Thursday, June 27, 2019 Last Updated 1 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 10 Dec 2018 03.34 PM

സ്വപ്‌നം പോലൊരു ജീവിതം...

''പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് ഓണ്‍ലൈന്‍ മീന്‍വില്പനയിലേക്ക് ചുവടുവയ്ക്കുകയാണ് ഹനാന്‍.''
uploads/news/2018/12/271254/hananINW101218.jpg

ഒരു ദിവസം കൊണ്ട് ജീവിതം തന്നെ മാറി മറിയുക, കൈയടി നല്‍കിയവര്‍ കല്ലെറിയുക, അത്യന്ത്യം നാടകീയത നിറഞ്ഞ ജീവിതത്തില്‍ നിന്നും ഒരു തകര്‍പ്പന്‍ ത്രില്ലിലേക്കാണ് ഹനാന്‍ ഹമീദ് എന്ന പെണ്‍കുട്ടിയുടെ ജീവിതം പൊയ്‌ക്കൊണ്ടിരിക്കുന്നത്. യൂണിഫോമില്‍ മീന്‍വില്‍ക്കുന്ന ചിത്രം മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഏറ്റെടുത്തതോടെ ഹനാന്റെ ജീവിതം മാറിമറിയുകയായിരുന്നു.

ദുരിത ജീവിതത്തെക്കുറിച്ചറിഞ്ഞ് അവളെ സഹായിക്കാന്‍ മുന്നോട്ടു വന്നവര്‍ തന്നെ പിന്നെ അവളെ കല്ലെറിയുന്ന കാഴ്ചയും കാണേണ്ടി വന്നു. ആ പ്രതിസന്ധി ഘട്ടങ്ങളെയെല്ലാം അതിജീവിച്ച് മുന്നോട്ട് കുതിക്കുമ്പോഴാണ് വാഹനാപകടത്തിന്റെ രൂപത്തില്‍ അടുത്ത ദുരന്തമെത്തുന്നത്.

നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് മാസങ്ങളോളം ആശുപത്രിയില്‍ കഴിയുമ്പോഴും ഹനാന്‍ പതറിയില്ല. അവള്‍ തയാറെടുക്കുകയായിരുന്നു, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്താന്‍. ആ പരിശ്രമം വെറുതെയായില്ല. പുതിയൊരു ജീവിതോപാധി അവള്‍ കണ്ടെത്തി.

തെരുവോരത്ത് മീന്‍വില്പന നടത്തിയ ഹനാന്‍ ഓണ്‍ലൈനായി മീന്‍വില്പന നടത്താനൊരുങ്ങുകയാണ്. അതിനായി വാങ്ങിയ വാഹനത്തിന്റെ രജിസ്ട്രേഷന്‍ കഴിഞ്ഞ സന്തോഷത്തിലാണവള്‍.

സ്വപ്നം തിരികെ നല്‍കിയ ജീവിതം


വലിയൊരു ഇറക്കത്തില്‍ നിന്ന് കയറ്റത്തിലേക്ക് ഓടിക്കയറുകയായിരുന്നു ഞാന്‍. കുഴപ്പമൊന്നുമില്ലല്ലോ, ഓടാനൊക്കെ സാധിക്കുന്നുണ്ടെന്ന്് കിതപ്പിനിടയില്‍ ഞാന്‍ പറയുന്നുണ്ടായിരുന്നു. പിന്നെ എനിക്ക് മനസിലായി ഞാനൊരു ഷൂട്ടിങ് ലൊക്കേഷനിലാണെന്ന്. മമ്മൂക്കയുടെ മകളായി അഭിനയിക്കുകയായിരുന്നു ഞാന്‍.

കണ്ണു തുറന്നപ്പോഴാണ് ഞാന്‍ കണ്ടതൊരു സ്വപ്നമായിരുന്നെന്ന് മനസിലായത്. ദൈവം എന്തിനായിരിക്കും അങ്ങനെയൊരു സ്വപ്നം കാണിച്ചു തന്നത്. എനിക്ക് എഴുന്നേറ്റ് നടക്കാന്‍ സാധിക്കുമെന്നതായിരിക്കുമോ ആ സ്വപ്നത്തിന്റെ അര്‍ത്ഥം. അങ്ങനെ പലതും ആലോചിച്ചു. രണ്ടും കല്‍പ്പിച്ച് നടന്നുനോക്കാന്‍ തീരുമാനിച്ചു. കട്ടിലില്‍ പതിയെ എഴുന്നേറ്റിരുന്നു.

uploads/news/2018/12/271254/hananINW101218a.jpg

കാല്‍ നിലത്തുകുത്തി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. വീഴാന്‍ ആഞ്ഞെങ്കിലും ഭിത്തിയിലും കതകിലുമൊക്കെ പിടിച്ച് പതിയെ എഴുന്നേറ്റു നിന്നു. സംഭവിച്ചത് സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്നറിയാതെ ഒരു നിമിഷം നിന്നുപോയി.

യാഥാര്‍ത്ഥ്യമാണെന്ന് മനസിലായതോടെ സന്തോഷം കൊണ്ട് കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍. നട്ടെല്ലിന്റെ പരിക്ക് ഭേദമായി നടക്കാന്‍ പറ്റുമെന്ന് തുടക്കത്തില്‍ വിചാരിച്ചതല്ല. ഒരു പ്രഭാതത്തില്‍ കണ്ട സ്വപ്നമാണ് വീണ്ടും നടക്കാന്‍ എനിക്ക് ശക്തി പകര്‍ന്നത്.

തോല്‍ക്കാന്‍ മനസില്ല


തമ്മനത്ത് ഒരു കടയിട്ട് മീന്‍ വില്പന നടത്താനുള്ള തയാറെടുപ്പിലായിരുന്നു ഞാ ന്‍. അതിന് പറ്റിയ ഒരു കടയും കണ്ടുവച്ചിട്ടുണ്ടായിരുന്നു. ആ സമയത്താണ് അപകടമുണ്ടാകുന്നത്. പിന്നീട് കടയുടെ ഉടമസ്ഥര്‍ക്കിടയില്‍ ചില പ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് ആ സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നു. ആ സമയത്താണ് സ്വന്തമായി ആരേയും ആശ്രയിക്കാതെ എങ്ങനെ ജീവിക്കാമെന്ന് ഞാന്‍ ചിന്തിക്കുന്നത്. അങ്ങനെയാണ് ഓണ്‍ലൈന്‍ മീന്‍വില്പന എന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നത്.

വില്പനയ്ക്കുവേണ്ടി ഒരു വണ്ടി വാങ്ങിയിട്ടുണ്ട്. അതിന്റെ രജിസ്ട്രേഷന്‍ കഴിഞ്ഞു. ഇനി ടാങ്ക്, ഫ്രീസര്‍ എന്നിവയൊക്കെ അറേഞ്ച് ചെയ്യുന്നതടക്കം കുറച്ചു പണികള്‍ കൂടെയുണ്ട്. ഓര്‍ഡറനുസരിച്ച് മീന്‍ വൃത്തിയാക്കി ഡെലിവറി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഫ്‌ളാറ്റുകളും മറ്റു റസിഡന്‍ഷ്യല്‍ ഏരിയയും ലക്ഷ്യമിട്ട് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ പിടിച്ച് മീന്‍ എത്തിച്ചു നല്‍കുന്നതിനാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.

മീന്‍ വില്പനയ്ക്കുവേണ്ടി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ചെയ്യാനുള്ള ചര്‍ച്ചയിലാണ്. അതിനുവേണ്ടി ഒരു കമ്പനി മുന്നോട്ടുവന്നിട്ടുണ്ട്. മുന്‍പ് എന്റെ കഥകളറിഞ്ഞപ്പോള്‍ മുതല്‍ അവര്‍ക്കെന്നെ സഹായിക്കണമെന്നുണ്ടായിരുന്നു. അന്ന് ആരുടേയും കൈയില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്നില്ല എന്നായിരുന്നു തീരുമാനം. ഇപ്പോള്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിക്കാന്‍ വളരെ ചെറിയൊരു തുകയേ അവര്‍ ആവശ്യപ്പെട്ടിട്ടുള്ളു. വൈകാതെ മൊബൈല്‍ ആപ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കും.

നിനച്ചിരിക്കാതെ എത്തിയ അപകടം


സെപ്റ്റംബറിലാണ് കൊടുങ്ങല്ലൂര് വാഹനാപകടമുണ്ടാകുന്നത്. ഞാന്‍ കണ്ട സ്വപ്നങ്ങളൊന്നും നടക്കില്ലെന്ന് സുഹൃത്തുക്കളടക്കം പലരും പറഞ്ഞു. ഞാന്‍ എഴുന്നേറ്റ് നടക്കുമെന്ന് ഡോക്ടര്‍മാര്‍ക്കുപോലും വിശ്വാസമുണ്ടായിരുന്നില്ല. ആ അവസ്ഥയെ എങ്ങനെ അതിജീവിക്കാമെന്നായിരുന്നു ചിന്തിച്ചത്. മുമ്പ് ഒരു വെബ്സൈറ്റിന് വേണ്ടി പാര്‍ട്ട്ടൈം വര്‍ക്ക് ചെയ്തിരുന്നു. കിടന്നുകൊണ്ട് അങ്ങനെ എന്തെങ്കിലും ചെയ്യാമെന്നൊക്കെ ചിന്തിച്ചു.

വിദേശരാജ്യങ്ങളിലൊക്കെ തളര്‍ന്നുകിടക്കുന്നവരെ സഹായിക്കുന്ന ഒരുപാട് ടെക്നോളജികളുണ്ടല്ലോ? അത്തത്തിലെന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നും ആലോചിക്കാതിരുന്നില്ല. പിന്നീടൊരിക്കല്‍ വീല്‍ചെയറില്‍ ഇരുന്നുനോക്കാമെന്ന് കരുതി. വീല്‍ചെയറില്‍ ഇരുന്നുകൊണ്ടാണ് കടയുടെ പണികളൊക്കെ ചെയ്തത്.

uploads/news/2018/12/271254/hananINW101218b.jpg

ഇത്രയുമൊക്കെ കഴിയുമെങ്കില്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കാമല്ലോ? കുഞ്ഞുങ്ങള്‍ നടക്കാന്‍ പഠിക്കുന്നതുപോലെ ഞാനും പിച്ച വച്ച് നടന്നുതുടങ്ങി. ഒരുപാട് ജോലികള്‍ ചെയ്യുന്നതല്ലേ? കൂടുതല്‍ അനുഭവങ്ങള്‍ ജീവിതത്തിലുണ്ടാകട്ടെ എന്ന് ദൈവത്തിന് തേന്നിക്കാണും.

ഇപ്പോള്‍ നട്ടെല്ലിന് ബെല്‍റ്റിട്ടുണ്ട്. ഒന്നരമാസം കൂടി അത് വേണ്ടി വരും. നടക്കുമ്പോള്‍ ചെറിയൊരു ബുദ്ധിമുട്ടുണ്ടായിരുന്നു. അത് മാറുമെന്നാണ് ഡോക്ടര്‍ പറയുന്നത്. കുടയില്‍ പിടിച്ചൊക്കെയാണ് നടക്കുന്നത്. ഇതിനിടയില്‍ പല തവണ വീണു. അപകടമുണ്ടാകുന്നതിന് മുന്‍പ് പല പ്രോഗ്രാമുകളും കമ്മിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. അതെല്ലാം ക്യാന്‍സല്‍ ചെയ്തു. വീല്‍ചെയറിലിരിക്കാമെന്നായപ്പോള്‍ ചില പ്രോഗ്രാമുകളും ഫോട്ടോഷൂട്ടുമൊക്കെ ചെയ്തു.

കൈവിട്ട ബന്ധങ്ങള്‍


അപകടമുണ്ടായ സമയത്ത് ബാപ്പ എന്നെ അന്വേഷിച്ച് വന്നു. ആശുപത്രിയില്‍ ആദ്യ ദിവസങ്ങളില്‍ എനിക്കൊപ്പമുണ്ടായിരുന്നു. പക്ഷേ ബാപ്പയ്ക്ക് മൂക്കുപൊടി വലിക്കുന്ന ശീലമുണ്ടായിരുന്നു. റൂമില്‍ വച്ച് പൊടി വലിക്കുമ്പോള്‍ എനിക്ക് തുമ്മലുണ്ടാകും. വളരെയധികം അസ്വസ്തയുണ്ടാക്കിയ പ്രവര്‍ത്തിയായിരുന്നു അത്. തീരെ സഹിക്കാതെയായപ്പോള്‍ ആ ശീലം ഉപേക്ഷിക്കാന്‍ പറഞ്ഞെങ്കിലും ബാപ്പ തയാറായില്ല. അതോടെ ബാപ്പ ആശുപത്രിയില്‍ നിന്ന് പോയി. ഇപ്പോള്‍ വല്ലപ്പോഴും വിളിച്ചാലായി. അത്രയേ ഉള്ളൂ.

ഉമ്മ ബന്ധുക്കള്‍ക്കൊപ്പമാണ് താമസം. ചെറിയ മാനസിക പ്രശ്നങ്ങളുണ്ട്. ഞാന്‍ ഐ.സി.യുവിലായിരുന്നപ്പോള്‍ വന്ന് കണ്ടിരുന്നു. ഞാനിപ്പോള്‍ നെട്ടൂരില്‍ ഫ്ളാറ്റിലാണ് താമസം.

സിനിമ സ്വപ്നം


അരുണ്‍ ഗോപി സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല. കുട്ടനാടന്‍ മാര്‍പാപ്പയുടെ പ്രൊഡ്യൂസറിന്റെ അടുത്ത സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ട്. മിഠായി തെരുവ് എന്ന വിഷ്ണു ഉണ്ണികൃഷ്ണന്‍ സിനിമയിലും മറ്റൊരു കുട്ടികളുടെ ചിത്രത്തിലും ഒരോ റോളുകളുണ്ട്. ഞാന്‍ വരികളെഴുതിയ ഒരു സോങ് ചിത്രീകരണത്തിനൊരുങ്ങുകയാണ്. അത് റിലീസാകുന്നതോടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്.
uploads/news/2018/12/271254/hananINW101218c.jpg

മാറിയ ജീവിതം


ബാപ്പയും ഉമ്മയും വേര്‍പിരിഞ്ഞശേഷം ജീവിക്കാന്‍ ഹനാന്‍ പല ജോലികളും ചെയ്തു. കോള്‍ സെന്ററില്‍ ജോലി ചെയ്തു, കോളജ് കാന്റീനില്‍ ചിക്കന്‍ഫ്രൈ വില്പന നടത്തി, ഉത്സവ സീസണില്‍ ആലുവ മണപ്പുറത്ത് ബജിക്കച്ചവടം നടത്തി, പിന്നീടാണ് മീന്‍കച്ചവടത്തിനിറങ്ങുന്നത്. തൊടുപുഴ അല്‍ അസര്‍ കോളജില്‍ ബി.എസ്.സി കെമിസ്ട്രി ബിരുദ പഠനത്തിനിടയിലാണ് കച്ചവടം.

മാധ്യമങ്ങളിലൂടെ ലോകമറിയുന്നതിന് മുമ്പ് ഹനാന്റെ ഒരു ദിനം തുടങ്ങുന്നത് പുലര്‍ച്ചെ മൂന്നു മണിക്കാണ്. ഒരു മണിക്കൂര്‍ പഠനത്തിനുശേഷം സൈക്കിള്‍ ചവിട്ടി നേരെ ചമ്പക്കര മീന്‍ മാര്‍ക്കറ്റിലേക്ക്. അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയില്‍കയറ്റി തമ്മനത്തേക്ക്. അവിടെ മീന്‍ ഇറക്കിവച്ച് അവള്‍ വീട്ടിലേക്ക് മടങ്ങും.

പിന്നീട് കുളിച്ചൊരുങ്ങി 7.10ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ കോളജിലേക്ക്. അവിടെ 9.30ന് തുടങ്ങുന്ന പഠനം അവസാനിക്കുന്നത് മൂന്നരയ്ക്ക്. പിന്നെ വീണ്ടും സൈക്കിളില്‍ നേരെ ചമ്പക്കര മാര്‍ക്കറ്റിലേക്കും തമ്മനം ജങ്ഷനിലെ മീന്‍വില്‍ക്കുന്ന ഇടത്തേയ്ക്കും സൈക്കില്‍ തന്നെ ഹനാന്‍ ജീവിതചക്രം ചവിട്ടി മുന്നോട്ട് നീങ്ങും. അന്തിയോളം പണിയെടുത്ത് കിട്ടുന്ന കാശുമായി മാടവനയിലെ വീട്ടിലെത്തും.

ഒരു സുപ്രഭാതത്തിലാണ് ഞാന്‍ സ്റ്റാറാകുന്നത്. എന്നെ നെഞ്ചോടു ചേര്‍ത്തവര്‍ അടുത്ത ദിവസത്തെ ന്യൂസില്‍ എന്നെ കയ്യൊഴിഞ്ഞു. ഒരുനിമിഷം ഞാന്‍ പതറിയെന്നത് സത്യമാണ്. എനിക്കാകെയുള്ള അനിയന്‍ കൂടി തള്ളിപ്പറഞ്ഞപ്പോഴാണ് ഞാന്‍ തളര്‍ന്നുപോയത്. പക്ഷേ മാധ്യമങ്ങള്‍ എനിക്കൊപ്പം നിന്നു. സത്യം പുറത്തുകൊണ്ടുവരാന്‍ അവര്‍ ഒപ്പം നിന്നില്ലായിരുന്നെങ്കില്‍ ഞാന്‍ എത്ര പറഞ്ഞാലും ആരും ഒന്നും വിശ്വസിക്കില്ലായിരുന്നു.

നാളെ എന്തൊക്കെ സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ല. എന്തൊക്കെ സംഭവിച്ചാലും ഞാന്‍ തളരില്ല. ദൈവം കൈയൊഴിയില്ല എന്നൊരു വിശ്വാസമെനിക്കുണ്ട്. എന്റെ ജീവിതത്തില്‍ എന്തു സങ്കടമുണ്ടായാലും അത് കുറച്ചു സമയമേ നിലനില്‍ക്കൂ. അതിനെയൊക്കെ അതിജീവിക്കാന്‍ കഴിയുമെന്നൊരു വിശ്വാസമുണ്ട്.

ഇപ്പോളെനിക്ക് പരീക്ഷയാണ്. തല്‍ക്കാലത്തേക്ക് മറ്റു തിരക്കുകളൊക്കെ മാറ്റി വയ്ക്കുന്നു. കോളജിലേക്കുള്ള 120 കിലോമീറ്റര്‍ യാത്രയാണ് ഇപ്പോഴത്തെ പ്രശ്‌നം. കോളജിനടുത്തേക്ക് താമസം മാറാനും ആലോചിക്കുന്നുണ്ട്.

അശ്വതി അശോക്

Ads by Google
Monday 10 Dec 2018 03.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW