Thursday, December 06, 2018 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.23 AM

"യു.എ.ഇ. സഹായം നിഷേധിച്ചതിലൂടെ നഷ്‌ടം ആയിരക്കണക്കിനു കോടി"

uploads/news/2018/12/270305/k6.jpg

തിരുവനന്തപുരം: യു.എ.ഇയുടെ സഹായം സ്വീകരിക്കാതിരുന്നതടക്കം പ്രളയദുരിതാശ്വാസം സംബന്ധിച്ചു കേന്ദ്ര സര്‍ക്കാരിനു മുഖ്യമന്ത്രി പിണറായി വിജയന്റെ കുറ്റപ്പെടുത്തല്‍.
യു.എ.ഇയുടെ സഹായം നിഷേധിച്ചതിലൂടെ നഷ്‌ടപ്പെട്ടത്‌ അവര്‍ വാഗ്‌ദാനം ചെയ്‌ത 700 കോടി രൂപ മാത്രമല്ല, സമാനമനസുള്ള മറ്റു രാജ്യങ്ങളില്‍നിന്നു ലഭിക്കുമായിരുന്ന ആയിരക്കണക്കിനു കോടികളാണെന്നു നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു. സാലറി ചലഞ്ച്‌ നല്ലൊരു കാര്യത്തിനു വേണ്ടിയാകുമ്പോള്‍ കുറച്ചുപേര്‍ക്കു മാത്രമേ വിസമ്മതമുണ്ടാകാന്‍ ഇടയുള്ളൂ എന്നതിനാലാണു വിസമ്മതപത്രം നല്‍കാന്‍ പറഞ്ഞത്‌.
എന്നാല്‍ എതിര്‍പ്പിനെ പ്രോത്സാഹിപ്പിക്കുകയാണു ചിലര്‍ ചെയ്‌തത്‌. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. ആര്‍ക്കെതിരേയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ മാസം 28 വരെ 486.60 കോടി രൂപ ലഭിച്ചു. 57.54% ഉദ്യോഗസ്‌ഥര്‍ സമ്മതം നല്‍കി. സാലറി ചലഞ്ചിലൂടെ 1,400-1,500 കോടി രൂപ സമാഹരിക്കാനാകുമെന്നാണു പ്രതീക്ഷ. 100 മില്യണ്‍ ഡോളര്‍, അതായത്‌ 700 കോടി രൂപ നല്‍കാമെന്നു യു.എ.ഇ. പ്രസിഡന്റ്‌ നമ്മുടെ പ്രധാനമന്ത്രിക്കു വാഗ്‌ദാനം ചെയ്‌തെന്നു പറഞ്ഞത്‌ വ്യവസായിയായ എം.എ. യൂസഫലിയാണ്‌.
പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കട്ടേ എന്നു ചോദിച്ചപ്പോള്‍ അനുവാദം നല്‍കി. യു.എ.ഇയില്‍ താമസിക്കുന്ന ഒരു വ്യക്‌തി, അവിടുത്തെ പ്രസിഡന്റ്‌ പറയാത്ത കാര്യം പറഞ്ഞെന്നു വാര്‍ത്ത വന്നാല്‍ അയാള്‍ക്കു പിന്നീടവിടെ താമസിക്കാന്‍ കഴിയുമോ എന്നു ചിന്തിച്ചാല്‍ വാസ്‌തവം മനസിലാകും. യു.എ.ഇയുടെ സഹായം നിരസിച്ച കേന്ദ്രസര്‍ക്കാര്‍, ധനസമാഹരണത്തിനായി മന്ത്രിമാര്‍ വിദേശത്തുപോകാനും അനുവദിച്ചില്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലും ബാങ്കുകളിലും ട്രഷറികളിലുമായി കഴിഞ്ഞ മാസം 23 വരെ 2,733.70 കോടി രൂപ ലഭിച്ചു.
കേന്ദ്ര ദുരിതപ്രതിരോധ ഫണ്ടില്‍നിന്ന്‌ 957.75 കോടി കിട്ടി. ജി.എസ്‌.ടി. സെസിലൂടെ പണം കണ്ടെത്തണമെന്നും വായ്‌പാപരിധി ഉയര്‍ത്തണമെന്നും കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിട്ടു നടപടിയുണ്ടായില്ല.
ദുരിതാശ്വാസത്തിന്‌ 5516 കോടി ആവശ്യപ്പെട്ടെങ്കിലും കേന്ദ്രത്തില്‍നിന്ന്‌ ഇതുവരെ ലഭിച്ചത്‌ 600 കോടി മാത്രമാണ്‌. അതില്‍ത്തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയതിനു 33 കോടിയും ഭക്ഷ്യധാന്യം നല്‍കിയതിന്‌ 265 കോടിയും തിരിച്ചുചോദിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

Ads by Google
Thursday 06 Dec 2018 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW