Thursday, December 06, 2018 Last Updated 8 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 12.30 AM

ലോകകപ്പ്‌ ഹോക്കി: പാകിസ്‌താനു സമനില ജര്‍മനിക്കു തകര്‍പ്പന്‍ ജയം

uploads/news/2018/12/270162/2.jpg

ഭുവനേശ്വര്‍: ഹോളണ്ടിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു തോല്‍പ്പിച്ച്‌ ജര്‍മനി ഹോക്കി ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത സജീവമാക്കി. രണ്ടുവട്ടം ലോക ചാമ്പ്യനായ ജര്‍മനി ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണു ഡച്ചുകാരെ തറപറ്റിച്ചത്‌. മതിയാസ്‌ മുള്ളര്‍, ലൂകാസ്‌ വിന്‍ഫെഡര്‍, മാര്‍കോസ്‌ മില്‍കാവു, ക്രിസ്‌റ്റഫര്‍ റൂഹര്‍ എന്നിവരാണു ഗോളടിച്ചത്‌.
കളിയുടെ 13-ാം മിനിറ്റില്‍ ഗോളടിച്ച്‌ വാലന്റീന്‍ വെര്‍ഗ ഹോളണ്ടിനെ മുന്നിലെത്തിച്ചിരുന്നു. പൂള്‍ ഡിയില്‍ രണ്ട്‌ കളികളിലായി ആറു പോയിന്റ്‌ നേടിയ ജര്‍മനി ഒന്നാമതാണ്‌. പൂളിലെ ആദ്യ മത്സരത്തില്‍ അവര്‍ പാകിസ്‌താനെ 1-0 ത്തിനു തോല്‍പ്പിച്ചിരുന്നു. ഹോളണ്ട്‌ ആദ്യ മത്സരത്തില്‍ മലേഷ്യയെ 7-0 ത്തിനു തകര്‍ത്തിരുന്നു. രണ്ട്‌ കളികളില്‍നിന്നു മൂന്നു പോയിന്റാണ്‌ ഹോളണ്ടിന്റെ നേട്ടം. ലോക നാലാം നമ്പര്‍ ടീമാണ്‌ ഹോളണ്ട്‌്. ആറാം നമ്പര്‍ ടീമാണു ജര്‍മനി. ഇന്നലെ നടന്ന മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ ഹോളണ്ട്‌ നായകന്‍ ബില്ലി ബേക്കറിനു ഗോളടിക്കാനുള്ള സുവര്‍ണാവസരം ലഭിച്ചിരുന്നു. ബില്ലിയുടെ ക്ലോസ്‌ റേഞ്ച്‌ ജര്‍മന്‍ ഗോള്‍ കീപ്പര്‍ തോബിയാസ്‌ വാള്‍ട്ടര്‍ തടുത്തു. ഒന്നാം പാദത്തില്‍ ഹോളണ്ടിനായിരുന്നു മുന്‍തൂക്കം.
മിര്‍സോ പ്രൂജാസ്‌ നല്‍കിയ റിവേഴ്‌സ് ഹിറ്റ്‌ ക്രോസ്‌ വാലന്റീന്‍ വെര്‍ഗ ഗോളിലേക്കു വഴിതിരിച്ചു വിട്ടതു മത്സരത്തിലെ സുന്ദര മുഹൂര്‍ത്തമായിരുന്നു. ഒന്നാം പാദത്തിന്റെ അവസാന സെക്കന്‍ഡിലാണ്‌ ജര്‍മനിക്ക്‌ അനുകൂലമായി ആദ്യ പെനാല്‍റ്റി കോര്‍ണര്‍ ലഭിക്കുന്നത്‌. മതിയാസ്‌ മുള്ളറുടെ സ്‌ട്രൈക്ക്‌ പോസ്‌റ്റിലിടിച്ചു മടങ്ങി. പിന്നാലെ നിക്ലാസ്‌ വീലന്റെ ക്ലോസ്‌ റേഞ്ച്‌ റിവേഴ്‌സ് ഹിറ്റ്‌ ഹോളണ്ട്‌ ഗോള്‍ കീപ്പര്‍ പിര്‍മിന്‍ ബ്ലാക്ക്‌ സമര്‍ഥമായി തടുത്തു. മത്സരം അരമണിക്കൂര്‍ പൂര്‍ത്തിയായപ്പോഴാണു ജര്‍മനി സമനില നേടിയത്‌. ഇന്നലെ നടന്ന പൂളിലെ രണ്ടാമത്തെ മത്സരത്തില്‍ പാകിസ്‌താന്‍ മലേഷ്യയോടു സമനില വഴങ്ങി. മുഹമ്മദ്‌ ആതിഖിലൂടെ മുന്നിട്ടുനിന്ന ശേഷമാണു പാകിസ്‌താന്‍ സമനില വഴങ്ങിയത്‌. ഫൈസല്‍ സാരിയാണു മലേഷ്യക്കു വേണ്ടി ഗോളടിച്ചത്‌. രണ്ട്‌ കളികളില്‍നിന്ന്‌ ഒരു പോയിന്റ്‌ മാത്രം നേടിയ പാകിസ്‌താനും മലേഷ്യക്കും ക്വാര്‍ട്ടര്‍ സാധ്യത വിദൂരമാണ്‌. ഞായറാഴ്‌ച നടക്കുന്ന പൂളിലെ അവസാന മത്സരങ്ങളില്‍ ജര്‍മനി മലേഷ്യയെയും പാകിസ്‌താന്‍ ഹോളണ്ടിനെയും നേരിടും.

Ads by Google
Thursday 06 Dec 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW