Sunday, May 19, 2019 Last Updated 34 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.43 AM

കളിക്കളങ്ങള്‍, നവകേരളത്തിന്റെ നവോത്ഥാന കളിത്തൊട്ടിലുകള്‍

uploads/news/2018/12/270338/bft1.jpg

ലോങ്‌ ജംപ്‌ താരങ്ങളായ ടി.സി. യോഹന്നാന്‍, അഞ്‌ജു ബോബി ജോര്‍ജ്‌, അത്‌ലറ്റുകളായ പി.ടി. ഉഷ, ഷൈനി വിത്‌സണ്‍, മേഴ്‌സി കുട്ടന്‍, പി.യു. ചിത്ര, ജിന്‍സണ്‍ ജോണ്‍സണ്‍, വോളിബോള്‍ താരങ്ങളായ ജിമ്മി ജോര്‍ജ്‌, ടി.ഡി. ജോസഫ്‌, ടോം ജോസ്‌...നമ്മള്‍ എന്നും ഓര്‍ക്കുന്നതും ഓര്‍ക്കാത്തവരുമായ വന്‍കായികതാരനിരയെ സംഭാവന ചെയ്‌ത നാടാണു കേരളം. സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസം വിരമിച്ചപ്പോള്‍ നൊമ്പരപ്പെട്ടതും ബ്രസീലുകരനായ നെയ്‌മര്‍ക്കു പരുക്കേറ്റപ്പോള്‍ പ്രാര്‍ഥിച്ചതും അര്‍ജന്റീനക്കാരനായ മെസിക്കു വേണ്ടി "ശത്രുസംഹാരപൂജ" നടത്തിയതുമൊക്കെ കേരളത്തിനു കായികരംഗത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണു സൂചിപ്പിക്കുന്നത്‌.
എല്ലാ കളികള്‍ക്കും ഒരു സര്‍ഗാത്മകതയുണ്ട്‌. ശാരീരികക്ഷമതാ വര്‍ധനയ്‌ക്കൊപ്പം സാമൂഹികവും വൈകാരികവുമായ ഒരിടം കൂടി കളിക്കളങ്ങളില്‍ സൃഷ്‌ടിക്കപ്പെടുന്നു. എന്നാല്‍, പുതുബാല്യങ്ങളാകട്ടെ മൊബൈല്‍ ഫോണുകളിലും വീഡിയോ ഗെയിമുകളും കാര്‍ട്ടൂണ്‍ ടിവിയിലുമൊക്കെയായി സ്വയം നഷ്‌ടപ്പെടുന്നു. കുട്ടിക്കാലത്തു കായികവിനോദങ്ങള്‍ നിഷേധിക്കപ്പെടുന്നവരില്‍ പിന്നീടു പലതരം മാനസികപ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ഥ്യങ്ങളെ നേരിടാന്‍ അവര്‍ക്കാകുന്നില്ല. വീടിന്റെ സുരക്ഷയില്‍, യാന്ത്രിക വിനോദോപാധികളില്‍ അഭിരമിക്കുന്ന തലമുറയുടെ മാനസിക-കായികാരോഗ്യത്തെക്കുറിച്ചു നാം ഇന്നും ബോധവാന്മാരല്ല; പ്രത്യേകിച്ചു രക്ഷാകര്‍ത്താക്കള്‍.
എന്റെ നിയോജകമണ്ഡലമായ കാഞ്ഞിരപ്പള്ളിയിലെ അമല്‍ സാബു കഴിഞ്ഞ ദേശീയ അത്‌ലറ്റിക്‌ മീറ്റിന്റെ പൊതുവിഭാഗത്തില്‍ ലോഗ്‌ ജംപിനു വെള്ളിപ്പതക്കവും 20 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ സ്വര്‍ണപ്പതക്കവും നേടിയ പ്രതിഭയാണ്‌. റബര്‍ ടാപ്പിങ്‌ തൊഴിലാളിയുടെ മകനായ അമലിന്റെ നേട്ടം നാടിന്‌ ആഘോഷമായി. ആ വേദിയില്‍നിന്ന്‌ ഇറങ്ങിവന്നപ്പോള്‍, കാത്തുനിന്ന ഒരുകൂട്ടം കുട്ടികള്‍ ഒരു പരാതി പറഞ്ഞു. വര്‍ഷങ്ങളായി സമീപത്തെ സര്‍ക്കാര്‍ സ്‌കൂള്‍ മൈതാനത്തു ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്നവരാണ്‌ അവര്‍. അവിടെ ഗേറ്റ്‌ സ്‌ഥാപിച്ച്‌ പൂട്ടിയിരിക്കുന്നു. അവര്‍ക്കിപ്പോള്‍ കളിക്കളമില്ല. തുറസായ സ്‌ഥലം മുഴുവന്‍ കോണ്‍ക്രീറ്റ്‌ സൗധങ്ങള്‍ പണിയുന്നതാണു വികസനമെന്ന കാഴ്‌ചപ്പാടാണ്‌ എക്കാലവും നമ്മെ ഭരിക്കുന്നത്‌. സായാഹ്‌നങ്ങളില്‍ ആരവമുയര്‍ന്നിരുന്ന നാട്ടിന്‍പുറത്തെ മൈതാനങ്ങള്‍ ഒരുമയുടെ പര്യായമായിരുന്നു. ആ കളിക്കളങ്ങളില്‍ മെനഞ്ഞെടുത്ത തന്ത്രങ്ങള്‍ പിന്നീടു സാമൂഹികജീവിതത്തിന്റെ വിലപ്പെട്ട പാഠങ്ങളായി. പ്രായോഗികജീവിതത്തിനു വഴികാട്ടികളായി.
നവോത്ഥാനത്തെക്കുറിച്ചുള്ള നവചര്‍ച്ചകളാണിന്നു ചുറ്റും. ജാതിരഹിതവും പുരോഗമനപരവുമായ കാഴ്‌ചപ്പാടുകള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, കളിക്കളങ്ങളിലാണ്‌ അവ നാമ്പിടേണ്ടതെന്നു നാം മറക്കുന്നു. കളിക്കളങ്ങളെ സജീവമാക്കി, പുതിയൊരു സാംസ്‌കാരികതലം സൃഷ്‌ടിക്കാന്‍ കഴിയും. നവോത്ഥാനമെന്നത്‌ ആശയപരവും രാഷ്‌ട്രീയപരവും സാമൂഹികവും സാംസ്‌കാരികവുമാണ്‌. ഇതില്‍ സാംസ്‌കാരികതലം സൃഷ്‌ടിക്കുന്നതില്‍ കലകള്‍ക്കെന്നപോലെ, കായികമേഖലയ്‌ക്കും വലിയ പങ്കുണ്ട്‌. സാംസ്‌കാരികജീര്‍ണത നമ്മെ ബാധിച്ചെങ്കില്‍ പൊതുവിടങ്ങളുടെ നഷ്‌ടം അതിനു പ്രധാനകാരണമാണ്‌. അവ വീണ്ടെടുക്കപ്പെടണം. ഒരു തലമുറയാകെ ജാതി-മത-രാഷ്‌ട്രീയവ്യത്യാസമില്ലാതെ ഒത്തുചേര്‍ന്നിരുന്ന നന്മയുടെ തുരുത്തുകളായിരുന്നു കളിക്കളങ്ങള്‍. അല്‍പ്പം ഇടം കിട്ടിയാല്‍, കെട്ടിടം പണിയുന്ന "വികസനമോഹികള്‍" അതെല്ലാം നശിപ്പിച്ചു. ശേഷിക്കുന്ന തുറസിടങ്ങളും ഗേറ്റ്‌ സ്‌ഥാപിച്ചു പൂട്ടാനുള്ള വ്യഗ്രതയാണു നമുക്ക്‌. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പക്കല്‍ എത്രയോ സ്‌ഥലം ഉപയോഗമില്ലാതെ കിടക്കുന്നു. എന്റെ നിയോജകമണ്ഡലത്തിലെ പൊന്‍കുന്നം, കറുകച്ചാല്‍ പോലീസ്‌ സ്‌റ്റേഷനുകളുടെ പക്കല്‍ ഏക്കറുകള്‍ ഇങ്ങനെ വെറുതേ കിടക്കുന്നു. അവിടങ്ങളില്‍ മൈതാനം നിര്‍മിക്കണമെന്ന ആവശ്യം ദീര്‍ഘനാളായുള്ളതാണ്‌. എന്നാല്‍, വെറുതേയിട്ടാലും ആഭ്യന്തരവകുപ്പ്‌ ഈ സ്‌ഥലം വിട്ടുനല്‍കില്ല. വിവിധ വകുപ്പുകളുടെ പക്കല്‍ ഇങ്ങനെ വെറുതേ കിടക്കുന്ന സ്‌ഥലങ്ങളില്‍ കെട്ടിടങ്ങള്‍ സ്വപ്‌നം കാണാതെ, നല്ല കളിക്കളങ്ങളാക്കാന്‍ ശ്രമിച്ചുകൂടേ? പല മികച്ച സ്‌റ്റേഡിയങ്ങളിലും "അന്യര്‍ക്കു പ്രവേശനമില്ല". പൊതുവിദ്യാലയങ്ങളുടെയും പൊതുസ്‌ഥാപനങ്ങളുടെയും പക്കലുള്ള മൈതാനങ്ങള്‍ തുറന്നുനല്‍കിയാല്‍ത്തന്നെ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന കായികപദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിയും.
ചെറുപ്രായത്തില്‍തന്നെ മികച്ച ഫുട്‌ബോള്‍ കളിക്കാരെ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള പരിശീലനപരിപാടിയാണു "കിക്കോഫ്‌". സംസ്‌ഥാനത്തെ 18 സ്‌കൂളുകളിലാണിതു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്‌. എട്ടു സ്‌കൂളുകളില്‍ ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍, 50% പൊതുവിദ്യാലയങ്ങളില്‍ നിലവില്‍ കായികാധ്യാപകരില്ല! 3306 എയ്‌ഡഡ്‌ സ്‌കൂളുകളില്‍ 1679 എണ്ണത്തില്‍ കായികാധ്യാപക തസ്‌തികയേയില്ല. കായികമേഖലയിലെ അടിസ്‌ഥാനസൗകര്യവികസനം ഏറെ പ്രധാനമാണ്‌. മികച്ച ട്രാക്കുകള്‍ തയാറാക്കണം, മികച്ച പരിശീലകരെ കണ്ടെത്തണം. 57 സ്‌റ്റേഡിയങ്ങള്‍ ഉള്‍പ്പെട്ട പദ്ധതി കിഫ്‌ബി അംഗീകരിച്ചതായാണ്‌ അറിവ്‌. അതിനൊപ്പം, ഗ്രാമങ്ങളിലെ ചെറുതും വലുതുമായ സ്‌റ്റേഡിയങ്ങള്‍ വികസിപ്പിക്കാന്‍ പദ്ധതിയുണ്ടാകണം. ആരോഗ്യമേഖലയില്‍ ഭാവിയില്‍ കൂടുതല്‍ പണം ചെലവഴിക്കാതിരിക്കാന്‍ കായികമേഖലയെ സമ്പുഷ്‌ടമാക്കണം.
താത്‌പര്യമുള്ള എല്ലാവര്‍ക്കുമായി കളിക്കളങ്ങള്‍ തുറന്നുകൊടുക്കണം. തിരുവനന്തപുരത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം, എല്‍.എന്‍.സി.പി.ഇ, യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം എന്നിവയൊക്കെ സാധാരണക്കാര്‍ക്ക്‌ അപ്രാപ്യമാണ്‌. അവിടങ്ങളില്‍ എല്ലാവര്‍ക്കും പരിശീലനം ലഭ്യമാക്കണം. നമ്മുടെ സര്‍വകലാശാലാ സ്‌റ്റേഡിയങ്ങള്‍ കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി തുറന്നുകൊടുക്കണം. സര്‍ക്കാരിന്റെ കായികക്ഷമതാപദ്ധതി ഏറെ പ്രതീക്ഷ പകര്‍ന്നിരുന്നു. നഴ്‌സറി മുതല്‍ മുതിര്‍ന്ന പൗരന്മാരെവരെ ഉദ്ദേശിച്ചുള്ള കായികക്ഷമതാദൗത്യത്തിന്റെ രൂപരേഖ തയാറാക്കാന്‍ ഇനിയും അമാന്തമരുത്‌. 2020, 2024 ഒളിമ്പിക്‌സുകള്‍ ലക്ഷ്യമിട്ടു നടപ്പാക്കിയ "ഓപ്പറേഷന്‍ ഒളിമ്പ്യ" പതിനൊന്നോളം കായികയിനങ്ങളില്‍ 210 കളിക്കാര്‍ക്കു രാജ്യാന്തരനിലവാരമുള്ള പരിശീലനമാണു ലക്ഷ്യമിടുന്നത്‌. ഗുസ്‌തി, സൈക്ലിങ്‌, നീന്തല്‍, ബോക്‌സിങ്‌ തുടങ്ങി എട്ടിനങ്ങളില്‍ പദ്ധതി ആരംഭിച്ചുകഴിഞ്ഞു. 134 കോടി രൂപയുടെ പദ്ധതി തദ്ദേശീയ പരിശീലകരെക്കൊണ്ടുമാത്രം ലക്ഷ്യം കൈവരിക്കില്ല. ദേശീയ-വിദേശപരിശീലകരുടെയും സേവനം ഉറപ്പാക്കണം. കുരുന്നുപ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കണം.
ജീവിതശൈലീരോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്ലാണു കമ്യൂണിറ്റി സ്‌പോര്‍ട്‌സ്‌ പാര്‍ക്ക്‌ എന്ന ആശയം ഉരുത്തിരിഞ്ഞത്‌. ഏഴു പാര്‍ക്കുകളില്‍ ആധുനിക ഹെല്‍ത്ത്‌ ക്ലബ്‌ തുടങ്ങുകയാണു പദ്ധതി. അന്യംനില്‍ക്കുന്ന നാടന്‍കളികളെ സംരക്ഷിക്കാനുള്ള കളിത്തട്ട്‌ പദ്ധതിയും ശ്രദ്ധേയമാണ്‌. മധ്യതിരുവിതാംകൂറിന്റെ സ്വന്തമായ നാടന്‍ പന്തുകളി, കിളിത്തട്ടുകളി, കബഡി, കുട്ടിയും കോലും, ഓലപ്പന്ത്‌, അട്ടിയേറ്‌, വടംവലി, പമ്പരംകൊത്ത്‌, കുഴിപ്പന്ത്‌, സാറ്റ്‌ തുടങ്ങി നഷ്‌ടപ്പെട്ട എത്രയോ നാടന്‍കളികള്‍. അവ പരിപോഷിപ്പിക്കാനും നടപടിയുണ്ടാകണം. സര്‍ക്കാര്‍ നടപ്പാക്കുന്ന മറ്റൊരു പദ്ധതിയാണു ട്രിവാന്‍ഡ്രം മാരത്തണ്‍ പദ്ധതി. കായിക-യുവജനവകുപ്പ്‌ നേതൃത്വം നല്‍കുന്ന ഈ പദ്ധതി ഭംഗിയായി നടപ്പാക്കാന്‍ കഴിഞ്ഞാല്‍ നേട്ടമാണ്‌. ഫാമിലി ഫണ്‍ റണ്‍, റോഡ്‌ റേസ്‌, ഹാഫ്‌ മാരത്തണ്‍, 42.19 കി.മീ. ഫുള്‍ മാരത്തണ്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഒട്ടേറെ പരിപാടികളോടെയാണു പദ്ധതി വിഭാവനം ചെയ്‌തിട്ടുള്ളത്‌.
"യു.പി. സ്‌കൂള്‍ കുട്ടികള്‍ ഷട്ടില്‍ കളിക്കുമോ" എന്നു ഫയലില്‍ സന്ദേഹം കുറിച്ചവര്‍ക്കിടയിലൂടെ "പ്ലേ ഫോര്‍ ഹെല്‍ത്ത്‌" പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നതു സര്‍ക്കാരിനു വെല്ലുവിളിയാണ്‌. പ്രൈമറി മുതല്‍ ഓരോ കുട്ടിക്കും കായികവിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ സ്‌കൂളുകളില്‍ സൗകര്യമൊരുക്കുന്ന പദ്ധതിയാണു പ്ലേ ഫോര്‍ ഹെല്‍ത്ത്‌. നടപ്പാക്കിയാല്‍, കായികവകുപ്പിന്റെ ഏറ്റവും മികച്ച പദ്ധതിയാകും ഇത്‌. ഭൂരിഭാഗം സ്‌കൂളുകളിലും സ്‌ഥലലഭ്യതയാണു പദ്ധതിക്കു പ്രധാനതടസം. തദ്ദേശ സ്വയംഭരണസ്‌ഥാപനങ്ങള്‍ക്കോ ജനപ്രതിനിധികള്‍ക്കോ സ്വകാര്യ സ്‌കൂളുകളിലെ മൈതാന നിര്‍മാണത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ട്‌. തദ്ദേശസ്‌ഥാപനങ്ങളുടെ പദ്ധതിവിഹിതം വിദ്യാലയങ്ങളിലെ കളിസ്‌ഥലങ്ങള്‍ക്കു വിനിയോഗിക്കാന്‍ തടസമില്ലാതാക്കണം. ഓരോ പ്രദേശത്തും തദ്ദേശപ്രാധാന്യമുള്ള കായികവിനോദങ്ങളുണ്ട്‌. അവ മുന്‍നിര്‍ത്തിയുള്ള പ്രോത്സാഹനമാകണം നല്‍കേണ്ടത്‌. മികച്ച കായികതാരങ്ങള്‍ക്ക്‌ ഉന്നതപരിശീലനം നല്‍കുന്നതാണ്‌ എലൈറ്റ്‌ പദ്ധതി. എലൈറ്റ്‌ പരിശീലനകേന്ദ്രങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കായിക ഇനങ്ങളിലാണു പരിശീലനം. ജില്ലാ/സ്‌കൂള്‍ സ്‌പോര്‍ട്‌സ്‌ അക്കാഡമികളും ഗ്രാമീണ കായികപരിശീലനകേന്ദ്രങ്ങളും നിലവിലുണ്ട്‌. ഇവയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകണം.
കുട്ടികളുടെ മുങ്ങിമരണം ഇന്നു നിത്യവാര്‍ത്തയായിരിക്കുന്നു. കഴിഞ്ഞ പ്രളയകാലത്തും നീന്തല്‍ പരിശീലനത്തിന്റെ അഭാവം അനുഭവിച്ചവരാണു നമ്മള്‍. സ്‌കൂള്‍ കുട്ടികള്‍ക്കു നീന്തല്‍ പരിശീലനം നല്‍കാന്‍ സ്‌ക്വാഷ്‌ പദ്ധതി നിലവിലുണ്ടെങ്കിലും ആവശ്യത്തിനു നീന്തല്‍ കുളങ്ങളും പരിശീലകരുമില്ല. കായികരംഗത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ഒട്ടേറെ പദ്ധതികളുണ്ടെങ്കിലും അവ "ട്രാക്കില്‍" അല്ലെന്നു പറയേണ്ടിവരും. കുറ്റമറ്റ കായികനയം ഇനിയും സാധ്യമായിട്ടില്ല. കളിസ്‌ഥലങ്ങളുടെ നിര്‍മാണത്തിനും പരിപാലനത്തിനുമായി ഒരു സ്വകാര്യബില്‍ 2016-ല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. സ്വകാര്യ ബില്ലിന്റെ സ്വാഭാവികമരണം അതിനും സംഭവിച്ചു. ആ ബില്ലിലെ വ്യവസ്‌ഥകള്‍കൂടി ഉള്‍പ്പെടുത്തി ഒരു നിയമം പാസാക്കുന്നതു നവകേരളത്തിന്റെ കായിക, ആരോഗ്യമേഖലകള്‍ക്കു ഗുണകരമാകും.

Ads by Google
Thursday 06 Dec 2018 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW