Monday, June 10, 2019 Last Updated 2 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Dec 2018 11.00 AM

എന്റെ കഴിവില്‍ എനിക്ക് വിശ്വാസം ഉള്ളിടത്തോളം കാലം എനിക്ക് പേടിയില്ല

''മലയാളസിനിമയിലെ ആദ്യ സ്വതന്ത്ര കലാസംവിധായികയായി മാറിയ മലയാളി പെണ്‍കുട്ടി, ദുന്തു രഞ്ജീവിന്റെ വിശേഷങ്ങള്‍...''
uploads/news/2018/12/269789/DundhuRenjeevINW041218.jpg

സിനിമയിലെ ഓരോ ഫ്രെയിമിലും അഴകും ആഴവും പകര്‍ന്നുനല്‍കുന്നതിനായി സര്‍ഗ്ഗാത്മക കഴിവുകള്‍ മാറ്റുരയ്ക്കുന്ന വേദിയാണ് കലാസംവിധാനം.
പെണ്‍കുട്ടികള്‍ കടന്നുചെല്ലാന്‍ മടിക്കുന്ന സിനിമയുടെ ഈ വഴിയിലൂടെ കടന്നെത്തി വിജയഗാഥ രചിച്ചിരിക്കുകയാണ് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനിയായ ദുന്തു രഞ്ജീവ്. മലയാളസിനിമയിലെ മലയാളിയായ ആദ്യ കലാസംവിധായികയായ ദുന്തുവിന്റെ വിശേഷങ്ങളിലേക്ക്...

സിനിമ എന്ന സ്വപ്നം


ചെറുപ്പംമുതല്‍ സിനിമ എനിക്ക് സ്വപ്‌നമായിരുന്നു. കുട്ടിക്കാലത്ത് ഓരോ സിനിമയ്ക്ക് കൊണ്ടുപോകുമ്പോഴും അച്ഛന്‍ അതിലെ അഭിനേതാക്കളെയും സാങ്കേതികപ്രവര്‍ത്തകരെയും കുറിച്ച് പറഞ്ഞുതരുമായിരുന്നു. ആ കാര്യങ്ങളില്‍ അച്ഛനുള്ള താല്‍പര്യം അന്നുമുതല്‍ തന്നെ എനിക്കും പകര്‍ന്ന് കിട്ടിയിരുന്നു.

സ്‌കൂളിംഗ് കഴിഞ്ഞ് ഉപരിപഠന ഘട്ടമെത്തിയപ്പോള്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷനായിരുന്നു തെരഞ്ഞെടുത്തത്. പക്ഷേ മെഡിക്കല്‍ ഫീല്‍ഡിനോടായിരുന്നു വീട്ടുകാര്‍ക്ക് താല്‍പര്യം. അങ്ങനെ എന്റെ വഴി അതായി. പഠനം തുടര്‍ന്നപ്പോഴും അത് എന്റെ ഫീല്‍ഡ് അല്ല എന്ന തോന്നല്‍ പലപ്പോഴും മനസ്സിലുണ്ടായി. അതിനുശേഷമാണ് ടെക്‌നോപാര്‍ക്കില്‍ ടൂണ്‍സില്‍ ചേര്‍ന്ന് ത്രീഡി ആനിമേഷന്‍ പഠിച്ചത്. പഠനശേഷം ഫ്രീലാന്‍സായി പല വര്‍ക്കുകളും ചെയ്യുന്നതിനിടയിലാണ് ബെംഗലൂരു സെന്റ് ജോസഫ്‌സില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന് ചേരാന്‍ തീരുമാനിച്ചത്.

എന്റെ ഇഷ്ടത്തിനൊപ്പം ഒടുവില്‍ വീട്ടുകാര്‍ നിന്നപ്പോള്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പഠിക്കാന്‍ തുടങ്ങി. അപ്പോഴും സിനിമയുടെ ഏത് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന തീരുമാനമൊന്നും ഉണ്ടായിരുന്നില്ല. സ്‌ക്രിപ്റ്റും ഡയറക്ഷനുമൊക്കെ ചെറിയ രീതിയില്‍ അപ്പോള്‍ തന്നെ ചെയ്യുമായിരുന്നു. കോളജില്‍ നടക്കുന്ന ഇവന്റുകള്‍ കുറഞ്ഞ ഫണ്ടില്‍ കൃത്യമായി പ്ലാന്‍ ചെയ്യുന്നതും ഡെക്കറേഷന്‍ വര്‍ക്കുകള്‍ ചെയ്യുന്നതും എന്റെ പണിയായിരുന്നു.

അവസാന വര്‍ഷം ഇന്റേണ്‍ഷിപ്പിന്റെ സമയത്ത് എന്റെ പ്രൊഫസറായ രാജ് കുമാര്‍ സര്‍ ആണ് ആര്‍ട്ട് ഡയറക്ഷനാണ് എനിക്ക് ഇണങ്ങുക എന്ന മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നത്. അത് പ്രകാരമാണ് ആര്‍ട്ട് ഡയറക്ഷന്‍ എന്ന മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്.

uploads/news/2018/12/269789/DundhuRenjeevINW041218b.jpg

100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തില്‍ ആര്‍ട്ട് സെക്ഷനില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം ലഭിച്ചു. അവിടെ എത്തിയതോടെ എനിക്ക് ഉണ്ടായിരുന്ന ധാരണകളൊക്കെ മാറി. എന്റെ കാഴ്ചപ്പാടില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു ആര്‍ട്ട് ഡയറക്ഷന്‍. അവിടെ എല്ലാം നമ്മള്‍ തന്നെ ചെയ്യണം. ഈ മേഖലയെക്കുറിച്ചുള്ള യാതൊരറിവും അപ്പോള്‍ എനിക്കില്ലായിരുന്നു. സാങ്കേതികമായ പല കാര്യങ്ങളും പുതുമയോടെയാണ് ഞാന്‍ കണ്ടതും മനസ്സിലാക്കിയതും. ആ സിനിമയില്‍ ആര്‍ട്ട് സെക്ഷനില്‍ ഉണ്ടായിരുന്ന നിമേഷ് ചേട്ടനാണ് ഓരോ കാര്യങ്ങളും പറഞ്ഞു തന്നത്.

തുടര്‍ന്ന് വി. കെ പ്രകാശ് സാറിന്റെ പരസ്യചിത്രങ്ങളുടെ ഷൂട്ടിംഗ് ബെംഗലൂരില്‍ നടക്കുമ്പോള്‍ നിമേഷേട്ടന്‍ ആര്‍ട്ട് വര്‍ക്ക് സഹായിയായി വിളിക്കാറുണ്ടായിരുന്നു. പിന്നീട് റോക്‌സ്റ്റാര്‍ എന്ന ചിത്രത്തില്‍ നിമേഷ് ചേട്ടനൊപ്പം അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന് എക്രോസ് ദ ഓഷ്യന്‍ എന്ന ചിത്രത്തിലേക്ക് ഉമ കുമാരപുരം വിളിച്ചു. സിനിമ അല്ലാതെയുള്ള ചെറിയ ചെറിയ വര്‍ക്കുകള്‍ അപ്പോഴും ചെയ്യുന്നുണ്ടായിരുന്നു. ഉമയുടെ സുഹൃത്താണ് ലില്ലിയുടെ സംവിധായകനായ പ്രശോഭ്. അങ്ങനെയാണ് ലില്ലിയില്‍ എത്തുന്നത്.

കലാസംവിധാനത്തിന് വളരെ പ്രാധാന്യമുള്ള വയലന്‍സ് ഉള്ള ചിത്രമായിരുന്നു ലില്ലി. ആദ്യമായി ഈ മേഖലയിലേക്ക് കടന്നു വരുന്ന ഒരാള്‍ എന്നനിലയില്‍ അതൊരു വെല്ലുവിളിയായിരുന്നു. പക്ഷേ അത് ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറായി. സിനിമയ്ക്കുശേഷം ത്രില്ലിംഗ് അനുഭവമായിരുന്നു എന്നാണ് എല്ലാവരും പറഞ്ഞത്. കലാ സംവിധായിക എന്ന നിലയില്‍ ആദ്യ സംരംഭത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ലില്ലി കഴിഞ്ഞതോടെ കൂടുതല്‍ സിനിമകളിലേക്ക് അവസരം ലഭിക്കുന്നുണ്ട്. ഇഷ്ടപ്പെട്ട മേഖലയില്‍ തന്നെ പേരെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

പെണ്ണായാല്‍ ധൈര്യം വേണം


സ്‌ട്രെയിനും സ്‌ട്രെസ്സും ഒരുപാട് കൂടുതലുള്ള മേഖലയാണിത്. സ്ത്രീകള്‍ പുതിയൊരു കാര്യം ചെയ്താല്‍ അവരുടെ കഴിവില്‍ പലര്‍ക്കും വിശ്വാസക്കുറവ് ഉണ്ട് എന്നത് വസ്തുതയാണ്. പതിനഞ്ച് വര്‍ഷത്തോളമായി ആര്‍ട്ട് അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുന്ന പലരും ഇന്നും ഫീല്‍ഡില്‍ ഉണ്ട്. സ്ട്രഗിള്‍ ചെയ്യാതെ ഉയര്‍ച്ച ഉണ്ടാകില്ല. സിനിമയുടെ സാങ്കേതിക രംഗങ്ങളിലേക്ക് കടന്നുവരാന്‍ പല വെല്ലുവിളികളും നേരിടേണ്ടിവരും.

ഒപ്പം നല്ലരീതിയില്‍ കഷ്ടപ്പെടുകയും വേണം. പല പെണ്‍കുട്ടികള്‍ക്കും അതൊന്നും ഫെയ്‌സ് ചെയ്യാനുള്ള ധൈര്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്. കുടുംബവും കുട്ടികളുമായി ലൈഫ് സേഫ് ആയി കൊണ്ടുപോകാനാണ് കൂടുതല്‍ പേര്‍ക്കും താല്‍പര്യം. ഇങ്ങനെ വേറിട്ട വഴിയിലൂടെ മുന്നേറാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിന് കഴിയും. വെറുതെ പറഞ്ഞതുകൊണ്ടായില്ല, ഇഷ്ടം നേടിയെടുക്കാനുള്ള ധൈര്യം കാണിക്കണം.

uploads/news/2018/12/269789/DundhuRenjeevINW041218d.jpg

അതിക്രമങ്ങളെ അതിജീവിക്കണം


സെക്ഷ്വല്‍ ഹരാസ്‌മെന്റ് ഉള്‍പ്പടെ സിനിമയില്‍ പല പ്രശ്‌നങ്ങളും ഉള്ളതായി എല്ലാവര്‍ക്കും അറിവുള്ളതാണ്. ഭാഗ്യവശാല്‍ എനിക്ക് അത്തരം അനുഭവങ്ങള്‍ നേരിട്ട് അനുഭവിക്കേണ്ടി വന്നിട്ടില്ലെങ്കിലും എന്റെ സഹപ്രവര്‍ത്തകരില്‍നിന്നും പലതവണ ഇങ്ങനെയുള്ള കാര്യങ്ങള്‍ കേള്‍ക്കാനിടവന്നിട്ടുണ്ട്. പിന്നെ നോട്ടം കൊണ്ടുള്ള ശല്യപ്പെടുത്തലും കമന്റടികളും പലതവണ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല.

സമൂഹത്തില്‍ എല്ലായിടത്തും നടക്കുന്ന കാര്യങ്ങള്‍ തന്നെയാണത്. ഇത്തരത്തിലുള്ള എന്ത് അതിക്രമങ്ങള്‍ ഉണ്ടാ
യാലും പേടിച്ചു നില്‍ക്കാതെ പ്രതികരിക്കണം. ധൈര്യപൂര്‍വ്വം പ്രതികരിക്കുന്ന പെണ്ണിനെ ഫെയിസ് ചെയ്യാന്‍ ഇത്തരക്കാര്‍ക്ക് മടിയാണ്.
ഇത്തരത്തില്‍ പ്രതികരിച്ചാല്‍ അവസരങ്ങള്‍ കുറയുമെന്നും മലയാളം ഇന്‍ഡസ്ട്രിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്നുമൊക്കെ പലരും പറയാറുണ്ട്. പക്ഷേ എന്റെ കഴിവില്‍ എനിക്ക് വിശ്വാസം ഉള്ളിടത്തോളം കാലം എനിക്ക് പേടിയില്ല.

മലയാളത്തില്‍ അവസരം ഇല്ലാതായാല്‍ മറ്റേതെങ്കിലും ഭാഷയില്‍ പോയി ജോലിചെയ്യാന്‍ ഞാന്‍ തയ്യാറാണ്. അവിടെപ്പോയി വലിയ ഡയറക്ടര്‍മാര്‍ക്കൊപ്പം അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്യാന്‍ എനിക്ക് ഇപ്പോഴും മടിയില്ല. കന്നഡയിലൊക്കെ വര്‍ക്ക് ചെയ്ത അനുഭവം ഉണ്ട്. കരിയറില്‍ പല തരത്തില്‍ തടസ്സങ്ങള്‍ നേരിടേണ്ടതായി വരും. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അതൊക്കെ ഉണ്ടായിക്കോട്ടെ എന്ന് വിചാരിച്ചു തന്നെയാണ് ഞാന്‍ മുന്നോട്ടുപോകുന്നത്. പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാതെ ധൈര്യമായി ഫേസ് ചെയ്യാന്‍ ഓരോ പെണ്‍കുട്ടിയും മുന്നോട്ടുവരണം. മാറ്റമുണ്ടാക്കേണ്ടത് അങ്ങനെയാണ്.

മീ ടു നല്ലത്, പക്ഷേ...


കേരളത്തില്‍ മാത്രമല്ല ലോകത്തെമ്പാടും സ്ത്രീ മുന്നേറ്റങ്ങള്‍ കണ്ടുവരുന്ന കാലഘട്ടമാണിത്. മീ ടു ക്യാമ്പയിന്‍ നല്ലത് തന്നെയാണ്. സ്ത്രീക്ക് ഏത് മേഖലയിലും നിലനില്‍ക്കാന്‍ ശക്തിപകരുന്നതാണ് ഈ മുന്നേറ്റം. പക്ഷേ അതിനെ ആരൊക്കെയാണ് ശരിയായി ഉപയോഗിക്കുന്നത് ആരൊക്കെയാണ് മുതലെടുപ്പ് നടത്തുന്നത് എന്നൊക്കെ തിരിച്ചറിയണം. നമ്മളൊരു മേഖലയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഒപ്പം വര്‍ക്ക് ചെയ്യുന്നവരില്‍ ആരൊക്കെ ഏതൊക്കെ തരക്കാരാണ് എന്ന് തിരിച്ചറിയാനും, അതിനു വേണ്ട മുന്‍കരുതല്‍ എടുക്കാനും ഇത്തരം തുറന്നുപറച്ചിലുകള്‍ സഹായിക്കും.
uploads/news/2018/12/269789/DundhuRenjeevINW041218c.jpg

സമൂഹത്തില്‍ ഇപ്പോഴും സ്ത്രീകള്‍ അവഗണിക്കപ്പെടുന്നു എന്നുള്ളത് സത്യമാണ്. തുല്യത വാക്കുകളില്‍ മാത്രമേയുള്ളൂ. ഒരു ആര്‍ട്ട് ഡയറക്ടറായ എനിക്ക് പലപ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പല സ്ഥലങ്ങളിലും ഒക്കെ ജോലി ചെയ്യേണ്ടതായി വരും. അവിടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങള്‍ പോലും ലഭിക്കാറില്ല.

വലിയ സംഘത്തിനൊപ്പം ഒരു പെണ്‍കുട്ടി ഉണ്ടെങ്കിലും അവള്‍ക്കുവേണ്ടി കൂടുതല്‍ സൗകര്യങ്ങളൊരുക്കേണ്ടിവരുന്നത് പ്രൊഡക്ഷന്‍ കോസ്റ്റിനെ ബാധിക്കുമെന്നുള്ളതു കൊണ്ടുതന്നെ ആരും അതിനു മിനക്കെടാറില്ല. അല്ലെങ്കില്‍ പെണ്‍കുട്ടികളെ ഒപ്പം കൂട്ടാറില്ല. എന്നെപ്പോലെ സമയബന്ധിതമല്ലാത്ത ജോലി ചെയ്യുന്നവര്‍ നേരിടുന്ന പ്രധാനപ്രശ്‌നം ഇതൊക്കെയാണ്. അല്ലാതെയുള്ള അതിക്രമങ്ങളെയും ചൂഷണങ്ങളെയും ഒക്കെ ഏതുവിധത്തില്‍ പ്രതിരോധിക്കണമെന്ന് എനിക്ക് നന്നായി അറിയാം.

അഭിനയം ഇഷ്ടമാണ്, പക്ഷേ...


ഏതൊരു പെണ്‍കുട്ടിയേയും പോലെ അഭിനയിക്കുക എന്നത് എനിക്കും ഇഷ്ടമുള്ള കാര്യം തന്നെയാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ആ മോഹം കടന്നു വരാത്തവര്‍ ഉണ്ടാകില്ല. ആര്‍ട്ട് എന്ന മേഖലയില്‍ സിനിമയ്‌ക്കൊപ്പം നില്‍ക്കുന്നതു കൊണ്ട് തന്നെ പലപ്പോഴും ക്യാമറയില്‍ മുഖം കാണിക്കാനുള്ള അവസരങ്ങളൊക്കെ കിട്ടിയിട്ടുണ്ട്. പല ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചിട്ടുമുണ്ട്. പക്ഷേ അഭിനയത്തേക്കാള്‍ എന്റെ പ്രയോരിറ്റി ആര്‍ട്ട് ഡയറക്ഷന് തന്നെയാണ്. അതില്‍നിന്ന് കിട്ടുന്ന സാറ്റിസ്ഫാക്ഷനാണ് എനിക്ക് പ്രധാനം.

മലയാളത്തില്‍ ഗുരു എന്ന സിനിമ പോലൊരു വര്‍ക്ക് എന്റെ സ്വപ്നമാണ്. കാഴ്ചയില്ലാത്തവരുടെ സ്വപ്നലോകം. ഏതൊരു ആര്‍ട്ട് ഡയറക്ടറുടെയും കഴിവിനെ വെല്ലുവിളിക്കുന്ന ഒന്നാണ്. അത്രത്തോളം ഹോംവര്‍ക്ക് ചെയ്താല്‍ മാത്രമേ അങ്ങനെ ഒരു വര്‍ക്ക് വിജയിപ്പിച്ചെടുക്കാന്‍ പറ്റൂ. സെറ്റിലെ കളര്‍ പാറ്റേണും കോസ്റ്റിയൂമും ഒക്കെ എത്ര മനോഹരമായാണ് ആര്‍ട്ട് ഡയറക്ടറായ രാജീവ് അഞ്ചല്‍ ഗുരുവില്‍ ഇണക്കി ചേര്‍ത്തിരിക്കുന്നത്. അത്തരത്തിലൊരു വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിച്ചാല്‍ മാത്രമേ എന്നെപ്പോലൊരു ആര്‍ട്ട് ഡയറക്ടര്‍ക്ക് സംതൃപ്തി ലഭിക്കൂ.

uploads/news/2018/12/269789/DundhuRenjeevINW041218a.jpg

കുടുംബത്തിന്റെ പിന്തുണ


ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം അവളുടെ കുടുംബത്തിന്റെ പിന്തുണയാണ് അവളുടെ ഉയര്‍ച്ചയുടെ അടിത്തറ. മകള്‍ സിനിമ ഫീല്‍ഡിലേക്ക് വരുന്നതിന്റെ ടെന്‍ഷന്‍ ആദ്യമൊക്കെ ഉണ്ടായിരുന്നുവെങ്കിലും ഇവിടെ പെണ്‍കുട്ടിയായ എനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയും എന്ന ബോധ്യം വന്നതോടെ അവര്‍ എനിക്ക് നല്‍കുന്ന പിന്തുണ വളരെ വലുതാണ്.

അച്ഛന്‍ രഞ്ജീവിനും അമ്മ രാധയ്ക്കും ഒപ്പം ചേച്ചിയും ഭര്‍ത്താവും അവരുടെ കുട്ടികളും അടങ്ങുന്നതാണ് എന്റെ കുടുംബം. കണ്ണൂര്‍ തളിപ്പറമ്പിലാണ് കുടുംബം സെറ്റില്‍ ചെയ്തിരിക്കുന്നത്. ജോലി സംബന്ധമായി എപ്പോഴും യാത്രകളായതിനാല്‍ ഞാന്‍ വീട്ടില്‍ പോകുന്നത് വിരളമാണ്. ബെംഗലൂരും കൊച്ചിയുമാണ് എന്റെ വാസസ്ഥലം.

ദീപു ചന്ദ്രന്‍

Ads by Google
Tuesday 04 Dec 2018 11.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW