Thursday, December 06, 2018 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകര്‍
Thursday 06 Dec 2018 01.23 AM

'അപ്പീല്‍ തള്ളല്‍ ചലഞ്ച്', നവകേരളനിര്‍മാണത്തിന്‌ സ്‌കൂള്‍ കലോത്സവവും കച്ചിത്തുരുമ്പാകുന്നു! 87% അപ്പീലും തള്ളി, കണ്ണൂര്‍ ജില്ലയില്‍നിന്നു മാത്രം ലഭിച്ചത് 4ലക്ഷം രൂപ

ജില്ലാതലത്തില്‍ അപ്പീല്‍ ഒന്നിനു 2000 രൂപയാണ്‌ ഈടാക്കുന്നത്‌. അപ്പീല്‍ തള്ളിയാല്‍ മത്സരാര്‍ഥിക്ക്‌ ഈ തുക നഷ്‌ടപ്പെടും. ഇങ്ങനെ സമാഹരിക്കുന്ന തുക സര്‍ക്കാരിനു മുതല്‍ക്കൂട്ടാകുന്നതിനൊപ്പം, സംസ്‌ഥാന കലോത്സവത്തില്‍ മത്സരാര്‍ഥികളുടെ എണ്ണം കുറച്ച്‌, ചെലവ്‌ ചുരുക്കുകയുമാണു ലക്ഷ്യം.
State school youth festival

പ്രളയാനന്തരം നവകേരളനിര്‍മിതിക്കു ഫണ്ട്‌ കണ്ടെത്താന്‍ നെട്ടോട്ടമോടുന്ന സര്‍ക്കാരിനു കലോത്സവവും കച്ചിത്തുരുമ്പാകുന്നു! ആലപ്പുഴയില്‍ നാളെ ആരംഭിക്കുന്ന സംസ്‌ഥാന സ്‌കൂള്‍ കലോത്സവം ആര്‍ഭാടരഹിതമായാണു സംഘടിപ്പിക്കുന്നത്‌. ഈ ചെലവു ചുരുക്കലിനു പുറമേയാണ്‌, അപ്പീലുകളില്‍നിന്നുള്ള "ആദായ"സാധ്യതയും സര്‍ക്കാര്‍ തിരിച്ചറിഞ്ഞത്‌. റവന്യൂ ജില്ലാതലത്തില്‍ അപ്പീലിലൂടെ നൂറുകണക്കിനു പേരാണു മുന്‍വര്‍ഷങ്ങളില്‍ സംസ്‌ഥാന കലോത്സവങ്ങളില്‍ പങ്കെടുത്തിരുന്നത്‌.

ഇക്കുറിയും അപ്പീലുകള്‍ക്കു പഞ്ഞമില്ലെങ്കിലും 87 ശതമാനവും തള്ളി. സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശപ്രകാരമായിരുന്നു ഇത്‌. ജില്ലാതലത്തില്‍ അപ്പീല്‍ ഒന്നിനു 2000 രൂപയാണ്‌ ഈടാക്കുന്നത്‌. അപ്പീല്‍ തള്ളിയാല്‍ മത്സരാര്‍ഥിക്ക്‌ ഈ തുക നഷ്‌ടപ്പെടും. ഇങ്ങനെ സമാഹരിക്കുന്ന തുക സര്‍ക്കാരിനു മുതല്‍ക്കൂട്ടാകുന്നതിനൊപ്പം, സംസ്‌ഥാന കലോത്സവത്തില്‍ മത്സരാര്‍ഥികളുടെ എണ്ണം കുറച്ച്‌, ചെലവ്‌ ചുരുക്കുകയുമാണു ലക്ഷ്യം.

പ്രളയാനന്തരം മൂന്നു ദിവസമായി ചുരുക്കിയ 59-ാം സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 14 ജില്ലകളില്‍നിന്നു ലഭിച്ച 2152 അപ്പീലുകളില്‍ 288 എണ്ണത്തിനു മാത്രമാണ്‌ അനുമതി ലഭിച്ചത്‌. സംസ്‌ഥാന കലോത്സവം നാളെ ആരംഭിക്കാനിരിക്കേ, അപ്പീലുകളിലുള്ള അന്തിമതീരുമാനം ഇന്നലെയോടെയാണു മത്സരാര്‍ഥികളെ അറിയിച്ചത്‌. പ്രളയാനന്തരം ചെലവുചുരുക്കിയും ദിവസങ്ങള്‍ വെട്ടിക്കുറച്ചും നടത്തുന്ന സംസ്‌ഥാനകലോത്സവം നീണ്ടുപോകാതിരിക്കാനാണ്‌ അപ്പീലുകള്‍ക്കു കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയത്‌. പരമാവധി 10% അപ്പീലേ അനുവദിക്കാവൂ എന്ന്‌ ഡി.പി.ഐ. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക്‌ നിര്‍ദേശം നല്‍കിയിരുന്നു.

ശബ്‌ദസംവിധാനം നിലച്ചതടക്കം സാങ്കേതികപിഴവുകളുമായി ബന്ധപ്പെട്ട അപ്പീലുകള്‍ മാത്രമേ അനുവദിച്ചുള്ളൂ. വിധികര്‍ത്താക്കള്‍ പക്ഷപാതം കാണിച്ചെന്നതടക്കമുള്ള പരാതികള്‍ അപ്പാടെ തള്ളി. ജില്ലാതലത്തില്‍നിന്നു യോഗ്യത നേടിയവരേക്കാള്‍ കൂടുതല്‍ പോയിന്റ്‌ സംസ്‌ഥാനതലത്തില്‍ ലഭിച്ചാലേ അപ്പീലുകാര്‍ക്കു കെട്ടിവച്ച തുക തിരികെക്കിട്ടൂ.

ആതിഥേയജില്ലയായ ആലപ്പുഴയില്‍ 121 അപ്പീല്‍ അപേക്ഷകളാണു ലഭിച്ചത്‌. ഇതില്‍ 16 പേര്‍ക്കേ അനുമതി ലഭിച്ചുള്ളൂ. കോടതിയില്‍നിന്ന്‌ അനുവാദം നേടി മത്സരിക്കാന്‍ നൂറുകണക്കിനുപേര്‍ രംഗത്തുണ്ട്‌. കണ്ണൂര്‍ റവന്യൂ ജില്ലാ കലോത്സവത്തില്‍ ലഭിച്ച 204 അപ്പീലുകളില്‍ 26 എണ്ണം അനുവദിച്ചു. അപ്പീല്‍ ഇനത്തില്‍ കണ്ണൂര്‍ ജില്ലയില്‍നിന്നു മാത്രം വിദ്യാഭ്യാസവകുപ്പിനു 4,08,000 രൂപ ലഭിച്ചു.

കഴിഞ്ഞവര്‍ഷം ജില്ലയില്‍ മുന്നൂറോളം അപ്പീലുകളാണ്‌ ഉണ്ടായിരുന്നത്‌. കമ്മിറ്റി തള്ളിയാല്‍ കോടതിയെ സമീപിക്കാമെന്ന പ്രതീക്ഷയിലാണു മിക്കവരും അപ്പീല്‍ നല്‍കുന്നത്‌. എന്നാല്‍, കോടതികളും ഉപാധികളോടെയാണ്‌ അപ്പീല്‍ അനുവദിക്കുന്നത്‌. ഇക്കുറി കണ്ണൂര്‍ ജില്ലാകലോത്സവത്തില്‍ ലോകായുക്‌തയുടെ ഉത്തരവുമായെത്തിയ വിദ്യാര്‍ഥി 7500 രൂപ കെട്ടിവച്ചാണു മത്സരത്തില്‍ പങ്കെടുത്തത്‌. ആദ്യ നാലുസ്‌ഥാനങ്ങളില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ തുക തിരിച്ചുകിട്ടില്ല. കാസര്‍ഗോഡ്‌ ജില്ലയില്‍ 103 അപ്പീലുകള്‍ വന്നപ്പോള്‍, അനുവദിച്ചതു 10 എണ്ണം മാത്രം.

മലപ്പുറം ജില്ലയില്‍ 248 അപ്പീലുകള്‍ ലഭിച്ചപ്പോള്‍, 20 എണ്ണമേ പരിഗണിച്ചുള്ളൂ. സാങ്കേതികകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു 90% അപ്പീലും. എന്നാല്‍, ചെറിയ മാര്‍ക്കിന്റെ വ്യത്യാസത്തില്‍ രണ്ടാംസ്‌ഥാനത്തായവരുടെ അപ്പീല്‍ മാത്രമാണു പരിഗണിച്ചത്‌. വയനാട്ടില്‍ 100 അപ്പീലുകളില്‍ 11 എണ്ണമാണ്‌ അനുവദിച്ചത്‌. കഴിഞ്ഞവര്‍ഷം വയനാട്ടില്‍ 30% അപ്പീലുകള്‍ അനുവദിച്ചിരുന്നു. പാലക്കാട്‌ ജില്ലയില്‍ 207 അപ്പീലുകളില്‍ 21 എണ്ണം അനുവദിച്ചു; അപ്പീലിന്റെ 10 ശതമാനമാണ്‌ അനുവദിച്ചതെന്നു ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ പി.യു. പ്രസന്നകുമാരി അറിയിച്ചു.

തൃശൂര്‍ ജില്ലയില്‍ 253 അപ്പീലുകള്‍ സമര്‍പ്പിക്കപ്പെട്ടതില്‍ 28 എണ്ണമാണ്‌ അംഗീകരിച്ചത്‌. കോടതിയും ലോകായുക്‌തയും മുഖേന സംസ്‌ഥാന കലോത്സവത്തില്‍ പങ്കെടുക്കാനുള്ള നീക്കത്തിലാണു മിക്കവരും. നൃത്തയിനങ്ങള്‍ക്കാണ്‌ അപ്പീലുകള്‍ കൂടുതല്‍. അപ്പീല്‍ നടപടികള്‍ക്ക്‌ ഉള്‍പ്പെടെ വന്‍ റാക്കറ്റുകളാണു രംഗത്തുള്ളത്‌. കഴിഞ്ഞവര്‍ഷം തൃശൂരില്‍ സംസ്‌ഥാന സ്‌കൂള്‍ കലോത്സവം നടന്നപ്പോള്‍ ക്രൈംബ്രാഞ്ച്‌ വിധികര്‍ത്താക്കളെ ഉള്‍പ്പെടെ പിടികൂടിയിരുന്നു.

കൊച്ചിയില്‍ 134 അപ്പീലുകളില്‍ 15 എണ്ണം അനുവദിച്ചു. കോട്ടയം ജില്ലയില്‍ 89 അപ്പീലുകളാണു വന്നത്‌. ഇതില്‍ പകുതിയില്‍ താഴെയേ പരിഗണിച്ചുള്ളൂ. പതിവുപോലെ, നൃത്തയിനങ്ങളിലായിരുന്നു ഏറെ അപ്പീല്‍. എന്നാല്‍, രചനാമത്സരങ്ങളുടേതു മാത്രമാണ്‌ അധികൃതര്‍ ആദ്യം പരിഗണിച്ചത്‌. പിന്നീട്‌ അധ്യാപകസംഘടനകളില്‍നിന്ന്‌ ഉള്‍പ്പെടെ ശക്‌തമായ സമ്മര്‍ദമുണ്ടായതോടെ നൃത്തയിനങ്ങളിലെ അപ്പീലും പരിഗണിച്ചു.

പത്തനംതിട്ട ജില്ലയില്‍ 83 അപ്പീലുകളില്‍ 14 എണ്ണം അനുവദിച്ചു. അപ്പീല്‍ തള്ളപ്പെട്ടവര്‍ കോടതിയേയോ ലോകായുക്‌തയേയോ സമീപിക്കാനുള്ള നീക്കത്തിലാണ്‌. ഇടുക്കിയില്‍ 58 അപ്പീലുകളില്‍ വെറും ഒന്‍പതെണ്ണമാണ്‌ അനുവദിച്ചത്‌. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നാലും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അഞ്ചും. തിരുവനന്തപുരം ജില്ലയില്‍ ആദ്യ അപ്പീല്‍ പട്ടിക റദ്ദാക്കി ഇന്നലെ പുതിയതു പ്രസിദ്ധീകരിച്ചു. ആദ്യപട്ടികയില്‍ 40 പേരുണ്ടായിരുന്നത്‌ ഇന്നലെ 27 ആയി കുറഞ്ഞു. അപ്പീലുകള്‍ കുറയ്‌ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 254 അപ്പീലുകളില്‍ 10 എണ്ണം മാത്രമായിരുന്നു ആദ്യം അനുവദിച്ചത്‌. 30 പേരെ ഇന്നലെ തിരുകിക്കയറ്റുകയായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW