Monday, April 22, 2019 Last Updated 51 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Dec 2018 03.57 PM

ക്രോധം നിയന്ത്രിച്ചില്ലെങ്കില്‍ അതുമൂലം വിവേകം നശിച്ചുപോകും

uploads/news/2018/12/271544/joythi111218a.jpg

വളരെ ദുര്‍ല്ലഭമായി കിട്ടുന്ന മനുഷ്യജന്മം സല്‍ക്കര്‍മ്മങ്ങള്‍ ചെയ്ത് മോക്ഷമാര്‍ഗ്ഗം നേടാനുള്ളതാണ്. കാമക്രോധാദികള്‍ മോക്ഷപ്രാപ്തിക്ക് തടസ്സമുണ്ടാക്കുന്നു. മനുഷ്യന്റെ വികാരങ്ങളില്‍ ഒന്നായ ക്രോധം നിയന്ത്രിച്ചില്ലെങ്കില്‍ അതുമൂലം വിവേകം നശിച്ചുപോകും. തുടര്‍ന്ന് എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ബുദ്ധിഭ്രമവും സംഭവിക്കും.

ക്രോധം നമ്മുടെ ജ്ഞാനത്തെ നശിപ്പിച്ച് അജ്ഞാനിയാക്കി മാറ്റുന്നു. അസുരഭാവത്തിലേക്ക് നമ്മെ തള്ളിവിടുന്ന ക്രോധം കുടുംബത്തിനേയും സമൂഹത്തെത്തന്നെയും നശിപ്പിക്കുന്നു. ഈശ്വരചിന്തയും നാമജപവും നിത്യജീവിതത്തില്‍ ശീലമാക്കിയാല്‍ ക്രോധത്തെ ഇല്ലാതാക്കാന്‍ നമുക്ക് കഴിയും.

എഴുത്തച്ഛന്റെ രാമായണത്തിലെ അയോദ്ധ്യാകാണ്ഡത്തിലെ ശ്രീരാമന്റെ 'ലക്ഷ്മണോപദേശം' പറയുന്നത് ഇങ്ങനെ:

''മനഃസ്താപത്തെ ഉണ്ടാക്കുന്ന ക്രോധം സംസാരബന്ധനത്തിന് വഴിയൊരുക്കുകയും ധര്‍മ്മത്തെ ഇല്ലാതാക്കുകയും ചെയ്യും. അതുകൊണ്ട് ലക്ഷ്മണാ നീ ക്രോധത്തെ വെടിയുക.'' ശ്രീരാമന്റെ ലക്ഷ്മണനോടുള്ള ഉപദേശം, മാനവരാശിക്കുവേണ്ടിയുള്ള സന്ദേശം കൂടിയാവുന്നു.

ക്രോധം, പ്രശ്‌നങ്ങളെ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്യുന്നത്. അത് ഒരു പ്രശ്‌നത്തിനും പരിഹാരമാകുന്നില്ല. നമ്മളോട് ദേഷ്യപ്പെടുന്നവരെ നമ്മള്‍ അങ്ങോട്ട് സ്‌നേഹിക്കുക. ഏതൊരു കോപവും സ്‌നേഹംകൊണ്ട് അലിഞ്ഞുപോകുന്നതാണ്.

ശ്രീമദ് ഭഗവദ് ഗീതയില്‍ രണ്ടാം അദ്ധ്യായത്തിലെ അറുപത്തിരണ്ടാം ശ്ലോകത്തില്‍ ഭഗവാന്‍ ക്രോധത്തെപ്പറ്റി പറയുന്നത് നോക്കുക.
''ധ്യായതോ വിഷയാന്‍ പുംസഃ
സംഗസ്‌തേഷുപജായതേ
സംഗാത് സംജായതേ കാമഃ
കാമാത് ക്രോധാഭി ജായതേ.''

സാരം: ''വിഷയങ്ങളെ ചിന്തിച്ചുകൊണ്ടിരിക്കുന്നവന് അവയില്‍ മാത്രം പ്രീതിയുണ്ടാവുകയും പ്രീതിയില്‍നിന്ന് കാമം ജനിക്കുകയും ചെയ്യുന്നു. കാമത്തില്‍നിന്ന് ക്രോധം ഉണ്ടാകുന്നു.''

ആത്മനിയന്ത്രണമില്ലാത്തവന് വന്നുചേരുന്ന അനര്‍ത്ഥങ്ങളാകുന്നു ഇവയെല്ലാം. ഇപ്രകാരം മനുഷ്യന്‍ കാമക്രോധാദികളില്‍ വീണ് നശിക്കുന്നു. മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് തടസ്സം വരുമ്പോഴാണ് ക്രോധം പുറത്തുവരിക.

ജീവിതലക്ഷ്യം എന്തെന്നറിഞ്ഞ്, സര്‍വ്വ അനര്‍ത്ഥങ്ങള്‍ക്കും കാരണമായ ക്രോധത്തെ നിയന്ത്രിച്ച് ഇല്ലാതാക്കുക. മനസ്സിനെ ശുദ്ധീകരിച്ച് ഈശ്വരചിന്തയോടെ, ക്ഷമയോടെ കര്‍മ്മങ്ങള്‍ ചെയ്യുക. ഇതുവഴി എല്ലാ ജീവിതലക്ഷ്യങ്ങളും നിറവേറ്റി മോക്ഷമാര്‍ഗത്തിലെത്തുന്നതായിരിക്കും.

ഉഷാവര്‍മ്മ, പാലക്കാട്
മൊ: 9495973118

Ads by Google
Ads by Google
Loading...
TRENDING NOW