Thursday, June 27, 2019 Last Updated 10 Min 53 Sec ago English Edition
Todays E paper
Ads by Google
കേരളമെന്ന് കേട്ടാല്‍ / ഏബ്രഹാം മാത്യു
Friday 30 Nov 2018 01.53 AM

പേരില്‍ എന്തിരിക്കുന്നു?

uploads/news/2018/11/268773/Opininon301118a.jpg

ലോകത്തെ സ്വാധീനിച്ച മഹാന്മാരുടെ പേരുകള്‍ മക്കള്‍ക്കു നല്‍കുന്ന പാരമ്പര്യം കേരളീയര്‍ക്കുണ്ട്‌. ലെനിന്‍, സ്‌റ്റാലിന്‍, പുഷ്‌കിന്‍, സോക്രട്ടീസ്‌ മുതല്‍ മോപ്പസാങ്‌ വരെ നാം പുണരുന്ന വിദേശനാമപ്പട്ടിക നീളുന്നു. ഹിറ്റ്‌ലര്‍, മുസോളിനി എന്നീ പേരുകള്‍ മലയാളിമാതാപിതാക്കള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നറിയില്ല; കേട്ടിട്ടില്ല. എന്നാലിനി അതിനും സാധ്യത കാണുന്നു.

ക്രിമിനലുകളെയും മര്‍ദകന്മാരെയും മഹത്വവല്‍ക്കരിക്കാനുള്ള ബോധപൂര്‍വശ്രമങ്ങള്‍ വിജയിച്ചുതുടങ്ങി. വഴിപോക്കന്റെ പിടലിക്കു പിടിക്കുകയും കുട്ടികളെയും സ്‌ത്രീകളെയും മര്‍ദ്ദിക്കുകയും ഇംഗ്ലീഷ്‌ പരിജ്‌ഞാനം കുറഞ്ഞ മന്ത്രിയെ ഇംഗ്ലീഷില്‍ പരിഹസിക്കുകയും രാഷ്‌ട്രീയ യജമാനന്മാര്‍ ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുകയും ചെയ്യുന്ന ഒരു പോലീസ്‌ ഓഫീസറുടെ പേര്‌, സ്വന്തം കുഞ്ഞിനു നല്‍കാന്‍, സ്വാമി എന്നു സ്വയം വിശേഷിപ്പിക്കുന്ന ഒരു സ്വാമി നിര്‍ദ്ദേശിച്ചതായി, ആ സ്വാമി തന്നെ അഭിമാനപൂര്‍വം വെളിപ്പെടുത്തുന്നു! ഏതു സര്‍ക്കാര്‍ ഭരിക്കുന്നുവോ, ആ സര്‍ക്കാരിന്റെ മര്‍ദകോപകരണമാകുന്ന ഒരു നപുംസക നാമം നരവര്‍ഗ നവാതിഥിക്കു നല്‍കാന്‍ പ്രേരിപ്പിച്ചതുതന്നെ വിവരക്കേടാണ്‌; ക്രിമിനല്‍വല്‍ക്കരണത്തിനു ചൂട്ടുപിടിക്കലാണ്‌. അവസാന നന്മയും നാടുനീങ്ങുന്നു എന്നതിന്റെ തെളിവാണ്‌.

അന്ധവിശ്വാസങ്ങളിലേക്കും ദുരാചാരങ്ങളിലേക്കും മലയാളി മടങ്ങിപ്പോകുന്നെന്നു പരിതപിക്കുന്നവര്‍, അത്തരക്കാരെ ബോധവല്‍ക്കരിക്കാന്‍ നവോത്ഥാന സദസ്‌ സംഘടിപ്പിക്കുന്നെന്നു മേനി പറയുന്നവര്‍, യൂണിഫോമിന്റെ ബലത്തില്‍ പൊതുജനത്തെ പേപ്പട്ടിയോടെന്നതിനെക്കാള്‍ ക്രൂരമായി തല്ലിച്ചതച്ച, ആ മര്‍ദ്ദനത്തില്‍ തൃപ്‌തി നുണഞ്ഞ ഒരു പോലീസുകാരന്റെ പേര്‍ നവജാത ശിശുവിനായി കല്‍പിക്കുന്നു! ക്രിമിനല്‍ സ്വഭാവത്തെ ആദരിക്കുന്ന ഈ നടപടി നവീന ദുരാചാരത്തിലേക്കുള്ള തിരിച്ചുപോക്കല്ലേ?രാഷ്‌ട്രീയ എതിരാളിയായ കേന്ദ്രമന്ത്രിയെ പരിഹസിക്കുകയും തടയുകയും ചെയ്‌തു എന്നതാണ്‌ ഈ പോലീസുകാരന്റെ പേര്‌ അനശ്വരമാക്കാന്‍ യത്‌നിക്കുന്നവര്‍ കണ്ട മഹത്വം.

രാഷ്‌ട്രീയ എതിരാളിയെ യൂണിഫോംധാരി തല്ലിയിരുന്നെങ്കില്‍ യശസ്‌ കൂടുതല്‍ വര്‍ദ്ധിക്കുമായിരുന്നു. ഈ കണക്കുപയോഗിച്ചാല്‍ ഗോഡ്‌സെ, നാഥുറാം ഗോഡ്‌സെ ന്യായീകരിക്കപ്പെടും. അദ്ദേഹവും തന്റെ രാഷ്‌ട്രീയ പ്രതിയോഗിയെ തനിക്കാവുംവിധം നേരിട്ടതാണല്ലോ ഗാന്ധിവധം. അരുത്‌ കാട്ടാളാ എന്നാണ്‌ ആദികവിയുടെ ശാസന; അഹിംസയാണ്‌ ആദരിക്കപ്പെടേണ്ടതെന്നാണ്‌ സന്ദേശം. ഇവിടെ, ലാത്തി കേറ്റൂ കാട്ടാളാ എന്ന്‌ മലയാള പാഠഭേദം.

അടുത്തകാലത്തായി, പോലീസ്‌, കോടതി, ഭരണഘടനാ പുസ്‌തകം തുടങ്ങി എല്ലാത്തരം എസ്‌റ്റാബ്ലിഷ്‌മെന്റ്‌ സംവിധാനങ്ങളോടും വല്ലാത്തൊരു ആദരവ്‌, സ്‌നേഹം, ആസക്‌തി..! ബൂര്‍ഷ്വാ കോടതി തുലയട്ടെ, അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍, ബൂര്‍ഷ്വാ ജനാധിപത്യം, ഭരണകൂട ഭീകരത എന്നൊക്കെ പരിതപിച്ചു കേള്‍പ്പിച്ച അതേ നാവുതന്നെ മാറ്റിപ്പറയുന്നു.

പ്രാകൃത കമ്യൂണിസം, അടിമത്തം, ഫ്യൂഡലിസം, മുതലാളിത്തം എന്നീ നാലു ഘട്ടങ്ങള്‍ പിന്നിട്ടുവെന്നു മാര്‍ക്‌സും ഏംഗല്‍സും പറഞ്ഞതു കേരളത്തെ തിരിച്ചറിയാതെയാണ്‌; അടിമത്തം എന്ന രണ്ടാംഘട്ടത്തിലാണു നാം-പോലീസ്‌ അടിമത്തം.
കമ്യൂണിസ്‌റ്റുകള്‍ ഭരിക്കുമ്പോള്‍, സ്വന്തം നാട്ടിലെ ഒരു കുഞ്ഞിന്‌ പേര്‍ നല്‍കേണ്ടിവരുമ്പോള്‍ അതൊരു പോലീസുകാരന്റേതാവണമെന്ന്‌ നിര്‍ദ്ദേശിച്ച പാര്‍ട്ടിയുടെ ആധ്യാത്മിക സഹയാത്രികന്റെ മനോനില ദുരൂഹമാണ്‌; അതു പരിശോധിക്കണം.

സ്വന്തം വീടു കത്തിച്ച സംഭവംപോലെ ദുരൂഹമാണത്‌. ഈശ്വരന്‍ ഭൂമി സന്ദര്‍ശിക്കുന്നത്‌ കുഞ്ഞുങ്ങളുടെ രൂപത്തിലാകുമെന്ന്‌ ഖലീല്‍ ജിബ്രാന്‍ നിരീക്ഷിച്ചു. ഇതേ നവമുകുളത്തിനാണ്‌ തെരുവുഗുണ്ടയെന്ന്‌ ഇവരുടെ പ്രിയനേതാവുതന്നെ കുറ്റപ്പെടുത്തിയ പോലീസുകാരന്റെ പേര്‍ നിര്‍ദ്ദേശിക്കപ്പെട്ടത്‌; മാര്‍ക്‌സ്‌, ഏംഗല്‍സ്‌, ലെനിന്‍ തുടങ്ങി കിം ജോങ്‌ ഉന്‍ വരെയുള്ള കമ്യൂണിസ്‌റ്റ്‌ പേരുകള്‍ സുലഭമായുള്ളപ്പോള്‍.

ശബരിമലക്കേസുകളില്‍ വാദം കേട്ട കേരള ഹൈക്കോടതി ഒരു പോലീസ്‌ ഓഫീസര്‍ ശബരിമല സന്ദര്‍ശിക്കാനെത്തിയ ജഡ്‌ജിക്കു മുന്നില്‍ താണുവീണ്‌ കരഞ്ഞ്‌ മാപ്പുചോദിച്ച സംഭവം പരാമര്‍ശിച്ചുകൊണ്ട്‌ ഇത്തരം ഉദ്യോഗസ്‌ഥരെ എന്തിനു നിയോഗിക്കുന്നുവെന്ന്‌ സര്‍ക്കാരിനോടു ചോദിച്ചു.
കോടതി അതിന്റെ ഔന്നത്യം പുലര്‍ത്തി. ആ ഉദ്യോഗസ്‌ഥന്റെ പേരു പറയാന്‍ കൂട്ടാക്കിയില്ല; ജനങ്ങള്‍ക്കറിയാം എന്നതുകൊണ്ടാവും.

ശബരിമല സന്ദര്‍ശിച്ച ജഡ്‌ജിക്കു മുന്നില്‍ കുമ്പിട്ട്‌ കേസില്‍നിന്നൊഴിവായ ആ പോലീസ്‌ ഉദ്യോഗസ്‌ഥന്റെ പേര്‌ കോടതി പറഞ്ഞില്ലെങ്കിലും ചില സ്വാമിമാര്‍ ഒന്നുചേര്‍ന്ന്‌ ആ പേര്‌ നവജാതശിശുക്കള്‍ക്കായി കല്‍പ്പിച്ചുനല്‌കി. നിലയ്‌ക്കലില്‍ തടയും, സന്നിധാനത്തുപോയി ജഡ്‌ജിയുടെ മുന്നില്‍ കുമ്പിടും; നാണക്കേടുമറയ്‌ക്കാന്‍ ഹരിവരാസനം കേള്‍ക്കും. എന്താ പേര്‌? മനസിലായോ? ഒരു പേരിലെന്തിരിക്കുന്നുവെന്ന്‌ ഷേക്‌സ്‌പിയര്‍ ഇത്തരക്കാരെ ഉദ്ദേശിച്ചാണ്‌ പണ്ട്‌ ചോദിച്ചത്‌.

abrahammathew07@gmail.com
9447480109

Ads by Google
Ads by Google
Loading...
TRENDING NOW