Tuesday, May 21, 2019 Last Updated 12 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 08 Dec 2018 10.04 PM

ഒരു പാലാക്കാരിയുടെ നേരനുഭവങ്ങള്‍

uploads/news/2018/12/270865/book.jpg

അനുഭവങ്ങള്‍ ഓര്‍ത്തെടുക്കലാണ്‌. അടയാളപ്പെടുത്തലാണ്‌. അനുഭവത്തിലേക്ക്‌ വായനക്കാരെ അടുപ്പിക്കലാണ്‌. അനുഭവങ്ങള്‍ ഉണ്ടാവുന്നത്‌ പോലെ തന്നെ പ്രധാനമാണ്‌ അത്‌ എങ്ങനെ പറയുന്നു എന്നതും. കഥകള്‍ക്ക്‌ എന്നും വായനക്കാര്‍ക്കിടയില്‍ ഒരു മുന്‍ഗണന ഉണ്ടാവാറുണ്ട്‌. പക്ഷെ, കഥയെഴുത്ത്‌ ബൗദ്ധികമായ രാഷ്‌ട്രീയപ്രവര്‍ത്തനമായി മാറിയപ്പോള്‍ കഥാവായന വിരസമായ വ്യായാമമായി വായനക്കാര്‍ക്ക്‌ തോന്നിയിടത്തു നിന്നാണ്‌ അനുഭവവായന അവര്‍ ഏറ്റെടുത്തത്‌.
ആന്‍ പാലി എഴുതിയ അ ഫോര്‍ അന്നാമ്മ പുറംചട്ട മുതല്‍ വ്യത്യസ്‌തത ധ്വനിപ്പിക്കുന്നു. എല്ലാവരും നിറങ്ങള്‍ക്ക്‌ പിന്നാലെ പായുമ്പോള്‍ നിറമുളള ഓര്‍മ്മകള്‍ പങ്കിടുന്ന ആന്‍ പാലി ഭൂതകാലം ധ്വനിപ്പിക്കുന്ന ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റില്‍ അഭയം തേടി.
പാലാക്കാരിയായ അന്നമ്മയുടെ ഓര്‍മ്മകളില്‍ എമ്പാടും നിറയുന്നത്‌ ഗ്രാമ്യ ജീവിതമാണ്‌. പാലാ ഭാഷ അന്നമ്മയുടെ നാവിന്‍തുമ്പത്തു മാത്രമല്ല, പേനത്തുമ്പത്തും വിളയാടുകയാണ്‌. ആന്‍ എഴുതുന്നു.
'ഓര്‍മ്മകള്‍ക്ക്‌ നിറമുണ്ടോ? ഉണ്ടെന്നു തന്നെ പറയേണ്ടി വരും. എന്റെ കുട്ടിക്കാലത്ത്‌ പാലായിലെ തോട്ടങ്ങളില്‍ നിന്നും ഊറിവരുന്ന റബ്ബര്‍പാലിനോളം വെണ്‍മയുള്ളതായി മറ്റൊന്നും ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. അവിടെയുള്ള അടുക്കള അലമാരയില്‍ ഒളിച്ചിരുന്ന വീഞ്ഞിനോളം മനോഹരമായ മാന്തളിര്‍ നിറം പിന്നീടൊരിക്കലും എന്റെ മുന്നിലെത്തിയിട്ടില്ല.
ആ വീട്ടുമച്ചിലെ ഇരുട്ടിനോളം കറുപ്പില്‍ വേറൊന്നും എന്നെ ഭയപ്പെടുത്തിയിട്ടില്ല. അങ്ങനെ നോക്കുമ്പോള്‍ നിറങ്ങള്‍ മാത്രമല്ല കേട്ടോ, മണവും ശബ്‌ദവും രുചിയും സ്‌പര്‍ശവുമെല്ലാം എത്ര അനായാസമായാണ്‌ ഓര്‍മ്മകളായി ഞാന്‍ പോലുമറിയാതെ മെമ്മറി ഡിസ്‌കിനുള്ളില്‍ കയറിപ്പറ്റിയെന്നതാണ്‌ എന്നെ വിസ്‌മയിപ്പിക്കുന്നത്‌.'
ആനിന്‌ പാലാ എന്നാല്‍ മഴ തിമിര്‍ത്തു പെയ്യുന്ന റബ്ബര്‍കാടുകളാണ്‌. അതിന്റെ ഇടയിലൂടെ ചിരിച്ചോടുന്ന ഞായറാഴ്‌ചക്കുര്‍ബ്ബാനയാണ്‌. ഒരു കാറ്റടിച്ചാല്‍ വീഴുന്ന ചില്ലകള്‍ പെറുക്കാന്‍ വരുന്ന അടുത്ത വീടുകളിലെ പാവം ചേച്ചിമാരാണ്‌. റബ്ബര്‍പിണ്ടി പെറുക്കി സൂക്ഷിച്ചു വെച്ച്‌ വിറ്റ്‌, ആ കാശുകൊണ്ട്‌ പുതിയ കമ്മല്‌ മേടിക്കണ പെണ്ണുങ്ങളാണ്‌. റബ്ബര്‍നൂല്‌ കൊണ്ട്‌ പന്തുണ്ടാക്കി കളിക്കുന്ന ചെറിയ ചെക്കന്മാരാണ്‌. നാട്ടിലേക്ക്‌ വിളിക്കുമ്പോള്‍ റബ്ബറിന്‌ ഈയാഴ്‌ച എങ്ങനെ ഉണ്ട്‌ എന്ന്‌ ചോദിക്കുന്ന ചേട്ടന്മാരാണ്‌... ഒന്ന്‌ കണ്ണടച്ചാല്‍, ചെവിയോര്‍ത്താല്‍, തിരികെപ്പിടിച്ചു നുണയുന്ന മധുരമാണ്‌. അവയെല്ലാം തുന്നിച്ചേര്‍ത്ത ഒരു ഫയങ്കര നാടാണ്‌ ഞങ്ങളുടെ സ്വന്തം റബ്ബര്‍ റിപ്പബ്ലിക്ക്‌!
പാലായുടെ ഭാഷയും സംസ്‌കാരവും പുരോഗതിയും ചരിത്രവുമെല്ലാം ചേര്‍ത്ത്‌ വായനാ സമയത്ത്‌ നമ്മളും പാലാക്കാരായി മാറിപ്പോകും വിധമാണ്‌ രചന.
ഹാസ്യാത്മകമായി എഴുതാനുള്ള കഴിവാണ്‌ ആന്‍ പാലിയുടെ ശക്‌തി. ജോണി വാക്കര്‍ കൊടുക്കുമ്പോള്‍ നടക്കും ജോണി എന്ന്‌ പകര്‍ത്തിയെഴുതുന്ന നര്‍മ്മം. നര്‍മ്മം മാത്രമല്ല നോവിന്റെ നനവ്‌ പടര്‍ത്തുന്ന ഓര്‍മ്മകളും ആന്‍ പങ്കു വെക്കുന്നുണ്ട്‌.
മരണവും ഭ്രാന്തും ദാരിദ്ര്യവും രോഗവുമെല്ലാം വില്ലന്മാരായി കടന്നു വരുന്നു. മറ്റു ചിലയിടത്ത്‌ സമൂഹത്തിന്റെ തിരസ്‌കാരമാണ്‌. ഇടറുന്ന ശബ്‌ദത്തില്‍ ആ കനത്ത കണ്ണടയ്‌ക്കു പിറകില്‍ നിന്നും അവര്‍ ഉരുകിയിറങ്ങുന്നതും അതില്‍ വാക്കുകളുടെ നൂല്‍ച്ചിത്രങ്ങളെല്ലാം ചാരമായി മാറുന്നതും ഞാന്‍ അറിഞ്ഞു. മകളുടെ ശരീരം മറവു ചെയ്യുന്നതിന്‌ മുന്‍പായി അവര്‍ മുട്ടോളമെത്തുന്ന ആ മുടി മുറിച്ചെടുത്തു. വര്‍ഷങ്ങളായി അവരുടെ അലമാരയില്‍ ഒരു തുണിയില്‍ പൊതിഞ്ഞു സൂക്ഷിക്കുന്നു. നിധി പോലെ. കുഞ്ഞുങ്ങളെ നഷ്‌ടപ്പെടുന്ന അമ്മമാരുടെ ദുഃഖത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ല ഈ ഭൂമിയില്‍ എന്ന്‌ പറയുന്നത്‌ സത്യമാണെന്ന്‌ തിരിച്ചറിഞ്ഞ വര്‍ഷങ്ങള്‍. ചിലപ്പോള്‍ തന്റെ തന്നെ തെറ്റുകളാണ്‌ ദുരന്തം വരുത്തി വെക്കുന്നത്‌.
പലപ്പോഴും നമ്മുടെ കണ്ണുകള്‍ ഈറനണിയും. ബുദ്ധി കൊണ്ടും നര്‍മ്മം കൊണ്ടും ഹൃദയം കൊണ്ടും സംവദിക്കുന്ന ഒരു പുസ്‌തകമാണ്‌ അ ഫോര്‍ അന്നാമ്മ. കുറിപ്പുകള്‍ക്കുള്ള ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്‌ ആന്‍ പാലി തന്നെയാണ്‌.
കേരളീയതയുടെ സ്‌പര്‍ശം അനുഭവിപ്പിക്കുന്ന ചില ഗ്രാമ്യചിത്രങ്ങളാണ്‌ ഏറെ ആകര്‍ഷകമായി തോന്നിയത്‌. അന്നമ്മയുടെ നാട്ടിലെ കപ്പ വാട്ടല്‍ എങ്ങനെയാണെന്നറിയാമോ?
''ഈ കപ്പവാട്ട്‌ എന്ന മഹാമാമാങ്കം നടക്കുന്ന ദിവസങ്ങള്‍ തന്നെ ഒരു ആഘോഷമാണ്‌. പകല്‌ തന്നെ പെണ്ണുങ്ങള്‍ വന്നു കപ്പ മുഴുവനും പൊളിച്ചിടും. ഉച്ച കഴിയുമ്പോളേക്കും അടുക്കളപ്പുറത്തെ അടുപ്പുകല്ലുകളില്‍ വലിയ വാര്‍പ്പുകള്‍ എത്തും. തലയില്‍ തോര്‍ത്തുമുണ്ടും ചുറ്റി ചേട്ടന്മാര്‌ മേശയുടെ ഓരോ അറ്റത്തു നിന്നും വലിയ കത്തി എടുത്തു പണി തുടങ്ങും. ഒരേ നിരയായി മുറിച്ചിടുന്ന കപ്പക്കഷ്‌ണങ്ങള്‍, തിളച്ചു മറിയുന്ന വെള്ളത്തിലേക്ക്‌ വീഴും. അധികം വാടുന്നതിന്‌ മുന്‍പ്‌ തിരിച്ചെടുക്കും. ഇതിനിടയില്‍ തൊട്ടപ്പുറത്തെ വിറകുപുരയില്‍ പോയി ഓരോ സ്‌മോളും വഴറ്റിവെച്ചിരിക്കുന്ന കോഴിക്കറിയില്‍ നിന്നും നല്ലൊരു കഷ്‌ണവുമെടുത്തു പണിക്കാരി ചേടത്തിയോട്‌ ലേശം കുശലോം പറഞ്ഞ്‌ ഓന്നൂടൊന്ന്‌ ഉഷാറാവും. പാതിരാത്രിയാവുമ്പോഴേക്കും മുറ്റത്തൊക്കെ കപ്പയുടെയും കോഴിക്കറിയുടെയും മുളകരച്ചതിന്റെയും രാത്രിമുല്ലയുടെയും ഒക്കെ മണം പടരും.'
ആന്‍ എഴുതുന്നു.
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന അ ഫോര്‍ അന്നാമ്മ പോലുള്ള പുസ്‌തകങ്ങള്‍ കുറെയേറെ പുതിയ വായനക്കാരെ സൃഷ്‌ടിക്കുമെന്ന്‌ തീര്‍ച്ച.

'അ' ഫോര്‍ അന്നാമ്മ
ആന്‍ പാലി
സൈകതം ബുക്‌സ്
വില 115

പോള്‍ സെബാസ്‌റ്റ്യന്‍

Ads by Google
Saturday 08 Dec 2018 10.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW