Friday, April 26, 2019 Last Updated 15 Min 14 Sec ago English Edition
Todays E paper
Ads by Google
പുരനിറഞ്ഞ പുരുഷന്മാര്‍ / കെ. സുജിത്ത്
Saturday 01 Dec 2018 12.54 AM

ഗള്‍ഫുകാരനായാല്‍ പോരാ; വധുവിനെ കൊണ്ടുപോകണം

uploads/news/2018/12/268913/2.jpg

"ഇഷ്‌ടമാണ്‌, പക്ഷേ മുട്ടരുത്‌"... കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചാല്‍ ഒട്ടേറെ ഓട്ടോറിക്ഷകള്‍ക്കു പിന്നില്‍ ഇങ്ങനെയൊരു തമാശവാചകം കാണാം. എന്നാല്‍, മലബാറിലെങ്കിലും പല ഓട്ടോറിക്ഷകളും ഇപ്പോള്‍ തമാശവിട്ട്‌, സീരിയസായിരിക്കുന്നു. വരികള്‍ക്കിടയില്‍ വായിക്കാനൊന്നും മെനക്കെടേണ്ടതില്ല. സ്വന്തം "സുന്ദരി"ക്കു പിന്നില്‍ ഉള്ളകാര്യം വെട്ടിത്തുറന്ന്‌ എഴുതിവച്ചിരിക്കുകയാണു യുവാക്കളായ പല ഓട്ടോ ഡ്രൈവര്‍മാരും. കാഞ്ഞങ്ങാട്ടു കണ്ട ഒരു ഓട്ടോറിക്ഷയ്‌ക്കു പിന്നില്‍ ഇങ്ങനെ വായിക്കാം: "ഗള്‍ഫ്‌ മതിയാക്കി. ഓട്ടോ സ്വന്തമാണ്‌. ഇനി പെണ്ണുകാണാനില്ല; മടുത്തു. കൂടുതലൊന്നും ചോദിക്കണ്ട". പാവപ്പെട്ട നായകനു സമ്പന്നയുവതിയെ ജീവിതസഖിയാക്കാന്‍ വഴിയൊരുക്കിയ "ഏയ്‌ ഓട്ടോ" സിനിമയിലെ "സുന്ദരി"യെ നമുക്കു മറക്കാം!

"അബുദാബിക്കാരന്‍ പുതുമണവാളന്‍ നിക്കാഹിനൊരുങ്ങി ബരും, ഓന്‍ ബിളിക്കുമ്പ പറന്നുവരും"... "അങ്ങാടി" സിനിമയിലെ ഈ പാട്ടിന്റെ വരികളില്‍ ഗള്‍ഫ്‌ വരന്റെ പത്രാസ്‌ നിറഞ്ഞുനിന്നിരുന്നു. അതു നഷ്‌ടപ്രതാപത്തിന്റെ പഴയകാലം. ഇന്നു ഗള്‍ഫ്‌ പ്രവാസികളിലെ ഭൂരിപക്ഷം ചെറുപ്പക്കാരും വിവാഹവിപണിയില്‍ എടുക്കാച്ചരക്കാണ്‌! പെണ്ണുകാണലില്‍ സെഞ്ചുറി തികച്ചിട്ടും ഫലമില്ലാതെ, അവധികഴിഞ്ഞു വിമാനം കയറാനാണു പലരുടെയും വിധി. പ്രതിമാസം ചെലവിനുള്ളത്‌ അയച്ചുകൊടുക്കുകയും വര്‍ഷങ്ങളുടെ ഇടവേളയില്‍ അവധിക്കുവരുകയും ചെയ്യുന്ന മണവാളനെ ആര്‍ക്കും ആവശ്യമില്ല. ഉന്നതവിദ്യാഭ്യാസവും ഗള്‍ഫില്‍ ഉയര്‍ന്നജോലിയും ഉള്ളവര്‍ക്കുപോലും വിവാഹം തരപ്പെടുന്നത്‌ ഒറ്റവ്യവസ്‌ഥയിലാണ്‌- മധുവിധു കഴിഞ്ഞ്‌ തിരിച്ചുപോകുമ്പോള്‍ വധുവിനെയും കൊണ്ടുപോകണം.

കല്യാണം കനവില്‍ മാത്രം കൊണ്ടുനടക്കുന്ന വലിയൊരു വിഭാഗം ചെറുപ്പക്കാര്‍ ഇപ്പോഴും ഗള്‍ഫിലുണ്ട്‌. അവിദഗ്‌ധതൊഴിലാളികള്‍ എന്നു വിളിക്കപ്പെടുന്ന ഇവരില്‍ ഭൂരിപക്ഷവും വയസ്‌ മുപ്പതിനോട്‌ അടുക്കുമ്പോഴാണു ഗള്‍ഫില്‍ എത്തിപ്പെടുന്നതുതന്നെ. മൂന്നോ നാലോ വര്‍ഷം ജോലിചെയ്‌ത്‌, കടങ്ങളൊക്കെ വീട്ടി, ഒരു കരപറ്റുമ്പോഴാണു വിവാഹത്തെക്കുറിച്ചു ചിന്തിച്ചുതുടങ്ങുന്നത്‌. നാട്ടിലും അയല്‍ജില്ലകളിലും നീളുന്ന അന്വേഷണത്തിനിടെ അവധി തീര്‍ന്ന്‌ തിരിച്ചുപോകാന്‍ സമയമാകും.

*** ജൂവലറി/കല്യാണ ബ്യൂറോ!

കാമുകിയുടെ മകളെ പെണ്ണുകണ്ട "വെള്ളിമൂങ്ങ"യിലെ നായകന്റെ അവസ്‌ഥ അതിശയോക്‌തിയല്ലെന്ന്‌ പേരു വെളിപ്പെടുത്താന്‍ താത്‌പര്യമില്ലാത്ത ഒരു അനുഭവസ്‌ഥന്‍ പറയുന്നു. ആദ്യം പെണ്ണുകണ്ട വീട്ടിലെ കൊച്ചിന്റെ അനുജത്തിയെ പെണ്ണുകാണാന്‍ പോയ അനുഭവമാണ്‌ അയാള്‍ പങ്കുവച്ചത്‌. ഏറ്റവും ഒടുവില്‍ കണ്ടതു 41-ാമത്തെ പെണ്ണിനെയാണ്‌. വൈവാഹിക വെബ്‌ സൈറ്റുകള്‍, മാര്യേജ്‌ ബ്യൂറോകള്‍, ദല്ലാളുമാര്‍ എന്നിവരെല്ലാം ഇത്തരക്കാരെ നാടുചുറ്റിക്കുകയാണ്‌. മലബാറില്‍ ഇപ്പോള്‍ ജൂവലറി ഉടമകള്‍തന്നെ മാര്യേജ്‌ ബ്യൂറോയും നടത്തുന്നതാണു ട്രെന്‍ഡ്‌. വിവാഹം ശരിയായാല്‍ കമ്മീഷനു പുറമേ, അതേ ജൂവലറിയില്‍നിന്നു സ്വര്‍ണവും എടുക്കണമെന്നതാണു വ്യവസ്‌ഥ.

*** ഇതെന്തു ലിംഗനീതി?

"എം.എക്കാരന്‍ ബി.എക്കാരിയെ കെട്ടും. പക്ഷേ, എം.എക്കാരി ബി.എക്കാരനെ കെട്ടില്ല. ജോലിയുള്ള യുവാവ്‌ ജോലിയില്ലാത്ത യുവതിയെ കെട്ടും. മറിച്ചു സംഭവിക്കില്ല. പഠിക്കുന്ന കാലത്തെ കമിതാക്കളില്‍ ആണിന്‌ ആദ്യം ജോലി കിട്ടിയാല്‍ കാമുകിയെത്തന്നെ കെട്ടും. പക്ഷേ, പെണ്ണിനാണ്‌ ആദ്യം ജോലി കിട്ടുന്നതെങ്കില്‍ വേറേ ആണുങ്ങളെ കെട്ടും"- പുരനിറഞ്ഞ ഏതോ പുരുഷന്‍ സഹികെട്ട്‌ വാട്‌സ്‌ആപ്പില്‍ കുറിച്ചതാണിത്‌.

വിദ്യാസമ്പന്നരായ യുവതികള്‍ പഠിച്ചപണി കിട്ടിയില്ലെങ്കില്‍ വീട്ടിലിരിക്കാനും തയാര്‍. അല്ലെങ്കില്‍ ചെറിയശമ്പളത്തില്‍ വീടിനടുത്തു സുരക്ഷിതമായ ജോലി നോക്കും. വിദ്യാസമ്പന്നകളില്‍ ഭൂരിഭാഗവും അധ്യാപനം, നഴ്‌സിങ്‌, സര്‍ക്കാര്‍ ജോലി, ബാങ്കിങ്‌...ഇവയില്‍ ഏതെങ്കിലുമൊന്ന്‌ ലക്ഷ്യമിടുമ്പോള്‍ മത്സരവും കടുക്കുന്നു. സ്വകാര്യ സ്‌കൂള്‍ അധ്യാപികമാര്‍ക്കും സ്വകാര്യാശുപത്രി നഴ്‌സുമാര്‍ക്കും താരതമ്യേന കുറഞ്ഞ ശമ്പളമേ ലഭിക്കാറുള്ളൂ. ഇഷ്‌ടമുള്ള ജോലി കിട്ടിയില്ലെങ്കില്‍ മറ്റു ജോലികള്‍ക്കായി ശ്രമിക്കാത്തതും പൊതുവേ പെണ്‍കുട്ടികളാണ്‌.

പകരം വിവാഹക്കമ്പോളത്തില്‍ വരന്റെ ജോലിസുരക്ഷ തേടും. ബിരുദവും ബിരുദാനന്തരബിരുദവുമുള്ള യുവതികള്‍വരെ ജോലിക്കോളത്തില്‍ ഇങ്ങനെ 'വീട്ടമ്മ'മാരായി മാറുന്നു. ഉന്നതജോലിയില്ലെങ്കിലും അധ്വാനിച്ചു ജീവിക്കുന്ന യുവാക്കള്‍ക്കു പെണ്ണുകിട്ടാത്തതിനു പിന്നില്‍ തൊഴില്‍രഹിതകളായ വിദ്യാസമ്പന്നകളുടെ ഉയര്‍ന്ന ഡിമാന്‍ഡുകളും ഒരു കാരണമാണ്‌.

*** പാഴായ മിശ്രവിവാഹസംഗമം

പയ്ന്നൂര്‍ റൂറല്‍യ ബാങ്ക്‌ ഓഡിറ്റോറിയത്തില്‍ അടുത്തിടെ വന്‍പ്രചാരണത്തോടെ സംഘടിപ്പിച്ച മിശ്രവിവാഹച്ചടങ്ങിലേക്കു വന്‍പ്രതീക്ഷയോടെ എത്തിയ നൂറുകണക്കിനു യുവാക്കള്‍ നിരാശരായി മടങ്ങി. ജാതിയും മതവും ജോലിയും സമ്പത്തും നോക്കാതെ ഒന്നിക്കാന്‍ ആഗ്രഹിക്കുന്ന സ്‌ത്രീപുരുഷന്മാര്‍ക്കു വിവാഹവേദി ഒരുക്കുന്നുവെന്നായിരുന്നു സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം. ഈ ആദര്‍ശമെല്ലാം ഒത്തുവന്ന ആയിരത്തോളം യുവാക്കള്‍ ജീവിതപങ്കാളിയെത്തേടി ചടങ്ങിനെത്തി. എന്നാല്‍, വന്ന വധുക്കളുടെ എണ്ണം പത്തില്‍ താഴെയായിരുന്നു! രസീതുപോലും നല്‍കാതെ യുവാക്കളില്‍നിന്നു സംഘാടകര്‍ രജിസ്‌ട്രേഷന്‍ ഫീസായി 100 രൂപ വീതം വാങ്ങാന്‍ തുടങ്ങിയതോടെ കളം മോശമായി. വാക്കേറ്റം കൈയേറ്റത്തിന്റെ വക്കിലെത്തി. പോലീസ്‌ ഇടപെട്ടതോടെ രജിസ്‌ട്രേഷന്‍ ഫീസ്‌ തിരിച്ചുനല്‍കാമെന്നായി സംഘാടകര്‍.

കേരള മിശ്രവിവാഹവേദിയുടെ നേതൃത്വത്തില്‍ നടന്ന വൈവാഹികസംഗമം അലങ്കോലപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചതാണു പ്രശ്‌നമായതെന്നു സംഘാടകര്‍ ആരോപിക്കുന്നു. മുന്നൂറോളം പേരെ മാത്രമാണു സംഘാടകര്‍ പ്രതീക്ഷിച്ചതത്രേ. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അവസരമുണ്ടെന്ന രീതിയില്‍ വാട്‌സ്‌ആപ്പില്‍ ചിലര്‍ നടത്തിയ വ്യാജപ്രചാരണമാണ്‌ ഇതിനിടയാക്കിയതെന്നു മിശ്രവിവാഹവേദി സംസ്‌ഥാന സെക്രട്ടറി ശൂരനാട്‌ ഗോപന്‍ പറഞ്ഞു. മിശ്രവിവാഹത്തെ എതിര്‍ക്കുന്നവര്‍ നുഴഞ്ഞുകയറി കുഴപ്പം സൃഷ്‌ടിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. യുക്‌തിവാദി സംഘത്തിന്റെയും മിശ്രവിവാഹവേദിയുടെയും സംയുക്‌താഭിമുഖ്യത്തിലാണു പരിപാടി സംഘടിപ്പിച്ചത്‌. പരിപാടിയില്‍ പങ്കെടുത്തവരാരും രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നു തളിപ്പറമ്പ്‌ ഡിവൈ.എസ്‌.പി: കെ.വി. വേണുഗോപാല്‍ പറഞ്ഞു.

*** കണ്ണൂരിന്റെ കല്യാണദോഷം

രാഷ്‌ട്രീയകൊലപാതകങ്ങളുടെ പേരുദോഷമുള്ളതിനാല്‍ കണ്ണൂരിലെ ചെറുപ്പക്കാര്‍ക്കു പെണ്ണുകിട്ടാത്തതു വലിയ പ്രശ്‌നമാണെന്നു യുക്‌തിവാദി സംഘം നേതാവ്‌ ഗംഗന്‍ അഴീക്കോട്‌ ചൂണ്ടിക്കാട്ടി. ഈ സാഹചര്യം നിലനില്‍ക്കേയാണു പയ്യന്നൂരില്‍ മിശ്രവിവാഹസംഗമം സംഘടിപ്പിച്ചത്‌. ഏഴുജില്ലകളില്‍ ഇത്തരം സംഗമങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. അവിടങ്ങളിലൊക്കെ 30 ശതമാനമെങ്കിലും യുവതികള്‍ പങ്കെടുത്തിരുന്നു. കണ്ണൂരില്‍ പക്ഷേ, ആ ശതമാനക്കണക്ക്‌ തെറ്റി.

*** രക്ഷയില്ലെങ്കില്‍ മിശ്രവിവാഹം!

രജിസ്‌ട്രേഷന്‍ ഫോമില്‍, എന്തുകൊണ്ട്‌ മിശ്രവിവാഹം? എന്ന ചോദ്യത്തോട്‌ ആദര്‍ശാത്മകമായി ആരും പ്രതികരിച്ചു കാണാറില്ലെന്നും ഗോപന്‍ പറയുന്നു. "മാതാപിതാക്കളെ നോക്കണം, വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കണം തുടങ്ങിയ വ്യവസ്‌ഥകള്‍ക്കപ്പുറം ജീവിതപങ്കാളിയെന്ന നിലയില്‍ സ്‌ത്രീകളെ സമൂഹം കണ്ടുതുടങ്ങിയിട്ടില്ല. സ്‌ത്രീകളും ഈ ചട്ടക്കൂടിനപ്പുറം ചിന്തിക്കുന്നില്ല. ജാതകദോഷം, പ്രാരബ്‌ധം, സ്‌ത്രീധനപ്രശ്‌നം ഇങ്ങനെ പല കാരണങ്ങളാല്‍ വിവാഹം നടക്കാത്ത പെണ്‍കുട്ടികളാണു നേരിട്ടോ സുഹൃത്തുക്കള്‍ മുഖേനയോ മിശ്രവിവാഹത്തിനു തയാറായി ഞങ്ങളെ ബന്ധപ്പെടാറുള്ളത്‌"- ഗോപന്‍ പറഞ്ഞു.

*** ഫെയ്‌സ്‌ബുക്ക്‌ എന്ന സൗജന്യദല്ലാള്‍

വിവാഹം നടക്കാത്തതിന്‌ ആരെയും പഴിക്കാന്‍ നിന്നില്ലെന്നതു മാത്രമല്ല, അതിനു സ്വന്തമായി പരിഹാരം കണ്ടെത്തിയതുമാണു കണ്ണൂര്‍ പേരാവൂര്‍ സ്വദേശി ബിനോ ഔസേപ്പിന്റെ വിജയം. ജീവിതപശ്‌ചാത്തലം, വരുമാനം, കുടുംബം തുടങ്ങി എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ച പ്ര?ഫൈല്‍ വീഡിയോ ഫെയ്‌സ്‌ബുക്കില്‍ അവതരിപ്പിക്കുകയാണു ബിനോ ചെയ്‌തത്‌. വീഡിയോ വൈറലായതോടെ ബിനോയ്‌ക്കു കല്യാണാലോചനകളുടെ പ്രവാഹമായി. ഫെയ്‌സ്‌ബുക്കിനെ ആശ്രയിച്ച്‌ പെണ്ണുകെട്ടിയ അനുഭവമാണു മലപ്പുറം മഞ്ചേരി സ്വദേശി രഞ്‌ജിഷിനും പറയാനുള്ളത്‌.

ഏഴുവര്‍ഷം ശ്രമിച്ചിട്ടും രക്ഷയില്ലാതായപ്പോഴാണു രഞ്‌ജിഷ്‌ ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റിട്ടത്‌. അതിനു ഫലമുണ്ടായി. ആലപ്പുഴ ചേര്‍ത്തല പള്ളിപ്പുറം പുത്തന്‍പുരയ്‌ക്കല്‍ വീട്ടില്‍ സരിഗമ, രഞ്‌ജിഷിനു വധുവായെത്തി. ഫെയ്‌സ്‌ബുക്ക്‌ മാട്രിമോണി എന്ന ഹാഷ്‌ടാഗില്‍ സഹകരിച്ച എല്ലാവര്‍ക്കും ഫെയ്‌സ്‌ബുക്ക്‌ സ്‌ഥാപകന്‍ മാര്‍ക്ക്‌ സക്കര്‍ബര്‍ഗിനും നന്ദിപറഞ്ഞാണു രഞ്‌ജിഷ്‌ സ്‌റ്റാറ്റസ്‌ അപ്‌ഡേറ്റ്‌ ചെയ്‌തത്‌.

(തുടരും...)

Ads by Google
Ads by Google
Loading...
TRENDING NOW