Thursday, December 06, 2018 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.06 AM

മിഷേല്‍ ഉറങ്ങിയില്ല, കാണാന്‍ അനുമതിതേടി ബ്രിട്ടീഷ്‌ ഹൈക്കമ്മിഷന്‍

uploads/news/2018/12/270238/d5.jpg

ന്യൂഡല്‍ഹി: അഗസ്‌റ്റ വെസ്‌റ്റ്‌ലാന്‍ഡ്‌ വി.വി.ഐ.പി. കോപ്‌റ്റര്‍ കോഴക്കേസ്‌ ആയുധമാക്കാനുള്ള രാഷ്‌ട്രീയ നീക്കത്തിനിടെ സി.ബി.ഐ. കസ്‌റ്റഡിയില്‍ ക്രിസ്‌ത്യന്‍ മിഷേലിന്‌ ഉറക്കമില്ലാത്ത രാത്രി. അത്യുല്‍കണ്‌ഠയുടെ പേരില്‍ ഇന്നലെ പുലര്‍ച്ചെ സി.ബി.ഐക്ക്‌ ഡോക്‌ടര്‍മാരുടെ സേവനം തേടേണ്ടിവന്നു. അദ്ദേഹത്തെ കാണാന്‍ ബ്രിട്ടീഷ്‌ നയതന്ത്ര പ്രതിനിധികള്‍ അനുമതി തേടിയിട്ടുണ്ട്‌. അതേ സമയം, മിഷേലിന്റെ പേരില്‍ കോണ്‍ഗ്രസ്‌ - ബി.ജെ.പി. പോര്‌ രൂക്ഷമായി.
ചൊവ്വാഴ്‌ച രാത്രി 11.35 നാണ്‌ അദ്ദേഹത്തെ ദുബായിയില്‍നിന്നു ഡല്‍ഹിയിലെത്തിച്ചത്‌. വൈകാതെ സി.ബി.ഐ. ആസ്‌ഥാനത്തേക്കു മാറ്റി. ഇന്നലെ പുലര്‍ച്ചെ 1.20 നു സി.ബി.ഐ. ലോക്കപ്പിലായി സ്‌ഥാനം. ഉടനടി രേഖകള്‍ കാട്ടി ചോദ്യംചെയ്യലും തുടങ്ങി. ഇതോടെ അദ്ദേഹത്തിനു ടെന്‍ഷനേറി. പുലര്‍ച്ചെതന്നെ ഡോക്‌ടര്‍മാരെ സി.ബി.ഐ. ആസ്‌ഥാനത്തെത്തിച്ചു. ചികിത്സയ്‌ക്കുശേഷം ചോദ്യം ചെയ്യല്‍ തുടര്‍ന്നു.
ഇന്നലെ അതിരാവിലെ തന്നെ പ്രഭാത ഭക്ഷണം നല്‍കി. തുടര്‍ന്ന്‌ പുലര്‍ച്ചെ നാലു മുതല്‍ ആറ്‌ വരെ ഉറങ്ങാന്‍ അനുവദിച്ചു. എഴുന്നേറ്റ ഉടന്‍ അടുത്ത വട്ടം ചോദ്യം ചെയ്യല്‍ തുടങ്ങി. വൈകിട്ട്‌ നാലിനാണു പട്യാല ഹൗസ്‌ കോടതിയില്‍ ഹാജരാക്കിയത്‌. ഇന്നലെ വൈകിട്ടോടെ മിഷേലിനെ കാണാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബ്രിട്ടീഷ്‌ ഹൈക്കമ്മിഷന്‍ ഓഫീസില്‍നിന്ന്‌ അഭ്യര്‍ഥനയെത്തി. ബ്രിട്ടീഷ്‌ പൗരനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആരോഗ്യ സ്‌ഥിതി അറിയണമെന്നു ഹൈക്കമ്മിഷന്‍ വക്‌താവ്‌ ആവശ്യപ്പെട്ടു. ഇതിനിടെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റും(ഇ.ഡി) കുരുക്കു മുറുക്കി. കോഴവാങ്ങാനും കള്ളപ്പണം വെളുപ്പിക്കലിനും വ്യാജ കമ്പനികളെ ഉപയോഗിച്ചതിന്റെ പേരിലാണ്‌ ഇ.ഡി. നടപടി തുടങ്ങിയത്‌. മിഷേലിനെ കസ്‌റ്റഡിയില്‍ വേണമെന്നു ഇ.ഡിയും ആവശ്യപ്പെട്ടു. കോഴയായി ലഭിച്ച 225 കോടി രൂപയെക്കുറിച്ചാണ്‌ ഇ.ഡിയുടെ അന്വേഷണം.
ഈ സമയം തന്നെ മിഷേലിന്റെ പേരിലുള്ള രാഷ്‌ട്രീയപ്പോരാട്ടം ചൂടുപിടിച്ചിരുന്നു. രാജസ്‌ഥാനിലെ തെരഞ്ഞെടുപ്പ്‌ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്‌ ആദ്യവെടിപൊട്ടിച്ചത്‌. "മിഷേലിന്റെ അറസ്‌റ്റോടെ ഒരു കുടുംബം മുഴുവന്‍ വിറയ്‌ക്കുകയാണ്‌. എല്ലാ രഹസ്യവും പുറത്തുവരും" - അദ്ദേഹം പറഞ്ഞു. "ഇനി നിങ്ങള്‍ എങ്ങനെ രക്ഷപ്പെടും. നാലു തലമുറകളായി രാജ്യത്തെ ഭരിച്ചവര്‍ കോടതിമുറിയിലെത്തുമ്പോള്‍ ചായക്കാരന്റെ ധൈര്യം മനസിലാക്കും"- മോഡി അവകാശപ്പെട്ടു.
ബി.ജെ.പിയുടെ നുണ പ്രചരണം പാഴാകുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. സി.ബി.ഐയുടെ നേട്ടത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്‌. പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ അടിസ്‌ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിക്കാനാണ്‌ ബി.ജെ.പി. അറസ്‌റ്റിനെ ഉപയോഗിക്കുന്നതെന്നും കോണ്‍ഗ്രസ്‌ വക്‌താവ്‌ രണ്‍ദീപ്‌ സുര്‍ജേവാല പറഞ്ഞു.

Ads by Google
Thursday 06 Dec 2018 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW