ശ്രീ ഗുരുവായൂരപ്പന് എന്ന സിനിമയില്‍ പാടുമ്പോള്‍ അമ്പിളിക്ക് പതിമൂന്ന് വയസ്സ്. ദക്ഷിണാമൂര്‍ത്തിയുടെ ശിഷ്യയായിരുന്ന അവര്‍ക്ക് സ്വാമി നല്കിയ സമ്മാനമാണ് ഗുരുവായൂരപ്പന്റെ... എന്നു തുടങ്ങുന്ന ആ ഗാനം. പ്രേക്ഷകര്‍ പുരാണകഥകള്‍ നെഞ്ചേറ്റി നടന്നൊരു കാലമായിരുന്നു അത്. ബേബി സുമതിയെന്ന പ്രിയപ്പെട്ട ബാലനടി ഗുരുവായൂരപ്പന്റെ മുമ്പില്‍ നിന്ന് കണ്ണീരണിഞ്ഞ് പാടുന്ന ആ പാട്ടും സിനിമയും അതുവഴി അമ്പിളിയെന്ന ഗായികയും മലയാളത്തിന്റെ ഹൃദയത്തില്‍ കൂട് കൂട്ടുകയായിരുന്നു.
ആയിരത്തിലധികം സിനിമാഗാനങ്ങളാണ് ഓമനത്തം തുളുമ്പുന്ന സ്വരഭംഗിയോടെ അമ്പിളി പാടിയത്. ലളിതഗാനങ്ങളും കീര്‍ത്തനങ്ങളുമൊക്കെയായി അത് മൂവായിരത്തിലധികം വരും. ഒട്ടേറെ തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളി ചലച്ചിത്രഗാനങ്ങളും അവര്‍ക്ക് പാടുവാന്‍ കഴിഞ്ഞു.
പാട്ടിന്റെ സുവര്‍ണകാലത്ത് ഗാനരംഗം നിറയെ മധുരശബ്ദം പൊഴിക്കുന്ന പെണ്കുയിലുകളുണ്ടായിരുന്നു. ഗായികമാരുടെ നീണ്ടനിര. എസ്. ജാനകി, പി. സുശീല, വാണി ജയറാം, മാധുരി അങ്ങനെ മാറ്റി നിര്‍ത്താന്‍ പറ്റാത്തത്ര പ്രതിഭകള്‍. ഇവര്‍ക്കിടയിലും വേറിട്ട ഗാനങ്ങള്‍ വഴി ആസ്വാദക മനസ്സില്‍ തിളങ്ങി നില്ക്കാന് കഴിഞ്ഞുവെന്നതാണ് അമ്പിളിയുടെ നേട്ടം.
വീണ്ടും പ്രഭാതത്തിലെ 'ഊഞ്ഞാലാ...' എന്ന പാട്ട് ഓര്‍ക്കാത്ത ഗാനാസ്വാദകര്‍ ഉണ്ടാവില്ല. മണ്ഡലകാലത്തും അല്ലാതെയും അയ്യപ്പഭക്തര്‍ കേള്‍ക്കാനിഷ്ടപ്പെടുന്ന 'തേടി വരും കണ്ണുകളില്‍ ഓടിയെത്തും സ്വാമീ... ' എന്ന പാട്ടിലെ ഭക്തിയുടെ മാധുര്യം കാലമെത്ര കഴിഞ്ഞാലും നാം മറക്കില്ല. അഞ്ച് വര്‍ഷം മുമ്പ് ശബരിമല ദര്‍ശനത്തിനു പോയിരുന്നു അമ്പിളി. അവിടെ ശുശ്രൂഷകള്‍ നടത്തുന്ന ഒരാള്‍ ഓടി അടുത്ത് വന്ന് പരിചയം പുതുക്കി.
20 വര്‍ഷം മുമ്പ് ഒരു ഇംഗ്ലീഷ് പത്രത്തിനു വേണ്ടി അമ്പിളിയുടെ അഭിമുഖം തയാറാക്കിയ ആളായിരുന്നു അത്. അദ്ദേഹത്തിന്റെ സഹായത്താല്‍ മനസ്സ് നിറയെ അയ്യപ്പസ്വാമിയെ ദര്‍ശിക്കാനും ശബരിമലയിലെ സ്റ്റേജില്‍ ആ പാട്ട് പാടാനും കഴിഞ്ഞു. അന്ന് ഒരുപാട് ആളുകള്‍ പാട്ട് കേട്ടിട്ട് മുപ്പത് വര്‍ഷം മുമ്പത്തെപ്പോലെ തന്നെ എന്ന് പറഞ്ഞു. എല്ലാം ഭഗവാന്റെ അനുഗ്രഹമെന്ന് അമ്പിളി പറയുന്നു. എന്റെ നീലാകാശം നിറയെ, പുള്ളിപ്പശുവിന്റെ കുഞ്ഞ്, ഏഴ് നിലയിലുള്ള ചായക്കട, കുടമുല്ലക്കാവിലെ കുസൃതിക്കാറ്റേ, തന്നന്നം താനന്നം താളത്തിലാടി, തുമ്പീ തുമ്പീ തുള്ളാന്‍ വായോ, ആരാരോ സ്വപ്ന ജാലകം തുറന്നു കടന്നതാരോ തുടങ്ങി ഒരുപാട് നല്ല പാട്ടുകള്‍ പ്രമുഖ സംഗീത സംവിധായകരുടെ ശിക്ഷണത്തില്‍ പാടാന്‍ അവര്‍ക്ക് കഴിഞ്ഞു.
ലളിതഗാനങ്ങളുടെ നീണ്ടനിരതന്നെയുണ്ട് അമ്പിളിയുടെ പേരില്‍. രാധയെക്കാണാത്ത മുകില്‍ വര്‍ണ്ണനോ, കവിതേ, മലയാള കവിതേ, കാ കാ കാവതിക്കാക്ക കൂട്ടില്‍ എന്നൊക്കെയുള്ള പാട്ടുകള്‍ അന്നൊക്കെ മത്സരവേദികളില്‍ സ്ഥിരം കേട്ടിരുന്നു.
ആ സ്വരമാധുരിയ്ക്ക് ഇപ്പോഴും ഒരു ഭംഗവുമില്ല. സമീപകാലത്ത് ഗണപതീ പുണ്യാളന് എന്ന പുതിയ സിനിമയില്‍ മോഹന്സിത്താരയൊരുക്കിയ രണ്ട് പാട്ടുകള്‍ അവര്‍ പാടി. തൃശൂരില്‍ വച്ചായിരുന്നു റെക്കോര്‍ഡിംഗ്. സുഹൃത്ത് മായാമോഹനുമായി ചേര്‍ന്ന് മായമ്പ്- ഓള്‍ഡ് മെലഡീസ് എന്ന പേരില്‍ മ്യൂസിക് ട്രൂപ്പുണ്ട് അമ്പിളിക്ക്. അതിന്റെ പരിപാടികളും സ്റ്റേജ്, റിയാലിറ്റി ഷോകളുമൊക്കെയായി തിരക്കിലാണ്. ജനുവരിയില്‍ മറ്റ് പഴയകാല ഗായികമാരോടൊപ്പം ദുബായ് പ്രോഗ്രാമിന് പോകാനിരിക്കുകയാണ് അവര്‍.
അന്തപ്പുരം, തിരയും തീരവും, വെല്ലുവിളി, ചമ്പല്‍ക്കാട് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന് രാജശേഖരനാണ് അമ്പിളിയുടെ ഭര്‍ത്താവ്. മകനും മകളുമുണ്ട്. കുടുംബമായി ചെന്നൈയില്‍ താമസിക്കുന്നു.
മാവേലിക്കരക്കാരിയായ അമ്പിളി പത്തു വയസ്സുള്ളപ്പോഴാണ് സംഗീത മോഹങ്ങളുമായി ചെന്നൈയിലെത്തുന്നത്. നല്ല പാട്ടുകാരിയായിരുന്ന അമ്മയ്ക്ക് കല്യാണത്തോടെ പാട്ട് നിര്‍ത്തേണ്ടി വന്നു. അമ്മ തന്റെ സ്വപ്നം മകളിലൂടെ യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. മകളെ പാട്ടുകാരിയാക്കാന്‍ അമ്മയും അച്ഛനും ചേര്‍ന്ന് കുടുംബമായി ചെന്നൈയിലേക്ക് ചേക്കേറുകയായിരുന്നു. ഇപ്പോഴും പാടാനും പാട്ടില്‍ ജീവിക്കാനുമാണ് അമ്പിളിക്കാഗ്രഹം.
ആന്‍സി സാജന്