Sunday, May 19, 2019 Last Updated 50 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.23 AM

പ്രളയം: അടിയന്തര പ്രമേയം തള്ളി , എല്ലാവര്‍ക്കും സഹായം നല്‍കുമെന്ന്‌ മുഖ്യമന്ത്രി; പ്രതിപക്ഷം സഭ വിട്ടു

uploads/news/2018/12/270312/k3.jpg

തിരുവനന്തപുരം : പ്രളയ ദുരിതാശ്വാസത്തില്‍ സര്‍ക്കാരിനു വ്യാപകമായ പാളിച്ച പറ്റിയെന്നു നിയമസഭയില്‍ പ്രതിപക്ഷാരോപണം. 100 ദിവസമായിട്ടും അടിയന്തര ധനസഹായമായ 10,000 രൂപ കിട്ടാത്തവരുണ്ടെന്ന്‌ അടിയന്തര പ്രമേയത്തില്‍ വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.
രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊളിലാളികളുടെ വള്ളങ്ങള്‍ നന്നാക്കിക്കൊടുക്കാത്തതിനാല്‍ അവര്‍ പട്ടിണിയിലാണെന്നും സതീശന്‍ പറഞ്ഞു.
ദുരന്തത്തില്‍പ്പെട്ട എല്ലാവര്‍ക്കും സഹായം നല്‍കുമെന്നും ഇതുവരെ നല്‍കിയിട്ടില്ലെന്നതിന്റെ അര്‍ഥം സഹായം കൊടുക്കില്ലെന്നല്ലെന്നും മറുപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. സഹായവിതരണത്തിനുള്ള നടപടികള്‍ തുടരുകയാണെന്നുമുള്ള മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ അതൃപ്‌തി അറിയിച്ച്‌ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. പ്രളയദുരിതാശ്വാസം എന്നു നല്‍കുമെന്ന്‌ മുഖ്യമന്ത്രി വ്യക്‌തമാക്കിയില്ലെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ അടിയന്തര പ്രമേയം സഭ തള്ളിക്കളഞ്ഞു.
ഉപജീവനമാര്‍ഗം നഷ്‌ടപ്പെട്ടവര്‍ക്കു നഷ്‌ടപരിഹാരം നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നു പ്രമേയം അവതരിപ്പിച്ച സതീശന്‍ പറഞ്ഞു. കണക്കില്ലാത്ത ധനസമാഹരണം നടത്തിയെങ്കിലും അതിന്റെ എട്ടിലൊന്നുപോലും പുനര്‍നിര്‍മാണത്തിനു ചെലവാക്കിയില്ല. ഗ്രാമീണ റോഡുകള്‍ നന്നാക്കിയില്ല. കുടുംബശ്രീ വായ്‌പകള്‍ പോലും കൃത്യമായി കിട്ടുന്നില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ പ്രഖ്യാപനങ്ങള്‍ മാത്രമാണ്‌ ഉണ്ടാകുന്നതെന്നും സതീശന്‍ ആരോപിച്ചു. വീട്‌ നഷ്‌ടപ്പെട്ടവര്‍ക്കു പകരം വീട്‌ നല്‍കാനുള്ള നടപടി തുടരുകയാണെന്നു മുഖ്യമന്ത്രി മറുപടി നല്‍കി. വീട്‌ നിര്‍മാണത്തിന്‌ തടസങ്ങളില്ല. നിര്‍മിക്കുന്നത്‌ അപകടമേഖലയിലാണോ എന്നു മാത്രമേ പരിശോധിക്കുന്നുള്ളൂ.
കന്നുകാലികള്‍ നഷ്‌ടപ്പെട്ടവര്‍ക്കായി 29 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌, രണ്ടാഴ്‌ചയ്‌ക്കകം അതു വിതരണം ചെയ്യും. തര്‍ക്കമുള്ളത്‌ ചെറുകിട കച്ചവടക്കാരുടെ കാര്യത്തില്‍ മാത്രമാണ്‌. അവര്‍ക്കു കേന്ദ്ര ദുരന്തപ്രതിരോധനിധിയില്‍നിന്നു സഹായം ലഭിക്കില്ല. അവരെ സംസ്‌ഥാന സര്‍ക്കാര്‍ സഹായിക്കും.
കുടുംബശ്രീവഴി 43,388 കുടുംബങ്ങള്‍ക്കായി 374 േകാടി രൂപ വായ്‌പ നല്‍കി. രണ്ടു ദിവസം വെള്ളം കെട്ടിനിന്ന വീടുകള്‍ക്കാണു പതിനായിരം രൂപ വീതം നഷ്‌ടപരിഹാരം നിശ്‌ചയിച്ചത്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍ 6,85,184 പേര്‍ക്കു സഹായം നല്‍കി. കാര്‍ഷികമേഖലയ്‌ക്ക്‌ 201.17 കോടി രൂപയുടെ ആശ്വാസം നല്‍കി. ആശ്വാസമായി നല്‍കിക്കഴിഞ്ഞു. 11,517 കര്‍ഷകര്‍ക്കു വിള ഇന്‍ഷുറന്‍സ്‌ ലഭ്യമാക്കി. 26,720 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്നാണ്‌ ഐക്യരാഷ്‌ട്രസഭയുടെ കണക്ക്‌. നഷ്‌ടം അതിലൊങ്ങില്ല. പുനര്‍നിര്‍മാണത്തിന്‌ 31,000 കോടി രൂപ വേണമെന്നാണ്‌ അവരുടെ വിലയിരുത്തല്‍. രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ മുഖ്യമന്ത്രി ഒരിക്കല്‍ക്കൂടി പ്രശംസിച്ചു. കേടുപാടുണ്ടായ മത്സ്യബന്ധന ബോട്ടുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാകുകയാണെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിയുടെ മറുപടിയില്‍ അതൃപ്‌തി അറിയിച്ച്‌ ബഹളമുണ്ടാക്കിയാണു പ്രതിപക്ഷം ഇറങ്ങിപ്പോയത്‌. മുഖ്യമന്ത്രിയുടെ വാഗ്‌ദാനങ്ങള്‍ നടപ്പായില്ലെന്നും ദുരിതാശ്വാസ കാര്യത്തില്‍ സര്‍ക്കാര്‍ യാതൊരു ഹോംവര്‍ക്കും നടത്തിയില്ലെന്നും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ആരോപിച്ചു. മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും ബാങ്കുകള്‍ ജപ്‌തി നടപടികള്‍ തുടരുന്നു. കേന്ദ്രത്തില്‍ നിന്നു സഹായം നേടിയെടുക്കാന്‍ കഴിഞ്ഞില്ല. യു.എ.ഇയില്‍ നിന്ന്‌ 700 കോടി കിട്ടുമെന്നു മുഖ്യമന്ത്രിയോട്‌ ആരുപറഞ്ഞു? സാലറി ചലഞ്ചിന്റെ പേരില്‍ ജീവനക്കാരെ സര്‍ക്കാര്‍ രണ്ടു തട്ടിലാക്കിയെന്നും രമേശ്‌ ആരോപിച്ചു.
ചര്‍ച്ച പലപ്പോഴും ആരോപണപ്രത്യാരോപണങ്ങള്‍ക്കും ബഹളത്തിനും വഴിവച്ചു. രണ്ടു മണിക്കൂര്‍ നിശ്‌ചയിച്ചിരുന്ന ചര്‍ച്ച മൂന്നര മണിക്കൂര്‍ നീണ്ടു. നിയമസഭയില്‍ ബി.ജെ.പിക്കൊപ്പം നിലപാടെടുക്കുമെന്നു നേരത്തേ പ്രഖ്യാപിച്ച പി.സി. ജോര്‍ജ്‌ മുഖ്യമന്ത്രിയെ അനുകൂലിച്ചും പ്രശംസിച്ചും ചര്‍ച്ചയില്‍ പങ്കെടുത്തതു ശ്രദ്ധേയമായി.

Ads by Google
Thursday 06 Dec 2018 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW