Saturday, December 01, 2018 Last Updated 11 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 01 Dec 2018 03.48 PM

കുഞ്ഞ് നടക്കാന്‍ വൈകിയാല്‍

''കുഞ്ഞുങ്ങളിലെ ഓരോ വളര്‍ച്ചാഘട്ടവും മാതാപിതാക്കള്‍ക്ക് ആകാംഷയോടൊപ്പം ആകുലതയും നിറഞ്ഞതാണ്. ''
uploads/news/2018/12/269071/parenting301118b.jpg

കുഞ്ഞുണ്ടായിക്കഴിഞ്ഞാല്‍ അതിന്റെ ഓരോ ചലനങ്ങള്‍പോലും നമുക്ക് ആകാംഷയും ആശ്ചര്യവുമാണ്. കുഞ്ഞ് നിങ്ങളെ നോക്കി ചിരിച്ചാല്‍, മുട്ടിലിഴഞ്ഞാല്‍, നീന്താന്‍ തുടങ്ങിയാല്‍ എല്ലാം നിങ്ങള്‍ക്ക് ലഭിക്കുന്ന ആത്മസംതൃപ്തി ചെറുതല്ല.

ഗായത്രിക്കും അശോകനും ഏറെ കാത്തിരുന്നുണ്ടായ മകളാണ് മീനാക്ഷി. അഞ്ചാം മാസത്തില്‍ കമഴ്ന്നുവീണ അവള്‍ പക്ഷേ ഒരുവയസായിട്ടും പിച്ചവച്ചുതുടങ്ങിയില്ല. മാതാപിതാക്കള്‍ക്ക് സ്വാഭാവികമായും ആശങ്കയുണ്ടാകും.

കാരണം അതേ പ്രായത്തിലുള്ള കുട്ടികളെല്ലാം പിടിച്ചുനില്‍ക്കാനും നടക്കാനുമൊക്കെ തുടങ്ങിയിരുന്നു. ഗായത്രിയേയും അശോകനേയും മാത്രമല്ല മറ്റ് പല മാതാപിതാക്കളേയും വല്ലാതെ അലട്ടുന്ന കാര്യമാണിത്.

എന്തുകൊണ്ടാണ് കുഞ്ഞുങ്ങള്‍ നടക്കാന്‍ വൈകുന്നത്? ആശങ്കയുണര്‍ത്തുന്ന പ്രശ്നമാണോ ഇത്? നടക്കാന്‍ വൈകുന്നത് ഏതെങ്കിലും രോഗത്തിന്റെ തുടക്കമാണോ? ഈ പ്രശ്നത്തിന് എന്താണ് പ്രതിവിധി? എന്നുതുടങ്ങി ധാരാളം ചോദ്യങ്ങള്‍ നിങ്ങളുടെ ഉള്ളിലുണ്ടാവും.

കുഞ്ഞുങ്ങള്‍ക്ക് കൈത്താങ്ങാകാം


കുഞ്ഞുങ്ങള്‍ എട്ടാം മാസം എട്ടടി വയ്ക്കണം എന്നാണ് പ്രായമായവരുടെ കണക്ക്. പിന്നീട് ഒരുവയസുവരെയും കൂടി നമ്മള്‍ കാത്തിരിക്കാന്‍ തയാറാകും. എന്നിട്ടും നടന്നുതുടങ്ങിയില്ലെങ്കില്‍ പിന്നെ മാതാപിതാക്കള്‍ക്ക് വെപ്രാളമാണ്. കുഞ്ഞ് ഏത് പ്രായത്തില്‍ നടന്നുതുടങ്ങുന്നു എന്നതിലല്ല കാര്യം. അവന്‍ അല്ലെങ്കില്‍ അവള്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലാതെ മിടുക്കരായിത്തന്നെയിരിക്കുന്നുണ്ടോ എന്നതാണ്.

മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാതെ കുഞ്ഞുങ്ങള്‍ ചുറുചുറുക്കോടെയിരിക്കുന്നുണ്ടെങ്കില്‍ പേടിക്കാനില്ല. കുഞ്ഞ് നടക്കുന്നില്ല എന്നുള്ളത് അനാവശ്യമായ ഭയമാണ്. ഇത് ഭാവിയില്‍ കുഞ്ഞിനുണ്ടായേക്കാവുന്ന ഗുരുതരമായ ഒരു രോഗത്തിന്റെയും തുടക്കവുമല്ല. പക്ഷേ കുഞ്ഞിന് 15 മാസം പ്രായമായിട്ടും വളര്‍ച്ചയുടെ യാതൊരു ലക്ഷണവും ഇല്ലെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കാണേണ്ടതാണ്. പതുക്കെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചിട്ടായിരിക്കുമല്ലോ കുട്ടി നടന്നുതുടങ്ങുന്നത്.

എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കുഞ്ഞിന് ഒരു കൈത്താങ്ങ് നല്‍കുക. കുഞ്ഞിന് മുമ്പില്‍ വച്ച് കളിപ്പാട്ടങ്ങളോ മറ്റോ എത്തിപിടിപ്പിക്കാന്‍ ശ്രമിക്കുക. അതുകാണുമ്പോള്‍ കുഞ്ഞും കളിപ്പാട്ടം എത്തിപ്പിടിക്കാന്‍ ശ്രമിക്കും.

പേടിക്കേണ്ടതെപ്പോള്‍....


സാധാരണ കുട്ടികള്‍ 12 മാസമാകുമ്പോള്‍ നടന്നുതുടങ്ങും. ചില കുട്ടികള്‍ യാതൊരു കുഴപ്പവുമില്ലെങ്കിലും ചിലപ്പോള്‍ 18 മാസം വരെ നടന്നുതുടങ്ങാന്‍ സമയമെടുക്കുന്നതായി കാണാറുണ്ട്.

സെറിബ്രല്‍ പാള്‍സി, മസില്‍ സംബന്ധമായ തകരാറുകള്‍, നാഡീ സംബന്ധമായ തകരാറുകള്‍, തൈറോയിഡ് പ്രശ്നങ്ങള്‍, കാല്‍സ്യംവൈറ്റമിന്‍ ഡി യുടെ കുറവ് എന്നീ പ്രശ്‌നങ്ങളുള്ള കുഞ്ഞുങ്ങള്‍ നടന്നുതുടങ്ങാന്‍ താമസിക്കും. ഇത്തരം കുട്ടികള്‍ നടക്കാന്‍ മാത്രമായിരിക്കില്ല താമസമെടുക്കുന്നത്.

uploads/news/2018/12/269071/parenting301118a.jpg

അവരുടെ ഓരോ വളര്‍ച്ചാഘട്ടത്തിലും ഈ താമസം ഉണ്ടാവാറുണ്ട്. വളര്‍ച്ചാഘട്ടത്തില്‍ ആദ്യം നമ്മള്‍ ശ്രദ്ധിക്കുന്നത് സോഷ്യല്‍ സ്മൈല്‍ അഥവാ മുഖത്ത് നോക്കി കുട്ടികള്‍ പുഞ്ചിരിക്കുന്നതും അതുപോലെ കഴുത്തുറയ്ക്കുന്നതുമൊക്കെയാണ്.

തുടക്കത്തിലേ ഇത്തരം കാര്യങ്ങളില്‍ താമസം നേരിടുകയോ, വളര്‍ച്ചയുടെ ഏതെങ്കിലും ഘട്ടത്തില്‍ അപാകതയുള്ളതായി തോന്നുകയോ ചെയ്താല്‍ ഡോക്ടറെ കാണിച്ച് വേണ്ട പരിശോധനകള്‍ നടത്തേണ്ടതാണ്.

സെറിബ്രല്‍ പാള്‍സി പോലുള്ള രോഗങ്ങള്‍ക്ക് ഫിസിയോ തെറാപ്പിയും മറ്റ് മരുന്നുകളുമുണ്ട്. ഇത്തരക്കാരായ ചില കുട്ടികളുടെ മസിലുകള്‍ മുറുക്കമുള്ളതും മറ്റുചിലരുടേത് അയഞ്ഞും കിടക്കുന്ന തരത്തിലായിരിക്കും. കാരണങ്ങള്‍ക്കനുസരിച്ചാണ് ചികിത്സ നല്‍കേണ്ടത്.

തൈറോയിഡ് പ്രശ്നങ്ങളാണെങ്കില്‍ രക്തപരിശോധനയിലൂടെ അത് കണ്ടെത്തി ഹോര്‍മോണ്‍ ട്രീറ്റ്മെന്റുകള്‍ നല്‍കാം. കാല്‍സ്യത്തിന്റെ പ്രശ്നമാണെങ്കില്‍ രക്തപരിശോധനയിലൂടെയും എക്‌സറേയിലൂടെയും രോഗം തിരിച്ചറിയാനാകും.

തലയിലെ പതുപതുത്ത ചര്‍മ്മം ഉറയ്ക്കാനുണ്ടാകുന്ന താമസം, കൈക്കും കാലിനുമുണ്ടാകുന്ന വളവ് ഇവയൊക്കെ കാല്‍സ്യം ഡഫിഷ്യന്‍സിയുടെ ലക്ഷണങ്ങളാണ്. ഒരു വയസായിട്ടും കുട്ടി നടന്നുതുടങ്ങിയില്ലെങ്കില്‍ ഡോക്ടറെ കാണിക്കുന്നതാണ് നല്ലത്.

നടന്നുതുടങ്ങുമ്പോള്‍ ...


പിച്ചവച്ചു തുടങ്ങുന്ന സമയത്ത് കുഞ്ഞുങ്ങള്‍ പെട്ടെന്ന് വീണുപോകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നടക്കാന്‍ തുടങ്ങുന്ന സമയത്ത് കൂടുതല്‍ കരുതല്‍ ആവശ്യമാണ്. കുട്ടിക്ക് നടക്കാന്‍ ആവശ്യമായ സ്ഥലം ഉണ്ടാക്കിക്കൊടുക്കുക. മുറിയിലെ മേശയും കസേരയും മറ്റും വശങ്ങളിലേക്ക് മാറ്റിയിടുക.

അതുപോലെതന്നെ ഫര്‍ണ്ണിച്ചറുകള്‍ക്ക് കൂര്‍ത്ത അഗ്രങ്ങളുണ്ടെങ്കില്‍ അവ മറയ്ക്കാനോ, ഫര്‍ണിച്ചറുകള്‍ മുറിയില്‍നിന്ന് മാറ്റിയിടാനോ ശ്രമിക്കണം. എളുപ്പത്തില്‍ മറിഞ്ഞുവീഴാനിടയുള്ള ഫര്‍ണ്ണിച്ചറുകള്‍ തീര്‍ച്ചയായും കുട്ടി നടക്കുന്നിടത്തുനിന്ന് മാറ്റിയിടേണ്ടതാണ്.

അല്ലെങ്കില്‍ അവ കുട്ടിയുടെമേല്‍ മറിഞ്ഞുവീണ് അപകടമുണ്ടാവാന്‍ സാധ്യതയുണ്ട്. സ്‌റ്റെയര്‍കേസുള്ള വീടുകളാണെങ്കില്‍ കുഞ്ഞ് സ്‌റ്റെയര്‍കേസില്‍ കയറി വീഴാനിടയുണ്ട്. അതുകൊണ്ട് സ്‌റ്റെയറില്‍ സേഫ്റ്റി ഗേറ്റ് പിടിപ്പിക്കുക.

വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ. സോന
പീഡിയാട്രിഷന്‍,
എന്‍. കെ.എം ഹോസ്പിറ്റല്‍, പ്രവിത്താനം

ഷെറിങ്ങ് പവിത്രന്‍

Ads by Google
Saturday 01 Dec 2018 03.48 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW