Tuesday, May 21, 2019 Last Updated 15 Min 53 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 05 Dec 2018 01.30 AM

കാല്‍സ്‌പര്‍ശനത്തിന്‌ കാത്തുകിടക്കാത്ത ഇന്നത്തെ അഹല്യ

uploads/news/2018/12/269958/bft1.jpg

ശില, ഒരു പ്രതിബിംബമാണ്‌. അഹല്യാ-ദേവി ശിലയായി മാറിയതോടെ ശില ഒരു പ്രതീകമായി. കബളിപ്പിക്കപ്പെടുന്ന, ചൂഷണംചെയ്യപ്പെടുന്ന, പീഡിപ്പിക്കപ്പെടുന്ന സ്‌ത്രീയെ, പ്രതികരിക്കാന്‍ വായില്ലാത്ത ശിലയാക്കി മാറ്റുന്ന സംഘടിതരീതി പുരാണകാലം മുതല്‍ ഇന്നോളം തുടരുന്നു എന്നതാണു യാഥാര്‍ഥ്യം.
ആധുനികതയുടെ പ്രഭാപൂരകാലത്തും നവോഥാന വായാടിത്തങ്ങള്‍ വീശുന്ന വര്‍ത്തമാനകാലത്തും പെണ്ണിനു മാനം തെളിയിക്കാന്‍ തനിച്ചാണെങ്കിലും പോരാടുകതന്നെവേണം. മാനാക്ഷേപം കൂട്ടാമായിട്ടായിരിക്കും ഉണ്ടാകുന്നതെങ്കിലും മാനസംരക്ഷണപോരാട്ടത്തില്‍ അവള്‍ ഒറ്റയ്‌ക്കാവും. അഹല്യയെപോലെ ശാപമേറ്റ്‌ നിര്‍ജീവശിലയായി ദുര്‍ഗതിയില്‍ കഴിയുന്ന സഹോദരികള്‍ ഇന്നും നമുക്കുചുറ്റും നിരവധിയുണ്ട്‌.
ജന്മജന്മാന്തരങ്ങള്‍ ശിലയായികഴിയാനും എന്നോവരുന്ന അവതാരപുരുഷന്റെ കാല്‍വിരള്‍സ്‌പര്‍ശത്തിനായ്‌ ക്ഷമാശീലശിലയായികഴിയാനും വര്‍ത്തമാന സ്‌ത്രീശക്‌തി തയ്യാറല്ല. അതിലൊരാളാണ്‌ ശോഭ എന്ന മൂന്നുകുട്ടികളുടെ മാതാവ്‌. ഏകാംഗപോരാട്ടത്തിലൂടെ സ്വമാനം തെളിയിച്ച മഹിളാരത്‌നം.
ഒരു മനുഷ്യാവകാശ സംരക്ഷണദിനംകൂടി വന്നണയുകയാണ്‌. ഡിസംബര്‍-10. ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ചിന്തിച്ചപ്പോള്‍ മനസില്‍ ഓടിയെത്തിയത്‌ ശോഭ എന്ന വീട്ടമ്മയുടെ ചിത്രമാണ്‌. മറ്റുള്ളവരെപോലെ അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിനായി പോരാടിയവള്‍. നിസഹായതയും നിഷ്‌ക്കളങ്കതയും നിറഞ്ഞ മുഖഭാവം. ശോഭ ഒറ്റക്ക്‌ പോരാടിയതും വിജയിച്ചതുമായ കഥവായിച്ചപ്പോള്‍ വല്ലാത്തൊരു പോസിറ്റീവ്‌ ഊര്‍ജ്‌ജമാണ്‌ എന്നിലുണ്ടായത്‌.
രാമായണത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള കഥാപാത്രമാണ്‌ അഹല്യ. ദേവദേവനായ ദേവേന്ദ്ര ചതിയില്‍പ്പെട്ടു ഭര്‍ത്താവായ ഗൗതമമുനിയുടെ ശാപമേറ്റു വാങ്ങി ശിലയായി തീര്‍ന്നവള്‍. ത്രേതായുഗത്തില്‍ ശ്രീരാമന്റെ പാദസ്‌പര്‍ശം ഏല്‌ക്കുന്ന സമയം വരെ ശിലയായി കിടക്കുമെന്നായിരുന്നു ഗൗതമമുനിയുടെ ശാപം. പിന്നീട്‌ വിശ്വാമിത്ര മഹര്‍ഷിയില്‍ നിന്നു അഹല്യയുടെ കഥ മനസിലാക്കിയ രാമലക്ഷ്‌മണന്മാര്‍ അഹല്യാശ്രമത്തില്‍ എത്തുകയഒം രാമന്‍ ശിലയെ വണങ്ങി രാമോഹം (രാമനാണു ഞാന്‍) എന്നു പറഞ്ഞ്‌ തന്റെ പാദംകൊണ്ട്‌ ചെറുതായൊന്നു സ്‌പര്‍ശിച്ചു അഹല്യയെ ശാപവിമുക്‌തയാക്കുകയും ചെയ്‌തെന്നാണ്‌ ഐതിഹ്യം.
ഇപ്പോഴും ഈ കഥയുടെ പ്രസക്‌തി നിലനില്‍ക്കുന്നു എന്നു തന്നെ കരുതേണ്ടിയിരിക്കുന്നു. അടുത്തകാലത്ത്‌ കേരളത്തില്‍ ഉണ്ടായ സംഭവവും ഇതു തന്നെയാണ്‌ ഓര്‍മ്മിപ്പിക്കുന്നത്‌. പക്ഷേ നിശ്‌ചയദാര്‍ഢ്യത്തില്‍ ഒരു സ്‌ത്രീ ഒറ്റയ്‌ക്കു പൊരുതി തന്റെ നിരപരാധിത്വം തെളിയിച്ചിരിക്കുകയാണ്‌. സമാനമായ പ്രശ്‌നങ്ങളില്‍പ്പെട്ടു വലയുന്ന എത്രയോ പേര്‍ക്കു വഴിവെളിച്ചമായിരിക്കുകയാണ്‌ ശോഭ എന്ന ഈ സ്‌ത്രീ.
സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോ തന്റെതല്ലെന്നു തെളിയിക്കാന്‍ നിരപരാധിയായ സ്‌ത്രീ നടത്തേണ്ടി വന്നതു രണ്ടുവര്‍ഷത്തെ പോരാട്ടമാണ്‌. സ്വന്തമെന്നു കരുതിയവര്‍ മുഴുവന്‍ ഒറ്റപ്പെടുത്തിയിട്ടും രണ്ടുവര്‍ഷം തലയുര്‍ത്തി നിശ്‌ചയദാര്‍ഢ്യത്തോടെ പെണ്‍കരുത്തായി അവര്‍ പോരാടി. ഓരോ സ്‌ത്രീക്കും മാതൃകയാണിത്‌.
ചെയ്യാത്ത കാര്യത്തിന്‌ ഒരു സമൂഹത്തിന്‌ മുന്നില്‍ കുറ്റകാരിയാക്കപ്പെടുമ്പോഴുണ്ടായ എല്ലാ മാനസിക സംഘര്‍ഷങ്ങളിലൂടെയുമാണു ശോഭ കടന്നു പോയത്‌. മനസില്‍ വിശ്വാസവും ശരീരത്തില്‍ ശുദ്ധിയും ഉള്ളവള്‍ തൊടുന്നിടം പൊള്ളും. അവളുടെ പോരാട്ടം അഗ്നിയാകും. ഇതു പുരാണകാലത്തു മാത്രമല്ല ഇന്നും സംഭവ്യം. സ്‌ത്രീ സംരക്ഷണ സംഘടനകളും നിയമങ്ങളുമുണ്ടെങ്കിലും സമൂഹം ശിലയാക്കി മുദ്രയണിയിക്കുന്ന സ്‌ത്രീക്ക്‌ അവളുടെ പോരാട്ടവീര്യമാണ്‌ ആത്മശക്‌തി. അതാണു തൊടുപുഴ കരിങ്കുന്നം സ്വദേശി ശോഭ എന്ന മഹതി നമുക്കുമുന്നില്‍ ഓര്‍മ്മപ്പെടുത്തുന്നത്‌. ഒരു വഴികാട്ടിയും പ്രചോദനവുമാണ്‌ ഈ വീട്ടമ്മ.
മൂന്ന്‌ കുട്ടികളുടെ അമ്മയെന്ന സ്‌ഥിതിക്ക്‌ അവരുടെ ആത്മാഭിമാനം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്നാണു ശോഭയുടെ വാദം. കുട്ടികളുടെ ഭാവിക്കു വേണ്ടിയാണു താന്‍ നിയമപോരാട്ടത്തിനിറങ്ങിയത്‌. കുട്ടികള്‍ക്കോ ഭര്‍ത്താവിനോ താന്‍ മൂലം ഒരു അപമാനം സമൂഹത്തിലുണ്ടാകരുതെന്നാണ്‌ അവരുടെ ആഗ്രഹം. ആ ദൃശ്യങ്ങള്‍ തന്റേതല്ലെന്നു തനിക്കു മാത്രമേ തെളിയിക്കാന്‍ സാധിക്കു എന്നവര്‍ പറയുമ്പോള്‍ ഒരു സ്‌ത്രീയുടെ ആത്മശക്‌തിയാണു വ്യക്‌തമാകുന്നത്‌. അതേസമയം ഇവരുടെ പോരാട്ടം ഇവിടെ തീരുന്നില്ല. ചിത്രം പ്രചരിപ്പിച്ച ആലപ്പുഴ സ്വദേശിയെ പൊലീസ്‌ അറസ്‌റ്റ് ചെയ്‌തിരുന്നു.
എന്നാല്‍, അയാളെ അതിന്‌ പ്രേരിപ്പിച്ച ആളെയും കണ്ടെത്തണമെന്ന നിശ്‌ചയദാര്‍ഢ്യത്തിലാണ്‌ ശോഭ. ശോഭയുടേതാണെന്ന അടിക്കുറിപ്പോടെ ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്‌ ആരാണെന്ന അന്വേഷണത്തിലാണ്‌ ഇവര്‍ ഇപ്പോള്‍.
ആ ഉറവിടം കണ്ടെത്താതെ തന്റെ ദുരിതം തീരില്ലെന്ന്‌ ഇവര്‍ വിശ്വസിക്കുന്നു. സംഭവത്തിനു പിന്നില്‍ ഗൂഡാലോചനയുള്ളതായും വിശദമായ തുടരന്വേഷണം ഉണ്ടാകുമെന്നുമാണ്‌ പോലീസ്‌ നിലപാട്‌. കുറ്റക്കാരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരുമെന്ന്‌ തന്നെ നമുക്ക്‌ കരുതാം.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 05 Dec 2018 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW