Wednesday, November 28, 2018 Last Updated 6 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Nov 2018 04.08 PM

മധുരം പകരാന്‍ മധുര വിഭവങ്ങളൊരുക്കാം

uploads/news/2018/11/268324/Madm281118b.jpg
കാജു ബര്‍ഫി

''ആഘോഷത്തിന്റെ ഉത്സവങ്ങളില്‍ മധുരം പകരാന്‍ മധുര വിഭവങ്ങളൊരുക്കാം. സുഹൃത്തുക്കള്‍ക്കും അതിഥികള്‍ക്കും മധുരം പങ്കിടുകയുമാകാം...''

മാല്‍പുവ


ആവശ്യമുള്ള സാധനങ്ങള്‍
പാല്‍ - 7 കപ്പ്
ഖോവ - 50 ഗ്രാം
ഏലയ്ക്ക - 3 എണ്ണം
മൈദ - 2 ടീസ്പൂണ്‍
നെയ്യ് - വറുക്കാന്‍
പഞ്ചസാര - 2 കപ്പ്
വെളളം - 2 കപ്പ്
മഞ്ഞനിറം - 1/4 ടീസ്പൂണ്‍
പിസ്ത - ഒരു പിടി (ചെറുതായി അരിഞ്ഞത്)
കുങ്കുമപ്പൂവ് - ഒരു നുള്ള്

തയാറാക്കുന്ന വിധം


ഖോവ ഗ്രേറ്റ് ചെയ്തുവയ്ക്കുക.
ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ പാല്‍ ഒഴിച്ച് ഇളക്കി തിളപ്പിക്കുക. ഇതിലേക്ക് ഖോവ ചേര്‍ത്തിളക്കി വാങ്ങിവച്ച് ചൂടാറാന്‍ അനുവദിക്കുക.
രണ്ട് ടീസ്പൂണ്‍ പഞ്ചസാര മാറ്റിവച്ച് ബാക്കി പഞ്ചസാരയില്‍ വെള്ളമൊഴിച്ച് തിളപ്പിച്ച് പാനിയാക്കുക. മാറ്റിവച്ച പഞ്ചസാരയും മൈദയും കൂടി ചൂടാറാന്‍ വച്ച പാലിലേക്ക് ചേര്‍ത്ത് ഇളക്കി, കോരി ഒഴിക്കാനുള്ള പരുവത്തിലാക്കുക. ആവശ്യമെങ്കില്‍ കുറച്ച് പാലു കൂടി ചേര്‍ക്കാം. ഒരു പാനില്‍ നെയ്യൊഴിച്ച് ചൂടാക്കുക. ഒരു തവി മാവ് പാനിലേക്ക് നെയ്യപ്പത്തിന്റെ വലിപ്പത്തില്‍ കോരിയൊഴിച്ച് തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുത്ത് പഞ്ചസാര പാനിയിലേക്കിടുക. പിസ്ത അരിഞ്ഞതും കുങ്കുമപ്പൂവും ഇട്ട് അലങ്കരിച്ച് വിളമ്പാം.
uploads/news/2018/11/268324/Madm281118a.jpg
ക്യാരറ്റ് ഖീര്‍

ക്യാരറ്റ് ഖീര്‍


ആവശ്യമുള്ള സാധനങ്ങള്‍
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് - 250 ഗ്രാം
ചൗവ്വരി - 100 ഗ്രാം
ശര്‍ക്കര - 300 ഗ്രാം(പാനിയാക്കിയത്)
നെയ്യ് - 50 ഗ്രാം
തേങ്ങ ചിരകിയത് - 2 എണ്ണം
അണ്ടിപ്പരിപ്പ്- പത്തെണ്ണം
ചുക്ക് പൊടി - 1/4 ടീസ്പൂണ്‍
ജീരകപ്പൊടി - 1/4 ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി - 1/4 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


തേങ്ങ പിഴിഞ്ഞ് ഒന്നാം പാല്‍, രണ്ടാംപാല്‍, മൂന്നാം പാല്‍ ഇവ മാറ്റി വയ്ക്കുക. ചൗവ്വരി വേവിച്ച് വയ്ക്കുക. അണ്ടിപ്പരിപ്പ് നെയ്യില്‍ വറുത്തെടുക്കുക.
ക്യാരറ്റ് മൂന്നാം പാലില്‍ വേവിക്കുക. ശേഷം മിക്സിയില്‍ അരച്ചെടുക്കാം. ഒരു പാത്രം അടുപ്പില്‍വച്ച് പകുതി നെയ്യ് ഒഴിച്ച് ചൂടായി വരുമ്പോള്‍ അരച്ചുവച്ച ക്യാരറ്റ് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ശര്‍ക്കര പാനിയും ചവ്വരിയും ചേര്‍ക്കുക. ഇനി രണ്ടാം പാല്‍ ഒഴിച്ച് യോജിപ്പിച്ചെടുക്കാം. ഇതിലേക്ക് പൊടിച്ചുവച്ച ചേരുവകള്‍ ചേര്‍ത്ത് യോജിപ്പിക്കുക. ഇനി ഒന്നാം പാല്‍ കൂടി ചേര്‍ക്കാം. വറുത്തുവച്ച അണ്ടിപ്പരിപ്പ് പായസത്തിന് മുകളില്‍ വിതറി വിളമ്പാം.

കാജു ബര്‍ഫി


ആവശ്യമുള്ള സാധനങ്ങള്‍
കശുവണ്ടിപ്പരിപ്പ് മിക്സിയില്‍ തരുതരിപ്പായി പൊടിച്ചത് - 2 കപ്പ്
പാല്‍ - 1/4 കപ്പ്
പഞ്ചസാര - 3/4 കപ്പ്
സില്‍വര്‍ വാര്‍ക്ക് - കുറച്ച്

തയാറാക്കുന്ന വിധം


പാല് ചൂടാക്കി അതിലേക്ക് പഞ്ചസാര ചേര്‍ത്തിളക്കുക. തിളച്ചു വരുമ്പോള്‍ കശുവണ്ടിപ്പരിപ്പ് ചേര്‍ത്തിളക്കുക. നല്ലതുപോലെ കട്ടിയാകുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കണം. ഒരു പാത്രത്തില്‍ നെയ്യ് പുരട്ടി തയാറാക്കിവച്ച കൂട്ട് ഒഴിച്ച് നല്ലതുപോലെ പരത്തുക. ഇതിനു മുകളില്‍ കുറച്ച് സില്‍വര്‍ വാര്‍ക്ക് വിതറുക. തണുത്ത ശേഷം മുറിച്ചു വിളമ്പാം.
uploads/news/2018/11/268324/Madm281118c.jpg
കാജു കോക്കനട്ട് ഹല്‍വ

കാജു കോക്കനട്ട് ഹല്‍വ


ആവശ്യമുള്ള സാധനങ്ങള്‍
കശുവണ്ടിപ്പരിപ്പ് - 1/4 കിലോ
പാല്‍ - ഒരു ലിറ്റര്‍
തേങ്ങ ചിരകിയത് - 1/2 കപ്പ്
പഞ്ചസാര - 4 ടേബിള്‍ സ്പൂണ്‍
ബട്ടര്‍ - 2 ടേബിള്‍ സ്പൂണ്‍
കുങ്കുമപ്പൂവ് - ഒരു നുള്ള്

തയാറാക്കുന്ന വിധം


കശുവണ്ടിപ്പരിപ്പ് കഷണങ്ങളാക്കുക. ഇത് നെയ്യില്‍ ചേര്‍ത്ത് മൂപ്പിക്കുക. തണുത്തുകഴിയുമ്പോള്‍ മിക്സിയില്‍ പൊടിച്ചുവയ്ക്കുക.
ഒരു പാനില്‍ പാലൊഴിച്ച് കുറഞ്ഞതീയില്‍ തിളപ്പിക്കുക. ഇതിലേക്ക് പഞ്ചസാരയും കശുവണ്ടിപ്പരിപ്പും തേങ്ങ ചിരകിയതും കുങ്കുമപ്പൂവും ചേര്‍ത്തിളക്കുക. പാല്‍ നല്ലതുപോലെ കുറുകി ഹല്‍വയുടെ പരുവത്തില്‍ പാത്രത്തില്‍നിന്ന് വിട്ടുപോരുന്ന ന്ന രീതിയിലാകുമ്പോള്‍ വാങ്ങി വയ്ക്കാം. തണുക്കുമ്പോള്‍ മുറിച്ച് വിളമ്പാം.
uploads/news/2018/11/268324/Madm281118e.jpg
ഗോമസ്

ഡ്രൈ ഫ്രൂട്ട് ബര്‍ഫി


ആവശ്യമുള്ള സാധനങ്ങള്‍
ഈന്തപ്പഴം - ഒരു കപ്പ് (കുരു നീക്കിയത്)
ബട്ടര്‍ - ഒരു ടേബിള്‍ സ്പൂണ്‍
കശകശ - ഒരു ടേബിള്‍ സ്പൂണ്‍
വെളുത്ത എള്ള് - ഒരു ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരകിയത് - 1/4 കപ്പ്
കശുവണ്ടിപ്പരിപ്പ് ചെറുതായി അരിഞ്ഞത് - 1/4 കപ്പ്
ബദാം ചെറുതായി അരിഞ്ഞത് - 1/4 കപ്പ്
പിസ്ത ചെറുതായരിഞ്ഞത് - 1/4 കപ്പ്
വാല്‍നട്ട്സ് ചെറുതായരിഞ്ഞത് - 1/4 കപ്പ്
കിസ്മിസ് - 2 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപ്പൊടി 1/4 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


മിക്സിയുടെ ജാറിലേക്ക് ഈന്തപ്പഴം കുരുകളഞ്ഞെടുത്തതും പാകത്തിന് വെള്ളവുമൊഴിച്ച് അരച്ചെടുക്കുക. (വെള്ളം അധികമാവരുത്).
ഒരു പാന്‍ അടുപ്പില്‍വച്ച് ചൂടാക്കി ഒരു ടേബിള്‍ സ്പൂണ്‍ ബട്ടര്‍ ചേര്‍ത്ത് ബട്ടര്‍ ഉരുകുമ്പോള്‍ കശകശയും പകുതി എള്ളും ചേര്‍ത്ത് ചെറിയ ചൂടില്‍ ചുവന്നനിറമാകുന്നതുവരെ ഇളക്കുക. ഇതിലേക്ക് തേങ്ങ ചിരകിയത് ചേര്‍ത്ത് അല്‍പ്പം നിറംമാറുന്നതുവരെ ഇളക്കുക. ശേഷം അരിഞ്ഞുവച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പ്, ബദാം, പിസ്ത, വാല്‍നട്ട്‌സ്, കിസ്മിസ് ഇവ ചേര്‍ത്തിളക്കുക. ചെറിയ തീയില്‍ അഞ്ച് മിനിറ്റ് ഗോള്‍ഡന്‍ നിറമാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് അരച്ചുവച്ച ഈന്തപ്പഴവും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഈന്തപ്പഴം മറ്റ് ഡ്രൈഫ്രൂട്ട്സില്‍ ന
ന്നായി പിടിക്കുന്നതുവരെ ചെറുചൂടില്‍ ഇളക്കിക്കൊണ്ടിരിക്കണം. അടുപ്പില്‍നിന്നിറക്കി ചൂടാറിയ ശേഷം കൈയില്‍ അല്‍പ്പം ബട്ടറോ നെയ്യോ പുരട്ടി തയാറാക്കിയ കൂട്ട് സിലിണ്ട്രിക്കല്‍ ആകൃതിയില്‍ ഉരുട്ടിയെടുക്കുക. ബാക്കിവന്ന എള്ള് കൂടി വിതറി വേണം ഉരുട്ടിയെടുക്കാന്‍.
ഇതൊരു ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ് 30 മിനിറ്റ് ഫ്രിഡ്ജില്‍ വച്ചശേഷം ഫോയില്‍ പേപ്പര്‍ മാറ്റി വട്ടത്തില്‍ മുറിച്ച് വിളമ്പാം.
uploads/news/2018/11/268324/Madm281118d.jpg
ആപ്പിള്‍ പേഡ

ആപ്പിള്‍ പേഡ


ആവശ്യമുള്ള സാധനങ്ങള്‍
പനീര്‍ പൊടിച്ചത് - 220 ഗ്രാം
മില്‍ക്ക്മെയ്ഡ് - 100 ഗ്രാം
നെയ്യ് - 2 ടേബിള്‍ സ്പൂണ്‍
മഞ്ഞയും ചുവപ്പും നിറം - കുറച്ച്
ഗ്രാമ്പു - കുറച്ച്

തയാറാക്കുന്ന വിധം


മിക്സിയുടെ ജാറില്‍ പനീര്‍ പൊടിച്ചതെടുത്ത് അരച്ച് പേസ്റ്റ് പരുവത്തിലാക്കുക. ഒരു പാന്‍ ചൂടാക്കി രണ്ട് ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിച്ച് പനീര്‍ പേസ്റ്റും അല്‍പ്പം മഞ്ഞനിറവും ചേര്‍ത്ത് കുറഞ്ഞ തീയില്‍ ചൂടാക്കുക. ഇതിലേക്ക് മില്‍ക്ക്മെയ്ഡ് ചേര്‍ത്ത് തുടരെ ഇളക്കുക. കൂട്ട് പാനിന്റെ വശങ്ങളില്‍നിന്ന് വിട്ടുപോരുന്നതുവരെ ഇളക്കി ചൂടാക്കുക.
അടുപ്പില്‍നിന്നിറക്കിയ ശേഷം ചെറു ചൂടോടെ തന്നെ ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക. ഓരോ ബോളുകളുടേയും മുകളില്‍ ചെറിയ കുഴിപോലെ ഉണ്ടാക്കിവയ്ക്കുക. ഓരോ കുഴിയിലേക്കും ഗ്രാമ്പു തലകീഴായി കുത്തിയിറക്കി വയ്ക്കുക. ഒരു ടീസ്പൂണ്‍ വെള്ളത്തില്‍ അല്‍പ്പം ചുവന്ന നിറം കലക്കിവയ്ക്കുക. ഒരു പോയിന്റഡ് ബ്രഷുകൊണ്ട് ഈ കലക്കിവച്ച ചുവപ്പുനിറം ചിത്രത്തില്‍ കാണുന്നതുപോലെ ആപ്പിള്‍ പേഡയില്‍ പുരട്ടി വയ്ക്കാം. വായൂ കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.
uploads/news/2018/11/268324/Madm281118f.jpg
ഡ്രൈ ഫ്രൂട്ട് ബര്‍ഫി

ഗോമസ്


ആവശ്യമുള്ള സാധനങ്ങള്‍
മൈദ - 250 ഗ്രാം
ചെറുപയര്‍ പരിപ്പ് - 250 ഗ്രാം
പഞ്ചസാര - 300 ഗ്രാം
തേങ്ങ ചിരകിയത് - ഒരെണ്ണം
ഏലയ്ക്കാപൊടി - ഒരു ടീസ്പൂണ്‍
എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം


ചെറുപയര്‍ പരിപ്പ് വറുത്തുപൊടിക്കുക. ചെറുപയര്‍ പരിപ്പ് പൊടിച്ചതും തേങ്ങ ചിരകിയതും പഞ്ചസാരയും ഏലയ്ക്കാപൊടിയും യോജിപ്പിച്ചുവയ്ക്കുക.
മൈദ, രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും പാകത്തിന് വെള്ളവും ചേര്‍ത്ത് കുഴച്ചെടുക്കുക(വെള്ളം അധികമാകരുത്). പൂരിയുടെ പരുവത്തില്‍ ചെറിയ ഉരുളകളാക്കി പരത്തിയെടുക്കുക. പരത്തിയെടുത്ത ഓരോന്നിലും രണ്ട് ടീസ്പൂണ്‍ ചെറുപയര്‍ പൊടി കൂട്ട് വച്ച് മടക്കി അരിക് ഒട്ടിക്കുക. എണ്ണ തിളക്കുമ്പോള്‍ ഓരോന്നായി ഇട്ട് മൂപ്പിച്ചെടുക്കുക.

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Wednesday 28 Nov 2018 04.08 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW