Friday, June 21, 2019 Last Updated 4 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Dec 2018 12.30 PM

ഡിവോഴ്‌സ് നല്‍കിയ ഷോക്കില്‍നിന്ന് രക്ഷപ്പെടുത്തിയത് രാവണപ്രഭു: നളിനി തുറന്നു പറയുന്നു

'' മലയാള സിനിമയില്‍ നിന്ന് അകന്നെങ്കിലും നളിനി ഇപ്പോഴും മനസ്സുകൊണ്ട് ചരിത്രവും ഭക്തിയും കൈകോര്‍ത്ത് വൈക്കത്തമ്പലത്തിന്റെ ഊടുവഴികളില്‍ കൊത്തക്കല്ലും കിളിമാസും കളിച്ചു നടന്ന പാവാടക്കാരിയാണ്. ''
uploads/news/2018/12/271799/CiniINWnalini121218c.jpg

മലയാളത്തില്‍ നളിനി മുഖം കാണിച്ചത് 17 വര്‍ഷം മുമ്പാണ്. ഹൈദരാബാദിലെ ആകാശ വീട്ടില്‍ ഷൂട്ടിംഗ് ആലസ്യം ഇറക്കിവെച്ച് ജാലകത്തിനരികെ വന്നു നിന്ന് താഴെ ജനത്തിരക്കില്‍ എരിയുന്ന നഗരത്തിലേക്ക് കണ്ണു വായിക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ തെളിയുക ഓടിനടന്ന് മലയാളത്തില്‍ അഭിനയിച്ച സുവര്‍ണകാലമാണ്. ഇടവേള, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, നവംബറിന്റെ നഷ്ടം, ആവനാഴി, ഭൂമിയിലെ രാജാക്കന്‍മാര്‍. വമ്പന്‍ ഹിറ്റുകള്‍ ഉറപ്പുള്ള കഥാപാത്രങ്ങള്‍ വന്ന് കൈപിടിച്ച നല്ല നാളുകള്‍. തമിഴും തെലുങ്കും മതിയാക്കി മലയാള സിനിമയും സീരിയലും മാത്രം ചെയ്ത് കേരളത്തിലെ ഏതെങ്കിലും ഗ്രാമത്തില്‍ സ്ഥിരതാമസമാക്കാന്‍ അന്നേരം മനസ്സ് കൊതിക്കും.

മലയാള സിനിമയില്‍ നിന്ന് അകന്നെങ്കിലും നളിനി ഇപ്പോഴും മനസ്സുകൊണ്ട് ചരിത്രവും ഭക്തിയും കൈകോര്‍ത്ത് വൈക്കത്തമ്പലത്തിന്റെ ഊടുവഴികളില്‍ കൊത്തക്കല്ലും കിളിമാസും കളിച്ചു നടന്ന പാവാടക്കാരിയാണ്. മോഹന്‍ സംവിധാനം ചെയ്ത ഇടവേളയിലൂടെ ആരും കൊതിക്കുന്ന അഭിനയതുടക്കം ലഭിച്ച് കെ. ജി. ജോര്‍ജിന്റെ ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്കില്‍ അന്തരിച്ച നടി ശോഭയെ ഉജ്ജ്വലമാക്കി മലയാള ചലച്ചിത്ര ചരിത്രത്തില്‍ ഇടംനേടിയ നളിനി മാടപ്രാവിന്റെ കഥ, ഒരു യുഗ സന്ധ്യ, വാര്‍ത്ത, സ്‌നേഹമുള്ള സിംഹം തുടങ്ങി ഒട്ടേറെ ഹിറ്റുകളില്‍ നായികാകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഹൈദരാബാദില്‍ ഗംഗമങ്ക എന്ന തെലുങ്ക് സീരിയലിലെ ലൊക്കേഷനിലിരുന്ന് അഭിനയജീവിതത്തിലെ ഫ്‌ളാഷ് ബാക്കിലേക്ക് ഇടവേളകളില്ലാതെ സഞ്ചരിച്ചു.

അഭിനയം: അമ്മയുടെ നിര്‍ബന്ധം


മലയാളസിനിമയിലെ പേരെടുത്ത കോറിയോഗ്രാഫര്‍ ആയിരുന്നു അച്ഛന്‍ മൂര്‍ത്തി. അമ്മ പ്രേമയും പ്രൊഫഷണല്‍ ഡാന്‍സറായിരുന്നു. ഞങ്ങള്‍ എട്ടു മക്കളാണ്. രണ്ട് പെണ്‍കുട്ടികളും ആറ് ആണ്‍കുട്ടികളും. നൃത്തം കലപിലകൂട്ടുന്ന വീടായതിനാല്‍ ഓര്‍മ്മയുറയ്ക്കുന്ന പ്രായത്തിന് മുമ്പുതന്നെ കാലില്‍ കുഞ്ഞിച്ചിലങ്കയും അണിയിച്ച് അമ്മ ഡാന്‍സ് മാസ്റ്ററുടെ അടുത്തേക്ക് അയച്ചു. ശ്യാമള ബാലന്‍ സാറായിരുന്നു ഗുരു.

അന്നവിടെ മുഖം കൊട്ടപോലെ വീര്‍പ്പിച്ച് ബൊമ്മ കുട്ടിപോലെ സുന്ദരിയായ ഒരു പെണ്‍കുട്ടി നൃത്തം പഠിക്കാന്‍ എത്തുമായിരുന്നു. കവിത രഞ്ജിനി എന്ന ആ പെണ്‍കുട്ടി പിന്നീട് ഉര്‍വശി എന്ന പേരില്‍ പ്രസിദ്ധയാവുകയും ചെയ്തു. സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. ഞാന്‍ സിനിമയില്‍ അഭിനയിക്കണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നു. എന്തുകൊണ്ടാണ് അമ്മ അങ്ങനെ ആശിച്ചത് എന്ന് ഇന്നും അജ്ഞാതം. പഠിക്കാന്‍ മിടുക്കിയായതിനാല്‍ വല്ല ടീച്ചറോ വക്കീലോ ഒക്കെയായി എന്നെ കാണാനാണ് അച്ഛന്‍ ആഗ്രഹിച്ചത്.

uploads/news/2018/12/271799/CiniINWnalini121218b.jpg

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഇടവേള എന്ന ചിത്രത്തിലേക്കുള്ള ഓഫര്‍ വരുന്നത്. പ്രൊഡ്യൂസര്‍ ഡേവിഡ് കാച്ചപ്പിള്ളി സാര്‍ സ്‌കൂളിലേക്കുള്ള വഴിയില്‍ വച്ചോ മറ്റോ ആണ് എന്നെ കാണുന്നത്. അടുത്ത ദിവസം സംവിധായകന്‍ മോഹന്‍ സാറുമൊത്ത് ആരോടൊക്കെയോ ചോദിച്ചു വീട്ടിലെത്തുകയായിരുന്നു. അന്ന് ക്ലാസ്സ് ഇല്ലാത്ത ദിവസമാണ്. മുറ്റത്ത് കള്ളി വരച്ച് ഞാനും സഹോദരിയും വട്ട് കളിച്ചു കൊണ്ടിരിക്കുകയാണ്. വര്‍ക്ക് ഇല്ലാത്തതിനാല്‍ മുറ്റത്ത് ഒരുകോണില്‍ ചെടികളെ പരിപാലിച്ച് അച്ഛനും നില്‍ക്കുന്നുണ്ട്. ഡേവിഡ് സാറിനും മോഹന്‍ സാറിനും കോറിയോഗ്രാഫര്‍ എന്ന നിലയില്‍ അച്ഛനെ പരിചയമുണ്ട്.

ഞങ്ങളുടെ അടുത്ത പടത്തില്‍ മൂര്‍ത്തിയുടെ മകളെ നായികയാക്കുന്നതില്‍ വിരോധമുണ്ടോ?ഡേവിഡ് സാറിന്റെ ആ ചോദ്യം കേട്ടപ്പോള്‍ ഞങ്ങള്‍ കളിനിര്‍ത്തി അങ്ങോട്ടേക്ക് ശ്രദ്ധ മാറ്റി. അച്ഛന് താല്‍പര്യമുണ്ടായിരുന്നില്ല. ചെറിയ കുട്ടിയാണ്, ക്ലാസ്സ് മുടങ്ങും.. എന്നൊക്കെ അച്ഛന്‍ തടസ്സം പറഞ്ഞു. അപ്പോഴാണ് എനിക്കും ശ്വാസം നേരെ വീണത്. സിനിമയില്‍ അഭിനയിക്കുന്നത് പോയിട്ട് സിനിമ കാണാന്‍ പോലും അക്കാലം എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല.

പക്ഷേ അമ്മ അച്ഛന്റെ അനുവാദത്തിനു കാത്തുനില്‍ക്കാതെ മകളെ വിടാന്‍ സമ്മതമറിയിച്ചു. സന്തോഷത്തോടെയാണ് ഡേവിഡ് സാറും മോഹന്‍ സാറും മടങ്ങിയത്. അഭിനയിക്കാനില്ലെന്നു പറഞ്ഞ് വീട്ടില്‍ ഞാന്‍ കരച്ചിലോടു കരച്ചില്‍. ഒറ്റ സിനിമയില്‍ അഭിനയിച്ച് നോക്കാം, പറ്റില്ലെങ്കില്‍ മോള്‍ സ്‌കൂളിലേക്ക് തിരിച്ചു പൊയ്‌ക്കോ.. എന്ന് അമ്മ. അങ്ങനെ ഒരു പരീക്ഷണം പോലെയാണ് ഇടവേളയില്‍ അഭിനയിക്കാന്‍ മൂന്നാറിലെ ലൊക്കേഷനില്‍ എത്തുന്നത്.

മൂന്നാറില്‍ നീലക്കുറിഞ്ഞി പൂത്ത സീസണ്‍ ആയിരുന്നു. മാട്ടുപ്പെട്ടിയിലും ടോപ് സ്‌റ്റേഷനിലും എല്ലാം സഞ്ചാരികള്‍ തിങ്ങിനിറഞ്ഞ സമയം. ഞാനും ബാബുവും അശോകനും എല്ലാം പുതുമുഖങ്ങള്‍. ഒരു വെക്കേഷന്‍ മൂഡിലാണ് ഞങ്ങള്‍. സിനിമ എന്താണെന്നോ അത് ചിത്രീകരിക്കാനുള്ള ബുദ്ധിമുട്ടിനെ പറ്റിയോ ഒന്നും അറിയില്ല. മോഹന്‍സാറ് ശരിക്കും പ്രയാസപ്പെട്ടു ഞങ്ങളെ കഥാപാത്രങ്ങളാക്കി മെരുക്കിയെടുക്കാന്‍.

വളരെ ക്ഷമയോടെ അദ്ദേഹം ഓരോ സീനും പറഞ്ഞുതരുന്നു. ദൃശ്യം മനസ്സിന്റെ ഏതോ കോണില്‍ ഇപ്പോഴും പച്ചപിടിച്ച് നില്‍ക്കുന്നുണ്ട്. 1980-ല്‍ ഇടവേളയില്‍ അഭിനയിക്കാന്‍ പുറപ്പെടുമ്പോള്‍ ഒറ്റ സിനിമകൊണ്ട് ഈ കലാപരിപാടി അവസാനിപ്പിക്കണം എന്ന ചിന്തയാണ് എന്റെ കുട്ടി മനസ്സിനെ ഭരിച്ചത്. പക്ഷേ ഒരു മാസം ലൊക്കേഷനില്‍ ചിലവിട്ടപ്പോള്‍ പതിയെ പതിയെ ഈ ഫീല്‍ഡിനോട് മമത തോന്നി തുടങ്ങി. ഇടവേള റിലീസായതോടെ സിനിമയുടെ ചുഴിയില്‍ ഞാനും അകപ്പെട്ടു. ഒന്നിനുപിറകെ മറ്റൊന്നായി സിനിമകള്‍, ഭാഷകള്‍ മാറിമാറി അഭിനയം, അവാച്യമായ ലഹരിയില്‍ പഠിപ്പു മുറിഞ്ഞു. അതിപ്പോഴും തീരാ സങ്കടമായി നെഞ്ചില്‍ വിങ്ങുന്നു.

സ്‌നേഹമുള്ള പ്രേക്ഷകര്‍


ഇടവേളയ്ക്കുശേഷം തമിഴിലേക്ക് പോയി. അവിടെ ചിമ്പുവിന്റെ അച്ഛന്‍ രാജേന്ദ്രന്‍ സാറിന്റെ ഉയിരുളളവരെ ഉഷ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്കിലേക്ക് കെ. ജി. ജോര്‍ജസര്‍് വിളിക്കുന്നത്. ലേഖയുടെ പ്രൊഡ്യൂസറും ഡേവിഡ് സാറായിരുന്നു. ഇടവേള ചെയ്യുമ്പോള്‍ തന്നെ,, അടുത്ത സിനിമ അന്തരിച്ച നടി ശോഭയെ കുറിച്ചുള്ളതാണ്, നീയാണ് ശോഭയെ അവതരിപ്പിക്കേണ്ടത്.. എന്ന് പറയുമായിരുന്നു. ഭരത് ഗോപി സര്‍, ശാരദാമ്മ തുടങ്ങിയ പ്രഗത്ഭര്‍ ഒക്കെയുള്ള ചിത്രമാണ്. ആ സിനിമ
ചെയ്യാന്‍ പേടിയായിരുന്നു.

കൊടൈക്കനാലില്‍ ഷൂട്ടിംഗ് പുരോഗമിക്കുമ്പോള്‍ ബാലുമഹേന്ദ്ര സര്‍ യാദൃശ്ചികമായി ലൊക്കേഷനിലെത്തി. നളിനി ആണ് ലേഖയെ അവതരിപ്പിക്കുന്നത്് എന്ന് ജോര്‍ജ് സാര്‍ അറിയിച്ചപ്പോള്‍ ബാലുസര്‍ അടുത്തെത്തി തലയില്‍ കൈവച്ചനുഗ്രഹിച്ചു. മലയാളത്തില്‍ പ്രശസ്തി നേടുന്നത് ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്കിലൂടെയാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ അടക്കം ഒരുപാട് അവാര്‍ഡുകള്‍ ചിത്രം സമ്മാനിച്ചു.

uploads/news/2018/12/271799/CiniINWnalini121218.jpg

സ്‌നേഹമുള്ള സിംഹം ചെയ്തപ്പോഴാണ് പ്രേക്ഷകരുടെ സ്‌നേഹം ശരിക്കും അനുഭവിച്ചത്. ജനപ്രിയ നോവലാണ് സ്‌നേഹമുള്ള സിംഹം എന്നൊന്നും അന്നൊന്നും അറിയില്ല. സെറ്റില്‍ ജോയിന്‍ ചെയ്തപ്പോള്‍ തന്നെ വൈശാഖന്റെ മായ വന്നല്ലേ എന്നും പറഞ്ഞാണ് സംവിധായകന്‍ സ്വീകരിച്ചത്. ഷൂട്ടിംഗ് കാണാനെത്തിയവരും വളരെ പരിചയമുള്ള ഒരാളോട് എന്നപോലെ മായേ എന്ന് വിളിച്ച് കുശലം പറയുന്നു. നോവല്‍ സംഘടിപ്പിച്ച് വായിച്ചപ്പോഴാണ് ആ കഥാപാത്രത്തിന്റെ പൊട്ടന്‍ഷ്യല്‍ മനസ്സിലായത്. കേരളത്തിലെത്തുമ്പോഴും മായയെ ഓര്‍മിപ്പിച്ചുകൊണ്ട് വരെ പരിചയപ്പെടുന്നവരുണ്ട്. ആ ചിത്രം 200 ദിവസം തുടര്‍ച്ചയായി ഓടി.

അടിമകള്‍ ഉടമകള്‍, വാര്‍ത്ത, ആവനാഴി തുടങ്ങിയ ചിത്രങ്ങളും സൂപ്പര്‍ഹിറ്റായി ഓടിയവയാണ്. സംവിധായകനെ വിശ്വസിച്ചാണ് അന്ന് സിനിമകള്‍ തിരഞ്ഞെടുത്തത്. ശശിയേട്ടന്റെ സിനിമ, ജോര്‍ജ് സാറിന്റെ സിനിമ എന്നൊക്കെ പറയുമ്പോള്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഐഡന്റിറ്റി ഉണ്ടാവും. സീമ, ഉര്‍വശി, ലിസി, രോഹിണി, സബിത എന്നിങ്ങനെ ശശി സാറിന്റെ സിനിമകളില്‍ യുവതികളുടെ ഒരുപട തന്നെയുണ്ടാവും.

പക്ഷേ ഓരോ കഥാപാത്രത്തിനും സിനിമയില്‍ വ്യക്തമായ പ്രാധാന്യം ഉണ്ടാവുകയും ചെയ്യും. വാര്‍ത്തയിലെ വാസന്തിയും അടിമകള്‍ ഉടമകളിലെ ദേവുവും ഒക്കെ നായികാവേഷങ്ങള്‍ അല്ല. പക്ഷേ പ്രേക്ഷകര്‍ ഇപ്പോഴും ആ കഥാപാത്രങ്ങളെ ഓര്‍ത്തിരിക്കുന്നു. അതുകൊണ്ടാണ് പറഞ്ഞത്, ഞങ്ങള്‍ക്ക് സംവിധായകന്‍ മതി.

ഞാന്‍ വന്ന സമയത്ത് മോഹന്‍ലാലും മമ്മൂട്ടിയും എല്ലാം താരതമ്യേന പുതുമുഖങ്ങളാണ്. വളരെ കൂളായി അവരോട് ഇടപഴകാന്‍ നമുക്ക് കഴിയും. നസീര്‍ സാറും മധുസാറും ഒക്കെയാണ് അന്ന് സീനിയര്‍ താരങ്ങള്‍. ഒരു യുഗസന്ധ്യയില്‍ മധു സാറിനൊപ്പം അഭിനയിക്കുമ്പോഴെല്ലാം ഉള്ളില്‍ ഭയം നിറയുമായിരുന്നു. നസീര്‍സാറിന്റെ കൂടെ ഒരു മാടപ്രാവിന്റെ കഥ എന്ന ചിത്രത്തില്‍ അഭിനയിച്ചതും പേടിച്ചാണ്. സിനിമയില്‍ നിന്ന് വിട്ടു നിന്ന കാലത്താണ് മോഹന്‍ലാലും മമ്മൂട്ടിയും എല്ലാം പടര്‍ന്നുപന്തലിച്ച് അഭിനയത്തിന്റെ വന്‍മരങ്ങള്‍ ആയത്.

രാവണപ്രഭുവില്‍ അഭിനയിക്കുന്ന സമയത്ത് ആ മാറ്റം ശരിക്കും ഫീല്‍ ചെയ്തു. ക്യാപ്റ്റന്‍ രാജു ചേട്ടന്റെ ആകസ്മിക മരണം ശരിക്കും ഒരു ഷോക്കായിരുന്നു. അദ്ദേഹവുമൊത്ത് ഒരു ചിത്രം മൂന്നാറില്‍ ചെയ്തിരുന്നു. ഒരു സഹോദരന്റെ സ്‌നേഹവും സുരക്ഷിതത്വവും അന്ന് അദ്ദേഹം പകര്‍ന്നു നല്‍കി. രാജാവിന്റെ മകന്‍ ചെയ്ത് തിളങ്ങി നില്‍ക്കുമ്പോഴാണ് തമ്പി കണ്ണന്താനം ഭൂമിയിലെ രാജാക്കന്മാരിലേക്ക് ക്ഷണിക്കുന്നത്. സൂപ്പര്‍ സംവിധായകനല്ലേ, ജാഡ ഉണ്ടാവും എന്ന മുന്‍വിധിയോടെയാണ് ലൊക്കേഷനില്‍ എത്തിയത്.

പക്ഷേ നാട്ടിന്‍പുറത്തുകാരനായ ഹൃദയശുദ്ധിയുള്ള ഒരു പാവം മനുഷ്യനെയാണ് കാണാന്‍ കഴിഞ്ഞത്. ആര്‍ട്ടിസ്റ്റുകളെ ഒരു വാക്കു കൊണ്ടു പോലും നോവിക്കാത്ത സംവിധായകനായിരുന്നു തമ്പിച്ചായന്‍. ഗംഗമങ്ക എന്ന സീരിയലില്‍ ഒരുകോമഡി സീന്‍ ചൈയ്തുകൊണ്ടിരിക്കുമ്പോഴാണ് വാട്‌സാപ്പില്‍ തമ്പിച്ചായന്റെ മരണവാര്‍ത്ത കണ്ടത്. ഉള്ളില്‍ കരഞ്ഞു കൊണ്ട് ആ കോമഡി സീന്‍ അഭിനയിച്ച് പൂര്‍ത്തിയാക്കുകയായിരുന്നു. ഭൂമിയിലെ രാജാക്കന്മാരാണ് ആറുവര്‍ഷം നീണ്ട കരിയറിലെ അവസാന ചിത്രം.

സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു വിവാഹം. ആറ് വര്‍ഷം കൊണ്ട് നായികയായി. വിവിധ ഭാഷകളില്‍ 120-ല്‍ അധികം ചിത്രങ്ങള്‍ ചെയ്ത കാലം. വിവാഹശേഷം അഭിനയം വേണ്ട എന്നത് സ്വന്തം തീരുമാനമായിരുന്നു. ദാമ്പത്യ പരാജയത്തില്‍ ഇപ്പോള്‍ ദുഃഖിക്കുന്നില്ല. എല്ലാം മുകളില്‍ ഉള്ള ആള്‍ നേരത്തെ സ്‌ക്രിപ്റ്റ് തയ്യാറാക്കി വെച്ചിരിക്കുകയല്ലേ. നമ്മള്‍ വെറും അഭിനേതാക്കള്‍ മാത്രം. അങ്ങനെ കരുതും.

മിടുക്കനായ ഒരു മകനെയും മിടുക്കിയായ ഒരു മകളെയും ദൈവം എനിക്ക് സമ്മാനിച്ചു. അതിനുള്ള നന്ദി തീര്‍ത്താല്‍ തീരില്ലല്ലോ. മകന്‍ യു.എസില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. വിവാഹിതയായ മകള്‍ ആസ്‌ട്രേലിയയില്‍ സകുടുംബമായി താമസിക്കുന്നു. അവള്‍ക്ക് അവിടെ ജോലിയും ഉണ്ട്. ഷൂട്ടിങ്ങിനിടെ തിരക്കിനിടയില്‍ അവരെ പലപ്പോഴും മിസ് ചെയ്യാറുണ്ട്.

uploads/news/2018/12/271799/CiniINWnalini121218a.jpg
***നളിനി മക്കളായ അരുണ്‍, അരുണ

തിരിച്ചുവരവില്‍ ചെയ്തത്


ഡിവോഴ്‌സ് നല്‍കിയ ഷോക്കിലിരിക്കുമ്പോഴാണ് ആന്റണി പെരുമ്പാവൂര്‍ രാവണപ്രഭുവിലേക്ക് വിളിക്കുന്നത്. മോഹന്‍ലാലിന്റെ സിനിമ, രഞ്ജിത്തിന്റെ രചന, ജഗതി ചേട്ടന്റെ പെയറായി ചെറിയ, നല്ലൊരു കഥാപാത്രം എന്നൊക്കെ പറഞ്ഞ് ആന്റണി ശരിക്കും പ്രലോഭിപ്പിച്ചു. മനസ്സു തകര്‍ന്ന സമയമായതിനാല്‍ തിരിച്ചുവരവിനെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോ ഒന്നും ചിന്തിക്കാവുന്ന അവസ്ഥയിലായിരുന്നില്ല. ആന്റണിയുടെ ക്ഷണം സ്‌നേഹപൂര്‍വം നിഷേധിച്ചെങ്കിലും അമ്മപോയി ചെയ്യൂ, ഒരു റിലീഫ് ആയിരിക്കുംം എന്ന് മക്കള്‍ നിര്‍ബന്ധിച്ചു. അങ്ങനെയാണ് ഡേറ്റ് നല്‍കുന്നത്.

ആ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കെ തമിഴ്, തെലുങ്ക് സീരിയലുകളില്‍ നിന്ന് ഓഫറുകള്‍ വന്നുകൊണ്ടിരുന്നു. സിനിമയില്‍ ചെയ്യാത്ത വെറൈറ്റി ക്യാരക്ടറുകള്‍ സീരിയലുകളില്‍ തേടിയെത്തി. വര്‍ഷം, സ്ഫടികം, കന്യാധനം എന്നീ പരമ്പരകള്‍ മലയാളത്തില്‍ ചെയ്തു, കന്യാധനത്തിലെ ക്രൂരയായ അമ്മായിയമ്മ ഒരുപാട് അഭിനന്ദനങ്ങള്‍ നേടി തന്നു. വില്ലത്തി വേഷങ്ങള്‍ മടുത്തപ്പോഴാണ് കോമഡിയിലേക്ക് തിരിഞ്ഞത്. നളിനി ഹാസ്യം നന്നായി കൈകാര്യം ചെയ്യുന്നു എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു. ഹാസ്യ വേഷങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ വല്ലാത്തൊരു ഫീലാണ്.

ചിന്ന പാപ്പ പെരിയ പാപ്പ, മാടിപ്പാക്കം മാധവന്‍, എന്നുയിര്‍ തോഴി തുടങ്ങി ഇപ്പോള്‍ ചെയ്യുന്ന തെലുങ്ക് സീരിയല്‍ ഗംഗ മങ്ക വരെ 25-ല്‍ അധികം പരമ്പരകളില്‍ മികച്ച വേഷങ്ങള്‍ അഭിനയിക്കാന്‍ കഴിഞ്ഞു. തെലുങ്കിലെ തിരക്കു കാരണം ഇപ്പോള്‍ ഒരു വര്‍ഷമായി തമിഴില്‍ അഭിനയിക്കുന്നില്ല. അടുത്തിടെ ഒരു സ്വകാര്യ ചാനലിനു വേണ്ടി ഒരു സീരിയലിലേക്ക് വിളിച്ചിരുന്നു. മാതൃഭാഷയില്‍ അഭിനയിക്കാന്‍ കൊതിയുണ്ടെങ്കിലും ഈ തിരക്കിനിടയില്‍ വേദനയോടെ നോ പറയേണ്ടിവന്നു.

സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി


തമിഴ്‌നാട് മിനിസ്‌ക്രീന്‍ ആക്‌ടേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായി ഒരുവര്‍ഷം സേവനമനുഷ്ഠിക്കാന്‍ സാധിച്ചത് കരിയറിലെ സൗഭാഗ്യമായി കാണുന്നു. നന്നായി സംസാരിക്കാന്‍ കഴിയുന്നത് കൊണ്ടാവണം ആസ്ഥാനത്തേക്ക് എന്നെ തെരഞ്ഞെടുത്തത്. സിനിമാതാരങ്ങളുടെ ലൈഫ് വെച്ച് സീരിയല്‍ താരങ്ങളെ അളക്കാന്‍ കഴിയില്ല. തുച്ഛമായ വേതനമാണ് അവര്‍ക്ക് ലഭിക്കുക. അവസര തുടര്‍ച്ചയും കുറവാണ്. കഴിവിന്റെ പരമാവധി അവര്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിഞ്ഞു എന്നു വിശ്വസിക്കുന്നു.

സീരിയല്‍ താരങ്ങള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തി തുടങ്ങിയത് ഞാന്‍ പ്രസിഡന്റായ കാലയളവിലാണ്. ചാനല്‍ മുതലാളിമാരുമായുള്ള ചര്‍ച്ചയിലൂടെ ഹിന്ദി ഡബ്ബിങ് സീരിയലുകളുടെ ബാഹുല്യം കുറയ്ക്കാന്‍ കഴിഞ്ഞതും സന്തോഷത്തിന് വക നല്‍കിയ സംഭവമാണ്. പഠനത്തിന് വഴി മുടങ്ങിയ താരങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഫണ്ട് കളക്ട് ചെയ്ത് മെഡിസിനും എന്‍ജിനീയറിങ്ങിനുമൊക്കെ സീറ്റ് ഉറപ്പാക്കാന്‍ കഴിഞ്ഞു. പ്രസിഡന്റ അല്ലെങ്കിലും സംഘടനയുടെ ജനറല്‍ ബോഡിയില്‍ റെഗുലറായി പങ്കെടുക്കാറുണ്ട് കൂടുതല്‍ സമയവും ഹൈദരാബാദിലായതിനാലാണ് സജീവപ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കുന്നത്.

സിനിമയെയും സീരിയലിനെയും ഒരിക്കലും രണ്ടായി കണ്ടിട്ടില്ല. സിനിമ വലിയ ഒരു ലോകമാണ്. അതിന്റെ സ്‌മോള്‍ സ്‌കെയില്‍ മോഡലാണ് ടെലിവിഷന്‍. ഫിലിമിന്റെ അത്രയും റിച്ച്‌നെസ്സ് സീരിയലില്‍ പ്രതീക്ഷിക്കേണ്ടതില്ല. പക്ഷേ വീട്ടിലെ പെറ്റായി മാറ്റാന്‍ സഹായിക്കുക സീരിയലുകളാണ്. എന്റെ മക്കള്‍ക്ക് പോലും സിനിമകളേക്കാള്‍ ഇഷ്ടം ഞാന്‍ ചെയ്ത പരമ്പരകളാണ്.

ഷിജീഷ് യു.കെ

Ads by Google
Wednesday 12 Dec 2018 12.30 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW