Tuesday, June 25, 2019 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 23 Nov 2018 03.45 PM

പ്രകാശം പരത്തുന്ന പെണ്‍കുട്ടി

''കാഴ്ചയുടെ ലോകത്ത് നിന്ന് അന്യമാക്കപ്പെട്ട ഒരു പെണ്‍കുട്ടി. ഇരുള്‍ നിറഞ്ഞ വഴികളില്‍ കാലിടറാതെ അവള്‍ നടക്കുകയാണ്. നിറങ്ങളുടെ ലോകത്ത് നിരാശയോടെ ജീവിച്ചിരുന്ന നിരവധിപ്പേരുടെ മനസില്‍ ജ്യോതിര്‍ഗമയയിലൂടെ പ്രതീക്ഷകളുടെ പ്രകാശം നിറച്ച്, മികച്ച സാമൂഹ്യ പ്രവര്‍ത്തകയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയിരിക്കുകയാണ് അവളിപ്പോള്‍... ടിഫാനി മരിയ ബ്രാര്‍.''
uploads/news/2018/11/267167/tifani231118a.jpg

അമ്മയായിരുന്നു അവള്‍ക്കെല്ലാം. അല്‍പ്പായുസ് നല്‍കി വിധി സ്‌നേഹനിധിയായ അമ്മയെ കവര്‍ന്നെടുത്ത് കടന്നുകളഞ്ഞപ്പോള്‍ കാഴ്ചയില്ലാതെ ആ കൊച്ചു പെണ്‍കുട്ടി ജീവിതവഴിയില്‍ പകച്ചു നിന്നു. ആര്‍മിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛന് ഡ്യൂട്ടി സംബന്ധമായി പോകേണ്ടി വന്നതോടെ ഇരുള്‍ നിറഞ്ഞ വഴിയില്‍ അവള്‍ നിസ്സഹായയായി നിന്നു. പക്ഷേ തോല്‍ക്കാന്‍ അവള്‍ക്ക് മനസ്സില്ലായിരുന്നു.

മൂന്ന് പതിറ്റാണ്ടോളം നീണ്ട ജീവിത പോരാട്ടമായിരുന്നു പിന്നീട്. ഒടുവില്‍ മികച്ച സാമൂഹ്യ പ്രവര്‍ത്തകയ്ക്കുള്ള രാഷ്്രടപതിയുടെ പുരസ്‌കാരം നേടി സമൂഹത്തിന് മുന്നില്‍ അതിജീവനത്തിന്റെ ആള്‍രൂപമായി അവളിന്ന് തിളങ്ങി നില്‍ക്കുകയാണ്. കാഴ്ചയുള്ളവര്‍ പോലും അമ്പരന്നു പോകുന്ന അത്ഭുത വഴിയിലൂടെ സഞ്ചരിച്ച് ഇരുട്ടിന്റെ ലോകത്ത് ജീവിക്കുന്നവര്‍ക്കിടയില്‍ പ്രകാശം പരുത്തുകയാണ് ഇന്നീ പെണ്‍കുട്ടി... ടിഫാനി മരിയ ബ്രാര്‍.

അതിജീവനത്തിന്റെ പാതയിലൂടെ...


ആര്‍മി ഓഫീസറുടെ മകളായി ദല്‍ഹിയിലായിരുന്നു ടിഫാനിയുടെ ജനനം. ആശുപത്രിയില്‍ ജനന ശേഷമുള്ള ചികിത്സ പിഴവ് കാരണം ടിഫാനിയുടെ കാഴ്ച നഷ്ടപ്പെട്ടു. പിന്നെ കുരുന്നു ടിഫാനിയുടെ ജീവിതം അമ്മയുടെ കരുതലിലും തണലിലുമായിരുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ആര്‍മി ഉദ്യോഗസ്ഥരില്‍ ഒരാളാണ് ടിഫാനിയുടെ അച്ഛന്‍. അച്ഛന്റെ സാമീപ്യം കുറവായതുകൊണ്ടു തന്നെ കുഞ്ഞു ടിഫാനിക്ക് അമ്മയായിരുന്നു എല്ലാം. പക്ഷേ രോഗബാധിതയായ അമ്മ അപ്രതീക്ഷിതമായി ടിഫാനിയെ തനിച്ചാക്കി വിധിക്ക് കീഴടങ്ങി. അതോടെ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ടിഫാനിയുടെ ചുവടുകള്‍ക്ക് തങ്ങേകാന്‍ ആരുമില്ലാതായി.

ജോലിയുടെ ഭാഗമായി അച്ഛന് രാജ്യത്തിനകത്തും പുറത്തുമായി സ്ഥലം മാറ്റം ലഭിക്കുന്നതിനൊപ്പം ഇരുട്ടിന്റെ കൂട്ടുപിടിച്ച് ടിഫാനിയും ഒപ്പമുണ്ടാകുമായിരുന്നു. വിദേശത്തും സ്വദേശത്തുമായി നിരവധി സ്‌കൂളുകളിലായി അവള്‍ പഠനം പൂര്‍ത്തിയാക്കി.

കാഴ്ചയില്ലായ്മയുടെ വെല്ലുവിളികള്‍ക്കൊപ്പം നിരന്തരമായ ഈ മാറ്റങ്ങള്‍ ടിഫാനിക്ക് വല്ലാത്ത ബുദ്ധിമുട്ടുകളുണ്ടാക്കി. ഒപ്പം ഏക തുണയായിരുന്ന അമ്മയുടെ വിയോഗം കൂടിയായപ്പോള്‍ ഒറ്റപ്പെടലിന്റെ ദുരിതക്കയത്തിലേക്ക് അവള്‍ വീണു. എങ്കിലും ആരെയും ആശ്രയിക്കാതെ സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്ത് ജീവിക്കണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അവള്‍.

uploads/news/2018/11/267167/tifani231118c.jpg

ഒറ്റയ്ക്ക് ജീവിക്കാനുള്ള തന്റെ ആഗ്രഹങ്ങള്‍ക്ക് അടിക്കടിയുള്ള സ്ഥലം മാറ്റങ്ങള്‍ തടസ്സമാകുമെന്ന് തിരിച്ചറിഞ്ഞ് അവള്‍ ഒരു തീരുമാനമെടുത്തു. അച്ഛനൊപ്പം തിരുവനന്തപുരം, പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ കുറേക്കാലം ജീവിച്ചിട്ടുള്ള ടിഫാനി ദൈവത്തിന്റെ സ്വന്തം നാടിനോടും, ഭാഷയോടും വല്ലാത്ത അടുപ്പത്തിലായിരുന്നു. അങ്ങനെയാണ് ഭാവി ജീവിതം കേരളത്തില്‍ മതിയെന്ന തീരുമാനത്തിലെത്തിയത്. തിരുവനന്തപുരത്ത് കവടിയാറിലാണ് ടിഫാനി ഇപ്പോള്‍ താമസിക്കുന്നത്.

എന്നും മറ്റൊരാളെ ആശ്രയിച്ച് ജീവിക്കുക എന്നത് പ്രാക്ടിക്കലല്ല. പഠനം കഴിഞ്ഞ് ജോലി തേടി. തിരുവല്ലത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ലഭിച്ചു. അങ്ങോട്ടുള്ള യാത്രകളില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. സിറ്റിക്കുള്ളിലെ തിരക്കും അന്ധരായവര്‍ക്കോ വികലാംഗര്‍ക്കോ യാതൊരു സൗകര്യങ്ങളും ഇല്ലാത്ത റോഡുകളും പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടും പ്രശ്‌നമായിരുന്നെങ്കിലും അതെല്ലാം ഒറ്റയ്ക്ക് നേരിടണമായിരുന്നു. കാഴ്ചയില്ലാത്ത കുട്ടികളെ വീടിനുള്ളില്‍ തളച്ചിരുന്ന മാതാപിതാക്കള്‍ക്ക് മുന്നില്‍ എന്റെ ജീവിതം കൊണ്ട് ഒരു മാതൃകയാകണം എന്ന് ഞാനുറപ്പിച്ചു. ടിഫാനി പറയുന്നു.

കേരളത്തിലെത്തിയ ശേഷമാണ് സേവനമെന്ന പാതയിലൂടെ ടിഫാനി സഞ്ചരിച്ചു തുടങ്ങിയത്. സ്വന്തം കാര്യം സ്വയം ചെയ്യണമെന്ന വാശിക്കാരിയായ അവള്‍ തന്നെപ്പോലെ കാഴ്ചയില്ലാത്തവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ അടുത്തറിയാന്‍ തുടങ്ങി. കാഴ്ചയില്ലാത്തവരെ തേടി ഒറ്റയ്ക്കുള്ള യാത്രകളായിരുന്നു പിന്നീട്. അതിജീവനത്തിന്റെ പാതയിലൂടെ താന്‍ നേടിയ അറിവുകളും തന്റെ ഇനിയുള്ള ജീവിതവും ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടിയാണെന്ന് അവള്‍ ഉറപ്പിച്ചു.

വേറിട്ട വഴികളിലൂടെ...


കാഴ്ചയില്ലാത്ത ഈ പെണ്‍കുട്ടിക്ക് എന്ത് ചെയ്യാനാകുമെന്ന ചോദ്യമാണ് സേവന വഴിയിലിറങ്ങിയ ടിഫാനിയെ ആദ്യം സ്വീകരിച്ചത്. ഒപ്പം സഹതാപത്തോടെ നോക്കുന്ന കുറേ മനുഷ്യരും. അന്ധതയുടെ സകലവേദനകളും അറിഞ്ഞു ജീവിച്ച ടിഫാനിക്ക് ആ വെല്ലുവിളികള്‍ നിസ്സാരമായിരുന്നു.
uploads/news/2018/11/267167/tifani231118b.jpg

വീണ്ടെടുക്കാനാകാത്ത വിധിയുടെ ക്രൂരതയോര്‍ത്ത് വിഷമിച്ചിരിക്കാതെ പോരാട്ടത്തിന്റെ പാത തന്നെ അവള്‍ തെരഞ്ഞെടുത്തു. സഹജീവികളുടെ വേദനകള്‍ കാണാതെ കണ്ണടച്ച് നടക്കുന്ന മനുഷ്യര്‍ക്കിടയിലേക്ക് അകക്കണ്ണ് തുറന്നുപിടിച്ച് അവള്‍ സ്വയമിറങ്ങി. അനുഭവങ്ങളിലൂടെ അറിവ് നേടി. സഹതാപങ്ങള്‍ക്ക് ചെവികൊടുക്കാതെ ആത്മവിശ്വാസത്തിന്റെ കരുത്തില്‍ അവള്‍ ഒരു ചുവട് മുന്നേ നടന്നു.

മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്ക്ക് പുറമേ എട്ടിലധികം ഭാഷകള്‍, ലോകകാര്യങ്ങളെ കുറിച്ചുള്ള അറിവുകള്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം, സോഷ്യല്‍ മീഡിയകളിലെ സജീവ പങ്കാളിത്തം, ഒറ്റയ്ക്കുള്ള യാത്രകള്‍, പരിധിയില്ലാത്ത കാഴ്ചപ്പാടുകള്‍ അങ്ങനെ ടിഫാനി ഒരു അത്ഭുതമായി മാറുകയായിരുന്നു. കാഴ്ച ഇല്ല എന്നത് ഒരു കുറവായി എനിക്ക് തോന്നിയിട്ടില്ല. ടെക്‌നോളജിക്കലി ഞാനും നിങ്ങളെ പോലെ അപ്‌ഡേറ്റഡ് ആണ്.

ടാക്ക് ബാക്ക് ആപ്ലിക്കേഷനുകള്‍ ഉള്ളത് കാരണം മൊബൈലോ ലാപ്‌ടോപ്പോ ഉപയോഗിച്ച് എന്തും ചെയ്യാം. വേര്‍ഡ്, എക്‌സല്‍ തുടങ്ങിയവയൊക്കെ എനിക്ക് ഇപ്പോള്‍ ഈസിയായി കൈകാര്യം ചെയ്യാനാകും. പക്ഷേ തന്നെ പോലെയുള്ളവരുടെ കഴിവില്‍ ഇന്നും സമൂഹത്തിന് വിശ്വാസമില്ല. ഒരു കമ്പനിയും കാഴ്ചയില്ലാത്തവര്‍ക്ക് ജോലി നല്‍കില്ല. ആ മനോഭാവം കൂടി മാറണം. ടിഫാനിയുടെ വാക്കുകള്‍.

ഒറ്റയ്ക്ക് നടക്കാന്‍ കഴിയില്ലെന്ന് വിധിയെഴുതിയ സമൂഹത്തിന് മുന്നില്‍ സ്വപ്നങ്ങള്‍ക്കൊപ്പം പറന്നുയരുകയാണിന്ന് ടിഫാനി. വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന ബോധവത്ക്കരണ പരിപാടികളില്‍ ടിഫാനി ഇന്ന് വിശിഷ്ടാതിഥിയാണ്. ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദേശത്തുമായി കാഴ്ചയില്ലാത്തവര്‍ക്ക് വേണ്ടി ക്ലാസുകള്‍ കൈകാര്യം ചെയ്യാനും അവര്‍ ആദ്യം ക്ഷണിക്കുന്നത് ടിഫാനിയെ ആണ്. പോളണ്ടിലും ബെല്‍ജിയത്തിലും നടന്ന ട്രെയിനിംഗ് പ്രോഗ്രാമുകളിലും അതിഥിയായി പങ്കെടുത്ത ടിഫാനി, അവിടെ നിന്ന് നേടിയ അനുഭവവും അറിവും സഹോദരങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കാനുള്ള ഒരുക്കത്തിലാണ്.

തമസോമ ജ്യോതിര്‍ഗമയ


കൂരിരുട്ടില്‍ തറയ്ക്കപ്പെട്ടവരെ തേടിപ്പിച്ച് ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തുകയാണ് ടിഫാനി ഇപ്പോള്‍. സ്‌കൂളില്‍ പോകാന്‍ കഴിയാത്ത അന്ധരായ കുട്ടികളെ അവരവരുടെ വീടുകളിലെത്തി പഠിപ്പിക്കുക എന്ന ലക്ഷ്യവുമായി ഡോര്‍ സ്‌റ്റെപ്പ് സ്‌കൂള്‍ എന്ന ആശയത്തോടെയാണ് തുടക്കം.

സ്‌കൂളിലെത്താന്‍ കഴിയാത്തവര്‍ക്ക് വേണ്ടി സ്‌കൂള്‍ തന്നെ വീട്ടിലേക്ക് എത്തിക്കുക എന്ന വേറിട്ട ചിന്തയായിരുന്നു അത്. എന്നാല്‍ സമൂഹത്തില്‍ നിന്നും ഒറ്റപെടലുകള്‍ നേരിട്ട് വീടിന്റെ ചുവരുകള്‍ക്കുള്ളില്‍ കഴിയുന്ന തന്റെ സഹോദരങ്ങളെ മുഖ്യ ധാരയിലക്ക് കൊണ്ടുവരാന്‍ അറിവ് മാത്രം പകര്‍ന്നു കൊടുത്തത് കൊണ്ടായില്ല എന്ന തിരിച്ചറിവാണ് ടിഫാനിക്ക് ലഭിച്ചത്.

uploads/news/2018/11/267167/tifani231118f.jpg

'അറിവ് മാത്രമല്ല ആത്മവിശ്വാസമാണ് അവര്‍ക്ക് ആവശ്യം.' ടിഫാനിയുടെ തിരിച്ചറിവ് കൂടുതല്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന ചിന്തയിലേക്ക് അവളെ കൊണ്ടെത്തിച്ചു. അന്ധരായവര്‍ക്ക് സര്‍വ്വ മേഖലകളിലും സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ ടിഫാനി ഒരു സ്ഥാപനമാരംഭിച്ചു, ജ്യോതിര്‍ഗമയ. തിരുവനന്തപുരം അമ്പലംമുക്കിലാണ് ആസ്ഥാനം.

അന്ധര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ ക്ലാസ്സുകള്‍, ബ്രെയലി ക്ലാസുകള്‍, പി.എസ്.സി കോച്ചിംഗ്, തൊഴില്‍ പരിശീലനങ്ങള്‍ എന്നിവയ്ക്കൊപ്പം സ്വന്തമായി ജീവിക്കാന്‍ വേണ്ട എല്ലാ പരിശീലനവും ഇവിടെ നല്‍കുന്നു. മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാനുള്ള കരുത്താണ് ആദ്യം നല്‍കുന്നത്. വൈറ്റ് കെയിന്‍ ഉപയോഗിക്കുന്നത് മുതലുള്ള പരിശീലനം നല്‍കുന്നു.

ഒരു തൊഴില്‍ നേടാന്‍ കഴിയുന്ന തരത്തില്‍ കാഴ്ചയില്ലാത്തവരെ പ്രാപ്തരാക്കണം എന്നതാണ് ലക്ഷ്യം..ദൂരെയുള്ളവര്‍ക്ക് ഹോസ്റ്റല്‍ സൗകര്യവുമുണ്ട്. 30 വര്‍ഷത്തോളം ഇരുട്ടറകളില്‍ കഴിഞ്ഞിരുന്നവര്‍ പോലും ഇന്ന് ടിഫാനിക്കൊപ്പം മികച്ച ജോലികള്‍ സമ്പാദിച്ചു കഴിഞ്ഞു.

കാഴ്ചയില്ലായ്മയുടെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചറിയാനും, അവരുടെ വേദനയി ല്‍ പങ്കാളിയാകാനും മറ്റുള്ളവരെ കൂടി പ്രേരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ടിഫാനിയും കൂട്ടരും ഫീല്‍ ദ ഡാര്‍ക്ക്നസ് എന്ന ആശയത്തിനും രൂപം നല്‍കി. അടച്ചിട്ട ഹാളിനുള്ളില്‍ കൂരിരുട്ടില്‍ കാഴ്ചയുളളവര്‍ക്ക് നിശ്ചിത സമയംകഴിച്ചുകൂട്ടാം. അവരുടെ സേവനത്തിനായി അന്ധരായ വോളന്റിയര്‍മാര്‍ സദാ സന്നദ്ധരായിരിക്കും. ഭക്ഷണവും, പാട്ടും നൃത്തവുമൊക്കെയായി അന്ധരായവര്‍ക്കൊപ്പം ഇരുട്ടിന്റെ ലോകം അല്പനേരം അനുഭവിച്ചറിയാം.

വിവിധ സ്ഥലങ്ങളില്‍ ഫീല്‍ ദ ഡാര്‍ക്ക്നസ് കൂട്ടായ്മ സംഘടിപ്പിച്ച് കാഴ്ചയില്ലാത്തവരുടെ വിഷമങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നിലെത്തിക്കാനും ടിഫാനിയും സംഘവും ശ്രമങ്ങള്‍ നടത്തി.

uploads/news/2018/11/267167/tifani231118e.jpg

യോഗ പരിശീലനം, അഡ്വാന്‍സ്ഡ് കമ്പ്യൂട്ടര്‍ സ്റ്റഡി, ഹാന്‍ഡി ക്രാഫ്റ്റ് മേക്കിംഗ്, മസാജിംഗ് തുടങ്ങി കാഴ്ചയില്ലാത്തവര്‍ക്കായി കൂടുതല്‍ തൊഴില്‍ പരിശീലനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കൂടുതല്‍ സുമനസുകളും കമ്പനികളും നമുക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണം.

കുറവുകളെ അതിജീവിച്ചെത്തുന്നവരെ അംഗീകരിക്കണം. ഒപ്പം സര്‍ക്കാരും കാഴ്ചയില്ലാത്തവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പ്രാക്ടിക്കലായി പ്രവര്‍ത്തിക്കണം. ഭാവിയില്‍ ജ്യോതിര്‍മയയ്ക്ക് സ്വന്തമായൊരു ഇക്കോ ഫ്രണ്ട്‌ലി ക്യാമ്പസ് ഒക്കെയാണ് ഞാനിന്ന് സ്വപ്നം കാണുന്നത്.. ടിഫാനി പറയുന്നു.

കാഴ്ചയുള്ളവര്‍ പോലും മടിച്ചു നില്‍ക്കുന്ന വഴികളിലൂടെ സഞ്ചരിച്ച് ജീവിതം സന്ദേശമാക്കുകയാണ് ടിഫാനിയെന്ന ഈ ഇരുപത്തൊന്‍പതുകാരി. സഹതാപമല്ല വേണ്ടത് മറിച്ച് സഹജീവിയായി തങ്ങളെ കാണാനുള്ള മനസാണ് വേണ്ടതെന്ന് സമൂഹത്തെ പഠിപ്പിക്കുകയാണിവള്‍.

ഞങ്ങളെ സഹതാപത്തിന്റെ കണ്ണിലൂടെ ആരും കാണേണ്ട. നിങ്ങള്‍ക്കൊപ്പമുള്ള ഒരാളായി പരിഗണിക്കാന്‍ മനസുണ്ടാകണം. പരിമിതികള്‍ ഞങ്ങളുടേത് മാത്രമാണ്. അവയെ എത്ര കഷ്ടപ്പെട്ടും ഞങ്ങള്‍ മറികടക്കും. പക്ഷേ ആ വെല്ലുവിളികളെ മറികടന്നെത്തുന്ന എന്റെ സഹോദരങ്ങളെ ഒപ്പം നിര്‍ത്തേണ്ടത് കാഴ്ചയുള്ള നിങ്ങളാണ്. വി ഡോണ്ട് നീഡ് സിംപതി, വീ ഒണ്‍ലി നീഡ് എംപതി.. സഹതാപമല്ല, സപ്പോര്‍ട്ടാണ് വേണ്ടതെന്ന് സമൂഹത്തോട് ഉറക്കെ പറയുകയാണിവള്‍.

ടിഫാനിയുടെ സേവന പ്രവര്‍ത്തനങ്ങളെ ഒട്ടേറെ സംഘടനകളും ഏജന്‍സികളും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. മികച്ച സാമൂഹ്യ പ്രവര്‍ത്തകയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ടിഫാനിയുടെ സേവന പ്രവര്‍ത്തനങ്ങളുടെ ആഴവും ആത്മാര്‍ത്ഥതയും വെളിവാക്കുന്നു. കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ച ലഭിക്കുന്നതിന് വേണ്ടി അതിനൂതന ചികിത്സാരീതികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അതിനായി ഒരു ശ്രമം നടത്തിക്കൂടേ എന്നുമുള്ള ചോദ്യത്തിന് മറുപടിയായി ചിരിച്ചു കൊണ്ട് ടിഫാനി പറഞ്ഞു: ഇന്ത്യയ്ക്ക് പുറത്ത് അത്തരം ഇന്‍വെന്‍ഷന്‍സ് ഒക്കെ നടക്കുന്നുണ്ട്.

uploads/news/2018/11/267167/tifani231118d.jpg

പക്ഷേ എനിക്ക് കാഴ്ച വേണ്ട. ഈ നിലയില്‍ ഞാന്‍ ഒകെയാണ്. കാഴ്ച്ചയുണ്ടായിരുന്നെങ്കില്‍ എന്നെ നിങ്ങള്‍ അറിയുമായിരുന്നില്ല. കാഴ്ചയില്ലായ്മ ഒരു കുറവായി എനിക്ക് തോന്നിയിട്ടുമില്ല. ചികിത്സയ്ക്ക് വേണ്ടി ചെലവാക്കുന്ന പൈസയുണ്ടെങ്കില്‍ എന്റെ ജ്യോതിര്‍ഗമയയെ ഞാന്‍ കുറേ കൂടി വികസിപ്പിച്ചെടുക്കും. നിറഞ്ഞ ചിരിയുമായി കണ്‍മുന്നില്‍ നില്‍കുന്ന ടിഫാനി അത്ഭുതം തന്നെയെന്ന് തോന്നിപ്പോകുന്ന വാക്കുകള്‍.

വെല്ലുവിളികളില്‍ വീണുപോകാതെ,
വേര്‍തിരിവിന്റെ വേദനകളില്ലാതെ,
കനിവുകള്‍ക്ക് കാത്തു നില്‍ക്കാതെ,
നിറക്കാഴ്ചകളുടെ ലോകത്ത്
നിറദീപമായി ജ്വലിക്കുകയാണ്,
ടിഫാനി മരിയ ബ്രാര്‍...!

ദീപു ചന്ദ്രന്‍

Ads by Google
Friday 23 Nov 2018 03.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW