Friday, July 12, 2019 Last Updated 11 Min 1 Sec ago English Edition
Todays E paper
Ads by Google
കാസ്റ്റിങ്ങോ ചീറ്റിങ്ങോ ? / വിശ്വജിത്ത്
Friday 30 Nov 2018 03.18 PM

മീ ടു വെളിപ്പെടുത്തലുകളുമായി ഒരു സീനിയര്‍ നടി

''സ്ത്രീകള്‍ക്ക് നേരെയുള്ള ചൂഷണങ്ങളുടെ തെളിവുകളുമായി മീ ടു ക്യാമ്പയിനുമായി സ്ത്രീകള്‍ ധൈര്യമായി മുന്നോട്ടു വന്നതോടെ പലരും വെട്ടിലായിരിക്കുകയാണ്. കാസ്റ്റിങ് കൗച്ചിന്റെ പേരിലുള്ള ചൂഷണങ്ങള്‍ ഒന്നൊന്നായി പുറം ലോകത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തലുകളുമായി മീ ടു മലയാളികളെ മീറ്റ് ചെയ്യാന്‍ എത്തിയത്.''
uploads/news/2018/11/268820/CiniStoryCastingCouch17.jpg

കാസ്റ്റിങ്ങോ ചീറ്റിങ്ങോ ? - 17

മീ ടു വിവാദം മലയാളത്തിലും കത്തിപ്പടരുമ്പോള്‍ പ്രമുഖരായ പലരും നെഞ്ചിടിപ്പോടെ വെളിപ്പെടുത്തലുകളെ കാത്തിരിക്കുന്നതായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള ചൂഷണങ്ങളുടെ തെളിവുകളുമായി മീ ടു ക്യാമ്പയിനുമായി സ്ത്രീകള്‍ ധൈര്യമായി മുന്നോട്ടു വന്നതോടെ പലരും വെട്ടിലായിരിക്കുകയാണ്.

കാസ്റ്റിങ് കൗച്ചിന്റെ പേരിലുള്ള ചൂഷണങ്ങള്‍ ഒന്നൊന്നായി പുറം ലോകത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തലുകളുമായി മീ ടു മലയാളികളെ മീറ്റ് ചെയ്യാന്‍ എത്തിയത്. ഇതിനിടയിലാണ് മലയാളത്തിലെ സീനിയര്‍ നടിയായ കെപിഎസി ലളിത ചില തുറന്നുപറച്ചിലുകള്‍ നടത്തിയത്. കാസ്റ്റിങ് കൗച്ച് എന്ന കലാപരിപാടി കാലങ്ങള്‍ക്കു മുന്‍പും കാര്യമായി തന്നെ നടന്നിരുന്നു എന്നതിന്റെ സൂചനകള്‍ കൂടിയായിരുന്നു കെപിഎസി ലളിതയുടെ വാക്കുകളില്‍ ഉണ്ടായിരുന്നത്.

ഇതുകൂടാതെ തിലകനുമായി ഉണ്ടായിരുന്ന പിണക്കത്തെ കുറിച്ചും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും കെപിഎസി ലളിത വെളിപ്പെടുത്തിയിരുന്നു. തിലകനും താനും തമ്മില്‍ ഏറെക്കാലം പരസ്പരം മിണ്ടില്ലായിരുന്നു എന്നും തന്റെ ഭര്‍ത്താവായ ഭരതന്‍ ജാതി കളിക്കുന്ന ആളാണെന്ന് തിലകന്‍ പറഞ്ഞതാണ് പിണക്കത്തിന് കാരണമായതെന്നും കെപിഎസി ലളിത പറഞ്ഞിരുന്നു.

ഒരിക്കല്‍ തിലകനോട് തനിക്കും കയര്‍ത്തു സംസാരിക്കേണ്ടി വന്നു. അന്ന് ഒരു തീപ്പെട്ടിക്കോല്‍ രണ്ടായി ഒടിച്ച ശേഷം ഇതിനി ഒന്നാകുന്ന കാലത്തേ ഞാന്‍ നിന്നോട് മിണ്ടൂ എന്ന് തിലകന്‍ പറയുകയും നിങ്ങളുടെ ശരീരം കുഴിയില്‍ വച്ചാലും ഞാനിനി മിണ്ടില്ല എന്ന് താന്‍ മറുപടി പറഞ്ഞതായും ലളിത വെളിപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് തിലകന്റെ മകനും നടനുമായ ഷമ്മി തിലകന്‍ കെപിഎസി ലളിതയ്ക്ക് ഫേസ്ബുക്കിലൂടെ മറുപടിയും നല്‍കി.
''പൊന്നമ്മച്ചീ... ലളിതമായി പറയുന്നു.!മരിച്ചവരെ വിട്ടേക്കൂ..! സ്വന്തം കണ്ണില്‍ കിടക്കുന്ന കോല്‍ എടുത്ത് കളഞ്ഞിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാന്‍ നോക്കൂ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് തന്നെ തിരിച്ചടിയാകും ജാഗ്രതൈ'' എന്നായിരുന്നു ഷമ്മിയുടെ മറുപടി.

uploads/news/2018/11/268820/CiniStoryCastingCouch17a.jpg

തുടര്‍ന്നായിരുന്നു മുകേഷിനെതിരായ മീ ടു വിവാദവും ഉണ്ടായത്. ഈ കോലാഹലങ്ങള്‍ക്കിടയില്‍ അധികം ചര്‍ച്ച ചെയ്യാതെ പോയ കെപിഎസി ലളിതയുടെ ജീവിതാനുഭവങ്ങളാണ് പഴയകാല സ്ത്രീ ചൂഷണത്തിന്റെ സൂചനകള്‍ നല്‍കുന്നത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടം മുതല്‍ തന്നെ സ്ത്രീ ശരീരം കാഴ്ചവസ്തുവാക്കുകയും സ്ത്രീകള്‍ക്കുനേരെയുള്ള ചൂഷണങ്ങള്‍ നടന്നിരുന്നതായും ഇതില്‍ നിന്ന് മനസ്സിലാക്കാം. നടന്‍ അടൂര്‍ഭാസിയില്‍ നിന്നും തനിക്ക് ചൂഷണം നേരിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലാണ് കെപിഎസി ലളിത ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയത്.ആ വാക്കുകള്‍ ഇങ്ങനെ...

അടൂര്‍ഭാസിയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍ പല സിനിമകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മേക്കപ്പ് ഇട്ടുകൊണ്ട് നാല് മണി വരെ ഇരുന്ന ദിവസങ്ങളുണ്ട്. ഒടുവില്‍ ദാക്ഷിണ്യമില്ലാതെ ഒഴിവാക്കും. അടൂര്‍ ഭാസിച്ചേട്ടനാണ് എന്റെ ഏറ്റവും വലിയ ശത്രു. വര്‍ക്ക് ഇല്ലാത്ത ഒരു ദിവസം രാത്രി എട്ട് മണിക്ക് വീട്ടില്‍ കയറിവന്നു. പിറ്റേന്ന് ഞങ്ങള്‍ രണ്ടുപേരും കൂടി അഭിനയിക്കുന്ന മാധവിക്കുട്ടി എന്ന സിനിമയുടെ ഷൂട്ടിംഗ് ഉണ്ട്.

കൃഷ്ണന്‍ എന്ന ഡ്രൈവറും ഒപ്പമുണ്ടായിരുന്നു. അവിടെ എന്റെ ജോലിക്കാരിയും സഹോദരന്‍ രാജനുമുണ്ട്. രണ്ട് ബോട്ടിലുമായാണ് അയാള്‍ വന്നത്. വന്ന പാടേ അകത്ത് കയറിയിരുന്ന് മദ്യപാനം തുടങ്ങി. അന്ന് പുള്ളി സിനിമാലോകം അടക്കിവാണിരുന്ന കാലമാണ്. നസീര്‍ സാറിന് പോലും അങ്ങനെയൊരു സ്ഥാനം ഉണ്ടായിരുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്.

പല പടങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്. ഞാന്‍ ആരോടും പരാതി പറയാന്‍ പോയിട്ടില്ല. കാരണം അതുകൊണ്ട് കാര്യമൊന്നും ഉണ്ടാവില്ല. അദ്ദേഹത്തിന്റെ കൂടെ ഞാന്‍ വേണ്ട, വേണമെന്നുണ്ടെങ്കില്‍ പറയുന്ന കാര്യങ്ങളൊക്കെ അനുസരിച്ച് കൂടെ നില്‍ക്കണം. ഈ പറഞ്ഞ ദിവസം ഒരു സമരസത്തിന് വന്നതായിരുന്നു. ഒരു പത്തുമണി ആയപ്പോഴേക്ക് അയാള്‍ ബോധമില്ലാത്ത അവസ്ഥയിലെത്തി.

വെളുപ്പിന് നാല് മണി വരെ ഞങ്ങള്‍ പുറത്തിരുന്നു. അവസാനം ഞാനും അനിയന്‍ രാജനും കൂടി ബഹദൂര്‍ക്കയുടെ വീട്ടിലേക്ക് നടന്നുപോയി. കാര്യം പറഞ്ഞപ്പോള്‍ ബഹദൂര്‍ക്ക ഞങ്ങെളയും കയറ്റി കാര്‍ ഓടിച്ച് വന്നു. അങ്ങേരെ ആ കാറില്‍ കയറ്റിവിട്ടു.

ഇത് വല്ലതും ഇന്നാണ് നടക്കുന്നതെങ്കില്‍ എന്തുണ്ടാവും? അന്ന് ചലച്ചിത്ര പരിഷത് എന്നപേരില്‍ സിനിമാക്കാരുടെ ഒരു സംഘടനയുണ്ടായിരുന്നു. ഉമ്മര്‍ ആയിരുന്നു സെക്രട്ടറി. അവസാനം എന്തെങ്കിലും പോംവഴി കാണണമെന്ന് ഞാന്‍ തീരുമാനിച്ചു.

uploads/news/2018/11/268820/CiniStoryCastingCouch17b.jpg

ഹരിഹരന്റെ അടിമക്കച്ചവടം എന്ന സിനിമ വന്നു. അതില്‍ ഞാനും ഇയാളുമാണ് രണ്ട് പ്രധാന കഥാപാത്രങ്ങള്‍. ഒരു ചായക്കടക്കാരനും അയാളുടെ ഭാര്യയും. ആരാണ് ഒപ്പം അഭിനയിക്കുന്നതെന്ന് ഇയാള്‍ ചോദിക്കുന്നുണ്ട്. തലേദിവസം വരെ ഹരിഹരന്‍ സാറും നിര്‍മ്മാതാവ് ഗംഗാധരനും ഞാനാണ് ആ വേഷത്തിലേക്കെന്ന് പറഞ്ഞില്ല. അവസാനം പറഞ്ഞു കെപിഎസി ലളിതയാണെന്ന്.

അവരാണെങ്കില്‍ എനിക്ക് ശരിയാവില്ല, മൂഡൗട്ട് ആവുമെന്ന് പറഞ്ഞു. പക്ഷേ അവര്‍ അടൂര്‍ഭാസിയെ ഒഴിവാക്കി. പകരം ബഹദൂര്‍ക്കയെ ആ വേഷം ഏല്‍പ്പിച്ചു. ഇതിനെക്കുറിച്ച് ഒരു പരാതി എഴുതിയാല്‍ ഒപ്പിട്ട് തരാമോ എന്ന് ഹരിഹരന്‍ സാറിനോടും പ്രൊഡ്യൂസറോടും ഞാന്‍ ചോദിച്ചു.

രണ്ടുപേരും ഒപ്പിട്ടു. ആ പരാതി ഞാന്‍ ചലച്ചിത്ര പരിഷത്തില്‍ കൊണ്ടുക്കൊടുത്തു. രാത്രി ഉമ്മുക്ക (ഉമ്മര്‍) എന്നെ വിളിച്ചു. നിനക്ക് ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ എന്ന് ചോദിച്ചു. കുറേയായി സഹിക്കുന്നതിനാലാണ് പരാതി നല്‍കിയതെന്നും എന്തെങ്കിലും നടപടി എടുക്കാന്‍ സാധിക്കുമോ എന്നും ചോദിച്ചു. പറ്റില്ലെന്ന് പറഞ്ഞു. നട്ടെല്ലില്ലാത്തവര്‍ അവിടെയിരുന്നാല്‍ ഇങ്ങനെയേ പറ്റൂ എന്ന് ഞാനും മറുപടി പറഞ്ഞു. ഞാന്‍ ഒറ്റയ്ക്ക് നിന്ന് പൊരുതി.

ഹരിഹരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പം നിന്നു. കെപിഎസി ലളിത പറഞ്ഞവസാനിപ്പിക്കുന്നു. സ്ത്രീകള്‍ക്കെതിരായ ചൂഷണങ്ങള്‍ക്ക് കാലഭേദം ഇല്ലെന്ന് അടിവരയിടുകയാണ് മലയാളത്തിലെ സീനിയര്‍ നടിമാരില്‍ ഒരാളായ കെപിഎസി ലളിതയുടെ അനുഭവം. ഒരുപക്ഷേ ഇന്നത്തേക്കാളും രൂക്ഷമായ പീഡനങ്ങളും ചൂഷണങ്ങളും അന്നും നടിമാര്‍ നേരിട്ടിട്ടുണ്ടാകണം.

തുറന്നു പറയാനോ പ്രതികരിക്കാനോ കഴിയാതെ അവയെല്ലാം ഉള്ളിലൊതുക്കികൊണ്ടാവണം അവര്‍ അഭിനയജീവിതം തുടര്‍ന്നത്. തുറന്നു പറച്ചിലുകള്‍ക്കായി ഇനിയും കാത്തിരിക്കാം, സിനിമാലോകത്തെ സത്യാവസ്ഥ തിരിച്ചറിയാം.

***(യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി, പ്രമുഖരുടെ സിനിമാനുഭവങ്ങളുടെ പശ്ചത്തലത്തില്‍ ഒരുക്കുന്ന ഈ അന്വേഷണാത്മക പരമ്പരയില്‍ ഉപയോഗിച്ചിരിക്കുന്നത് യഥാര്‍ത്ഥ പേരുകളല്ല. )'

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW