Sunday, May 19, 2019 Last Updated 27 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.23 AM

സുബഹാനിയെ ചോദ്യംചെയ്യാന്‍ ഫ്രഞ്ച്‌ പോലീസ്‌ വിയ്യൂരില്‍

uploads/news/2018/12/270306/k7.jpg

തൃശൂര്‍/കൊച്ചി : പാരീസില്‍ 153 പേരുടെ മരണത്തിനിടയാക്കിയ 2015 ലെ ഭീകരാക്രമണത്തില്‍ പങ്കാളിയെന്നു സംശയിക്കുന്ന മലയാളിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഫ്രഞ്ച്‌ കുറ്റാന്വേഷണ സംഘം ചോദ്യംചെയ്‌തു. കനകമല ഗൂഢാലോചനക്കേസില്‍ വിചാരണത്തടവുകാരനായ തൊടുപുഴ സ്വദേശി സുബഹാനി ഹാജ മൊയ്‌തീനെയാണ്‌ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഉദ്യോഗസ്‌ഥരുടെ സഹകരണത്തോടെ ചോദ്യം ചെയ്‌തത്‌. വിദേശരാജ്യത്തെ ഭീകരാക്രമണക്കേസില്‍ ഒരു യൂറോപ്യന്‍ അന്വേഷണ ഏജന്‍സി ഇന്ത്യയിലെ തടവുകാരനെ ചോദ്യംചെയ്യുന്നത്‌ ഇതാദ്യം.
പാരീസ്‌ കേസില്‍ നേരത്തേ പിടിയിലായ അബ്‌ദുള്‍ സലാഹിനൊപ്പം സുബഹാനിക്കും വിദേശത്ത്‌ ആയുധ പരിശീലനം ലഭിച്ചതായി ഫ്രഞ്ച്‌ പോലീസിനു വിവരം ലഭിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്‌തത വരുത്തുകയാണു ഫ്രഞ്ച്‌ സംഘത്തിന്റെ ലക്ഷ്യം. മൂന്നു ദിവസം ഇന്ത്യയില്‍ തങ്ങാനുള്ള അനുവാദം ഫ്രഞ്ച്‌സംഘത്തിനുണ്ട്‌. ഇന്ത്യയിലെ ഫ്രഞ്ച്‌ സ്‌ഥാനപതി കാര്യാലയ ഉദ്യോഗസ്‌ഥരും സംഘത്തിനൊപ്പമുണ്ട്‌.
ഫ്രാന്‍സില്‍നിന്നുള്ള മൂന്നുപേരുള്‍പ്പെടെ മൂന്നു വാഹനങ്ങളിലായി പത്തംഗ സംഘം ഇന്നലെ വൈകിട്ട്‌ 4.30 നാണ്‌ വിയ്യൂരില്‍ എത്തിയത്‌. സാധാരണ ജയില്‍കവാടം കടന്ന്‌ വാഹനങ്ങള്‍ അകത്തേക്കു വിടാറില്ല. ഇതിനു വിപരീതമായി അന്വേഷണസംഘത്തിന്റെ വാഹനം നേരേ അകത്തേക്കാണു പോയത്‌. തടവുകാരെ അടിയന്തരമായി സെല്ലുകളില്‍ അടച്ചശേഷം അന്വേഷണസംഘം ജയിലിലെ പ്രത്യേകമുറിയില്‍ മുക്കാല്‍ മണിക്കൂറോളം സുബഹാനിയെ ചോദ്യംചെയ്‌തു. ദ്വിഭാഷിയായ എന്‍.ഐ.എ. വനിതാ അംഗത്തിന്റെ സഹായത്തോടെ നടന്ന ചോദ്യംചെയ്യല്‍ ഇന്നും നാളെയും തുടരും.
ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയിലെ ഫ്രഞ്ച്‌് ഇടപെടലിനു പ്രതികാരമായാണ്‌ ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ (ഐ.എസ്‌.) ഭീകരര്‍ പാരീസില്‍ ആക്രമണം ആസൂത്രണം ചെയ്‌തത്‌. കലാഷ്‌നിക്കോവ്‌ തോക്കുധാരികളായി ശരീരത്തില്‍ സ്‌ഫോടകവസ്‌തുക്കള്‍ ഘടിപ്പിച്ച്‌ എത്തിയ ഭീകരര്‍ ബാറ്റാ ക്ലാന്‍ തിയേറ്റര്‍, പെറ്റീറ്റ്‌ കംബോജെ റെസ്‌റ്റോറന്റ്‌ അടക്കം ഏഴിടത്തു നരനായാട്ടു നടത്തി.
കേരളത്തിലെ വിവിധ ജില്ലകളില്‍ ഭീകരാക്രമണത്തിനു കോപ്പുകൂട്ടി കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം ചേരുന്നതിനിടെയാണു സുബഹാനി അടക്കം ആറുപേര്‍ എന്‍.ഐ.എയുടെ പിടിയിലായത്‌. ചോദ്യം ചെയ്യലില്‍ ഇയാള്‍ക്കു ഇറാഖിലെ മൊസൂളില്‍നിന്ന്‌ ഐ.എസിന്റെ ആയുധപരിശീലനം ലഭിച്ചതായി വ്യക്‌തമായിരുന്നു. ഇയാളുടെ കമാന്‍ഡറായിരുന്ന ഒരാളെ പാരീസ്‌ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന്‌ പറയുന്ന രണ്ടുപേര്‍ കാണാന്‍ വന്നിരുന്നതായും മൊഴി ലഭിച്ചിരുന്നു.
എന്‍.ഐ.എ. ഇക്കാര്യം ഫ്രാന്‍സ്‌ രഹസ്യാന്വേഷണ വിഭാഗത്തെ അറിയിച്ചു. പാരീസ്‌ ഭീകരാക്രമണ അന്വേഷണത്തില്‍ ഇന്ത്യയുടെ സഹായം തേടിയ ഫ്രഞ്ച്‌ സംഘത്തിന്റെ അഭ്യര്‍ഥനപ്രകാരം എന്‍.ഐ.എ. ഉദ്യോഗസ്‌ഥനായ മലയാളി എ.പി. ഷൗക്കത്തലിയെ ഫ്രാന്‍സിലേക്ക്‌ അയച്ചിരുന്നു. ഷൗക്കത്തലി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ വിശദമായ ചോദ്യംചെയ്യലിനായി ഫ്രഞ്ച്‌സംഘം വിയ്യൂരിലെത്തിയത്‌.

ജോയ്‌ എം.മണ്ണൂര്‍/എം.എസ്‌. സന്ദീപ്‌

Ads by Google
Thursday 06 Dec 2018 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW