Tuesday, May 21, 2019 Last Updated 12 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 24 Nov 2018 09.50 PM

കടലാഴമുളള കഥകള്‍

uploads/news/2018/11/267380/book25.jpg

കഥ അവസാനിച്ചു കഴിഞ്ഞാലും വാക്കുകള്‍കൊണ്ട്‌ തീര്‍ത്ത അതിരുകള്‍ ഭേദിച്ച്‌ വായനക്കാരന്‍, ആ കഥാപാത്രങ്ങള്‍ക്ക്‌ പിന്നീടെന്ത്‌ സംഭവിച്ചു എന്ന്‌ അന്വേഷിക്കുന്നിടത്താണ്‌ എഴുത്തുകാരന്റെ വൈഭവം. അത്തരത്തില്‍ അനുവാചകമനസില്‍ ആഴ്‌ന്നിറങ്ങി സമൂഹത്തിന്റെ മര്‍മ്മരങ്ങള്‍ ആവാഹിച്ച്‌ രൂപപ്പെടുത്തിയ കഥകളുടെ സമാഹാരം ഒരു കാലഘട്ടത്തിന്റെ ചിന്തകള്‍ പ്രതിനിധീകരിക്കുന്നു. കാല്‍നൂറ്റാണ്ടുകൊണ്ട്‌ സാധിച്ച ജന്മകൃത്യത്തിന്റെ ഒന്നാം ഭാഗമെന്നാണ്‌ സുഭാഷ്‌ ചന്ദ്രന്‍ ഈ പുസ്‌തകത്തെ വിശേഷിപ്പിച്ചിരിക്കുന്നത്‌.
ശരിതെറ്റുകളെക്കുറിച്ച്‌ സ്വയമുള്ള ബോധ്യങ്ങള്‍ വീണ്ടും ചോദ്യം ചെയ്‌ത്, മിഥ്യാധാരണകള്‍ വകഞ്ഞുമാറ്റി പുതിയ കണ്ടെത്തലുകള്‍ക്കുള്ള ശ്രമമാണ്‌ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കഥകളുടെ വ്യത്യസ്‌തതയും ശക്‌തിയും.
മനുഷ്യജീവിതത്തിന്റെ മഹനീയമായ വിഹിതം പറ്റാന്‍ കഴിയാതെ ഉഴലുന്ന വിഭിന്നതലങ്ങളില്‍പ്പെട്ട നിരാലംബര്‍ക്കുള്ള സമര്‍പ്പണമാണ്‌ വിഹിതം(2013) എന്ന കഥ. ജാതീയവും മതപരവും രാഷ്‌്രടീയവും സദാചാരപരവുമായ നാനാ ധ്രുവങ്ങളെക്കുറിച്ചുമുള്ള സര്‍ഗാത്മകധ്യാനമായി ഇതിനെ വിശേഷിപ്പിക്കാം. മലയാളികളായ പുരുഷന്മാര്‍ കല്‌പനചെയ്‌ത് ഭരിച്ചുവരുന്ന രതിസാമ്രാജ്യവും കേരളത്തിലെ സ്‌ത്രീകള്‍ ജീവിച്ചുതീര്‍ക്കുന്ന സതിസാമ്രാജ്യവും പ്രമേയധാരയായി വരുന്ന കഥകളാണ്‌ - സതിസാമ്രാജ്യം(2002) , തല്‌പം(2005), ഗുപ്‌തം : ഒരു തിരക്കഥ(2006) എന്നിവ. വള്ളോക്കാരന്‍ എന്ന യുവഡോക്‌ടര്‍ , ഡോക്‌ടറാകാന്‍ മോഹിക്കുന്ന മിടുക്കിയായ കമലയെ ആംബുലന്‍സില്‍ വച്ച്‌ പീഡിപ്പിക്കുന്നതാണ്‌ തല്‌പത്തിന്റെ പ്രമേയം. സംസ്‌കാരത്തിനു വന്നുപെട്ടിരിക്കുന്ന ആശങ്കാജനകമായ അവസ്‌ഥ ധ്വനിപ്പിക്കുകയാണ്‌ എഴുത്തുകാരന്‍ ഈ കഥയിലൂടെ. ഗര്‍ഭസ്‌ഥശിശു മുതല്‍ പടുവൃദ്ധവരെ ഉള്‍പ്പെടുന്ന സ്‌ത്രീകഥാപാത്രങ്ങളെയും ആണ്‍റെറ്റിനകളില്‍ പതിയുന്ന അവരുടെ പ്രതിബിംബങ്ങളെയും കഥയുടെ ശില്‌പത്തിലേക്ക്‌ കൊണ്ടുവരുമ്പോള്‍ ഉള്ള കയ്യടക്കം പുതുതലമുറയിലെ എഴുത്തുകാര്‍ക്കൊരു പാഠമാണ്‌.
വിശദമായി പറയേണ്ട പലതും വിഷ്വലുകളാക്കി മാറ്റുമ്പോള്‍, ഒതുക്കിയെടുക്കാമെന്ന പരീക്ഷണാത്മക സമീപനം വിജയം കണ്ടതായി വായിച്ചറിയാം. അക്ഷരസിനിമ എന്നുവിശേഷിപ്പിക്കാവുന്ന ശൈലിയാണ്‌ എഴുത്തുകാരന്‍ ഇവിടെ സ്വീകരിച്ചിട്ടുള്ളത്‌. നഗരജീവിതത്തിലെ യാന്ത്രികതയും ഫ്‌ളാറ്റുകളില്‍ അന്യമായിക്കൊണ്ടിരിക്കുന്ന ബന്ധങ്ങളുടെ ഉഴയടുപ്പവുമാണ്‌ ഗുപ്‌തം ചര്‍ച്ച ചെയ്യുന്നത്‌. സ്വന്തം രഹസ്യലോകങ്ങളുടെ ആഹ്ലാദത്തില്‍ വിവേകത്തിന്റെ താക്കോല്‍ നഷ്‌ടപ്പെട്ടുപോകുന്ന കുട്ടികളുടെയും പുതുകാലത്തിന്റെയും ചിത്രം പകര്‍ത്തിയ ഗുപ്‌തം, മുത്തശ്ശിയെപ്പോലെ മുതിര്‍ന്നൊരാള്‍ വീട്ടില്‍ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യവും ബോധ്യപ്പെടുത്തുന്നുണ്ട്‌. ഭാവിതലമുറയുടെ താക്കോല്‍ അമ്മൂമ്മയുടെ മടിത്തട്ടില്‍ ഭദ്രമായിരുന്ന കാലത്തെ സുരക്ഷിതത്വത്തെക്കുറിച്ചും കഥ ഓര്‍മ്മപ്പെടുത്തുന്നു.
സ്വന്തം ഇടം നഷ്‌ടമാകുന്ന മനുഷ്യാവസ്‌ഥയാണ്‌ പറുദീസാനഷ്‌ടത്തിന്റെ (1999) കഥാതന്തു. ആശുപത്രിക്കാര്‍ സ്‌പെസിമെന്‍ എന്നുപറഞ്ഞ്‌ ബയോപ്‌സി നടത്തുന്നതിനായി നരേന്ദ്രനെ ഏല്‍പ്പിക്കുന്ന അമ്മയുടെ ഗര്‍ഭപാത്രം ഒരിക്കല്‍ അവന്‌ സ്വര്‍ഗംപോലെ സുരക്ഷിതമായ താവളമായിരുന്നു. ആ ഗര്‍ഭപാത്രം പോളിത്തീന്‍ കവറിലാക്കി കൊണ്ടുപോകുമ്പോള്‍, പാര്‍ട്ടി സമ്മേളനത്തിന്റെ തിരക്കില്‍പ്പെട്ട്‌ അവന്റെ കയ്യില്‍നിന്നത്‌ നഷ്‌ടപ്പെടുകയാണ്‌. കളഞ്ഞുപോയത്‌ എന്തായിരുന്നെന്ന ഹോട്ടലിലെ പയ്യന്റെ ചോദ്യത്തിന്‌ 'ഒരു പഴയ പാത്രം' എന്നു മറുപടി കൊടുക്കുമ്പോള്‍ ഒരു മകന്റെ നിസഹായതയും സ്വന്തം ഇടം നഷ്‌ടമായ വ്യഥയും അനുഭവപ്പെടും.
ഘടികാരങ്ങള്‍ നിലയ്‌ക്കുന്ന സമയത്തില്‍(1993) കള്ളനായ ബുക്കാറാംവിത്തലിന്റെ കഥ, പ്രകൃതി വിപത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ പറയുന്നത്‌. ശൈലേന്ദ്ര ബിസ്‌മേ അയാള്‍ക്കൊരു വാച്ച്‌ വാഗ്‌ദാനം ചെയ്യുമ്പോള്‍ 'ഇരുളും വെളിച്ചവുമാണ്‌ കള്ളന്റെ ഘടികാരം' എന്ന മറുപടിയില്‍ തന്നെ കഥയുടെ സത്തയുണ്ട്‌.
നിരാലംബരാക്കപ്പെട്ട ലോകത്തെ മുഴുവന്‍ സ്‌ത്രീകളുടെയും ഉള്ളില്‍ ആണ്‍തരിയായി മുളപൊട്ടുന്ന കാരുണ്യമാണ്‌ ക്രിസ്‌തു എന്ന കണ്ടെത്തലാണ്‌ ബ്ലഡി മേരി(2007) എന്ന സാമാന്യം വലിപ്പമുള്ള കഥ മനസ്സില്‍ വരച്ചിടുന്നത്‌. ഉരുളക്കിഴങ്ങു തിന്നുന്നവര്‍(1999)രചിച്ചിരിക്കുന്നത്‌ ചിത്രകലയും ചരിത്രവും സംഗീതവും ഇടകലര്‍ത്തിയാണ്‌. സമൂഹത്തിന്റെ വാ അടപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ജീവിതം കൂടുതല്‍ സങ്കീര്‍ണമായി തീരുമെന്ന പ്രമേയമാണ്‌ ഈഡിപ്പസിന്റെ അമ്മയില്‍(1989) അവതരിപ്പിച്ചിരിക്കുന്നത്‌. പിഴച്ചുപെറ്റവള്‍ എന്ന്‌ ലോകം തന്നെ മുദ്രകുത്താതിരിക്കാനാണ്‌ മച്ചിയെന്ന്‌ പലരും വിളിച്ചിട്ടും തങ്കമണി ടീച്ചര്‍ തനിക്കൊരു മകനുണ്ടെന്ന്‌ പറയാതിരിക്കുന്നത്‌. ആ തീവ്രവേദന പോലും ഉള്ളിലൊതുക്കുന്ന ടീച്ചര്‍ , താന്‍ അമ്മയാണെന്ന്‌ തിരിച്ചറിയാതെ സ്വന്തം മകന്‍ കടന്നുപിടിക്കുമ്പോള്‍ തകര്‍ന്ന്‌, ആത്മഹത്യ ചെയ്യുന്ന രംഗം ഒരിറ്റ്‌ കണ്ണീര്‍ പൊഴിക്കാതെ വായിച്ച്‌ മുഴുമിപ്പിക്കാന്‍ കഴിയില്ല.
ആണ്‍മനസ്സുകള്‍ എക്കാലവും ഗോപ്യമാക്കി വച്ചിട്ടുള്ള യാഥാര്‍ത്ഥ്യങ്ങളെ കഥാരൂപത്തില്‍ അവതരിപ്പിക്കുകവഴി പെണ്ണുങ്ങള്‍ക്ക്‌ പലതരത്തിലുള്ള മുന്നറിയിപ്പുകളും സമൂഹത്തിന്റെ കാവലാളെന്ന നിലയില്‍, എഴുത്തുകാരന്‍ പറഞ്ഞുവയ്‌ക്കുന്നു എന്നതാണ്‌ ഈ കഥാസമാഹാരത്തിന്റെ പ്രസക്‌തി.

കഥകള്‍ സുഭാഷ്‌ ചന്ദ്രന്‍
സുഭാഷ്‌ ചന്ദ്രന്‍
ഡി.സി. ബുക്‌സ്

എം.ആര്‍.കെ

Ads by Google
Saturday 24 Nov 2018 09.50 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW