Thursday, December 06, 2018 Last Updated 10 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 12.30 AM

ഇന്ത്യ - ഓസീസ്‌ ഒന്നാം ടെസ്‌റ്റ് ഇന്നു മുതല്‍ കോഹ്ലി റെക്കോഡിന്‌ തൊട്ടരികെ

uploads/news/2018/12/270161/1.jpg

അഡ്‌ലെയ്‌ഡ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ്‌ ടെസ്‌റ്റ് പരമ്പരയ്‌ക്കു ഇന്നു തുടക്കമാകും. അഡ്‌ലെയ്‌ഡില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 നു തുടങ്ങുന്ന മത്സരം സോണി സിക്‌സില്‍ തത്സമയം കാണാം.
രണ്ടാം ടെസ്‌റ്റ് 14 ന്‌ പെര്‍ത്തിലും മൂന്നാം ടെസ്‌റ്റ് 26 നു മെല്‍ബണിലും തുടങ്ങും. നാലാം ടെസ്‌റ്റ് ജനുവരി മൂന്നു മുതല്‍ സിഡ്‌നിയില്‍ നടക്കും. ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലി മറ്റൊരു റെക്കോഡ്‌ കൂടി സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണ്‌. എട്ടു റണ്‍ കൂടി നേടിയാല്‍ ഓസ്‌ട്രേലിയയില്‍ കോലിക്ക്‌ 1000 റണ്‍ തികയ്‌ക്കാം. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാകാനുള്ള നിയോഗത്തിലേക്കാണു കോഹ്ലിയുടെ യാത്ര. ഓസ്‌ട്രേലിയയില്‍ ഇതുവരെ കളിച്ച എട്ടു ടെസ്‌റ്റില്‍ നിന്നായി അഞ്ചു സെഞ്ചുറികളും രണ്ട്‌ അര്‍ധ സെഞ്ചുറികളുമടക്കം 992 റണ്ണാണു കോഹ്ലി നേടിയത്‌.
സച്ചിന്‍ തെണ്ടുല്‍ക്കര്‍ (1809), വി.വി.എസ്‌. ലക്ഷ്‌മണ്‍ (1236), രാഹുല്‍ ദ്രാവിഡ്‌ (1143) എന്നിവരാണു മുന്‍ഗാമികള്‍. റണ്‍വേട്ട നടത്തിയാല്‍ കോഹ്ലിക്കു ലക്ഷ്‌മണിനെയും ദ്രാവിഡിനെയും മറികടന്ന്‌ സച്ചിനു പിന്നില്‍ രണ്ടാമതെത്താന്‍ അവസരമുണ്ട്‌. ടെസ്‌റ്റ് പരമ്പരയില്‍ ഒരു സെഞ്ചുറി നേടിയാല്‍ ഓസീസിനെതിരേ അവരുടെ മണ്ണില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരമെന്ന സച്ചിന്റെ റെക്കോഡിനൊപ്പമെത്താനും കോഹ്ലിക്കാകും.
ഓസ്‌ട്രേലിയയില്‍ കളിച്ച 20 ടെസ്‌റ്റില്‍നിന്ന്‌ സച്ചിന്‍ ആറു സെഞ്ചുറികള്‍ നേടി. കോഹ്ലി വെറും എട്ടു ടെസ്‌റ്റുകളില്‍നിന്ന്‌ അഞ്ചു സെഞ്ചുറികള്‍ സ്വന്തമാക്കി. നിലവില്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കറുടെ റെക്കോഡിനൊപ്പമാണ്‌. 2014 ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കോഹ്ലി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഈ വര്‍ഷം ഇതുവരെ 10 ടെസ്‌റ്റുകളില്‍നിന്ന്‌ 59.0 ശരാശരിയില്‍ 1,063 റണ്‍ നേടാന്‍ ഇന്ത്യന്‍ നായകനായി.

ഇന്ത്യക്ക്‌ പരമ്പര മോഹം

ഓസ്‌ട്രേലിയയില്‍ ടെസ്‌റ്റ് പരമ്പരയെന്ന നേട്ടം കുറിക്കാനാണു വിരാട്‌ കോഹ്ലിയുടെയും സംഘത്തിന്റെയും ശ്രമം. ഓസീസ്‌ മണ്ണില്‍ ഇതുവരെ കളിച്ച 44 ടെസ്‌റ്റുകളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണു ജയമറിഞ്ഞത്‌. എഴുപത്‌ വര്‍ഷത്തിനിടെ നടത്തിയ 11 ഓസീസ്‌ പര്യടനങ്ങളില്‍ രണ്ട്‌ പരമ്പരകള്‍ സമനിലയായതാണ്‌ ഏറ്റവും മികച്ച നേട്ടം.
സുനില്‍ ഗാവസ്‌കറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം 1980-81 സീസണിലും സൗരവ്‌ ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം 2003-04 സീസണിലുമാണു പരമ്പര സമനിലയാക്കി മടങ്ങിയത്‌. അഞ്ച്‌ ബൗളര്‍മാരെ ഉപയോഗിക്കാനാണ്‌ ടീം ഇന്ത്യ ഉദ്ദേശിക്കുന്നത്‌. പരുക്കേറ്റ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്‌ പാണ്ഡ്യയുടെ അഭാവം ടീമിന്റെ സന്തുലനാവസ്‌ഥയെ ബധിക്കുന്നുണ്ട്‌. സ്‌റ്റീവ്‌ സ്‌മിത്ത്‌, ഡേവിഡ്‌ വാര്‍ണര്‍ എന്നിവര്‍ക്കു വിലക്ക്‌ മൂലം കളിക്കാനാകാത്തത്‌ ഓസീസിനും വിഷമമാണ്‌.
ഹാര്‍ദിക്‌ പാണ്ഡ്യയുടെ അഭാവത്തില്‍ രോഹിത്‌ ശര്‍മയാണ്‌ അധിക ബാറ്റ്‌സ്മാന്റെ റോളിലെത്തുകയെന്നാണു സൂചന. ദക്ഷിണാഫ്രിക്കയില്‍ രോഹിതിന്റെ പ്രകടനം ആശാവഹമായിരുന്നില്ല. അഞ്ചാം നമ്പറായി ഇറങ്ങിയ രോഹിത്‌ നാല്‌ ഇന്നിങ്‌സുകളിലായി 78 റണ്ണാണെടുത്തത്‌. യുവ താരം ഹനുമ വിഹാരിയും ഊഴം കാത്തിരിക്കുകയാണ്‌.
കോഹ്ലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്ന്‌ ടെസ്‌റ്റുകളിലായി 286 റണ്ണെടുത്തിരുന്നു. മധ്യനിര ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാര മൂന്ന്‌ ടെസ്‌റ്റുകളിലായി 100 റണ്ണാണെടുത്തത്‌. മുരളി വിജയ്‌ (102 റണ്‍), ലോകേഷ്‌ രാഹുല്‍ (രണ്ട്‌ ടെസ്‌റ്റുകളില്‍നിന്ന്‌ 30 റണ്‍) എന്നിവരും നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനെതിരേ ഓപ്പണിങ്‌ ജോഡി ഒരു വിഷയമായിരുന്നു. രണ്ട്‌ ടെസ്‌റ്റുകളിലായി 26 റണ്‍ മാത്രമെടുത്ത മുരളി വിജയിനെ നാട്ടിലേക്കു മടക്കി അയച്ചിരുന്നു.
ലോകേഷ്‌ രാഹുല്‍ അഞ്ച്‌ ടെസ്‌റ്റുകളിലായി 299 റണ്ണെടുത്തു. ഓവലില്‍ നടന്ന അവസാന ടെസ്‌റ്റിലാണ്‌ 149 റണ്‍ നേടിയത്‌. പൃഥ്വി ഷാ പരുക്കേറ്റു പുറത്തിരിക്കുന്നതിനാല്‍ ഇത്തണവയും രാഹുല്‍-വിജയ്‌ ജോഡിയാകും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഇഷാന്ത്‌ ശര്‍മ, മുഹമ്മദ്‌ ഷമി, ജസ്‌പ്രീത്‌ ബുംറ, ആര്‍. അശ്വിന്‍ എന്നിവരാണു ബൗളിങ്‌ ലൈനപ്പില്‍. മിച്ചല്‍ സ്‌റ്റാര്‍ക്ക്‌, പാറ്റ്‌ കുമ്മിന്‍സ്‌, ജോഷ്‌ ഹാസില്‍വുഡ്‌, നഥാന്‍ ലിയോണ്‍ എന്നിവരാണു മറുപക്ഷത്ത്‌.
ടീം: ഇന്ത്യ- വിരാട്‌ കോഹ്ലി (നായകന്‍), ലോകേഷ്‌ രാഹുല്‍, മുരളി വിജയ്‌, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, രോഹിത്‌ ശര്‍മ, ഹനുമ വിഹാരി, ഋഷഭ്‌ പന്ത്‌, ആര്‍. അശ്വിന്‍, ഇഷാന്ത്‌ ശര്‍മ, ജസ്‌പ്രീത്‌ ബുംറ, മുഹമ്മദ്‌ ഷമി.
ടീം: ഓസ്‌ട്രേലിയ- ടിം പെയ്‌ന്‍ (നായകന്‍), മാര്‍കസ്‌ ഹാരിസ്‌, ആരണ്‍ ഫിഞ്ച്‌, ഉസ്‌മാന്‍ ഖ്വാജ, ട്രാവിസ്‌ ഹെഡ്‌, ഷോണ്‍ മാര്‍ഷ്‌, പീറ്റര്‍ ഹാന്‍ഡ്‌സ്കോബ്‌, നഥാന്‍ ലിയോണ്‍, മിച്ചല്‍ സ്‌റ്റാര്‍ക്‌, പാറ്റ്‌ കുമ്മിന്‍സ്‌, ജോഷ്‌ ഹാസില്‍വുഡ്‌.
അഡ്‌ലെയ്‌ഡില്‍ മുമ്പ്‌ നടന്ന മൂന്നു ടെസ്‌റ്റുകളും പകലും രാത്രിയുമായാണു നടന്നത്‌. ഇന്നു മത്സരത്തിന്‌ അനുയോജ്യമായ നേരിയ വരണ്ട കാലാവസ്‌ഥായാണെന്നാണു കാലാവസ്‌ഥാ റിപ്പോര്‍ട്ട്‌്. 2014-15 ടെസ്‌റ്റ് പരമ്പരയില്‍ കളിച്ച ഏഴ്‌ താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഇന്നുമുണ്ട്‌. ഓസ്‌ട്രേലിയന്‍ ടീമില്‍ അന്നു കളിച്ചവരില്‍ നഥാന്‍ ലിയോണ്‍ മാത്രമാണുള്ളത്‌.

Ads by Google
Thursday 06 Dec 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW