Thursday, July 18, 2019 Last Updated 39 Min 9 Sec ago English Edition
Todays E paper
Ads by Google
കാസ്റ്റിങ്ങോ ചീറ്റിങ്ങോ ? / വിശ്വജിത്ത്
Thursday 22 Nov 2018 11.46 AM

നടിക്കെതിരേ ലൈംഗിക അതിക്രമം: പ്രമുഖ നടനെതിരേ വ്യക്തമായ തെളിവുകള്‍

''മലയാള സിനിമയെ പിടിച്ചുലച്ച നടി ആക്രമണ കേസിനു പിന്നാലെ ബോളിവുഡിലെ പ്രമുഖരായ വ്യക്തികള്‍ക്കെതിരെ ഗുരുതരമായ ആരോപണവും തെളിവുകളുമായി നടി രംഗത്തെത്തിയിരിക്കുകയാണ്....''
uploads/news/2018/11/266885/CiniStoryCastingCouch16.jpg

മലയാള സിനിമയില്‍ കാസ്റ്റിംഗിന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങളെ കുറിച്ച് ഒന്നിനുപുറകെ ഒന്നായി വെളിപ്പെടുത്തലുകള്‍ വരുന്നതിനിടയിലാണ് ബോളിവുഡില്‍ നിന്നും ഏറെ ഞെട്ടലുണ്ടാക്കിയ സംഭവങ്ങള്‍ പുറത്തുവരുന്നത്. സിനിമാമേഖലയിലെ ചൂഷണങ്ങളെ പറ്റി പറയുമ്പോള്‍ തനുശ്രീ ദത്ത - നാന പടേക്കര്‍ വിവാദങ്ങളെ പറ്റി പരാമര്‍ശിക്കാതിരിക്കാന്‍ കഴിയില്ല.

മീ ടൂ മൂവ്‌മെന്റ് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. നാനാ പടേക്കര്‍ക്കെതിരേ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച് മുന്‍ മിസ് ഇന്ത്യയും ബോളിവുഡ് താരവുമായ തനുശ്രീ ദത്ത രംഗത്തെത്തിയതോടെയാണ് അണിയറയിലെ വിവാദസംഭവങ്ങള്‍ പുറത്തറിയുന്നത്.

2009 ഫോണ്‍ ഒക്കെ പ്ലീസ് എന്ന ചിത്രത്തിലെ ഷൂട്ടിങ്ങിനിടയില്‍ നാനാ പടേക്കര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന തനുശ്രീ ദത്തയുടെ തുറന്നുപറച്ചിലാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഒരു പതിറ്റാണ്ട് മുന്‍പ് അഭിനയ ജീവിതം ഉപേക്ഷിച്ച് അമേരിക്കയിലേക്ക് താമസം മാറിയ തനുശ്രീ പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

കുടുംബ സന്ദര്‍ശനവേളയില്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലൈംഗിക പീഡനത്തിന്റെ കാര്യം തനുശ്രീ വെളിപ്പെടുത്തിയത്. ലൈംഗിക ചൂഷണം നടത്തുന്നതിനായി അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം നാനാ പടേക്കര്‍ പ്ലാനിങ് നടത്തിയതായും തനുശ്രീയുടെ വാക്കുകളിലുണ്ട്.

''അതൊരു ബുള്ളിയിംഗ് ടാക്ടിക്'' (സ്വന്തം സ്വാധീനം ഉപയോഗിച്ച് ഭയപ്പെടുത്തി കാര്യം നേടാനുള്ള തന്ത്രം) ആയിരുന്നു. നാനാ പടേക്കര്‍ എന്നോട് മോശമായി പെരുമാറി. നൃത്ത സംവിധായകന്‍ ഗണേഷ് ആചാരിയെ കൊണ്ട് പല നൃത്ത ചുവടുകളും അടുത്തിടപഴകുന്ന രീതിയിലേക്ക് രൂപമാറ്റം വരുത്തിപ്പിച്ചു. ഇതു മനസ്സിലാക്കിയ ഞാന്‍ ഷൂട്ടിംഗില്‍ നിന്നും പകുതിയില്‍ ഇറങ്ങിപ്പോയി. ചിത്രത്തിലെ നിര്‍മ്മാതാവ് ഗുണ്ടകളെ വിളിച്ചുവരുത്തി വാനിറ്റി വാനില്‍ വച്ച് എന്നെ ഹരാസ് ചെയ്തു.

അച്ഛനും അമ്മയും അടുത്തില്ലാത്ത സമയമായിരുന്നു അത്. അവര്‍ എത്തിയശേഷം ഞങ്ങളെ നിര്‍മ്മാതാവിന്റെ ഗുണ്ടകള്‍ ആക്രമിക്കുകയും ചെയ്തിരുന്നു. നാനാ പടേക്കറുടെ പ്രവര്‍ത്തികളെ പറ്റി ചിത്രത്തിന്റെ നിര്‍മ്മാതാവ് സാമി സിദ്ദീഖി, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവര്‍ക്കും അറിയാമായിരുന്നു, എങ്കിലും അവര്‍ അയാള്‍ക്കൊപ്പമാണ് നിന്നത്.

സിനിമ ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ സിനി ആന്റി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന് ഞാന്‍ പരാതി നല്‍കിയിരുന്നെങ്കിലും അതിന് ഫലമുണ്ടായില്ല. സിനിമാ സെറ്റിലേക്ക് മടങ്ങിപ്പോകാന്‍ ഭയം തോന്നിയതുകൊണ്ട് അഭിനയം നിര്‍ത്തുകയായിരുന്നു. സംഭവം നടന്നശേഷം ഉടന്‍ തന്നെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നെങ്കിലും കൗണ്ടര്‍ പെറ്റീഷന്‍ നല്‍കി തന്നെയും തന്റെ കുടുംബത്തെയും നിര്‍മ്മാതാക്കള്‍ നിരന്തരം ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്.

uploads/news/2018/11/266885/CiniStoryCastingCouch16a.jpg

പത്തുവര്‍ഷമായി സിനിമാ ഇന്‍ഡസ്ട്രി വിട്ടുപോയ താന്‍ ഇപ്പോഴും സജീവമായി നില്‍ക്കുന്ന, വളരെ പിടിപാടുള്ള ഒരാള്‍ക്കെതിരെ ഇങ്ങനെയൊരു വെളിപ്പെടുത്തുന്നതിലൂടെ എനിക്ക് ഒന്നും നേടാനുമില്ല നഷ്ടപ്പെടാനുമില്ല. പക്ഷേ തങ്ങള്‍ക്കെതിരെ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ മറ്റു സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്ന വിശ്വാസത്തിലാണ് ഇതിന് ധൈര്യം കാണിക്കുന്നത്.

ഞാന്‍ കൊള്ളയടിക്കപ്പെട്ടു എന്നൊരാള്‍ പറയുമ്പോള്‍ ആരും അതിനെ സംശയത്തോടെ നോക്കാറില്ല. പക്ഷേ ഒരു സ്ത്രീ ലൈംഗികമായി ആക്രമിക്കപ്പെട്ടു എന്നുപറയുമ്പോള്‍ അവളുടെ സ്വഭാവശുദ്ധിയെപ്പറ്റി പലരും വാചാലരാകും. വ്യക്തിഹത്യ ചെയ്യപ്പെടും. എന്റെ പോരാട്ടം ഏതെങ്കിലും ഒരാള്‍ക്കെതിരെ അല്ല. എന്റെ അടിസ്ഥാന ഉദ്ദേശ്യം സിനിമയിലെ ചൂഷണങ്ങളെയും ഹിപ്പോക്രസിയേയും സമൂഹത്തിനുമുന്നില്‍ തുറന്നുകാട്ടുക എന്നതാണ്. ഈയൊരു ശ്രമത്തിലൂടെ ഞാന്‍ നേരിട്ട വിഷമങ്ങള്‍ക്ക് നീതി ലഭിക്കുകയാണെങ്കില്‍ അതും സന്തോഷം. തനുശ്രീ പറയുന്നു.

നടിക്കെതിരായി നടന്ന ലൈംഗിക ചൂഷണം വിവാദമായതോടെ നാനാപടേക്കറും ഗണേഷ് ആചാരിയും രാകേഷ് സാരംഗും രംഗത്തെത്തി. തനുശ്രീയുടെ ആരോപണങ്ങളെ അപ്പാടെ ഇവര്‍ തള്ളിക്കളഞ്ഞു. സെറ്റില്‍ ഇരുന്നൂറോളം പേര്‍ ഉള്ളപ്പോള്‍ ഒരു സ്ത്രീക്കെതിരേ ലൈംഗികാതിക്രമം നടത്തി എന്ന ആരോപണം ഉന്നയിക്കുന്നതിലൂടെ നടിയുടെ ഉദ്ദേശ്യം എന്താണെന്ന് അറിയില്ല. എന്നെ മനപ്പൂര്‍വം വ്യക്തിഹത്യ നടത്തുന്ന നടിക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇതായിരുന്നു നാനാ പടേക്കറുടെ പ്രതികരണം.

തനുശ്രീ ആരോപിക്കുന്ന പോലെ സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നു പറഞ്ഞ് ചിത്രത്തിന്റെ നൃത്ത സംവിധായകനായ ഗണേഷ് ആചാരിയും നാനാ പടേക്കറിന് പിന്തുണയുമായി എത്തി. നടിക്ക് എന്തോ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെന്നും ഇത്തരം ആരോപണങ്ങള്‍ ഒന്നും ശരിയല്ലെന്നും ഗണേഷ് പറഞ്ഞു.

ലൈംഗികാരോപണം വെളിപ്പെടുത്തിയതിന് ശേഷം നടിക്കെതിരായ ഗൂഢാലോചനകള്‍ പലതും നടക്കുകയുണ്ടായി. ജനങ്ങളുടെ ശ്രദ്ധ നേടാന്‍ വേണ്ടി തനുശ്രീ ദത്ത ആരോപണങ്ങള്‍ വെറുതെ ഉന്നയിക്കുന്നതാണെന്നും അതെല്ലാം പച്ചക്കള്ളമാണെന്നും പറഞ്ഞു നടിയെ ബോളിവുഡില്‍ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായി. എന്നാല്‍ സംഭവത്തിന് സാക്ഷിയായി ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഒരു മാധ്യമപ്രവര്‍ത്തക കൂടി രംഗത്തുവന്നതോടെ വിവാദം വീണ്ടും ചൂടുപിടിക്കുകയായിരുന്നു.

തുടര്‍ന്ന് സിനിമാ സാഹിത്യ മേഖലകളിലെ നിരവധി പേരാണ് ചൂഷണത്തിനിരയായ നടിക്ക് പിന്തുണയുമായി രംഗത്തു വന്നത്. നാനാ പടേക്കറിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചതിന് പിന്നാലെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിക്കെതിരേയും തനുശ്രീ ദത്ത ആരോപണം ഉന്നയിച്ചു. 2005ല്‍ പുറത്തിറങ്ങിയ ചോക്ലേറ്റ് എന്ന സിനിമയുടെ ചിത്രീകരണവേളയില്‍ വിവേക് അഗ്‌നിഹോത്രി തന്നോട് മോശമായി പെരുമാറാന്‍ ശ്രമിച്ചു എന്നാണ് നടി പറഞ്ഞത്.

''ഇര്‍ഫാന്‍ ഖാന്റെ ക്ലോസപ്പ് രംഗം ചിത്രീകരിക്കുന്നതിനിടെ ആ സീനില്‍ ഇല്ലാതിരുന്നിട്ടും എന്നെ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. ഇര്‍ഫാന്റെ മുഖത്ത് ഭാവങ്ങള്‍ വരുന്നതിന് ഞാന്‍ വസ്ത്രം അഴിച്ച് നൃത്തം ചെയ്യണം എന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. അതെനിക്ക് വല്ലാതെ ഞെട്ടലുണ്ടാക്കി. സത്യത്തില്‍ ഇര്‍ഫാനും സംവിധായകന്റെ നിര്‍ദേശം ഇഷ്ടപ്പെട്ടില്ല. ഭാവം വരാന്‍ നടി നഗ്‌നത കാണിക്കേണ്ടതില്ല, എങ്ങനെ അഭിനയിക്കണമെന്ന് തനിക്കറിയാമെന്ന് അദ്ദേഹം പറയുകയും ചെയ്തു''.

uploads/news/2018/11/266885/CiniStoryCastingCouch16b.jpg

തനുശ്രീയുടെ വാക്കുകള്‍സ്ത്രീകള്‍ക്കെതിരായി നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ സിനിമയില്‍ സ്ഥിരമാണെന്നും അതിനെതിരെ പ്രതികരിക്കുന്നവരെ സിനിമയില്‍ നിന്ന് ഒഴിവാക്കി ഒറ്റപ്പെടുത്തുകയാണെന്നും ആരോപിച്ച് നിരവധിപ്പേര്‍ പിന്നീട് ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചു. ഫോണ്‍ ഒക്കെ പ്ലീസ് എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ കൂടി തനുശ്രീയ്ക്ക് പിന്തുണയുമായി പിന്നീട് രംഗത്തുവന്നു.

സിനിമാമേഖലയിലെ പ്രമുഖരായ വ്യക്തികള്‍ ഒക്കെയും സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും തങ്ങളുടെ പ്രതികരണങ്ങള്‍ അറിയിച്ചതോടെ സംഭവം ബോളിവുഡിനെ പിടിച്ചുലച്ചു. ഇതിനുപിന്നാലെയാണ് അന്ന് നടന്ന സംഭവവികാസങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നിരിക്കുന്നത്. സിനിമാ സെറ്റില്‍ നിന്ന് അസ്വസ്ഥതയോടെ പുറത്തേക്ക് പോകുന്ന തനുശ്രീയുടെ വീഡിയോയും ഒരു സംഘം ആളുകള്‍ നടിയുടെ കാറിനെ ആക്രമിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇതോടെ തനുശ്രീയുടെ ആരോപണങ്ങളൊക്കെ ശരിയാണെന്ന ധാരണയിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്.

സിനിമയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരം തുറന്നുപറച്ചിലുകള്‍ വിരളമാണെങ്കിലും ഇതിനെതിരായ ശക്തമായ നിലപാടുകള്‍ സിനിമയെ സ്‌നേഹിക്കുന്ന യഥാര്‍ത്ഥ സിനിമാപ്രവര്‍ത്തകര്‍ കൈകൊള്ളണം. ബോളിവുഡില്‍ മാത്രമല്ല സകല ഭാഷയിലും ഇത്തരം അനുഭവങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് പലരും രംഗത്ത് വന്നിട്ടുണ്ട്.

മലയാളത്തില്‍ തന്നെ നിരവധി നടിമാര്‍ തങ്ങളുടെ അനുഭവം വെളിപ്പെടുത്തിയിട്ടും അക്രമം നടത്തിയവര്‍ക്കെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സിനിമയില്‍ പേരെടുത്തവരും സിനിമയുടെ പേരില്‍ മുതലെടുപ്പ് നടത്തുന്നവരും സ്ത്രീകളെ ചൂഷണം ചെയ്യുന്ന കാര്യത്തില്‍ പരസ്പരം മത്സരിക്കുകയാണ്. തനുശ്രീ ദത്തയുടെ വെളിപ്പെടുത്തല്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് സിനിമാ മേഖലയില്‍ നിന്ന് തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങളുടെയും ചൂഷണങ്ങളുടെയും തുറന്നുപറച്ചിലുകള്‍ക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കാം.

***(യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി, പ്രമുഖരുടെ സിനിമാനുഭവങ്ങളുടെ പശ്ചത്തലത്തില്‍ ഒരുക്കുന്ന ഈ അന്വേഷണാത്മക പരമ്പരയില്‍ ഉപയോഗിച്ചിരിക്കുന്നത് യഥാര്‍ത്ഥ പേരുകളല്ല. )'

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW