിയെടുക്കുന്നതുമായ രോഗപ്രതിരോധശേഷി കുഞ്ഞ് ശരിയായ ആഹാര ജീവിതരീതിയിലൂടെ നേടിയെടുക്കേണ്ടതാണ്.

ശരീരത്തില്‍ എന്തെങ്കിലും അണുബാധയുള്ളപ്പോള്‍ ശരീരം തനിയെ രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ച് രോഗത്തെ ചെറുക്കാന്‍ ശ്രമിക്കുന്നതിന്റെ ഫലമായിട്ടാണ് രോഗലക്ഷണങ്ങള്‍ ശരീരത്തില്‍ കാണപ്പെടുന്നത്. കുട്ടികളുടെ പ്രതിരോധ ശേഷി മുതിര്‍ന്നവരെ അപേക്ഷിച്ച് വളരെ കുറവാണ്. അതുകൊണ്ടുതന്നെ കാലാവസ്ഥ മാറുമ്പോള്‍, ആഹാര കാര്യങ്ങളില്‍ വ്യത്യാസമുണ്ടാകുമ്പോള്‍, കാറ്റു തട്ടുമ്പോള്‍, വെയിലടിക്കുമ്പോള്‍ തുടങ്ങിയ ചെറിയ മാറ്റങ്ങള്‍ കുട്ടികളില്‍ അസുഖമുണ്ടാക്കും. ഇത്തരം മാറ്റങ്ങളുണ്ടാകുമ്പോള്‍ ശിശുക്കളില്‍ കാണപ്പെടുന്ന പൊതുവായ ആരോഗ്യ പ്രശ്‌നമാണ് പനി.

മുതിര്‍ന്നവരേക്കാള്‍ വേഗത്തില്‍ കുട്ടികളില്‍ പനി ബാധിക്കും.എന്നാല്‍ പനിയോടൊപ്പം നന്നായി ശ്രദ്ധിക്കേണ്ടതാണ് കുട്ടികളിലെ ചുമയും കഫക്കെട്ടും. ഇത് കാര്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ ശ്വാസകോശ രോഗങ്ങള്‍ ബാധിക്കുകയും അത് ഗുരുതരമായ ആരോഗ്യ പ്രതിസന്ധി ഉണ്ടാക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യും.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Wednesday 12 Dec 2018 04.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW