Sunday, December 02, 2018 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 02 Dec 2018 12.54 AM

മനഃശാന്തി നല്‍കുന്ന മൂകാംബിക

uploads/news/2018/12/269091/sun4.jpg

'സൂര്യന്റെ മരണം' എന്ന ഷോര്‍ട്ട്‌ ഫിലിമില്‍ അഭിനയിച്ചുകൊണ്ടാണ്‌ ഉമാ നായര്‍ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്‌. ബാലതാരമായി തുടങ്ങി ഷോര്‍ട്‌ ഫിലിം മുതല്‍ ദൂരദര്‍ശനിലെ സീരിയല്‍, പരസ്യ ചിത്രങ്ങളിലൂടെ വളര്‍ന്ന്‌ ഇപ്പോള്‍ മെഗാ സീരിയലുകളിലെ സജീവ സാന്നിധ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു അവര്‍. നായികയായും സ്വഭാവനടിയായും മികച്ച കഥാപാത്രങ്ങളിലൂടെ അനേകം സീരിയലിലും തമിഴ്‌ അടക്കം പതിനൊന്നോളം സിനിമകളിലും ഉമ അഭിനയിച്ചു കഴിഞ്ഞു. ഇതിനിടയില്‍ പത്രവിതരണക്കാരന്റെ കഥ പറയുന്ന 'ഡെയിലി ഹീറോ' എന്ന ഒരു ഷോര്‍ട്ട്‌ ഫിലിമിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചു. ഇങ്ങനെ നീളുന്ന തന്റെ കരിയര്‍ ഗ്രാഫിനെക്കുറിച്ച്‌ ഉമ സംസാരിക്കുന്നു.

ഇപ്പോള്‍ വാനമ്പാടി എന്ന സീരിയലില്‍ മികച്ച വേഷം കൈകാര്യം ചെയ്യുകയാണല്ലോ?
വാനമ്പാടിയില്‍ നിര്‍മ്മല എന്ന കഥാപാത്രമാണ്‌ ചെയ്യുന്നത്‌. ഭര്‍ത്താവും മകളും മാത്രമാണ്‌ ലോകം എന്ന്‌ കരുതി ജീവിക്കുന്ന ഒരു പാവം വീട്ടമ്മ. ഒരു പ്രത്യേക സാഹചര്യത്തില്‍ ഭര്‍ത്താവ്‌ നാടുവിട്ടു പോകുന്നു. പിന്നീട്‌ അവര്‍ക്ക്‌ ജീവിതത്തില്‍ ഒരുപാട്‌ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. വളരെ നല്ലൊരു കഥാപാത്രമാണ്‌ നിര്‍മ്മല. പോസിറ്റീവ്‌ കഥാപാത്രം ആയതുകൊണ്ട്‌ തന്നെ എല്ലാവരും നല്ല അഭിപ്രായമാണ്‌ പറയുന്നത്‌.
പുറത്തൊക്കെ പോകുമ്പോള്‍ ഓരോ അമ്മമാര്‍ വന്ന്‌ പറയും പത്മിനിക്കിട്ടും രുക്‌മിണിക്കിട്ടും( വാനമ്പാടിയിലെ നെഗറ്റീവ്‌ കഥാപാത്രങ്ങള്‍) നല്ല തല്ല്‌ കൊടുത്തൂടായിരുന്നോ എന്നൊക്കെ. മോള്‍ ഒരു പാവം ആയത്‌ കൊണ്ടാണ്‌ അവരിങ്ങനെയൊക്കെ ചെയ്യുന്നത്‌ എന്നൊക്കെ പറയും.

ഒരു ഗ്യാപ്പിനുശേഷം വന്നപ്പോള്‍ സീനിയോറിറ്റി നഷ്‌ടപെട്ടു എന്നു തോന്നുന്നുണ്ടോ?
അങ്ങനെയൊന്നുമില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീണ്ടും ഇന്‍ഡസ്‌ട്രിയില്‍ എത്തിയ സമയത്ത്‌ പുതിയ ഒരാളെപ്പോലെ പലരും നോക്കി കണ്ടപ്പോള്‍ വേദന തോന്നി . പണ്ടൊക്കെ പരസ്‌പരം ആത്മാര്‍ത്ഥതയും ബഹുമാനവും ഉണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെയൊന്നുമില്ല. പുതിയ ആര്‍ട്ടിസ്‌റ്റുകളും ടെക്‌നീഷ്യന്‍സും അങ്ങനെ പെരുമാറുമ്പോള്‍ നമ്മളൊക്കെ വന്ന കാലം ഓര്‍ത്തു പോകും. എനിക്ക്‌ യോജിച്ച ഏതു വേഷമാണെങ്കിലും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്‌. എത്ര കഴിവുള്ള ആര്‍ട്ടിസ്‌റ്റാണെങ്കിലും അവസരങ്ങള്‍ കിട്ടണമെങ്കില്‍ ഭാഗ്യം വേണം . സിനിമയിലേക്കും സീരിയലിലേക്കും അഭിനേതാക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ഭാഗ്യമായിരിക്കും തുണയ്‌ക്കെത്തുക. വളരെ ടാലന്റഡായ എത്രയോ ആര്‍ട്ടിസ്‌റ്റുകള്‍ അവസരം കിട്ടാതെ പുറത്തു നില്‍ക്കുന്നുണ്ട്‌.
വ്യത്യസ്‌തമായനിരവധി കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചു. ഒരേ സമയം നായികയായും അമ്മയായും നെഗറ്റീവ്‌ കഥാപാത്രമായും വളരെ ബോള്‍ഡ്‌ ആയതുമായ വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. അതിനവസരം തന്ന എല്ലാവരോടും നന്ദിയുണ്ട്‌. പിന്നെ ദൈവം തന്ന ഒരു അനുഗ്രഹമുണ്ട്‌. വസ്‌ത്രത്തിനനുസരിച്ചു മേക്കപ്പ്‌ മാറുമ്പോള്‍ എന്റെ രൂപത്തിനും മാറ്റം വരും. അത്‌ വ്യത്യസ്‌തമായ വേഷം ചെയ്യാന്‍ സഹായിച്ചു.
പലരും എന്നെ പറഞ്ഞു പേടിപ്പിച്ചിട്ടുണ്ട്‌ ഇങ്ങനെ വയസായ ക്യാരക്‌ടര്‍ ചെയ്‌താല്‍ പിന്നെ അത്‌ മാത്രമേ ലഭിക്കൂ എന്ന്‌. മറ്റ്‌ വേഷങ്ങള്‍ ചെയ്യാന്‍ പറ്റുമോ എന്ന്‌ എനിക്ക്‌ ഒരു ടെന്‍ഷനും തോന്നിയിട്ടില്ല. ജയിംസ്‌ ആന്‍ഡ്‌ ആലീസ്‌ എന്ന സിനിമയില്‍ പൃഥ്വിരാജിന്റെ അമ്മായിയമ്മയായി അഭിനയിച്ചു. ഇതൊക്കെ പൂര്‍ണ്ണ മനസോടെ സ്വീകരിച്ച വേഷങ്ങളാണ്‌.

രണ്ടാം വരവില്‍ സിനിമ തന്നെ ആണോ ലക്ഷ്യം ?
പണ്ടു സിനിമയ്‌ക്കു പ്രാമുഖ്യം കൊടുത്തിരുന്നില്ല. എന്നാലിപ്പോള്‍ തീരുമാനങ്ങളില്‍ മാറ്റം വരുത്തിയിരിക്കുകയാണ്‌. സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇരുകയ്യും നീട്ടി സ്വീകരിക്കും. ക്യാരക്‌ടര്‍ വേഷങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നു പൂര്‍ണ വിശ്വാസമുണ്ട്‌. അന്യഭാഷാ ചിത്രങ്ങളിലേക്കും ധാരാളം ഓഫറുകള്‍ വരുന്നുണ്ട്‌. എന്നാല്‍ മിക്ക റോളുകളും ഗ്ലാമറസായി അഭിനയിക്കണമെന്നുള്ളതുകൊണ്ട്‌ വേണ്ടന്നുവച്ചു. ഇപ്പോള്‍ നല്ല വേഷങ്ങള്‍ക്കായുള്ള കാത്തിരുപ്പാണ്‌. എല്ലാ ഭാഷയിലും ശ്രമിക്കണം എന്നാണ്‌ ആഗ്രഹം.

യാത്രകള്‍ ഒരുപാടിഷ്‌ടമാണെന്ന്‌ കേട്ടിട്ടുണ്ട്‌?
യാത്രകള്‍ ഇഷ്‌ടമാണ്‌. പലപ്പോഴും സീരിയലിന്റെ തിരക്കുകള്‍ കാരണം സമയം കിട്ടാറില്ല. അതുകൊണ്ടു ദൂരയാത്ര പോകാന്‍ സാധിക്കാറില്ല. എത്ര തിരക്കാണെങ്കിലും യാത്രകള്‍ ഒഴിവാക്കാറില്ല. ഒരു ദിവസംകൊണ്ട്‌ പോകാവുന്ന സ്‌ഥലങ്ങളില്‍ ഇടയ്‌ക്കിടെ പോകാറുണ്ട്‌.
ഇപ്പോള്‍ പോകുന്നതിലധികവും ക്ഷേത്രങ്ങളിലേക്കാണ്‌. ഗുരുവായൂര്‍ യാത്ര ഏറെ ഇഷ്‌ടമാണ്‌. ഷൂട്ടിങ്ങിനിടയില്‍ നിന്നും ഒന്നോ രണ്ടോ ദിവസം അവധിയെടുത്താണ്‌ യാത്ര. തിരുവനന്തപുരത്തുനിന്നും സ്വന്തമായി വാഹനമോടിച്ചു ഗുരുവായൂര്‍ വരെ പോകും.
തിരുവനന്തപുരം മുതല്‍ ഇങ്ങോട്ടുള്ള ഓരോ ജില്ലയിലും എനിക്കു സുഹൃത്തുക്കളുണ്ട്‌. അവരെ കണ്ടും സംസാരിച്ചും രസകരമായാണ്‌ ആ യാത്ര ഗുരുവായൂരില്‍ അവസാനിക്കുന്നത്‌. ഞാനതു നന്നായി ആസ്വദിക്കാറുണ്ട്‌. ഒരു ദിവസം ഗുരുവായൂരില്‍ താമസിച്ചു, ഭഗവാനെ കണ്‍നിറയെ കണ്ട്‌ മടങ്ങും.
ഒരിക്കല്‍ തമിഴ്‌നാട്ടില്‍ പോയത്‌ മറക്കാന്‍ കഴിയില്ല. രാത്രി സമയം, ഇടയ്‌ക്കെവിടെയോ വെച്ചു ബസു നിന്നു. ഒന്നും ചെയ്യാനില്ല.
തമിഴ്‌നാട്ടിലെ ചിലയിടങ്ങളില്‍ രാത്രിയില്‍ ബസുകള്‍ ഓടാറില്ല. അടുത്ത ബസു വരണമെങ്കില്‍ പിറ്റേന്ന്‌ നേരം പുലരണം.
ആ രാത്രി മുഴുവന്‍ ബസില്‍ ഇരുന്ന്‌ നേരം വെളുപ്പിച്ചു. പിറ്റേന്ന്‌ പുലര്‍ച്ചെ 4 മണിക്കാണ്‌ വണ്ടി എടുത്തത്‌. പേടിയൊന്നും ഇല്ലായിരുന്നു. പക്ഷേ ആ യാത്ര മറക്കാന്‍ പറ്റില്ല.
മൂകാംബികയില്‍ ലഭിക്കുന്ന മനഃശാന്തിയും സമാധാനവും മറ്റൊരു യാത്രയിലും ലഭിക്കില്ല. ഒരുപാട്‌ തവണ മൂകാംബിക - ചിത്രകൂടം പോയിട്ടുണ്ട്‌. മൂകാംബിക ദേവിയുടെ ക്ഷേത്രദര്‍ശനം കഴിഞ്ഞു നേരെ ചിത്രകൂടത്തിലേക്കു പോകും. പകുതിവഴിവരെ ജീപ്പിലാണ്‌ യാത്ര. ബാക്കി കാല്‍നടയായി വേണം കയറാന്‍. കിലോമീറ്ററുകള്‍ താണ്ടിയാണ്‌ ആ യാത്ര പൂര്‍ത്തിയാകുന്നത്‌. വാക്കുകള്‍കൊണ്ട്‌ വിവരിക്കാന്‍ കഴിയാത്ത ഒരനുഭൂതി നല്‍കുന്ന പുണ്യഭൂമിയാണത്‌.

സുനിത സുനില്‍

Ads by Google
Sunday 02 Dec 2018 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW