കോട്ടയം: കേരള കത്തോലിക്കാ സഭ ഒന്നിനു പുറകേ മറ്റൊന്നായി വിവാദങ്ങളില്‍ പെടുമ്പോള്‍ നിഷ്പക്ഷതയുടെ പേരുപറഞ്ഞ് മൗനം അവലംബിച്ച് ഒഴിഞ്ഞുമാറുന്ന സഭാനേതൃത്വത്തിനു നേരെ വിരല്‍ ചൂണ്ടി റവ.ഡോ.പോള്‍ തേലക്കാട്ടിന്റെ ലേഖനം. 'മംഗളം' ദിനപത്രത്തില്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച 'ധാര്‍മിക നിഷ്പക്ഷത?' എന്ന ലേഖനത്തിലാണ് വൈദികന് താന്‍ ഉള്‍പ്പെടുന്ന സഭയുടെ നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നത്.
ഭൂമി തട്ടിപ്പും കന്യാസ്ത്രീ പീഡനവും സഭാപിതാക്കന്മാരെ പ്രതിക്കൂട്ടിലാക്കിയപ്പോള്‍ നീതിക്കും സത്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ ഏതാനും പുരോഹിതരേയും കന്യാസ്ത്രീകളെയും അനുസരണത്തിന്റെയും അച്ചടക്കത്തിന്റെയും വാള് കാണിച്ച് ഭയപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ നിശബ്ദത പുലര്‍ത്തുന്ന പൗരോഹിത്യത്തിനും സഭാവിശ്വാസികള്‍ക്കും നേരെയാണ് ഫാ.തേലക്കാടിന്റെ ചോദ്യം ഉയരുന്നത്.
ജര്‍മ്മനിയില്‍ ഹിറ്റ്ലര്‍ നടത്തിയ കൂട്ടക്കൊലയെ പശ്ചാത്തലമാക്കിയാണ് ഫാ.പോള്‍ തേലക്കാടന്റെ ലേഖനം. അന്ന് അവുഷ്വിറ്റ്സ തടങ്കല്‍ പാളയത്തില്‍ നിന്ന് രക്ഷപ്പെട്ട ഏലി വീസല്‍ ഇങ്ങനെ പറയുന്നു: ''മനുഷ്യര്‍ സഹിക്കുകയും അപമാനിതരാകുകയും ചെയ്യുമ്പോള്‍ ഒരിക്കലും നിശ്ശബ്ദരാകാതിരിക്കാന് ഞാന്‍ ശപഥം ചെയ്തു. എപ്പോഴും നാം പക്ഷം പിടിക്കണം. നിഷ്പക്ഷത പീഡകരെ സഹായിക്കുന്നു; ഒരിക്കലും ഇരയെയല്ല. തിന്മ വ്യാപിക്കാന്‍ വേണ്ടത് ഒന്നു മാത്രം, നല്ല മനുഷ്യര്‍ മിണ്ടാതിരിക്കുക. സ്നേഹത്തിന്റെ വിപരീതം വെറുപ്പല്ല, നിഷ്പക്ഷതയാണ്. നാം എപ്പോഴും പക്ഷം പിടിക്കണം. നീതിയുടെ പീഡകര്‍ക്കെതിരായി, ഇരയ്ക്കു വേണ്ടി.''
കേരള സംസ്കാരത്തില്‍ ഇങ്ങനെ ക്രൂരതയുടെയും ധാര്‍മിക അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ പക്ഷം പിടിച്ചവരെ നിരന്തരമായി നിഷ്പക്ഷ നപുംസകര്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് കാണേണ്ടിവരുന്നുവെന്നും ഫാ.തേലക്കാട്ട് ചൂണ്ടിക്കാട്ടുന്നു. ഈ നിഷ്പക്ഷത തങ്ങളുടെ നിലപാട് വലിയ പുണ്യമാക്കി ഘോഷിക്കുന്നതു കാണുന്നു. മതവും അധികാരവും പീഡകരുടെ പക്ഷത്ത് എന്തുകൊണ്ട് നിലയുറപ്പിച്ചു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഹേഗല്‍ പറഞ്ഞപോലെ വക്രബുദ്ധി മാത്രമാണ് ഇതിനുള്ള വിശദീകരണം.
'ഒരു വ്യവസ്ഥിതി എത്ര കണ്ട് വളരുന്നുവോ അത്രകണ്ട് അത് ഇരകളെ പാര്‍ശ്വവത്കരിക്കും. വ്യവസ്ഥിതിയുടെ വിജയമാണ് അതിന്റെ പരാജയം. വിലാപത്തില്‍ പ്രകാശിക്കുന്ന സഹനത്തിന്റെ ശബ്ദമാണ് വ്യവസ്ഥിതി അടിച്ചുപുറത്താക്കുന്നത്. ഒരിക്കലും മറക്കാനാവാത്ത കുറ്റകൃത്യങ്ങളില്‍ ഇരകള്‍ നിലവിളിക്കുന്ന പ്രതികാരത്തിനായല്ല, ദുഃഖം പറഞ്ഞുതീര്‍ക്കാനാണ്... എന്ന പോള്‍ റിക്കറിന്റെ ഉദ്ധരിയോടെയാണ് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത്.
അമ്പതു ലക്ഷം യഹൂദരെ കൊന്നതിന്റെ ഉത്തരവാദിത്വം പേറിയ അഡോള്‍ഫ് ഐക്മാനെ 1960 മേയ്23-ന് അര്‍ജന്റീനയില്‍നിന്നു പിടികൂടിയ വിവരം അറിയിച്ചത് ഇസ്രായേല്‍ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് ബെന്‍ ഗുരിയോണ്‍ ആണ്. അന്ന് അദ്ദേഹം പറഞ്ഞു: ചരിത്രത്തിന്റെ വിസ്താരത്തിനു പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് ഒരു വ്യക്തിയല്ല, നാസി ഭരണകൂടം മാത്രമല്ല, ചരിത്രത്തിലെ യഹൂദവിരുദ്ധതതന്നെയാണ്... ഈ ദുരന്തത്തിന്റെ വിശദാംശങ്ങള്‍ ലോകജനതയുടെ പൊതുഅഭിപ്രായത്തെ ബാധിക്കുന്ന പ്രധാന ഘടകമായിരിക്കും. നാസി കൂട്ടക്കൊലയുടെ പ്രധാന നടത്തിപ്പുകാരനായിരുന്ന ഡീറ്റര്‍ വിസ്ലിസിനി പറഞ്ഞതനുസരിച്ച് അമ്പതു ലക്ഷം യഹൂദരെ കൊന്ന കാര്യം പറയുമ്പോള്‍ അസാധാരണമായ സംതൃപ്തിയോടെ ഐക്മാന് ചിരിച്ചുതള്ളുമായിരുന്നു. "അതു നേതാവിന്റെ (ഹിറ്റ്ലര്‍) കല്പനയായിരുന്നു; അതു നടത്തി അത്രമാത്രം "- അദ്ദേഹം പറഞ്ഞു. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യത്തിനു വിസ്തരിച്ചപ്പോള്‍ അവസാനമായി അദ്ദേഹം പറഞ്ഞു: "ചുരുക്കിപ്പറഞ്ഞാല്‍ ഞാന്‍ ചെയ്തതൊന്നും തെറ്റായിരുന്നില്ല".
ഈ ഭീകരനെ നേരില്‍ കാണാനാണു വിസ്താരവേളയില്‍ ഹന്ന ആറന്ററ്റ് അമേരിക്കയില്‍ നിന്നു ജെറുസലേമില്‍ എത്തിയത്. ആ കാഴ്ചയുടെ കഥയാണ് അവരുടെ പ്രസിദ്ധമായ ഐക്മാന് ജെറുസലേമില്‍ എന്ന കൃതി. അവര്‍ അതില്‍ നല്കുന്ന ഏറ്റവും പ്രധാന നിരീക്ഷണം ഐക്മാനെ കണ്ടതുതന്നെയാണ്. കൂട്ടക്കൊലയുടെ പൈശാചികത ബാധിച്ച ആ ഭീകരനെ കണ്ടപ്പോള്‍ അവര്‍ ഞെട്ടി: അയാള്‍ വെറും സാധാരണക്കാരനായിരുന്നു. അതു പറയാന്‍ അവര്‍ ഉപയോഗിച്ച പദം (banality of evil) തിന്മയുടെ സാധാരണത്വം എന്നായിരുന്നു. ഇതേ പ്രയോഗമാണു പ്രസിദ്ധ ചിന്തകനായ യാസ്പേഴ്സും നല്‍കുന്നത്. "തിന്മ സാധാരണമാണ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, മൗലികതിന്മ സാധാരണമാണ് എന്നതുതന്നെ" - അതായത് ധാര്‍മികമായ നപുംസകസമീപനം. ഐക്മാന് ആവര്‍ത്തിച്ചു പറഞ്ഞത്, ഞാന്‍ ആരെയും കൊന്നിട്ടില്ല, നിയമാനുസൃതമായി തെരഞ്ഞെടുത്ത അധികാരിയുടെ കല്പന എല്ലാവരെയുംപോലെ അനുസരിച്ചു. അനുസരണമാണു ഭീകരം. അവിടെ അദ്ദേഹത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. താന്‍ ചിന്തിക്കേണ്ട കാര്യമല്ല എന്ന് അദ്ദേഹം തീരുമാനിച്ചു. ആ ചിന്താശൂന്യതയ്ക്കാണ് അദ്ദേഹത്തെ ഇസ്രായേല്‍ തൂക്കി കൊന്നത്.
ചുറ്റും നിലകൊള്ളുന്ന ഭീകരമായ ധാര്മികപ്രശ്നങ്ങളില്നിന്ന് അകന്ന് നിഷ്പക്ഷമായി നടക്കുന്ന ധാരാളം പേരില്‍ ഒരുവന്. മാത്രമല്ല, ഈ നിഷ്പക്ഷതയുടെ നിലപാടിലാണു ധാരാളം പേര്, ഞാന്‍ ഒരുവന് മാത്രം. എല്ലാവരും ചെയ്തതു ഞാനും ചെയ്യുന്നു. ഗുണത്തിനും ദോഷത്തിനുമല്ലാതെ ലോകത്തില്‍നിന്ന് ഒഴിഞ്ഞുമാറി ലോകത്തില്‍ ജീവിക്കുന്നവര്‍. ബവേറിയായിലെ ഡഖാവ് തടങ്കല്‍ പാളയം ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അതിന്റെ ഇരുമ്പുഗെയ്റ്റിനു മുകളില്‍ വ്യക്തമായ ആലേഖിതമുണ്ട്: "തൊഴില്‍ നിങ്ങളെ സ്വതന്ത്രരാക്കും". ആയിരക്കണക്കിനു ജര്‍മന്‍കാര്‍ അതില്‍ പണിയെടുത്തിരുന്നു. കൊലയുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ പണികള്‍ - കൊല്ലണം, ശവം നീക്കണം, കത്തിക്കണം, വിറകു വെട്ടണം... ഇങ്ങനെയുള്ള പണികള്‍. അവരാരും ഇതിനെക്കുറിച്ചു ചിന്തിച്ചില്ല. അധികാരികള്‍ തീരുമാനിക്കുന്നു, നാം അന്നന്നയപ്പത്തിനു പണിയെടുക്കുന്നു. പൂച്ചയ്ക്കു പൊരുന്നുരുക്കുന്നിടത്ത് എന്തു കാര്യം എന്നു പറയാറില്ലേ? ജര്‍മന്‍കാരോടു ഞാന്‍ ചോദിച്ചിട്ടുണ്ടോ? നിങ്ങള്‍ അറിഞ്ഞില്ലേ? ദുഃഖത്തോടെ അവര്‍ പറയുന്നത് അറിഞ്ഞില്ല എന്നാണ്. അറിഞ്ഞില്ല എന്നതിനേക്കാള്‍ ചിന്തിച്ചില്ല എന്നതാണു സത്യം.
അവുഷ്വിറ്റ്സ ക്യാമ്പില്‍ അച്ഛനും അമ്മയും പെങ്ങളുമൊന്നിച്ചാണു 13 വയസുകാരനായ ഏലി വീസല്‍ പ്രവേശിച്ചത്. പുറത്തുവരാന്‍ ഭാഗ്യം ലഭിച്ചത് അദ്ദേഹത്തിനു മാത്രമാണ്. 1986-ല്‍ സമാധാനുള്ള നോബല്‍ സമ്മാനം ലഭിച്ചത് അദ്ദേഹത്തിനാണ്. കിരാതമായ മനുഷ്യഹത്യയുടെ രാത്രിയുടെ കഥയാണ് അദ്ദേഹത്തിന്റെ വളരെ പ്രസിദ്ധമായ "നൈറ്റ്". അദ്ദേഹം പറഞ്ഞു: മനുഷ്യര്‍ സഹിക്കുകയും അപമാനിതരാകുകയും ചെയ്യുമ്പോള്‍ ഒരിക്കലും നിശ്ശബ്ദമാകാതിരിക്കാന്‍ ഞാന്‍ ശപഥം ചെയ്തു. എപ്പോഴും നാം പക്ഷം പിടിക്കണം. നിഷ്പക്ഷത പീഡകനെ സഹായിക്കുന്നു; ഒരിക്കലും ഇരയെയല്ല. തിന്മ വ്യാപിക്കാന്‍ വേണ്ടത് ഒന്നു മാത്രം, നല്ല മനുഷ്യര്‍ മിണ്ടാതിരിക്കുക. ഏലി വീസല്‍ ഒരിക്കല്‍ പറഞ്ഞതു മറക്കാനാവില്ല. സ്നേഹത്തിന്റെ വിപരീതം വെറുപ്പല്ല, നിഷ്പക്ഷതയാണ്. നാം എപ്പോഴും പക്ഷം പിടിക്കണം. നീതിയുടെ പീഡകര്‍ക്കെതിരായി, ഇരയ്ക്കുവേണ്ടി. വര്‍ണവിവേചനത്തിനെതിരായി ദക്ഷിണാഫ്രിക്കയില്‍ പടപൊരുതിയ ആര്‍ച്ച്ബിഷപ് ടെസ്മണ്ട് ടുട്ടു തന്റെ ആത്മകഥയില്‍ എഴുതി: അനീതിയുടെ സാഹചര്യങ്ങളില്‍ നിഷ്പക്ഷത പീഡകന്റെ പക്ഷം പിടിക്കലാണ്. എലിയുടെ വാലില്‍ ചവിട്ടി ആന നില്ക്കുന്നു. നിങ്ങളുടെ നിഷ്പക്ഷത എലി എങ്ങനെയായിരിക്കും വില മതിക്കുക?
കേരള സംസ്കാരത്തില്‍ ഇങ്ങനെ ക്രൂരതയുടെയും ധാര്‍മിക അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ പക്ഷം പിടിച്ചവരെ നിരന്തരമായി നിഷ്പക്ഷ നപുംസകര്‍ പീഡിപ്പിക്കാന്‍ നിരന്തരം ശ്രമിക്കുന്നതു കാണേണ്ടിവരുന്നു. ഈ നിഷ്പക്ഷത തങ്ങളുടെ നിലപാടു വലിയ പുണ്യമാക്കി ഘോഷിക്കുന്നതു കാണുന്നു. മതവും അധികാരവും പീഡകരുടെ പക്ഷത്ത് എന്തുകൊണ്ടു നിലയുറപ്പിച്ചു എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഹേഗല്‍ പറഞ്ഞ വക്രബുദ്ധി (cunning reason) മാത്രമാണ് ഒരു വിശദീകരണം. പോള്‍ റിക്കര്‍ എഴുതിയത് ഉദ്ധരിക്കട്ടെ: ഒരു വ്യവസ്ഥിതി എത്ര കണ്ടു വളരുന്നുവോ അത്ര കണ്ട് അത് ഇരകളെ പാര്‍ശ്വവത്കരിക്കും. വ്യവസ്ഥിതിയുടെ വിജയമാണ് അതിന്റെ പരാജയം. വിലാപത്തില്‍ പ്രകാശിക്കുന്ന സഹനത്തിന്റെ ശബ്ദമാണു വ്യവസ്ഥിതി അടിച്ചു പുറത്താക്കുന്നത്. ഒരിക്കലും മറക്കാനാവാത്ത കുറ്റകൃത്യങ്ങളില്‍ ഇരകള്‍ നിലവിളിക്കുന്നതു പ്രതികാരത്തിനല്ല, ദുഃഖം പറഞ്ഞുതീര്‍ക്കാനാണ്. ഒരിക്കലും മറക്കാത്ത മനസുകള്‍ മാത്രമേ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നതു തടയുകയുള്ളൂ. ചരിത്രത്തെ വെറുപ്പിനും വിദ്വേഷത്തിനുംവേണ്ടി ഉപയോഗിക്കാം. പക്ഷേ, ചരിത്രമാണു കരഞ്ഞുപറഞ്ഞ് ഒഴിവാക്കി ജീവിക്കാന്‍ പഠിപ്പിക്കുന്നത്. അവിടെ നിഷ്പക്ഷത നപുംസകസമീപനം മനുഷ്യചരിത്രത്തിനു ഭീഷണിയാണ്.
റവ. ഡോ. പോള്‍ തേലക്കാട്ട്