Sunday, May 19, 2019 Last Updated 28 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.00 AM

മരിച്ചയാളുടെ ഗര്‍ഭപാത്രം സ്വീകരിച്ച യുവതിക്ക്‌ പെണ്‍കുഞ്ഞ്‌ പിറന്നു

uploads/news/2018/12/270208/in3.jpg

സാവോ പോളോ (ബ്രസീല്‍): മരിച്ചയാളില്‍നിന്നു ഗര്‍ഭപാത്രം സ്വീകരിച്ച യുവതിക്കു പിറന്ന കുഞ്ഞ്‌ ഒന്നാം പിറന്നാളിലേക്ക്‌. വൈദ്യശാസ്‌ത്രത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു നേട്ടം ആദ്യമായാണ്‌. വന്ധ്യതാചികിത്സയില്‍ നാഴികക്കല്ലായ സംഭവം ലോകമെമ്പാടുമുള്ള ആയിരക്കണക്കിനു സ്‌ത്രീകള്‍ക്കു പ്രതീക്ഷ പകരുന്നതാണെന്നു ശാസ്‌ത്രലോകം വിലയിരുത്തുന്നു.
കഴിഞ്ഞ ഡിസംബറിലാണു 32 വയസുള്ള ബ്രസീലുകാരിക്ക്‌ ഏകദേശം 2.31 കിലോഗ്രാം ഭാരമുള്ള പെണ്‍കുഞ്ഞ്‌ ജനിച്ചത്‌. പക്ഷാഘാതം ബാധിച്ചു മരിച്ച നാല്‍പ്പത്തഞ്ചുകാരിയില്‍നിന്നാണു യുവതി ഗര്‍പാത്രം സ്വീകരിച്ചത്‌. ഒന്നാംപിറന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്ന കുഞ്ഞ്‌ ആരോഗ്യവതിയാണ്‌. ജീവിച്ചിരിക്കുന്നവരില്‍നിന്നു ഗര്‍ഭപാത്രം സ്വീകരിച്ച 11 പേര്‍ക്ക്‌ മുമ്പു കുഞ്ഞുങ്ങള്‍ ജനിച്ചിട്ടുണ്ട്‌. എന്നാല്‍, മരിച്ച ദാതാവിന്റെ ഗര്‍ഭപാത്രത്തില്‍നിന്ന്‌ ഇതാദ്യമായാണ്‌. "ദ ലാന്‍സെറ്റ്‌" എന്ന മെഡിക്കല്‍ ജേണലിലാണ്‌ വൈദ്യശാസ്‌ത്രത്തിന്റെ ഈ നേട്ടം പ്രസിദ്ധീകരിച്ചത്‌. 2016 സെപ്‌റ്റംബറിലാണു സാവോ പോളോ സര്‍വകലാശാലയ്‌ക്കു കീഴിലുള്ള ദാസ്‌ ക്ലിനിക്കാസ്‌ ആശുപത്രിയില്‍ ഗര്‍ഭപാത്രം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടന്നത്‌. ജന്മനാ ഗര്‍ഭപാത്രമില്ലാത്ത യുവതിക്ക്‌, പക്ഷാഘാതം ബാധിച്ചു മരിച്ച മധ്യവയസ്‌കയുടെ ഗര്‍ഭപാത്രം മാറ്റിവയ്‌ക്കുകയായിരുന്നു. സങ്കീര്‍ണമായ ശസ്‌ത്രക്രിയ 11 മണിക്കൂര്‍ നീണ്ടു. മരിച്ച സ്‌ത്രീയുടെ ഹൃദയം, കരള്‍, വൃക്കകള്‍ എന്നിവയും വിവിധ രോഗികള്‍ക്കു പുതുജീവന്‍ സമ്മാനിച്ചു.
പുതിയ ഗര്‍ഭപാത്രം സ്വീകരിച്ച്‌ 37 ദിവസത്തിനുള്ളില്‍ യുവതിക്ക്‌ ആദ്യ ആര്‍ത്തവമുണ്ടായി. ശസ്‌ത്രക്രിയയ്‌ക്കു മുമ്പുതന്നെ യുവതിയുടെ അണ്ഡങ്ങള്‍ ശീതീകരണ സാങ്കേതികവിദ്യയിലൂടെ സൂക്ഷിച്ചിരുന്നു. പിന്നീട്‌ കൃത്രിമബീജാധാനത്തിലൂടെ സൃഷ്‌ടിച്ച ഭ്രൂണം വിജയകരമായി പുതിയ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയായിരുന്നു. ഗര്‍ഭം ധരിച്ച്‌ 35 ആഴ്‌ചകള്‍ക്കുശേഷമാണു ശരാശരിയില്‍ താഴെ ഭാരമുള്ള കുഞ്ഞിനെ ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്തത്‌. കുഞ്ഞിനെ പുറത്തെടുത്തതിനൊപ്പം മാറ്റിവച്ച ഗര്‍ഭപാത്രവും ഡോക്‌ടര്‍മാര്‍ നീക്കം ചെയ്‌തു. ജീവിച്ചിരിക്കുന്നവരില്‍നിന്നു സ്വീകരിച്ച ഗര്‍ഭപാത്രമാണെങ്കില്‍ കുറേക്കാലംകൂടി സ്വീകര്‍ത്താവിന്റെ ശരീരത്തില്‍ നിലനിര്‍ത്തുകയാണു പതിവ്‌.
മരിച്ചവരുടെ ഗര്‍ഭപാത്രവും ദാനം ചെയ്യാമെന്നതു വന്ധ്യതാചികിത്സയില്‍ പുതിയൊരു കുതിച്ചുചാട്ടമാണെന്നു പഠന റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ച ഡോ. ഡാനി ഇജ്‌സെന്‍ബെര്‍ഗ്‌ ചൂണ്ടിക്കാട്ടി. ജീവിച്ചിരിക്കുന്നവരില്‍നിന്നുള്ള ഗര്‍ഭപാത്രം മാറ്റിവയ്‌ക്കല്‍ വന്ധ്യതാചികിത്സയിലെ ആദ്യനാഴികക്കല്ലായിരുന്നു. എന്നാല്‍, ഇപ്രകാരം ഗര്‍ഭപാത്രം ദാനം ചെയ്യാന്‍ തയാറുള്ളവര്‍ അപൂര്‍വമാണെന്നത്‌ ഒരു വലിയ പോരായ്‌മയായിരുന്നു. ആ പ്രശ്‌നത്തിനാണു പുതിയ നേട്ടത്തോടെ പരിഹാരമായത്‌. മസ്‌തിഷ്‌കമരണം സംഭവിച്ചവരില്‍നിന്ന്‌ മറ്റേതൊരു അവയവവും പോലെ ഗര്‍ഭപാത്രവും ഇനി ആവശ്യക്കാര്‍ക്കു ദാനം ചെയ്യാം.
പഠനങ്ങള്‍പ്രകാരം, ഏതെങ്കിലും വിധത്തില്‍ വന്ധ്യത അനുഭവിക്കുന്ന ദമ്പതികള്‍ ലോകമെമ്പാടുമായി 15 ശതമാനമാണ്‌. ഐ.വി.എഫ്‌. ചികിത്സ ഫലപ്രദമാണെങ്കിലും ജന്മനാ ഗര്‍ഭപാത്രമില്ലാത്ത ആയിരക്കണക്കിനു സ്‌ത്രീകളുണ്ട്‌. അവരുടെ കാര്യത്തില്‍, ഗര്‍ഭപാത്രദാതാക്കളെ ആശ്രയിക്കുക മാത്രമായിരുന്നു പരിഹാരം. ജീവിച്ചിരിക്കുന്ന ദാതാക്കളെ കണ്ടെത്താനുള്ള ബുദ്ധിമുട്ടിന്‌, മരിച്ചവരില്‍നിന്നുള്ള അവയവമാറ്റം പരിഹാരമാകുമെന്നാണു ശാസ്‌ത്രലോകത്തിന്റെ പ്രതീക്ഷ. ജീവിച്ചിരിക്കുന്നവരില്‍നിന്നുള്ള ഗര്‍ഭപാത്രം മാറ്റിവയ്‌ക്കല്‍ ലോകത്താദ്യമായി 2000-ല്‍ സൗദി അറേബ്യയിലാണു നടന്നത്‌. മാറ്റിവച്ച ഗര്‍ഭപാത്രത്തില്‍നിന്നു കുഞ്ഞുണ്ടാകാന്‍ ഒരു വ്യാഴവട്ടംകൂടി കാത്തിരിക്കേണ്ടിവന്നു. 2012-ല്‍ സ്വീഡനിലായിരുന്നു ഈ നേട്ടം. അതിനുശേഷം സ്വീഡനില്‍ ഇപ്രകാരം എട്ടു കുഞ്ഞുങ്ങള്‍കൂടി ജനിച്ചു. കഴിഞ്ഞവര്‍ഷം സെര്‍ബിയയില്‍ ഒരു കുഞ്ഞും ഡള്ളസില്‍ രണ്ടു കുഞ്ഞുങ്ങളും മാറ്റിവച്ച ഗര്‍ഭപാത്രങ്ങളില്‍നിന്നു ഭൂജാതരായി. കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍, ജീവിച്ചിരിക്കുന്നയാളില്‍നിന്നു ഗര്‍ഭപാത്രം സ്വീകരിച്ച ഒരു യുവതി ഇപ്പോള്‍ ഗര്‍ഭിണിയാണ്‌. ചൈന, ചെക്‌ റിപ്പബ്ലിക്‌, ജര്‍മനി, ലബനന്‍ എന്നിവിടങ്ങളിലായി 39 ഗര്‍ഭപാത്രം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടന്നിട്ടുണ്ടെങ്കിലും ഗര്‍ഭധാരണം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.

ഗര്‍ഭപാത്രം മാറ്റിവയ്‌ക്കല്‍: നാഴികക്കല്ലുകള്‍

2000, സൗദി: ലോകത്താദ്യമായി ജീവിച്ചിരിക്കുന്ന ദാതാവില്‍നിന്ന്‌ ഗര്‍ഭപാത്രം മാറ്റിവച്ചു.

2012, സ്വീഡന്‍: മാറ്റിവച്ച ഗര്‍ഭപാത്രത്തില്‍നിന്ന്‌ ആദ്യത്തെ കുഞ്ഞ്‌.

സ്വീഡനില്‍ ഇപ്രകാരം എട്ടു കുഞ്ഞുങ്ങള്‍കൂടി.

2017, 2018 ഡള്ളസ്‌: മാറ്റിവച്ച ഗര്‍ഭപാത്രങ്ങളില്‍നിന്നു രണ്ടു കുഞ്ഞുങ്ങള്‍.

2017: ഇന്ത്യയില്‍ ആദ്യത്തെ ഗര്‍ഭപാത്രം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ. യുവതി ഇപ്പോള്‍ ഗര്‍ഭിണി.

ചൈന, ചെക്‌ റിപ്പബ്ലിക്‌, ജര്‍മനി, ലബനന്‍ എന്നിവിടങ്ങളിലായി 39 ശസ്‌ത്രക്രിയകള്‍; ഗര്‍ഭധാരണമില്ല.

2016 സെപ്‌റ്റംബര്‍, ബ്രസീല്‍: മരിച്ചയാളില്‍നിന്ന്‌ ആദ്യമായി ഗര്‍ഭപാത്രം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ.

2017 ഡിസംബര്‍, ബ്രസീല്‍: മരിച്ചയാളില്‍നിന്നു ഗര്‍ഭപാത്രം സ്വീകരിച്ച യുവതിക്കു പെണ്‍കുഞ്ഞ്‌.

Ads by Google
Thursday 06 Dec 2018 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW