Tuesday, December 04, 2018 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Dec 2018 03.48 PM

ആര്‍ത്തവം അടുക്കുമ്പോള്‍ എന്താ ഇങ്ങനെയൊക്കെ... ?

''ആര്‍ത്തവമടുക്കുമ്പോള്‍ അകാരണമായി ദേഷ്യം വരിക, സങ്കടം, ഒന്നിനോടും താല്‍പര്യമില്ലായ്മ എന്നിവയൊക്കെ പെട്ടെന്നായിരിക്കും ഉണ്ടാകുന്നത്. ആര്‍ത്തവ ദിവസത്തോടടുക്കുമ്പോള്‍ സ്ത്രീകളില്‍ അനുഭവപ്പെടുന്ന ആരോഗ്യപ്രശ്‌നമാണ് പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം ''
uploads/news/2018/12/269843/peridsctips041218b3.jpg

വന്നുവന്ന് ക്ലാസില്‍ കുട്ടികള്‍ക്കുപോലും മനസിലായിത്തുടങ്ങിയിരിക്കുന്നു. എല്ലാമാസവും പതിവായുള്ള ടീച്ചറുടെ മുന്‍കോപത്തെക്കുറിച്ച് പെണ്‍കുട്ടികള്‍ അടക്കം പറഞ്ഞു. ഊതിവീര്‍പ്പിച്ച മുഖവുമായി സ്റ്റാഫ്‌റൂമിലെത്തുമ്പോള്‍ സഹപ്രവര്‍ത്തകരും ചോദിക്കാറുണ്ട്, 'ഇതെന്തു പറ്റി ടീച്ചറേ' എന്ന്. ആര്‍ത്തവകാലത്ത് ചിലരുടെയെങ്കിലും ജീവിതം ഇത്തരത്തില്‍ 'സംഘര്‍ഷഭരിതമാണ്'.

ആര്‍ത്തവമടുക്കുമ്പോള്‍ അകാരണമായി ദേഷ്യം വരിക, സങ്കടം, ഒന്നിനോടും താല്‍പര്യമില്ലായ്മ എന്നിവയൊക്കെ പെട്ടെന്നായിരിക്കും ഉണ്ടാകുന്നത്. ആര്‍ത്തവ ദിവസത്തോടടുക്കുമ്പോള്‍ സ്ത്രീകളില്‍ അനുഭവപ്പെടുന്ന ആരോഗ്യപ്രശ്‌നമാണ് പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം (പി.എം.എസ്). ആര്‍ത്തവ വിരാമത്തിനു മുന്‍പ് 25 ശതമാനം സ്ത്രീകളിലും പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം അനുഭവപ്പെട്ടിട്ടുണ്ടാകാം.

പി.എം.എസിന്റെ കാരണങ്ങള്‍ വ്യക്തമല്ലെങ്കിലും പ്രധാനമായും 20 വയസിനും 40 വയസിനും ഇടയിലുള്ള സ്ത്രീകളില്‍ ഇത് കൂടുതലായി അനുഭവപ്പെടാറുണ്ട്. ആര്‍ത്തവത്തിനു മുന്‍പ ് ഒന്ന് അല്ലെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുന്ന ശാരീരികവും വൈകാരികവും മാനസികവുമായുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ പി.എം എസിന്റെ ലക്ഷണങ്ങളായി കണക്കാക്കാം.

ലക്ഷണങ്ങള്‍


ആര്‍ത്തവത്തിനു മുന്‍പ് ആരംഭിച്ച് ആര്‍ത്തവത്തോടു കൂടി പൂര്‍ണമായും മാറുന്ന ലക്ഷണങ്ങളാണ് പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോമില്‍ പ്രകടമാകുക. എല്ലാ മാസവും തുടര്‍ച്ചയായി പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍ ഉണ്ടായെങ്കില്‍ മാത്രമേ പി. എം.എസ് ആയി കണക്കാക്കാനാകൂ. ഒന്നിലധികം ലക്ഷണങ്ങള്‍ ഉണ്ടാകുമെങ്കിലും പ്രധാനമായും ശാരീരികവും മാനസികവുമായിട്ടുള്ള പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി ഏറ്റക്കുറച്ചിലോടു കൂടി ആര്‍ത്തവത്തിനു മുന്‍പ് അനുഭവപ്പെടുകയും ആര്‍ത്തവത്തോടെ കൂടി പൂര്‍ണമാകുകയും ചെയ്താല്‍ പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോമാണെന്നു മനസിലാക്കാം.

പി.എം.എസിന്റെ ലക്ഷണങ്ങള്‍ രണ്ട് തരത്തില്‍ അനുഭവപ്പെടാം. ശാരീരികവും മാനസികവുമായി ഉണ്ടാകുന്ന ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം നിര്‍ണയിക്കാനാകൂ.

uploads/news/2018/12/269843/peridsctips041218a.jpg

ശാരീരിക ലക്ഷണങ്ങള്‍


1. തളര്‍ച്ച
2. ക്ഷീണം
3. തലവേദന
4. മുഖത്ത് കുരുക്കള്‍ ഉണ്ടാകുക
5. സ്തനങ്ങള്‍ക്ക് വേദന
6. സ്തനങ്ങള്‍ വലുതായി വരുന്നതായി തോന്നുക
7. ശരീരഭാരം വര്‍ധിക്കുക
8. അമിതമായി തടി വയ്ക്കുക
9. മസിലുകളിലും സന്ധികളിലും വേദന
10. കൈകാലുകള്‍ വിറയ്ക്കല്‍
11. പേശികള്‍ കൊളുത്തി വലിക്കുന്ന പോലുള്ള വേദന
12. ദഹനപ്രക്രിയയില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട്
13. അടിവയറ്റില്‍ വേദന
14. മലബന്ധം

മാനസിക പ്രശ്‌നങ്ങള്‍


1. ഭയം
2. ഉത്കണ്ഠ
3. ഉറക്കക്കുറവ്
4. മൂഡ് ഡിസോര്‍ഡര്‍
5. അസ്വസ്ഥത
6. എല്ലാ കാര്യങ്ങളിലും മറ്റുള്ളവരെ ആശ്രയിക്കുക
7. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക
8. ഉന്മേഷവും ഉണര്‍വും നഷ്ടപ്പെടുക

ഈ ലക്ഷണങ്ങളാണ് പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോമിന്റെ ഭാഗമായി ഭൂരിഭാഗം സ്ത്രീകളിലും ഉണ്ടാകാറുള്ളത്. ശാരീരികവും മാനസികവുമായി ഉണ്ടാകുന്ന ലക്ഷണങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെങ്കിലും പ്രധാനമായും ഈ ലക്ഷണങ്ങള്‍ പ്രകടമാകാനാണ് സാധ്യത.

ചിലരില്‍ മൈഗ്രേന്‍, ആസ്ത്മ, അലര്‍ജി എന്നിവയും ഉണ്ടാകുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ മാത്രമാണ് ഉണ്ടാകുന്നതെങ്കില്‍ പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോമാകില്ല. ആര്‍ത്തവത്തോടനുബന്ധമായി ശാരീരികവും മാനസികവുമായിട്ടുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ പി.എം.എസായി കണ
ക്കാക്കാം. പൊതുവായി പ്രകടമാകാറുള്ള ഈ ലക്ഷണങ്ങള്‍ ആര്‍ത്തവത്തിനു ഒന്നോ രണ്ടോ ആഴ്ച മുന്‍പ് ഉണ്ടാകുകയും ആര്‍ത്തവത്തോടെ അവസാനിക്കുകയും ചെയ്യും.

കാരണങ്ങള്‍


പി.എം.എസ് ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങള്‍ അവ്യക്തമാണെങ്കിലും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം ഇവ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. ആര്‍ത്തവം അടുക്കുന്നതോടെ ഹോര്‍മോണ്‍ നിലകളിലുണ്ടാകുന്ന വ്യതിയാനമാണ് ഇത്തരം അവസ്ഥകള്‍ക്കുള്ള ഒരു കാരണം. പലര്‍ക്കും പല കാരണങ്ങള്‍ കൊണ്ടാകാം പി എം എസ് ഉണ്ടാകുന്നത്. ചിലരില്‍ ജീവിതശൈലിയില്‍ വരുന്ന മാറ്റങ്ങളാകും കാരണമാവുക.
uploads/news/2018/12/269843/peridsctips041218c.jpg

ഉത്കണ്ഠനിറഞ്ഞ ജീവിതരീതി, ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കൂടുക, ആല്‍ക്കഹോളിന്റെ ഉപയോഗം എന്നിവയെല്ലാം കാരണമായേക്കാം. ചിലരില്‍ വിറ്റാമിനുകളുടെയും മിനറലുകളുടെയും കുറവ് ഉണ്ടാകുക, അനീമിയ എന്നിവയും കാരണങ്ങളാകാം. പി.എം.എസ് കണ്ടെത്താന്‍ മറ്റു പരിശോധനകള്‍ ഒന്നും തന്നെ നിലവിലില്ലാത്തതിനാല്‍ രോഗി പറയുന്ന ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ പി.എം.എസ് നിര്‍ണയിക്കാനാകൂ.

ചികിത്സ രീതി


ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള മാര്‍ഗങ്ങളാണ് ചികിത്സയുടെ പ്രാരംഭഘട്ടം. ഉത്കണ്ഠ, അസ്വസ്ഥത എന്നിവ കുറയ്ക്കാനുള്ള ചികിത്സാ രീതികളായിരിക്കും നല്‍കുന്നത്. സ്‌ട്രെസ് കുറയ്ക്കുന്നതിനു യോഗ, മറ്റ് വ്യായാമങ്ങള്‍ എന്നിവ ചികിത്സയുടെ ഭാഗമായി നിര്‍ദേശിക്കാറുണ്ട്. കുടുംബത്തിന്റെ പിന്തുണ ആവശ്യമുള്ള സ്ത്രീകള്‍ക്ക് അതു നല്‍കുക തുടങ്ങി ജീവിത രീതിയില്‍ വരുത്താനാകുന്ന മാറ്റങ്ങളിലൂടെ പിഎംഎസ് ഒരു പരിധി പരിഹരിക്കാനാകും.

ആദ്യഘട്ടത്തിലൂടെ പരിഹരിക്കാന്‍ സാധിക്കാത്ത സാഹചര്യമുള്ളവര്‍ക്ക് കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ അടങ്ങിയ ഗുളികകള്‍ നല്‍കും. ആര്‍ത്തവ വേദന കൂടുതലുള്ളവര്‍ക്ക് വേദന നിവാരണ ഗുളികകള്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്നതനുസരിച്ച് കഴിക്കാം.

ചില ഗൈനക്കോളജിക്കല്‍ പ്രശ്‌നങ്ങള്‍, ഹൈപ്പോ തൈറോയിഡിസം, ആല്‍ക്കഹോളിന്റെ ഉപയോഗം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉള്ളവരില്‍ ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാകാം. അതുകൊണ്ട് പി.എം.എസ് ആണെന്നു ഉറപ്പാക്കേണ്ടതുണ്ട്. പിഎംഎസിനു ചികിത്സ തേടുന്നവരുടെ കുടുംബാംഗങ്ങളുടെ പൂര്‍ണ പിന്തുണയും സഹകരണവും ചികിത്സ വേളയില്‍ ആവശ്യ
മാണ്.

പിഎംഡിഡി


പിഎംഎസ് ഉള്ള സ്ത്രീകളില്‍ വളരെ അപൂര്‍വമായി കാണപ്പെടുന്ന അവസ്ഥയാണ് പ്രീ മെന്‍സ്ട്രല്‍ ഡിസ്‌ഫോറിക് ഡിസോര്‍ഡര്‍ (പിഎംഡിഡി). മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങള്‍ പിഎംഡിഡി അവസ്ഥയില്‍ കൂടുതലായി അനുഭവപ്പെടും. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കൊണ്ട് മാത്രമല്ല, മസ്തിഷ്‌കത്തിലുണ്ടാകുന്ന ന്യൂറോട്രാന്‍സ്മിറ്റേഴ്‌സിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടാണ് ഇവ ഉണ്ടാകുന്നത്.

എല്ലാ കാര്യങ്ങള്‍ക്കും മറ്റുള്ളവരെ കൂടുതലായി ആശ്രയിക്കുക, പെരുമാറ്റ വൈകല്യം, ലൈംഗിക താല്‍പര്യക്കുറവ്, കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുക എന്നിവയെല്ലാം പി എം ഡിഡി അവസ്ഥയില്‍ ഉണ്ടാകാം. പി എം എസ് ഉള്ള സ്ത്രീകളില്‍ അഞ്ച് ശതമാനം പേരില്‍ മാത്രം കാണപ്പെടുന്ന ബിഹേവിയറല്‍ ചേഞ്ചാണ് പിഎംഡിഡി. പിഎംഡിഡി ഉള്ളവര്‍ എത്രയും വേഗം അത് ചികിത്സിച്ച് ഭേദമാക്കേണ്ടതുണ്ട്. ഒരു സൈക്യാട്രിസ്റ്റിന്റെ സഹായത്തോടെ ചികിത്സ ആരംഭിക്കാവുന്നതാണ്.

ഡോ. ഷെറിന്‍ വര്‍ഗീസ്
കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്
സെന്റ് ഗ്രീഗോറിയോസ് മെഡിക്കല്‍
മിഷന്‍ മള്‍ട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍, പരുമല

തയാറാക്കിയത്:
നീതു സാറാ ഫിലിപ്പ്

Ads by Google
Tuesday 04 Dec 2018 03.48 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW