Saturday, June 22, 2019 Last Updated 7 Min 59 Sec ago English Edition
Todays E paper
Ads by Google
കേരളമെന്ന് കേട്ടാല്‍ / ഏബ്രഹാം മാത്യു
Monday 10 Dec 2018 01.50 AM

അഖില ലോകമൗനികളെ സംഘടിക്കുവിന്‍...

uploads/news/2018/12/271210/opinion101218.jpg

മാധ്യമങ്ങള്‍ക്ക്‌, വാര്‍ത്താശേഖരണം സംബന്ധിച്ച്‌ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്‌ വിവാദപരമായി തുടരുന്നു. ഉത്തരവ്‌ പുനഃപരിശോധിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. ഉത്തരവ്‌ പിന്‍വലിക്കില്ല, എന്നു വ്യക്‌തം. ആഭ്യന്തരവകുപ്പ്‌ പുറത്തിറിക്കിയ നിയന്ത്രണ ഉത്തരവ്‌ വാര്‍ത്താ റിപ്പോര്‍ട്ടിങ്‌ സംബന്ധിച്ചു വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന കാര്യം തീര്‍ച്ചയാണ്‌.

അറിയാനുള്ള അവകാശവും അറിയിക്കാനുള്ള അവകാശവും ഒരേവിധം നിയന്ത്രിക്കപ്പെടുകയാണ്‌. ഉദ്യോഗസ്‌ഥ ഇടപെടലും സര്‍ക്കാര്‍ നിരീക്ഷണവും മാധ്യമപ്രവര്‍ത്തകര്‍ക്കുമേല്‍ പ്രയോഗിച്ച്‌ വാര്‍ത്താ റിപ്പോര്‍ട്ടിങ്‌ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിര്‍ത്താനാണ്‌ പുതിയ നിയന്ത്രണത്തിലൂടെ ശ്രമിക്കുന്നത്‌.

മാധ്യമനിയന്ത്രണ ഉത്തരവിനെതിരേ ചില പത്രങ്ങള്‍ എഡിറ്റോറിയല്‍ എഴുതുകയും സഭാ സമ്മേളന കാലമായതിനാല്‍ പ്രതിപക്ഷം നിയമസഭയില്‍ പ്രശ്‌നം അവതരിപ്പിക്കുകയും ചെയ്‌തതൊഴിച്ചാല്‍ പൊതുസമൂഹം അത്യന്തം അപകടകരമാക്കുന്ന മാധ്യമനിയന്ത്രണ ഉത്തരവിനോട്‌ നിസംഗത പുലര്‍ത്തുകയാണ്‌.

സമകാലീന സംഭവങ്ങളോടു മുന്‍ സര്‍ക്കാരുകളുടെ കാലത്തു നിരന്തരം പ്രതികരിക്കുകയും കലഹിക്കുകയും ചെയ്‌തുപോന്ന എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും കുറ്റകരമായ മൗനം പുലര്‍ത്തുന്നു. യു.ഡി.എഫ്‌. ഭരണകാലത്തുണ്ടായ വിവാദങ്ങളെ മുന്‍നിര്‍ത്തി കേരളത്തില്‍ ജീവിക്കാന്‍ ഭയമാകുന്നു എന്നെഴുതിയ സാഹിത്യകാരന്‍ ഇന്ന്‌ എവിടെപ്പോയി ഒളിച്ചു?

മലയാളിയായതില്‍ അപമാനം തോന്നുന്നുവെന്ന്‌ നിരീക്ഷിച്ച എഴുത്തുകാരനെയും കാണ്‍മാനില്ല. ചിലര്‍ മതില്‍ പണിയാനുള്ള കല്ലും മണ്ണും ചുമക്കുന്ന തിരക്കിലാണ്‌. ഭീരുത്വത്തിന്റെയും വിധേയത്വത്തിന്റെയും മതില്‍ സ്വന്തം മുകളില്‍ പണിഞ്ഞ്‌ വച്ചിട്ട്‌ നവോത്ഥാന മതിലും ചാരി നില്‍ക്കുകയാണിവര്‍. മതിലും ചാരി നിന്നാല്‍ കിട്ടുന്നത്‌ എന്തെങ്കിലുമുണ്ടെങ്കില്‍ അതുംകൊണ്ടു പോകാമല്ലോ എന്നാണ്‌ പ്രളയാനന്തര ചിന്ത.

എംഎം. ഹസന്‍ പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്ന കാലത്ത്‌, മാധ്യമങ്ങള്‍ക്കു പെരുമാറ്റച്ചട്ടം ആവശ്യമാണെന്ന്‌ അഭിപ്രായം പറഞ്ഞു. അതും സര്‍ക്കാര്‍ നിയന്ത്രണമെന്ന നിലയ്‌ക്കല്ല.

മാധ്യമങ്ങള്‍ സ്വയം തിരുത്തണം എന്ന അര്‍ത്ഥത്തില്‍. എന്തൊരു പുകിലായിരുന്നു തുടര്‍ന്നുള്ള ദിവസങ്ങളില്‍ പത്രമാരണ നിയമം, വായ്‌മൂടിക്കെട്ടാന്‍ ശ്രമം എന്നിങ്ങനെ വന്‍തോതില്‍ ആക്ഷേപമുന്നയിച്ചുകൊണ്ട്‌ ഇടതുപക്ഷ സഹയാത്രികര്‍ വഴി തടഞ്ഞു. ഇന്നവര്‍ ജീവനോടെയുണ്ടെന്നു തോന്നുന്നില്ല.

സംസ്‌ഥാന ആഭ്യന്തരവകുപ്പ്‌ പുറത്തിറക്കിയ മാധ്യമനിയന്ത്രണ ഉത്തരവിന്റെ മാതൃകയില്‍ കേന്ദ്രസര്‍ക്കാര്‍ ഒരുത്തരവ്‌ ഇറക്കിയിരുന്നുവെങ്കില്‍ കേരളം കത്തുമായിരുന്നു. സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ ഹര്‍ത്താല്‍ നടത്തിയ ലോകത്തെ ഹൂതിപ്രദേശം എന്ന നിലയില്‍ കേരളത്തില്‍ മറ്റൊരു ഹര്‍ത്താല്‍ ഉറപ്പായിരുന്നു.

നരേന്ദ്രമോഡിയുടെ നാല്‌ തലമുറ പൂര്‍വികരുടെ ചരിത്രം ചികഞ്ഞ്‌ അത്‌ മാധ്യമനിയന്ത്രണ ഉത്തരവുമായി കൂട്ടിച്ചേര്‍ത്ത്‌ തെരുവില്‍ കത്തിക്കുമായിരുന്നു.

സര്‍വരാജ്യ മൗനി ബുദ്ധിജീവികളെ സംഘടിക്കുവിന്‍, നിങ്ങള്‍ക്കു നഷ്‌ടപ്പെടാന്‍ അധികമുണ്ടെന്നറിയാം; എങ്കിലും നമ്മള്‍ക്കു പഴയ ലോകമെങ്കിലും സൃഷ്‌ടിക്കാം.

*** നിങ്ങളെന്നെ സംഘിയാക്കി

കഴിഞ്ഞ ലക്കത്തില്‍ എഴുതിയ കുറിപ്പ്‌ വായിച്ച്‌ അതു കൊള്ളേണ്ടിടത്തുതന്നെ കൊണ്ട ഒരു പോലീസ്‌ ഉദ്യോഗസ്‌ഥനും അദ്ദേഹത്തിന്റെ ചെരുപ്പ്‌ നക്കികളും കൂട്ടിച്ചേര്‍ന്ന്‌ ഈ ലേഖകനെതിരേ വ്യക്‌തിപരമായ ആക്ഷേപം ചൊരിഞ്ഞ്‌ ഒരു സന്ദേശം അയയ്‌ക്കുകയുണ്ടായി.

തെരുവില്‍ കണ്ട കുഞ്ഞുങ്ങളെയും വയോധികരെയും മര്‍ദ്ദിച്ചു താഴെയിട്ട്‌ രസിച്ച ഒരു ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്റെ പേര്‌ നവജാത ശിശുവിന്‌ നിര്‍ദ്ദേശിച്ച നാണംകെട്ട സംഭവത്തെക്കുറിച്ചായിരുന്നു കഴിഞ്ഞ ലക്കത്തിലക്കുറിപ്പ്‌. കുട്ടികളെ മര്‍ദ്ദിച്ചവന്റെ പേര്‌ നവജാത ശിശുവിനു കല്‍പ്പിക്കുന്നത്‌ അടുത്ത തലമുറയോടു ചെയ്യുന്ന പാതകമാണ്‌; പരോക്ഷമായ ശിശുഹത്യയാണിത്‌.

മര്‍ദ്ദകന്മാരായ ക്രിമിനലുകളുടെ പേരല്ല, മനുഷ്യസ്‌നേഹികളായ മഹാന്മാരുടെ പേരുകളാണ്‌ കുഞ്ഞുങ്ങള്‍ക്ക്‌ നിര്‍ദ്ദേശിക്കേണ്ടത്‌ എന്നായിരുന്നു ഈ ലേഖകന്റെ കുറിപ്പ്‌; ഇത്‌ തെറ്റാണോ? പ്രതികരണമായി വന്ന ആക്ഷേപ സന്ദേശത്തില്‍ ഈ ലേഖകന്‍ ഒരു സംഘിയാണ്‌എന്നായിരുന്നു വിമര്‍ശനം.

അതുമല്ലെങ്കില്‍ പേര്‌ ഒരു തൂലികാനാമം ആയിരിക്കുമത്രെ! എന്തു വേണമെങ്കിലും വിളിക്കൂ സ്‌നേഹിതാ.. ചോദ്യം ഇതാണ്‌: മര്‍ദ്ദകനെ മാതൃകയാക്കണോ?മനുഷ്യസ്‌നേഹിയെ മാതൃകയാക്കണോ? ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്താതെ മറുപടി പറയൂ.

മക്കള്‍ക്ക്‌ സ്വന്തം മാതാപിതാക്കളുടെയോ പൂര്‍വികരുടെയോ പേരില്‍ നിന്നൊരു കഷണം അടര്‍ത്തി വിളിക്കുന്ന പതിവ്‌ കണ്ടിട്ടുണ്ട്‌. ഒരു മര്‍ദ്ദക പോലീസുകാരനു പിതാവിന്റെ സ്‌ഥാനം ഏതെങ്കിലും കുടുംബത്തില്‍ കല്‍പ്പിക്കുന്നുണ്ടെങ്കില്‍, അത്‌ സുഹൃത്തേ നിങ്ങളുടെ സ്വാതന്ത്ര്യം; തുടരുക.

Ads by Google
Ads by Google
Loading...
TRENDING NOW