Monday, July 22, 2019 Last Updated 20 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.06 AM

എസ്‌. രമേശന്‍ നായര്‍ക്കും അനീസ്‌ സലിമിനും കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം

uploads/news/2018/12/270241/d1.jpg

ന്യൂഡല്‍ഹി: കവിയും ഗാനരചയിതാവുമായ എസ്‌. രമേശന്‍ നായര്‍ക്കു കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദര്‍ശനവും ഇതിവൃത്തമാക്കിയ കവിതകളുടെ സമാഹാരമായ "ഗുരുപൗര്‍ണമി"യാണ്‌ പുരസ്‌കാരത്തിന്‌ അര്‍ഹമായത്‌. ഇംഗ്ലീഷ്‌ വിഭാഗത്തില്‍ വര്‍ക്കല സ്വദേശിയായ അനീസ്‌ സലിമിനാണു പുരസ്‌കാരം. "ദ്‌ ബ്ലൈന്‍ഡ്‌ ലേഡീസ്‌ ഡിസെന്‍ഡന്റ്‌സ്‌" എന്ന നോവലിനെ പുരസ്‌കരിച്ചാണ്‌ അംഗീകാരം.
മലയാള ചലച്ചിത്രഗാനരചനയില്‍ സജീവസാന്നിധ്യമായ എസ്‌. രമേശന്‍ നായര്‍ നൂറ്റമ്പതോളം ചലച്ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചു. ഒട്ടേറെ ഭക്‌തിഗാനങ്ങളും രചിച്ചിട്ടുണ്ട്‌. നിരവധി കവിതാ സമാഹരങ്ങളും അദ്ദേഹത്തിന്റേതായുണ്ട്‌. 2010-ല്‍ സമഗ്ര സംഭാവനയ്‌ക്കു കേരള സാഹിത്യ അക്കാഡമിയുടെ പുരസ്‌കാരം നേടി. വെണ്ണിക്കുളം പുരസ്‌കാരവും ആശാന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌.
സി. രാധാകൃഷ്‌ണന്‍, എം. മുകുന്ദന്‍, ഡോ. എം.എം. ബഷീര്‍ എന്നിവടങ്ങുന്ന ജൂറിയാണു മലയാളത്തിലെ അവാര്‍ഡ്‌ നിര്‍ണയിച്ചത്‌.
അനീസ്‌ സലിം 2013-ല്‍ ദ്‌ ഹിന്ദു പുരസ്‌കാരവും 2014-ല്‍ ക്രോസ്‌ വേര്‍ഡ്‌ പ്രൈസും നേടിയിട്ടുണ്ട്‌. സാഹിത്യ അക്കാഡമി ജൂറിയില്‍ ഡോ. ജാന്‍സി ജയിംസും അംഗമായിരുന്നു.
സനാതന തന്തി (ആസാമീസ്‌), പരേഷ്‌ നരേന്ദ്‌ കാമത്ത്‌ (കൊങ്കണി), ഡോ. മോഹന്‍ജിത്‌ (പഞ്ചാബി), ഡോ. രാജേഷ്‌ കുമാര്‍ വ്യാസ്‌ (രാജസ്‌ഥാനി), രമാകാന്ത്‌ ശുക്ല (സംസ്‌കൃതം), െഖെമാന്‍ യു. മുലാനി (സിന്ധി) എന്നിവരാണു വിവിധ ഭാഷകളില്‍ കവിതകള്‍ക്കു പുരസ്‌കാരം നേടിയത്‌. ചിത്ര മുദ്‌ഗല്‍ (ഹിന്ദി), ശ്യാം ബര്‍സ (സന്താളി), എസ്‌. രാമകൃഷ്‌ണന്‍ (തമിഴ്‌), റഹ്‌മാന്‍ അബ്ബാസ്‌ (ഉര്‍ദു) എന്നിവര്‍ നോവലുകളുടെ പേരിലാണ്‌ ആദരിക്കപ്പെട്ടത്‌. ചെറുകഥയ്‌ക്ക്‌ സഞ്‌ജീബ്‌ ചതോപാധ്യായ (ബംഗാളി), ഋതുരാജ്‌ ബസുമതാരി (ബോഡോ), മുഷ്‌താഖ്‌ അഹമ്മദ്‌ മുഷ്‌താഖ്‌ (കശ്‌മീരി), പ്രഫ. ബിന താക്കൂര്‍ (െമെഥിലി), ബുധിചന്ദ്ര ഹെയ്‌സനാംബ (മണിപ്പൂരി), ലോക്‌നാഥ്‌ ഉപാധ്യായ ചപാെഗെന്‍ (നേപ്പാളി) എന്നിവര്‍ക്കാണ്‌ പുരസ്‌കാരം.
സാഹിത്യ നിരൂപണ വിഭാഗത്തില്‍ കെ.ജി. നാഗരാജപ്പ (കന്നഡ), മാ.സു. പാട്ടീല്‍ (മറാത്തി), പ്രഫ. ദശരഥി ദാസ്‌ (ഒഡിയ) എന്നിവര്‍ക്കും ലേഖന വിഭാഗത്തില്‍ പ്രഫ. ഷരീഫ വിജ്‌ലിവാല (ഗുജറാത്തി), ഡോ. കോലാകുരി എനോച്ച്‌ (തെലുങ്ക്‌) എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചു. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരങ്ങള്‍ ജനുവരി 29-ന്‌ സാഹിത്യ അക്കാഡമി സംഘടിപ്പിക്കുന്ന ഫെസ്‌റ്റിവല്‍ ഓഫ്‌ ലെറ്റേഴ്‌സ്‌ വേദിയില്‍ വിതരണം ചെയ്യും.

Ads by Google
Thursday 06 Dec 2018 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW