Tuesday, June 25, 2019 Last Updated 10 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 03 Dec 2018 11.27 AM

സ്ത്രീകള്‍ക്ക് വേണ്ടി ഒരുപാട് സംസാരിച്ച് ആ മര്യാദ കളയരുത്... വാണി വിശ്വനാഥിനുമുണ്ട് പറയാന്‍

'' ആക്ഷന്‍ ഹീറോയിന്‍ വാണി വിശ്വനാഥിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള പുതിയ വിശേഷങ്ങള്‍...''
uploads/news/2018/12/269498/vaniINW031218b.jpg

നടന്‍ ബാബുരാജിന്റെ പ്രിയ പത്നിയും നടിയുമായ വാണി വിശ്വനാഥ് തെലുങ്ക് രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന വിശേഷം കേട്ടപ്പോള്‍ വാണിയെ ഇഷ്ടപ്പെടുന്ന ആരും നെറ്റി ചുളിച്ചില്ല. കാരണം അവര്‍ക്കറിയാവുന്ന വാണി വിശ്വനാഥ് ചുണക്കുട്ടിയാണ്.

ഉണ്ണിയാര്‍ച്ചയുടെ മെയ് വഴക്കത്തോടെയും ഐ.പി.എസ്സുകാരിയുടെ വാക്ചാതുര്യത്തോടെയും നീതിബോധമുള്ള ഐ.എ.എസ്സുകാരിയുടെ അധികാര ഗര്‍വോടെയും ഇവിടുെത്ത നായക നടന്മാരുടെയൊപ്പം സ്ഥാനംകണ്ടെത്തിയ വാണിക്ക് രാഷ്ട്രീയക്കാരിയുടെ കുപ്പായം ചേരുന്നതുതന്നെയാണ്.

പൂര്‍ണ്ണ സമ്മതത്തോടെയും ഇഷ്ടത്തോടെയും തെലുങ്കുദേശം പാര്‍ട്ടിയുടെ ക്ഷണം സ്വീകരിച്ചപ്പോഴും വാണിയുടെ ഉള്ളിന്റെയുള്ളില്‍ ചില ചോദ്യങ്ങളുണ്ട്. തന്റെ രാഷ് ട്രീയ വിശ്വാസങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വാണി വിശ്വനാഥ്.....

രാഷ്ട്രീയരംഗത്തേക്ക് ചുവടുവയ്ക്കാന്‍ റെഡിയായോ?


എനിക്ക് നേരത്തെതന്നെ താല്‍പര്യമുള്ള വിഷയമാണ് രാഷ്ട്രീയം. സിനിമാരംഗത്ത് തുടക്കം തമിഴില്‍ നിന്നാണെങ്കിലും എനിക്ക് വഴിത്തിരിവായത് തെലുങ്കാണെന്നു പറയാം. തെലുങ്കുദേശം പാര്‍ട്ടിയില്‍ നിന്ന് ഓഫര്‍ വന്നപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. പക്ഷേ അങ്ങനെ ഉത്തരവാദിത്തമുള്ള തീരുമാനം ഏറ്റെടുക്കാന്‍ പറ്റിയ സമയമല്ലെന്ന് തോന്നുകയാണ്.

കാരണം ഒരു കാര്യത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചാല്‍ പൂര്‍ണ്ണമായും അതിനുവേണ്ടി പ്രവര്‍ത്തിക്കണം. മക്കളുടെ പഠിപ്പും അവരുടെ ആവശ്യങ്ങളുമാണ് അമ്മയെന്ന നിലയില്‍ എനിക്കിപ്പോള്‍ വലിയ കാര്യം. കു ട്ടികളുടെ ഭാവിക്കുവേണ്ടി മറ്റ് പല കാര്യങ്ങളും തല്കാലം മാറ്റിവയ്ക്കുകയാണ്.

തീര്‍ച്ചയായും ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരികതന്നെ ചെയ്യും. പക്ഷേ ഉടനില്ല. തെലുങ്കുദേശം പാര്‍ട്ടിക്കും(റ്റി.ഡി.പി) പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബുനായിഡുവിന്റെ നായകത്വത്തിനുമൊപ്പം വര്‍ക്ക് ചെയ്യാനാണ് എനിക്കിഷ്ടം.

റ്റി.ഡി.പി യുടെ സ്ഥാപകനായ എന്‍. ടി രാമറാവു സാറി(എന്‍.ടി.ആര്‍)ന്റെ ജീവിച്ചിരിക്കുന്ന നായികമാരിലൊരാളെന്ന നിലയ്ക്കു കൂടിയാണ് അവരെന്നെ പാര്‍ട്ടിയിലേക്ക് ക്ഷണി ച്ചത്.

uploads/news/2018/12/269498/vaniINW031218d.jpg

എന്‍. ടി. രാമറാവുവിന്റെ നായികയായി തിളങ്ങിയ ആ കാലത്തെക്കുറിച്ച് ?


1990ല്‍ പുറത്തിറങ്ങിയ സാമ്രാട്ട് അശോകയില്‍ എന്‍. ടി. ആറിന്റെ നായികയായത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. അന്നത്തെക്കാലത്ത് പല നായികമാരുടേയും സ്വപ്‌നവും കൂടിയാണ് അദ്ദേഹത്തിന്റെ നായികയാവുക എന്നത്. അത്തരം ഒരു ചരിത്ര സിനിമ എന്നെത്തേടി വരിക എന്നതു ചെറിയ കാര്യമായിരുന്നില്ല.

അദ്ദേഹത്തിന് എന്നെ ഇഷ്ടപ്പെടുകയും വാണി തന്നെയാവണം നായിക എന്ന് പറയുകയും ചെയ്തു. അന്നദ്ദേഹം ചീഫ് മിനിസ്റ്ററാണ്. ആ ചിത്രത്തിലഭിനയിക്കുമ്പോള്‍ 15 വയസാണ് എന്റെ പ്രായം. എന്‍.ടി.ആറിന് 60 വയസും. ഇന്നത്തെകാലത്ത് അത്തരമൊരു വിട്ടുവീഴ്ചയ്ക്ക് മുതിരുന്ന പെണ്‍കുട്ടികളുണ്ടാവുമോ എന്ന് സംശയമാണ്.

ഷൂട്ടിംഗിന് എന്നെ തനിയെ ഒരു ഫ്‌ളൈറ്റില്‍ കൊണ്ടുപോകും. അവിടെ പോലീസ് എസ്‌കോര്‍ട്ടോടുകൂടിയാണ് അഭിനയം. പോലീസുകാരും മറ്റുമാണ് നമ്മുടെ ഓട്ടോഗ്രാഫ് വാങ്ങുന്നത്. സോങ് ഷൂട്ട് ചെയ്തത് ജോധ്പൂര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലായിരുന്നു. വസ്ത്രം മാറാനും മേക്കപ്പിടാനും ഒന്നും ക്യാരവാന്‍ പോ ലത്തെ സൗകര്യങ്ങളില്ല. ലുങ്കിയുടെ മറവിലൊക്കെയാണ് ഡ്രസ്സ് മാറുക.

പെണ്ണുങ്ങള്‍ ആരെങ്കിലും ലുങ്കികൊണ്ട് ഒരു മറയുണ്ടാക്കിത്തരും. ജോധ്പൂറില്‍ ഷൂട്ട് നടക്കുമ്പോള്‍ ഒരു ഭാഗ്യമുണ്ടായത്, രാജ്ഞിയുടെ കൊട്ടാരത്തില്‍ അവരുടെ ബെഡ്റൂമില്‍ എനിക്ക് ഡ്രസ് ചേയ്ഞ്ച് ചെയ്യാനുള്ള അവസരം കിട്ടിയതാണ്. മിനിസ്റ്ററുടെ നായികയല്ലേ ഞാന്‍. സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ കട്ടില്‍, വര്‍ണ്ണാഭമായ മുറി, നിറയെ അലങ്കാരങ്ങള്‍.... കഥകളിലൊക്കെയേ അത്തരമൊരിടത്തെക്കുറിച്ച് കേട്ടിട്ടുള്ളൂ.

എന്‍. ടി. ആറിനെപ്പറ്റി ഓര്‍മവരുന്ന മറ്റൊരു കാര്യം, അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയാണ്. അക്കാര്യത്തില്‍ അദ്ദേഹത്തിനെ കഴിഞ്ഞേയുള്ളൂ മറ്റാരും. ഏഴ് മണിക്ക് സെറ്റിലെത്തണമെന്നുപറഞ്ഞാല്‍ ആ സമയത്ത് അദ്ദേഹം അവിടുണ്ടാവും. ആ സിനിമയില്‍ എന്‍. ടി ആറിന്റെ മേക്കപ്പിനുതന്നെ നാല് മണിക്കൂര്‍ സമയം പിടിക്കും. അതൊക്കെ ചെയ്തിട്ടാണ് ലൊക്കേഷനില്‍ വരിക.

അശോക ചക്രവര്‍ത്തി എന്നുപറഞ്ഞാല്‍ അശോകചക്രവര്‍ത്തിയായിത്തന്നെയാകും അദ്ദേഹം വന്നിറങ്ങുക. അപ്പോഴൊക്കെയെന്റെയുള്ളില്‍ ഒരു മത്സര ബുദ്ധിയുണ്ട്. അദ്ദേഹം എത്തും മുന്‍പ് ലൊക്കേഷനിലെത്തണം. അങ്ങനെയെത്തുമ്പോള്‍ അദ്ദേഹം പറയും വാണി എന്നെ കടത്തിവെട്ടിയല്ലോ.

സാധാരണ എല്ലാ നായികമാരും ഞാന്‍ വന്ന ശേഷമാണ് വരിക. അതുപോലെ അദ്ദേഹം നന്നായി വരയ്ക്കുന്നയാളാണ്. മേക്കപ്പൊക്കെയിട്ടിരിക്കുന്ന എന്റെ നെറ്റിയില്‍ പൊട്ടൊക്കെ വരച്ചുതന്നിരുന്നത് അദ്ദേഹമാണ്. സിനിമ കഴിഞ്ഞപ്പോള്‍ പ്രതിഫലവും തന്നാണ് വിട്ടത്. വീട്ടില്‍ വന്ന് എണ്ണിനോക്കിയപ്പോള്‍ പറഞ്ഞതിലും 50,000 രൂപ കൂടുതല്‍. ഞാ ന്‍ ഉടനെ തന്നെ അദ്ദേഹത്തെ വിളിച്ചു. സാര്‍ കണക്കുതെറ്റിയല്ലോാ. വന്ന ലക്ഷ്മിയെ കളയേണ്ട അത് വാണിക്കുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

uploads/news/2018/12/269498/vaniINW031218a.jpg

സിനിമയിലെത്തിയത് ഒരു നിമിത്തമായിരുന്നു?

ഞാന്‍ ആദ്യമായി അഭിനയിക്കുന്നത് മണ്ണുക്കുള്‍ വൈരം എന്ന തമിഴ് ചിത്രത്തിലാണ്. എന്റെ അച്ഛന് ജ്യോതിഷം അറിയാമായിരുന്നു. സിനിമക്കാര്‍ സിനിമ റിലീസ് ചെയ്യാനും, നിര്‍മ്മിക്കാനും മറ്റും സമയം നോക്കാനൊക്കെ വീട്ടില്‍ വന്നിരുന്നു. ഒരിക്കല്‍ ഞാന്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ ഒരു നിര്‍മാതാവ് വീട്ടിലിരിക്കുന്നു.

അദ്ദേഹം അച്ഛനോടു ചോദിച്ചു, മകളെ സിനിമയിലഭിനയിപ്പിച്ചുകൂടെ?? എന്ന്. അതൊരു നിമിത്തം പോലെയായി. ശിവാജി ഗണേശന്റെ പേരക്കുട്ടിയായിട്ടാണ് മണ്ണുക്കുള്‍ വൈരത്തിലഭിനയിച്ചത്. അന്നെനിക്ക് 13 വയസാണ്. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടേയില്ല.

സിനിമ മിസ് ചെയ്യുന്നുണ്ടോ?


തീര്‍ച്ചയായും. നമ്മുടെ മനസിന്റെ അടിത്തട്ടില്‍ എപ്പോഴും സിനിമയുണ്ട്. എന്ത് കാര്യവും സിനിമയുമായി ബന്ധപ്പെട്ടാണ് സംസാരിക്കുക. ഏത് കാര്യം മക്കള്‍ക്ക് പറഞ്ഞുകൊടുത്താലും അതില്‍ സിനിമയുണ്ടാവും. മനസിലെപ്പോഴും സിനിമയുണ്ട്.

പക്ഷേ സിനിമയേക്കാള്‍ വലിയൊരു കാര്യം ഉണ്ട് എന്ന് മനസിലായത് ജീവിതത്തിലേക്ക് മക്കള്‍ വന്നശേഷമാണ്. നമ്മള്‍ വെട്ടിപ്പിടിക്കുന്നതും നേടിയെടുക്കുന്നതുമൊന്നുമല്ല, നമ്മുടെ മക്കളാണ് ഏറ്റവും വലിയ സൗഭാഗ്യമെന്ന് മനസിലാക്കിയത് വിവാഹശേഷമാണ്.

അമ്മയുടേയും അച്ഛന്റെ താരപരിവേഷം മക്കള്‍ ആസ്വദിക്കുന്നുണ്ടോ?


എവിടെ ചെല്ലുമ്പോഴും വാണി വിശ്വനാഥിന്റെയും ബാബുരാജിന്റെയും മക്കള്‍ എന്നുപറഞ്ഞാണ് എല്ലാവരും അവരെ പരിചയപ്പെടുക. മകള്‍ ആര്‍ച്ചയ്ക്കും മകന്‍ ആദ്രിക്കും കൗതുകമുള്ള കാര്യമാണ്. അവരും സിനിമയെ ഇഷ്ടപ്പെടുന്നവരാണത്. മോന്‍ വിജയ് ഫാനാണ്. ബാബുവേട്ടന്റെ കൂദാശ റിലീസായപ്പോള്‍ ഞങ്ങളെല്ലാം ഒന്നിച്ചാണ് കാണാന്‍ പോയത്.

അപ്പോള്‍ മക്കള്‍ പറഞ്ഞു, അച്ഛനെ ആദ്യം കുറച്ച് പേടിയായിരുന്നു, വില്ലന്‍ വേഷങ്ങള്‍ ചെയ്തതുകൊണ്ട്. പിന്നെ അച്ഛന്‍ ചിരിപ്പിച്ചു. ഇപ്പോള്‍ അച്ഛന്‍ ഞങ്ങളെ കരയിപ്പിക്കുകയാണ്. ബാബുവേട്ടന്‍ അത്ര നല്ലൊരു ക്യാരക്ടര്‍ അഭിനയിച്ചുകണ്ടപ്പോള്‍ സന്തോഷവും അഭിമാനവും തോന്നി.

ആക്ഷന്‍ ഹീറോയിനാണല്ലോ? ഡ്യൂപ്പില്ലാതെ അഭിനയിക്കാന്‍ ഇപ്പോഴും റെഡിയാണോ?


ഇപ്പോള്‍ എനിക്ക് പേടിയുണ്ട്. പണ്ടൊക്കെ ചാടാന്‍ പറഞ്ഞാല്‍ ചാടും ഓടാന്‍ പറഞ്ഞാല്‍ ഓടും. ഉണ്ണിയാര്‍ച്ചയായി അഭിനയിച്ചപ്പോള്‍ പല തവണ കുതിരപ്പുറത്തു നിന്ന് വീണു, വീഴ്ച കാര്യമാക്കാതെ വീ ണ്ടും അഭിനയിച്ചു. അന്നൊക്കെ അതൊരു വലിയ കാര്യമായിരുന്നില്ല. ഇപ്പോള്‍ എന്ത് ചെയ്യുമ്പോഴും മക്കളാണ് മുന്നില്‍. ഇപ്പോള്‍ വലിയ സംഘട്ടന രംഗങ്ങളൊക്കെ ചെയ്യാന്‍ പറ്റില്ല എന്ന് തോന്നാറുണ്ട്.

ഡ്യൂപ്പില്ലാതെ ഒരു തമിഴ് പടത്തില്‍ അഭിനയിച്ചിരുന്നു. അഞ്ച് ക്യാമറ വച്ചിട്ടായിരുന്നു ഷൂട്ടിംഗ്. 25 അടി താഴ്ചയിലേക്ക് ചാടണം. ഞാന്‍ ചാടിയ ശേഷം നില്‍ക്കുന്നിടം ബോംബ് സ്ഫോടനം ഉണ്ടാക്കി തകര്‍ക്കുകയാണ്. അങ്ങനെയായിരുന്നു ഷോട്ട് പ്ലാന്‍ ചെയ്തത്. ഞാന്‍ ചാടി. ബഡ്ഡിലേക്കാണ് ചാടുന്നതെങ്കിലും കറക്ട് അതില്‍ത്തന്നെ വീഴണമെന്നില്ല.

uploads/news/2018/12/269498/vaniINW031218c.jpg

ചാട്ടം ചെറുതായൊന്ന് പിഴച്ചതിനാല്‍ ബെഡില്‍ വീണെങ്കിലും എവിടെയോ കൈ ഇടിച്ചു വേദനകാരണം സ്വാധീനമില്ലാത്തതുപോലായി. എല്ലാവരും അഭിനന്ദിച്ചു. അപ്പോള്‍ ക്യാമറമാന്‍ വന്നിട്ട് പറഞ്ഞു. ഒരു ക്യാമറ വര്‍ക്കായില്ലല്ലോ വാണി. ഞാന്‍ പറഞ്ഞു. സരമില്ല നമുക്ക് ആ ഷോട്ട് ഒന്നുകൂടിയെടുക്കാം.. പക്ഷേ പ്രൊഡ്യൂസര്‍ പറഞ്ഞു. വേണ്ട വേണ്ട ഇനി അതുവേണ്ട. വാണി നന്നായി ചെയ്തിട്ടുണ്ട്. നാല് ക്യാമറകൊണ്ടുള്ള ഷോട്ട് മതിയെന്ന്.

ഭാര്യാ റോളില്‍ ഏറ്റവും ഇഷ്ടപ്പെടുന്നത്?


മക്കള്‍ക്കുവേണ്ടി ജീവിക്കുക എന്നതാണ്. രാവിലെ എഴുന്നേല്‍ക്കുന്നതുതന്നെ അവര്‍ക്കുവേണ്ടിയാണ്. നമ്മള്‍ ഇത്രയും കാലം ചെയ്തതൊന്നുമല്ല വലിയ കാര്യം എന്ന് തോന്നുന്നതാണ് വിവാഹജീവിതത്തിലെ വിജയം. മക്കളെ പഠിപ്പിക്കുന്നതും അവര്‍ക്ക് സമ്മാനങ്ങള്‍ കിട്ടുന്നതുമൊക്കെ സന്തോഷം തരുന്ന കാര്യങ്ങളാണ്.

ആര്‍ച്ച എപ്പോഴും തമിഴ് പ്രസംഗത്തില്‍ ഒന്നാമതാണ്. 82 സ്‌കൂളുകളിലായി നടത്തിയ പ്രസംഗ മത്സരത്തില്‍ അവള്‍ക്കായിരുന്നു ഒന്നാം സ്ഥാനം. ഒരു മലയാളി കുട്ടിക്ക് തമിഴ് പ്രസംഗത്തില്‍ ഒന്നാം സ്ഥാനം കിട്ടുന്നത് വലിയ കാര്യം തന്നെയാണ്. അവള്‍ സമ്മാനം വാങ്ങാന്‍ പോയപ്പോള്‍ അത് കാണാന്‍ ഞാന്‍ ഏറ്റവും പിന്നില്‍ പോയിരുന്നു.

അവളുടെ പേര് വിളിച്ച് അവള്‍ക്കാണ് സമ്മാനം എന്ന് പറയുമ്പോഴുള്ള സന്തോഷം, എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയതിന് തുല്യമാണ്. ആര്‍ച്ചയോട് ആരാവാന്‍ ആഗ്രഹമെന്ന് ചോദിച്ചാല്‍ ഡോക്ടറും എന്‍ജീനിയറും എന്നൊന്നുമല്ല പറയുന്നത്. എനിക്കൊരു രാഷ്ട്രീയ പ്രവര്‍ത്തകയാവണം എന്നാണവള്‍ പറയുക.

ബാബുരാജിന്റെ സ്വഭാവത്തില്‍ ഇഷ്ടമല്ലാത്ത കാര്യം?


99 ശതമാനവും ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ തന്നെയാണ് (ചിരിക്കുന്നു)...ബാക്കി ഒരു ശതമാനത്തില്‍ ഇഷ്ടമുള്ള ഒരുപാട് കാര്യങ്ങളുണ്ട്. അതില്‍ പിടിച്ചാണ് ജീവിച്ചുപൊയ്ക്കൊണ്ടിരിക്കുന്നത്.

മലയാള സിനിമയിലെ സ്ത്രീ സംഘടനയെക്കുറിച്ചും അഭിപ്രായങ്ങളെക്കുറിച്ചും?


സ്ത്രീ സംഘടനകള്‍, സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കല്‍,സ്ത്രീ സുരക്ഷ ഇതൊക്കെ എനിക്ക് ഇഷ്ടപ്പെട്ട കാര്യം തന്നെയാണ്. പക്ഷേ നമ്മള്‍ സംസാരിക്കുമ്പോള്‍ സ്ത്രീകള്‍ക്കുള്ള മര്യാദ കളഞ്ഞുകൊണ്ടാവരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

സ്ത്രീകള്‍ക്ക് വേണ്ടി ഒരുപാട് സംസാരിച്ച് ആ മര്യാദ കളയരുത്. എവിടെ സ്ത്രീക്ക് ഒരു ആവശ്യമുണ്ടായാലും മുന്നില്‍ നില്‍ക്കണമെന്ന് ആഗ്രഹമുണ്ട്.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Ads by Google
Loading...
TRENDING NOW