Friday, May 24, 2019 Last Updated 4 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 02 Dec 2018 12.54 AM

പേരറിയാത്തവര്‍

uploads/news/2018/12/269090/sun3.jpg

കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ബസ്‌ സ്‌റ്റോപ്പില്‍ ഇറക്കിയതിന്‌ ശേഷം രാജീവ്‌ വണ്ടിയൊതുക്കി അശ്വതിയെ വിളിച്ചു. 'ഓട്ടോക്കാരന്റെ നമ്പര്‍ ഇപ്പോത്തന്നെ ഒന്നയക്കൂ. മോളെ ഇവിടെ ഇറക്കാന്‍പറയാം. ഞാന്‍ സ്‌കൂളിനടുത്തുണ്ട്‌'
കുറച്ചു കഴിഞ്ഞ്‌ ഫോണില്‍ ഒരു എസ്‌എംഎസ്‌ ചിലച്ചു. ഓട്ടോച്ചേട്ടന്‍ നമ്പര്‍...
അയാള്‍ വീണ്ടും ഭാര്യയെ വിളിച്ചു.
'അയാളുടെ പേരെന്താടീ... ഇങ്ങനാണോ നമ്പര്‍ സേവ്‌ ചെയ്യുന്നത്‌?
അപ്പുറത്തൊരുനിമിഷം നിശ്ശബ്‌ദത.
'അതേയ്‌... പേരറിയില്ല. ഞങ്ങള്‍ ഓട്ടോച്ചേട്ടന്‍ എന്നാ വിളിക്കാറ്‌...'
തികട്ടിവന്ന ദേഷ്യം കടിച്ചമര്‍ത്തിക്കൊണ്ടയാള്‍ ഫോണ്‍ ഓഫ്‌ ചെയ്‌തു. (ഒരു ന്യക്ലിയര്‍ ഫിഷനുള്ള ഊര്‍ജം ലോഡായിക്കഴിഞ്ഞു.)
ടൗണില്‍ വന്നപ്പോള്‍ മോള്‍ വരുന്ന ഓട്ടോക്കാരനോട്‌ താന്‍ സ്‌കൂളിനടുത്തുള്ള ടൗണിലുണ്ടെന്നും അവളെ അവിടെ ഇറക്കണമെന്നും വിളിച്ചു പറയാനാണ്‌ ഡ്രൈവറെ വിളിച്ചത്‌. അയാളുടെ പേരു ചോദിക്കാതെ തന്റെ കുട്ടിയുടെ പേരുപറഞ്ഞ്‌ സംസാരിക്കുമ്പോള്‍ രാജീവിനല്‍പ്പം ജാള്യത ഉണ്ടായിരുന്നു.
സ്വന്തംകുട്ടി ദിവസവും പോകുന്ന ഓട്ടോയുടെ ഡ്രൈവറുടെ പേരറിഞ്ഞൂടാ.
കാര്യം പറഞ്ഞപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു. 'അയ്യോ സാറേ ഞാനല്ല ഇന്ന്‌ കുട്ടികളെ എടുത്തത്‌. ഷാജോണ്‍ ആണ്‌. അവനെ വിളിക്കു...'
'ങേ...അതാരാ? നിങ്ങളല്ലേ കുട്ടികളെ എടുക്കാറ്‌?'
'അതേ സാറേ; വലിയ ഓട്ടം ഉണ്ടെങ്കില്‍ ഞങ്ങള്‍ തമ്മില്‍ വിളിച്ചുപറയും. അപ്പൊ അടുത്തുള്ളയാള്‍ പോയി എടുക്കും. ഇതെല്ലാം ചേച്ചിക്കറിയാമല്ലോ...'
ഇപ്പോഴും അയാള്‍ ഒന്നും പറയാതെ ഫോണ്‍ വെച്ചു. പത്തു മിനിറ്റ്‌ കഴിഞ്ഞു വീണ്ടും അശ്വതിയെ വിളിച്ചു. അപ്പോഴത്തെ മനോനില ഒന്ന്‌ മാറണമല്ലോ.
'നീ ഷാജോണിന്റെ നമ്പര്‍ തരൂ; വേഗം...'
'ഏത്‌ ഷാജോണ്‍....?'
( ന്യൂക്ലീയര്‍ ഫിഷന്‍ ഫൈനല്‍ സ്‌റ്റേജ്‌! ന്യൂട്രോണ്‍ മനസ്സിലേക്ക്‌ ഒരു സ്‌ഫോടനത്തിനായി കുതിച്ചു വരുന്നുണ്ട്‌.)
'വേറെയും ഒരു ഓട്ടോക്കാരന്‍ ഇല്ലേ...അയാളുടെ നമ്പര്‍. ആ വണ്ടിയിലാണ്‌ മോളുള്ളത്‌... '
'അത്‌ മറ്റേ ഓട്ടോച്ചേട്ടനേ അറിയൂ... അവര്‌ തമ്മിലാ വിളിച്ചു പറയുക...നമ്മള്‌ വിളിക്കേണ്ട...ഇങ്ങോട്ടു വന്നോളും. വേണേല്‍ ഞാന്‍ നമ്മുടെ ഓട്ടോച്ചേട്ടനെ വിളിച്ചു നമ്പര്‍ വാങ്ങിത്തരാം. '(ഫിഷന്‍ മിഷന്‍ കംപ്ലീറ്റഡ്‌!)
തെലുങ്ക്‌ സിനിമയില്‍ ഒരു വില്ലന്‍ ഉപനായകനെ ആഞ്ഞുചവിട്ടി തറയിലേക്ക്‌ താഴ്‌ത്തിക്കളയുംപോലെ ചുറ്റുപാടുള്ളതെല്ലാം ചിതറിയുടഞ്ഞു. പക്ഷേ പ്രത്യക്ഷത്തില്‍ എല്ലാം പൂര്‍വസ്‌ഥിതിയില്‍ തന്നെയായിരുന്നു.
ദേഷ്യത്തോടെ തന്നെയാണ്‌ അയാള്‍ വീട്ടില്‍ വന്നുകയറിയത്‌.
'എടീ കുഞ്ഞിനെ വല്ലവനും പിടിച്ചോണ്ട്‌ പോയാല്‍ നീ അറിയുമോ? വരേണ്ട നേരമായിട്ടും കണ്ടില്ലെങ്കില്‍ നീ ആരെയാ വിളിക്കുക?'
'നിങ്ങളിങ്ങനെ ചൂടാവാന്‍ എന്താ ഉള്ളെ? അവന്‍ മോളെ കൊണ്ട്‌ വന്നില്ലെങ്കിലല്ലേ? ഒന്നും ഉണ്ടായില്ലല്ലോ. മോളിപ്പോ വരും.' അശ്വതിക്ക്‌ യാതൊരു കൂസലുമില്ലായിരുന്നു.
അയാള്‍ അകത്തുപോയി താന്‍ മുന്‍പ്‌ എപ്പോഴും വിളിക്കേണ്ട ആളുകളുടെ പേരും നമ്പറും എഴുതിവെക്കാന്‍ വാങ്ങിക്കൊടുത്ത പുസ്‌തകം എടുത്തുകൊണ്ട്‌ വന്നു. 'നിനക്ക്‌ ഈ ബുക്കില്‍ എഴുതിവെക്കാന്‍ വയ്യേ? എന്തിനാ ഈ ബുക്ക്‌?'
'അതില്‍ എഴുതീട്ട്‌ണ്ട്. എനിക്കേ നിങ്ങളേക്കാള്‍ കുട്ടിയെ നോക്കാനറിയാം.'പുച്‌ഛത്തോടെ ഒന്ന്‌ ചുണ്ട്‌കോട്ടി അവള്‍ അകത്തേക്ക്‌ പോയി.
അയാള്‍ പേജുകള്‍ മറിച്ചു. ഓട്ടോച്ചേട്ടന്‍, പാല്‍ക്കാരന്‍, പൊറോട്ടച്ചേട്ടന്‍, കോഴിച്ചേട്ടന്‍ , പേപ്പറുച്ചേട്ടന്‍, മുന്തിരിങ്ങച്ചേട്ടന്‍, പൊന്നാരുണ്ണി, കൊണ്ടാട്ടം... എന്നിങ്ങനെ ഒരുപാട്‌ നമ്പറുകള്‍. അയാള്‍ക്ക്‌ ചിരിക്കണോ കരയണോ എന്ന്‌ മനസ്സിലായില്ല. ആര്‍ക്കും പേരില്ല!
എന്നാലോ... ദിവസേനെ എന്നോണം ഈ വീട്ടില്‍ വന്നുപോകുന്നവര്‍. ആരുടേയും വീടോ അല്ലെങ്കില്‍ അടുത്ത വിവരങ്ങളോ അറിയില്ല. അയാള്‍ പുറത്തേക്ക്‌ നോക്കി. അല്‌പാല്‌പം മഴ ചാറുന്നു. മഴ നനഞ്ഞ്‌ യൂണിഫോമും ബാഗും ദേഹത്തോട്‌ കൂട്ടിപ്പിടിച്ച്‌ നടന്നുവരുന്ന കുട്ടികള്‍ മുന്‍പൊരു കാഴ്‌ചയായിരുന്നു. സ്‌കൂളില്‍ നിന്നും രണ്ടും മൂന്നും കിലോമീറ്റര്‍ നടന്നൊക്കെയാണ്‌ കുട്ടികള്‍ വീട്ടിലെത്തിയിരുന്നത്‌. ഇന്ന്‌ തൊട്ടടുത്ത കടയിലേക്ക്‌ പോലും കുട്ടികളെ വിടാന്‍ പേടിക്കണം. സ്‌കൂള്‍ എത്ര അടുത്തായാലും ഓട്ടോ തന്നെ ശരണം. പക്ഷേ അവരുടെയൊക്കെ പേരോ വിവരങ്ങളോ ഇത്രയും ലഘവത്തോടെ...
കുറച്ചുകഴിഞ്ഞ്‌ അയാള്‍ അനുനയത്തില്‍ അവളെ സമീപിച്ചു. 'എടീ, പിടിച്ചുപറിക്കാരും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരും നിറഞ്ഞാടുന്ന ഈ കാലത്ത്‌ കുട്ടികളെ പുറത്തേക്ക്‌ വിടുന്നത്‌ വളരെ കരുതലോടെ ആവണം. അതോണ്ട്‌ എല്ലാവരുടേയും പേരെങ്കിലും കഷ്‌ടി അറിഞ്ഞിരിക്കണം. നാളെ ഒരാവശ്യം വന്നാല്‍ ഓട്ടോച്ചേട്ടന്‍ എന്ന്‌ മാത്രമാണോ അറിഞ്ഞിരിക്കേണ്ടത്‌.'
'ആ ഓട്ടോക്കുട്ടി നമ്മുടെ കവലയില്‍തന്നെ ഉള്ളതാ. വിശ്വസിക്കാം. 'അമ്മയുടെ വാക്കുകള്‍കൂടി കേട്ടതോടെ അയാള്‍ വായടച്ചു.
'വിശ്വാസം! അതുവളരെ പ്രാധാന്യമുള്ളതു തന്നെ. പക്ഷേ നമ്മുടെ വിശ്വാസം നമുക്കു തന്നെ വിനയാകുന്ന തരത്തില്‍ അതിന്റെ നെഞ്ചിലേക്ക്‌ പാണ്ടിലോറിയോടിച്ചു കയറ്റണോ? ഒരല്‌പം മുന്‍കരുതല്‍ എടുത്താല്‍ ഒഴിവാക്കാവുന്ന വലിയ വലിയ അപകടങ്ങള്‍; ദുരന്തങ്ങള്‍..'
'അമ്മേ, നമ്മുടെ മോള്‍ കുഞ്ഞായിരിക്കുമ്പോള്‍ അവള്‍ കട്ടിലില്‍നിന്ന്‌ താഴേക്കു വീഴാതിരിക്കാന്‍ ഞാനൊരു തലയിണ അരികില്‍ വെച്ചു. ഉടനെ അമ്മ അവിടെ ചാരിവെച്ചിരുന്ന ചെറിയ ബെഡ്‌ എടുത്തു താഴെ വെറുതെ വിരിച്ചിട്ട്‌ പറഞ്ഞതോര്‍ക്കുന്നോ? നമുക്കിതൊന്നു വിരിക്കേണ്ട മെനക്കേട്‌ മാത്രേ ഉള്ളു... ഇനി കുഞ്ഞ്‌ എണീറ്റ്‌ താഴേക്ക്‌ ചാടിയാലും ഒരു കുഴപ്പവും ഇല്ല എന്ന്‌?'
'രാജീവേട്ടാ, ഇങ്ങനെ പേടിക്കാതെ...'അശ്വതിക്ക്‌ രാജീവിന്റെ വെപ്രാളം മനസ്സിലായി.
പണ്ടൊരു ആശുപത്രി വാസത്തില്‍ അശ്വതി ഡ്രസ്സ്‌ മാറികൊണ്ടിരുന്നപ്പോള്‍ ഒരു നേഴ്‌സ് പെട്ടെന്ന്‌ വാതില്‍ തള്ളിത്തുറന്ന്‌ അകത്തുവന്നു. വെപ്രാളത്തോടെ ഡ്രസ്സ്‌ വലിച്ചിടുന്ന അവളോട്‌ അവര്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു; 'വാതില്‍ ലോക്ക്‌ ചെയ്യേണ്ട കാര്യമല്ലേ ഉണ്ടാരുന്നുള്ളു... അതിനെത്ര നേരം വേണം..എന്ന്‌?'
'ഉം, പേടി തന്നെയാണ്‌. ചില മുന്‍കരുതലുകള്‍; നിമിഷങ്ങളുടെ വിലയേ വേണ്ടു...പക്ഷേ ഒരു ജീവിതം സംരക്ഷിക്കാം.'
'അപ്പൊ നിനക്ക്‌ അറിയാം അല്ലെ..' അയാളവളുടെ കവിളില്‍ തട്ടി.
ഓട്ടോയില്‍ നിന്നും മോളിറങ്ങി വീട്ടിലേക്കോടിവരുമ്പോള്‍ ആ ഓട്ടോഡ്രൈവര്‍ അവള്‍ കയറിയെന്നുറപ്പാക്കുംവരെ അവിടെത്തന്നെ വണ്ടി നിര്‍ത്തിയിട്ടിരിക്കുന്നത്‌ രാജീവ്‌ ഉമ്മറത്തുനിന്ന്‌ കണ്ടു.
ചില മനുഷ്യരുടെ പ്രവൃത്തികളിലൂടെ പലരുടേയും ജീവിതം അപകടങ്ങളില്ലാതെ നിറഞ്ഞോടുന്നത്‌ എങ്ങനെയെന്ന്‌ അയാളറിയുകയായിരുന്നു.
അന്ന്‌ രാത്രി മോള്‍ക്ക്‌ ഹോംവര്‍ക്ക്‌ പറഞ്ഞുകൊടുത്തുകൊണ്ടിരുന്നപ്പോള്‍ അയാള്‍ സ്വകാര്യമായി മോളോട്‌ ചോദിച്ചു. 'കുട്ടാ, ആരാടാ ഈ കൊണ്ടാട്ടം? അമ്മേടെ ഫോണ്‍ ബുക്കിലെ?'
മോള്‍ കവിള്‍ തുടുപ്പിച്ചു ചിരിച്ചു. 'അച്‌ഛാ, അതറീല്ലേ, ഇവിടെ മൊളകുകൊണ്ട്‌ വരൂല്ലേ...ആ അമ്മാമയാ. നല്ല എരൂള്ള ആ മൊളകില്ലേ. അത്‌ മോള്‌ സ്‌ക്കൂളില്‍ കൊണ്ടോവും. അമ്മ കഴുകി പൊരിച്ചുതരും. എരിഞ്ഞാലും മോള്‍ക്കിഷ്‌ടാ...'
'അപ്പൊ..ഈ പൊന്നാരുണ്ണിയോ?'
'ഈ അച്‌ഛന്‌ ഒന്നും അറീലല്ലോ..ആ സാധനം വിക്കണ ചേച്ചിയില്ലേ? നമ്മള്‌ ചെലപ്പോ അപ്പ്രത്തെ വീട്ടിലെ ചായേടെ കടി വാങ്ങൂലേ.. അമ്മ കൊറേനേരം ഒറങ്ങുന്ന ദെവസം, ആ ചേച്ചീടെ പേരാ..'
'അതെന്താ പൊന്നാരുണ്ണീ ന്ന്‌?'
മോള്‍ എഴുന്നേറ്റു അയാളുടെ മടിയിലേക്കും സോഫയിലേക്കും മാറിമാറി ചാടിക്കൊണ്ട്‌ പറഞ്ഞു.
'അത്‌...പൊന്നാരമോളേ... ന്നാ അവര്‌ വിളിക്കുക. അപ്പ ഞാനും അമ്മേം അമ്മംമേം അവരെ പൊന്നാരുണ്ണീന്ന്‌ വിളിക്കും.' രാജീവിന്റെ മടിയില്‍നിന്നും താഴേക്ക്‌ ചാടി ആ സുന്ദരിക്കുട്ടി കൂട്ടിച്ചേര്‍ത്തു. 'ഒരു അച്‌ഛ വന്നേക്കുന്നു. ഒന്നും അറീലാ..'
പേരറിയാത്ത അനേകം മുഖങ്ങള്‍ മനസ്സിലൂടെമിന്നായംപോലെ കടന്നപ്പോള്‍ രാജീവ്‌ പൊട്ടിച്ചിരിച്ചുകൊണ്ട്‌ മോളെ വാരിയെടുത്തു.

സനാ റബ്‌സ്

Ads by Google
Sunday 02 Dec 2018 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW