റിയാദ് : സൗദി അറേബ്യയിൽ വിദേശകളായ തൊഴിലാളികൾക്കും ആശ്രിതർക്കും ഏർപ്പെടുത്തിയ ലെവിയിൽ ഇളവ് നൽകുന്നു എന്നുള്ള പ്രചാരണം ശരിയല്ലെന്ന് തൊഴിൽ - സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ചാരിറ്റി സ്ഥാപനങ്ങളെ മൂല്യവർധിത നികുതിയിൽനിന്ന് ഒഴിവാക്കുമെന്ന മന്ത്രിയുടെ പ്രസ്താവനയാണ് മുഴുവൻ ലെവിയും ഒഴിവാക്കുമെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രചരിച്ചത്. മന്ത്രി പങ്കെടുത്ത പരിപാടിയുടെ ചില ഭാഗങ്ങൾ മാത്രം എടുത്ത് നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് മന്ത്രാലയം അറിയിച്ചു .
2018 ജനുവരി ഒന്നു മുതലാണ് ലെവി വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തുന്നത് . കഴിഞ്ഞ വർഷാവസാനം വരെ സ്വകാര്യ സ്ഥാപനങ്ങളിൽ സൗദി ജീവനക്കാരെക്കാൾ കൂടുതലുള്ള വിദേശികൾക്കു മാത്രായിരുന്നു ലെവി ബാധകം. ഇവർക്ക് പ്രതിമാസം 200 റിയാൽ തോതിൽ വർഷത്തിൽ 2,400 റിയാലാണ് ലെവി ഇനത്തിൽ അടയ്ക്കേണ്ടിയിരുന്നത്. 2018 ജനുവരി ഒന്നു മുതൽ സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവൻ വിദേശികൾക്കും ലെവി ബാധകമാക്കിയിരുന്നു .
സൗദി ജീവനക്കാരെക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 400 റിയാൽ തോതിൽ വർഷത്തിൽ 4,800 റിയാലും സൗദികളുടെ എണ്ണത്തെക്കാൾ കുറവുള്ള വിദേശികൾക്ക് പ്രതിമാസം 300 റിയാൽ തോതിൽ വർഷത്തിൽ 3,600 റിയാലുമാണ് ഈ കൊല്ലം ലെവി അടയ്ക്കേണ്ടത്.
2019 -ൽ സൗദികളെക്കാൾ കൂടുതലുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 600 റിയാലും സ്വദേശി ജീവനക്കാരെക്കാൾ കുറവുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 500 റിയാലും 2020 -ൽ സൗദികളെക്കാൾ കൂടുതലുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 800 റിയാലും സ്വദേശി ജീവനക്കാരെക്കാൾ കുറവുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 700 റിയാലും ആയി വർദ്ധിക്കും .
2017 ജൂലൈ ഒന്നു മുതലാണ് രാജ്യത്ത് വിദേശികൾക്ക് ആശ്രിത ലെവി നിലവിൽവന്നത്. ആശ്രിതരായ ഒരാൾക്ക് മാസത്തിൽ 100 റിയാൽ ലെവിയാണ് ആദ്യം ബാധകമാക്കിയത്.
2018 ജൂലൈ ഒന്നു മുതൽ ഇത് 200 റിയാലായി വർധിച്ചു. 2019 ജൂലൈ മുതൽ പ്രതിമാസ ആശ്രിത ലെവി 300 റിയാലായും 2020 ജൂലൈ മുതൽ 400 റിയാലായും വർധിക്കും.ഇതിൽ നിശ്ചിത സഖ്യയായി സ്ഥിരമാക്കുന്നതിനോ പൂർണ്ണമായി ഒഴുവാക്കുന്നതിനോ ഉദ്ദേശിക്കുന്നില്ല എന്ന് മന്ത്രാലയം വ്യക്തമാക്കി .