Thursday, December 06, 2018 Last Updated 8 Min 0 Sec ago English Edition
Todays E paper
Ads by Google
വി.പി. നിസാര്‍
Thursday 06 Dec 2018 01.22 AM

ചെമ്പരിക്ക ഖാസിയുടെ മരണം കൊലപാതകമെന്ന്‌ സമസ്‌തയ്‌ക്കു കീഴിലെ 'തെളിച്ചം' മാസിക; സി.എം. അബ്‌ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന്‌ ഒമ്പതാണ്ട്‌

CM Abdulla Moulavi

മലപ്പുറം : കേരളത്തിലെ പ്രമുഖ മുസ്ലിം സുന്നി പണ്ഡിതനും സമസ്‌ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന ചെമ്പരിക്ക ഖാസിയെന്ന സി.എം. അബ്‌ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന്‌ ഒമ്പതാണ്ട്‌ പൂര്‍ത്തിയാകാനിരിക്കെ ഖാസിയെ കൊലപ്പെടുത്തിയതാണെന്ന സൂചനകളുമായി സമസ്‌തയുടെ മാഗസിന്‍ പുറത്തിറങ്ങി.

സമസ്‌തയുടെ പ്രമുഖ സ്‌ഥാപനമായ ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ തെളിച്ചം മാസികയിലാണ്‌ കേസിന്റെ ചുരുളഴിയണമെന്ന ആവശ്യത്തോടൊപ്പം മരണം കൊലപാതകമാണെന്നും ചൂണ്ടിക്കാട്ടുന്നത്‌.

ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലറും ഇ.കെ. സമസ്‌തയുടെ മുശാവറ അംഗവുമായ ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി എഡിറ്ററായ തെളിച്ചം മാസികയുടെ ഡിസംബര്‍ ലക്കത്തിലാണ്‌ ഖാസിയുടെ മുഖചിത്രത്തോട്‌ കൂടി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ലേഖനങ്ങളും ഫീച്ചറുകളും പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. സി.എം. അബ്‌ദുല്ല മൗലവി: നീതി നിഷേധത്തിന്റെ ഒമ്പതാണ്ട്‌ എന്ന തലക്കെട്ടോടെ തയാറാക്കിയ മാസിക നവംബര്‍ 29-നാണ്‌ പുറത്തിറങ്ങിയത്‌.
പ്രകടമായ തെളിവുകള്‍ കൊലപാതകത്തിലേക്ക്‌ വിരല്‍ ചൂണ്ടിയിട്ടും ആത്മഹത്യയെന്ന്‌ വരുത്തിത്തീര്‍ക്കാനുള്ള കുറ്റകരമായ വ്യഗ്രതയിലാണ്‌ അന്വേഷണ സംഘങ്ങളെന്നും മാസിക ചൂണ്ടിക്കാട്ടുന്നു.

നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്ന ഉദ്യോഗസ്‌ഥന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണങ്ങള്‍ ഒട്ടും തൃപ്‌തികരമല്ലെന്നും മാസികയില്‍ പരാമര്‍ശമുണ്ട്‌.
ഹൈക്കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം പുനരന്വേഷണം നടത്തണമെന്നാണ്‌ കുടുംബത്തിന്റെ ആവശ്യം. ഒമ്പതാണ്ടുകള്‍ക്ക്‌ ശേഷവും കാസര്‍കോട്ടെ ഒപ്പുമരച്ചുവട്ടില്‍ സമരം തുടരുകയാണ്‌.
സി.എം. എന്ന വ്യക്‌തിത്വത്തിന്റെ ജീവിതം തന്നെയാണ്‌ ആത്മഹത്യയെന്ന മഹാപാതകത്തെ കുറിച്ച്‌ അദ്ദേഹം ചിന്തിക്കുക കൂടിയില്ല എന്നതിന്റെ പ്രഥമ തെളിവെന്നും മാസിക ചൂണ്ടിക്കാട്ടുന്നു.

ഖാസിയുടെ മകന്‍ സി.എം. ശാഫി ചെമ്പരിക്കയുടെ ലേഖനവും ഖാസിയുടെ ബന്ധുവും ഇ.കെ. വിഭാഗം കാസര്‍ഗോഡ്‌ ജില്ലാ പ്രസിഡന്റുമായ ത്വാഖ അഹ്‌മദ്‌ അസ്‌ഹരിയുമായുള്ള അഭിമുഖവും മാസികയിലുണ്ട്‌. കൂടാതെ, സി.ആര്‍. നീലകണ്‌ഠന്‍, ഡോ. സുരേന്ദ്രനാഥ്‌, അഡ്വ. സി.എന്‍. ഇബ്രാഹീം, സിദ്ധീഖ്‌ നദ്‌വി, അഡ്വ. ഹനീഫ്‌ ദേലമ്പാടി, നൗഫല്‍ മേലാറ്റൂര്‍, ഫള്‌ല്‍ കോപിലാന്‍, അനീസ്‌ ടി.എ. കമ്പളക്കാട്‌ എന്നിവരുടെ ലേഖനങ്ങളുമുണ്ട്‌.
അദ്ദേഹത്തിന്റെ മരണം ആത്മഹത്യയാണെന്ന്‌ പ്രചരിപ്പിക്കാന്‍ ചില സമസ്‌ത നേതാക്കള്‍ ശ്രമിച്ചുവെന്നാരോപിച്ച്‌ ഖാസിയുടെ മകന്‍ മുഹമ്മദ്‌ ഷാഫി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. മരണത്തില്‍ സത്യസന്ധമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്‌ നടത്തുന്ന സമരങ്ങളോട്‌ സമസ്‌ത നേതൃത്വവും ഖാസി സ്‌ഥാപിച്ച മലബാര്‍ ഇസ്ലാമിക്‌ കോംപ്ലക്‌സ്‌ ഭാരവാഹികളും നിസ്സഹകരിക്കുന്നുവെന്നും കൊലപാതകം ആത്മഹത്യയാണെന്ന്‌ പ്രചരിപ്പിക്കാന്‍ സമസ്‌ത നേതാക്കളുടെ ഭാഗത്തുനിന്നും ശ്രമമുണ്ടായെന്നും മകന്‍ ആരോപിച്ചിരുന്നു. സമസ്‌തയുടെ തണുപ്പന്‍ സമീപനത്തിന്‌ പിന്നില്‍ വന്‍ ശക്‌തികളാണെന്നും മകന്‍ ആരോപിച്ചതിന്‌ പിന്നാലെയാണ്‌ ഖാസിയുടെ മരണത്തിലെ ദൂരൂഹതകള്‍ വിശദീകരിക്കുന്ന വിവരങ്ങള്‍ മാസികയില്‍ പ്രസിദ്ധീകരിച്ചത്‌.


കേസ്‌ അന്വേഷിച്ച്‌ ആത്മഹത്യയെന്ന തീര്‍പ്പിലെത്തിയ രണ്ടാമത്‌ സി.ബി.ഐ റിപ്പോര്‍ട്ടും എറണാകുളം സി.ജെ.എം കോടതി ഈ മാസം 16ന്‌ തള്ളിയിരുന്നു. കോടതി നിര്‍ദേശിച്ചിരുന്ന സുപ്രധാന കാര്യങ്ങള്‍ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.
2010 ഫെബ്രുവരി 15നാണ്‌ ചെമ്പരിക്ക ഖാസിയെ ചെമ്പരിക്ക കടപ്പുറത്ത്‌ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.
ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും സി.ബി.ഐയും അന്വേഷിച്ചിട്ടും കേസിന്‌ തുമ്പില്ലാതായതോടെ മരണം ആത്മഹത്യയാണെന്ന്‌ റിപ്പോര്‍ട്ട്‌ നല്‍കുകയായിരുന്നു.

അതേസമയം, ഖാസിയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയതാണെന്ന ഓഡിയോ ടേപ്പ്‌ പുറത്തായതോടെ കഴിഞ്ഞ ഡിസംബറില്‍ സി.ബി.ഐ. സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിന്‌ പ്രസക്‌തിയില്ലെന്ന്‌ എറണാകുളം സി.ജെ.എം. കോടതി ഉത്തരവിട്ടിരുന്നു.

വി.പി. നിസാര്‍

Ads by Google
വി.പി. നിസാര്‍
Thursday 06 Dec 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW