Thursday, July 18, 2019 Last Updated 6 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 30 Nov 2018 07.33 AM

അരിക്കും മണ്ണെണ്ണയ്ക്കും രക്ഷാദൗത്യത്തിന് വന്ന വിമാനങ്ങള്‍ക്ക് പോലും കൂലി ചോദിച്ചു ; പ്രളയസഹായത്തിന് കേന്ദ്രം ചോദിച്ചത് 290.67 കോടി രൂപ

uploads/news/2018/11/268777/flood.jpg

തിരുവനന്തപുരം: പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിന് ആവശ്യപ്പെട്ട ധനസഹായം നല്‍കാതിരുന്ന കേന്ദ്രസര്‍ക്കാര്‍, തന്ന സേവനങ്ങള്‍ക്കു കണക്കുപറയുന്നു. രക്ഷാദൗത്യത്തിനു സൈനികവിമാനങ്ങള്‍ വിട്ടുനല്‍കിയതിനുപോലും കേന്ദ്രം പണം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. ചട്ടം 300 പ്രകാരമാണു മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവന നടത്തിയത്.

ദുരിതാശ്വാസമായി കേരളത്തിനു നല്‍കിയ അരിക്കും മണ്ണെണ്ണയ്ക്കും പുറമേ വിമാനക്കൂലിയും ഉള്‍പ്പെടെ 290.67 കോടി രൂപ കേന്ദ്രത്തിനു നല്‍കണമെന്നു മുഖ്യമന്ത്രി അറിയിച്ചു. വിമാനങ്ങള്‍ വിട്ടുനല്‍കിയതിനു മാത്രം 25 കോടി രൂപ കേന്ദ്രം ആവശ്യപ്പെട്ടതായി പിന്നീടു മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ മഹാപ്രളയത്തില്‍ കേരളത്തിനു 26,718 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.

സംസ്ഥാന പുനര്‍നിര്‍മാണത്തിനു 31,000 കോടി രൂപ വേണം. എന്നാല്‍, കേന്ദ്രസഹായം 600 കോടി രൂപ മാത്രമാണ്. നാശനഷ്ടം സംബന്ധിച്ചു വിശദമായ നിവേദനം നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ജി.എസ്.ടിയില്‍ സെസ് ഏര്‍പ്പെടുത്തുക, വായ്പാപരിധി ഉയര്‍ത്തുക എന്നീ ആവശ്യങ്ങളും അംഗീകരിച്ചില്ല. പ്രളയകാലത്തു സൗജന്യമായി അരിയും മണ്ണെണ്ണയും അനുവദിക്കാത്ത കേന്ദ്രനടപടി വന്‍വിവാദമായിരുന്നു. തന്ന റേഷന്‍ സൗജന്യമാക്കണമെന്ന ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.

കേന്ദ്രത്തിനു നല്‍കേണ്ടതടക്കം, സംസ്ഥാന പുനര്‍നിര്‍മാണത്തിന് ഇതുവരെ ലഭിച്ച തുക ഒട്ടും പര്യാപ്തമല്ലെന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ഇതുവരെ ലഭിച്ചത് 2,683.18 കോടി രൂപ മാത്രമാണ്. വീടുകളുടെ നാശനഷ്ടം പരിഹരിക്കാന്‍ 1,357.78 കോടി രൂപ ചെലവായി. ദുരന്തനിവാരണഫണ്ടിലെ മുഴുവന്‍ തുക വിനിയോഗിച്ചാലും പ്രളയം സംസ്ഥാനത്തിനുണ്ടാക്കിയ ബാധ്യത തീര്‍ക്കാനാവില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി വികസനപ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW