Tuesday, April 23, 2019 Last Updated 5 Min 22 Sec ago English Edition
Todays E paper
Ads by Google
സാമാജികന്‍ സാക്ഷി / ഡോ.എന്‍. ജയരാജ്‌
Thursday 22 Nov 2018 02.17 AM

ജനാധിപത്യത്തിന്റെ റിസര്‍വ്‌ ബാങ്കിന്റെ കരുതല്‍

uploads/news/2018/11/266837/Opinin221118a.jpg

എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയുമെഴുതിയ, 1980-കളിലെ ജനപ്രിയചിത്രമാണു വില്‍ക്കാനുണ്ട്‌ സ്വപ്‌നങ്ങള്‍. അതില്‍ സുകുമാരന്റെ കഥാപാത്രം പറയുന്ന ഒരു വാചകമുണ്ട്‌: ആയിരമുള്ളവന്‍ ധനികന്‍, ലക്ഷമുള്ളവന്‍ പ്രഭു, കോടികളുള്ളവന്‍ ഈശ്വരന്‍. ഞാന്‍ ഈശ്വരനാടാ, ഈശ്വരന്‍. കഥകളില്‍ മാത്രമല്ല, ജീവിതത്തിന്റെ സര്‍വമേഖലകളിലും പണത്തിന്റെ സ്വാധീനം വളരെ വലുതാണ്‌. ഇറ്റലിയിലെ ജൂണോ മൊണീറ്റാ എന്ന ഗ്രീക്ക്‌ ദേവതാക്ഷേത്രത്തില്‍ ആദ്യത്തെ കമ്മട്ടം (പണം അച്ചടിയന്ത്രം) സ്‌ഥാപിച്ചതുമുതല്‍ ഇക്കാലമത്രയും മനുഷ്യജീവിതത്തില്‍ പണം അവിഭാജ്യഘടകമാണ്‌.

1934-ലെ നിയമപ്രകാരം, 1935 ഏപ്രില്‍ ഒന്നിനാണു റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ നിലവില്‍വന്നത്‌. 1949 ജനുവരി ഒന്നിനു പൂര്‍ണമായും ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉടമസ്‌ഥതയിലായ റിസര്‍വ്‌ ബാങ്ക്‌, ദേശീയ സമ്പദ്‌വ്യവസ്‌ഥയെ നിയന്ത്രിക്കാനും പരിഷ്‌കരിക്കാനും ബാധ്യതയുള്ള സ്വയംഭരണസ്‌ഥാപനമാണ്‌. അഞ്ചുവര്‍ഷത്തിനിടെ റിസര്‍വ്‌ ബാങ്ക്‌ കേന്ദ്രസര്‍ക്കാരിനു നല്‍കിയതു 2.5 ലക്ഷം കോടി രൂപയാണ്‌. ഇതു റിസര്‍വ്‌ ബാങ്കിന്റ അതേ കാലയളവിലെ വരുമാനത്തിന്റെ 75% വരും. 2015-16ല്‍ നല്‍കിയ 83% ലാഭവിഹിതമാണ്‌ ഏറ്റവും വലിയതുക. കേന്ദ്രവരുമാനത്തില്‍ റിസര്‍വ്‌ ബാങ്കിന്റെ പങ്ക്‌ എത്ര വലുതാണെന്ന്‌ ഈ കണക്കുകള്‍ വ്യക്‌തമാക്കുന്നു.

കറന്‍സി വിതരണം ക്രമീകരിക്കുകയും സാമ്പത്തികസ്‌ഥിരത ഉറപ്പുവരുത്തുകയും ചെയ്യേണ്ടതു റിസര്‍വ്‌ ബാങ്കാണ്‌. ഇന്ത്യയില്‍ ഒരുരൂപ മുതല്‍ 10,000 രൂപവരെ കറന്‍സികള്‍ ഉപയോഗത്തിലുണ്ടായിരുന്നു. 1938, 1954 വര്‍ഷങ്ങളില്‍ റിസര്‍വ്‌ ബാങ്ക്‌ പതിനായിരത്തിന്റെ നോട്ടുകള്‍ ഇറക്കി. ഇവ യഥാക്രമം 1948-ലും 1978-ലും പിന്‍വലിച്ചു. 2016 നവംബര്‍ എട്ട്‌ അര്‍ധരാത്രിയില്‍ 1000, 500 എന്നീ കറന്‍സികള്‍ പിന്‍വലിച്ചതുള്‍പ്പെടെ റിസര്‍വ്‌ ബാങ്കിന്റെ ചരിത്രം സംഭവബഹുലമാണ്‌. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ നമ്മുടെ സമൂഹം ഏറ്റവും കുറച്ചു ചര്‍ച്ചചെയ്യുന്നതു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്‌ഥയെക്കുറിച്ചാണ്‌. ഇതുമായി ബന്ധപ്പെട്ട പദപ്രയോഗങ്ങള്‍പോലും സാധാരണക്കാര്‍ക്ക്‌ അപരിചിതമാണ്‌.

രാജ്യത്ത്‌ ഇന്നു നടക്കുന്ന ചില പ്രവണതകള്‍ തിരിച്ചറിയാതെ പോകുന്നതും ഗൗരവം കുറച്ചുകാണുന്നതും അപകടകരമാണ്‌. ഏകീകൃതനികുതി (ജി.എസ്‌.ടി) സമ്പ്രദായത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചപ്പോള്‍ കേരളത്തിനും വന്‍പ്രതീക്ഷകളായിരുന്നു. എന്നാല്‍, അതനുസരിച്ചുള്ള വരുമാനവര്‍ധന ഉണ്ടായില്ലെന്നു മാത്രമല്ല, ഫെഡറല്‍ സംവിധാനത്തില്‍ നികുതി പിരിക്കാന്‍ സംസ്‌ഥാനങ്ങള്‍ക്കുള്ള അധികാരങ്ങള്‍ ഇല്ലാതായെന്നും പറയേണ്ടിവരും.

പുതിയ പ്രവണതകള്‍ പല പ്രധാന സ്‌ഥാപനങ്ങളെയും കേന്ദ്രസര്‍ക്കാരിന്റെ കൈപ്പിടിയിലൊതുക്കുന്ന സംവിധാനങ്ങളാക്കി മാറ്റുന്നു. സ്വയംഭരണസ്‌ഥാപനമായിരുന്ന യുജിസിക്ക്‌ പകരം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിച്ച്‌ സര്‍വകലാശാലകള്‍ക്കും കലാശാലകള്‍ക്കും ഫണ്ടുകള്‍ കൈമാറാനുള്ള അധികാരം കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിലേക്കെത്തിച്ചു. കേന്ദ്ര പ്ലാനിങ്‌ കമ്മീഷനു പകരം നിതി ആയോഗ്‌ വന്നു. രാജ്യത്ത്‌ ഏകീകൃത ഡ്രൈവിങ്‌ ലൈസന്‍സും വാഹന രജിസ്‌ട്രേഷനും നടപ്പാക്കാനുള്ള ശ്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്‌. ഇത്തരം നടപടികള്‍ സംസ്‌ഥാനങ്ങളുടെ അധികാരങ്ങള്‍ ഇല്ലാതാകുന്നതോടൊപ്പം ഫെഡറല്‍ സംവിധാനത്തിന്റെ അന്തസത്തതന്നെ ഇല്ലാതാക്കുന്നു.

ഇത്തരത്തില്‍ ധനകാര്യ സംവിധാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കടന്നുകയറ്റം നടത്തുന്നതിന്‌ അവസാനത്തെ ഉദാഹരണമാണ്‌ റിസര്‍വ്‌ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മേല്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചുവരുന്ന സമീപനങ്ങള്‍. ഇതിന്‌ ഒരു പശ്‌ചാത്തലം കൂടിയുണ്ട്‌. അന്തര്‍ദേശീയതലത്തില്‍ നടക്കുന്ന ചില ചര്‍ച്ചകളുടെ പ്രതിഫലനം കൂടിയാണ്‌ ഇവിടെ അരങ്ങേറുന്നത്‌ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്‌ സ്വതന്ത്രമായ ഭരണഘടനാ സ്‌ഥാപനമാണ്‌. യൂറോപ്യന്‍ സാമ്പത്തിക സമൂഹത്തിലെ വ്യവസ്‌ഥയിലെ ആര്‍ട്ടിക്കിള്‍ 108 അടിസ്‌ഥാനപ്പെടുത്തി യൂറോപ്യന്‍ കേന്ദ്ര ബാങ്കിന്‌ എല്ലാ സ്വാതന്ത്ര്യവും സ്വയംഭരണാവകാശങ്ങളും നിഷ്‌കര്‍ഷിച്ചിരിക്കുന്നു. എന്നാല്‍ അതിനെതിരെയുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ ആ സമൂഹത്തില്‍ സജീവമാണ്‌.

നമ്മുടെ റിസര്‍വ്‌ ബാങ്കിന്‌ തുല്യമാണ്‌ അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ്‌. പലിശ വര്‍ധനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അമേരിക്കന്‍ പ്രസിഡണ്ട്‌ ട്രംപ്‌ നീരസം പുറപ്പെടുവിച്ചത്‌ സമീപകാലത്ത്‌ വാര്‍ത്തയായിരുന്നു. സ്വതന്ത്രമായ പ്രവര്‍ത്തനശൈലിയുള്ള ഫെഡറല്‍ റിസര്‍വിനെ നിലക്ക്‌ നിര്‍ത്താനുള്ള ഭരണകൂട ഇടപെടലാണ്‌ ഇവിടെ കാണാന്‍ സാധിക്കുന്നത്‌. ഇതിന്റെയൊക്കെ ചുവടുപിടിച്ചാണ്‌ ഇന്ത്യയിലും റിസര്‍വ്‌ ബാങ്കിന്റെ അധികാരങ്ങളിലും സ്വയംഭരണത്തിലുമുള്ള കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ എന്നനുമാനിക്കാം.

റിസര്‍വ്‌ ബാങ്കും കേന്ദ്ര സര്‍ക്കാരുമായുള്ള സ്വരചേര്‍ച്ചയില്ലായ്‌മക്ക്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. ആദ്യ ഗവര്‍ണര്‍ ഓസ്‌ബോണ്‍ സ്‌മിത്തും അന്നത്തെ ബ്രിട്ടീഷ്‌ സര്‍ക്കാറുമായി പല സന്ദര്‍ഭങ്ങളിലും അഭിപ്രായ ഭിന്നത ഉണ്ടായിട്ടുണ്ട്‌. നെഹ്രു മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്ന ടി. ടി. കൃഷ്‌ണമാചാരിയും അന്നത്തെ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ ബനഗല്‍ രാമറാവുമായി കടുത്ത അഭിപ്രായവ്യത്യാസം പല കാര്യങ്ങളിലുമുണ്ടായിരുന്നു. വി. വി. റെഡ്‌ഡി ഗവര്‍ണറായിരുന്ന കാലത്താണ്‌ 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്‌.

അതിനെ നല്ല നിലയില്‍ തരണം ചെയ്‌ത വ്യക്‌തിയായിരുന്ന അദ്ദേഹം. റിസര്‍വ്‌ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളിലുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക്‌ അനുകൂലമായ നിലപാടുകളായിരുന്നു അദ്ദേഹത്തിന്റേത്‌. അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇതാണ്‌ ഓര്‍മ്മിപ്പിക്കുന്നത്‌ ദേര്‍ ഈസ്‌ നോ സച്ച്‌ തിങ്‌ ആസ്‌ ബ്ലാങ്കറ്റ്‌ ഇന്‍ഡിപെന്റന്‍സ്‌. റിപ്പോ നിരക്കുമായി ബന്ധപ്പെട്ട്‌ റിപ്പോ നിരക്കില്‍ മാറ്റം വരുത്താന്‍ റിസര്‍വ്‌ ബാങ്ക്‌ തയാറാകാതിരുന്നത്‌ അന്നത്തെ ധനമന്ത്രി ചിദംബരത്തെ ഏറെ ചൊടിപ്പിച്ചതാണ്‌. ചുരുക്കത്തില്‍ കാലാകാലങ്ങളില്‍ കേന്ദ്ര ധനകാര്യ വകുപ്പും കേന്ദ്ര സര്‍ക്കാരുകളും റിസര്‍വ്‌ ബാങ്കിനെ വരുതിയില്‍ നിര്‍ത്താന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്‌.

ഇപ്പോഴത്തെ പ്രതിസന്ധിക്ക്‌ പ്രധാന കാരണം പ്രോംപ്‌റ്റ്‌ കറക്‌ടീവ്‌ ആക്ഷന്‍ എന്ന പേരില്‍ റിസര്‍വ്‌ ബാങ്ക്‌ കഴിഞ്ഞ ഫെബ്രുവരിയില്‍ കൊണ്ടുവന്ന ചട്ടക്കൂടാണ്‌. നിഷ്‌ക്രിയ ആസ്‌തിയുള്ള ബാങ്കുകള്‍ക്ക്‌ വായ്‌പാ വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട്‌ ബാങ്കിങ്‌ മേഖലയിലെ തകര്‍ച്ചയില്‍ നിന്ന്‌ അവയെ സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായിരുന്നു ഇതില്‍ പ്രധാനം. അതോടൊപ്പം റിസര്‍വ്‌ ബാങ്ക്‌ സൂക്ഷിക്കുന്ന കരുതല്‍ ശേഖരത്തിലെ നിശ്‌ചിത ശതമാനത്തിനപ്പുറത്ത്‌ മുഴുവന്‍ തുകയും കേന്ദ്ര സര്‍ക്കാരിന്‌ കൈമാറണമെന്ന നിലപാടാണ്‌ രണ്ടാമത്തേത്‌. ഇത്‌ പ്രകാരം നിലവിലെ റിസര്‍വ്‌ ബാങ്ക്‌ കരുതല്‍ ശേഖരത്തില്‍ നിന്ന്‌ 3.6 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന്‌ കൈമാറണമെന്നതാണ്‌ സര്‍ക്കാര്‍ നിലപാട്‌.

ത്വരിത തിരുത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 11 പൊതുമേഖലാ ബാങ്കുകള്‍ക്കേര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കുറയ്‌ക്കണമെന്നതാണ്‌ മറ്റൊരു നിര്‍ദേശം. ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്‌പയില്‍ ഉദാര സമീപനം വേണം. ഇപ്പോള്‍ വായ്‌പയിലെ നഷ്‌ട സാധ്യത കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണം. ബാങ്കിങ്‌ ഇതര ധനകാര്യ സ്‌ഥാപനങ്ങള്‍ക്ക്‌ കൂടുതല്‍ വായ്‌പ ലഭ്യമാക്കണമെന്നിവയാണ്‌ കേന്ദ്ര സര്‍ക്കാര്‍ ആവശ്യങ്ങള്‍.

ഇവിടെ പ്രധാനപ്പെട്ട കാര്യം ഈ പറയുന്ന ചെറുകിട വ്യവസായങ്ങളെയും ബാങ്കിങ്‌ ഇതര സ്‌ഥാപനങ്ങളുടെയും വന്‍കിട ബാങ്കുകളുടെയും പ്രവര്‍ത്തനങ്ങളിലെ തകരാറുകള്‍ റിസര്‍വ്‌ ബാങ്കിന്റെ കുഴപ്പം കൊണ്ടല്ല. സര്‍ക്കാരിന്റെ നിലപാടുകളും നയങ്ങളുമാണ്‌ പ്രധാന കാരണം.
റിസര്‍വ്‌ ബാങ്കിന്റെ കൈവശമുള്ള കരുതല്‍ ധനം മൂന്ന്‌ തരം ഘട്ടങ്ങളില്‍ നിന്ന്‌ ലഭിക്കുന്നതാണ്‌. അവ രാജ്യത്തെ മൊത്തം കറന്‍സി, റിസര്‍വ്‌ ബാങ്കില്‍ മറ്റു ബാങ്കുകള്‍ക്കുള്ള നിക്ഷേപം, മറ്റ്‌ നിക്ഷേപം എന്നിവയാണവ. റിസര്‍വ്‌ ബാങ്കിന്റെ നാണയപരമായ നയങ്ങളില്‍ ഏറ്റവു കൂടുതല്‍ സ്വാധീനം ചെലുത്തുന്നത്‌ കരുതല്‍ ധനമാണ്‌.

ജനങ്ങളുടെ കൈവശമുള്ള ആകെ പണത്തിന്റെ അളവുമായി ബന്ധപ്പെട്ടതാകയാല്‍ കരുതല്‍ ധനമാണ്‌ നമ്മുടെ ലിക്വിഡിറ്റിയെയും വിലനിലവാരത്തെയും ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്‌. പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതില്‍ ഇതിനുള്ള പ്രാധാന്യം അതാണ്‌. റിസര്‍വ്‌ ബാങ്കിന്റെ കൈവശം മൂലധന കരുതലായി 28 ശതമാനം അഥവാ 9.5 ലക്ഷം കോടി രൂപയാണുള്ളത്‌. മുന്‍പ്‌ സൂചിപ്പിച്ച ലാഭത്തിന്റെ ഒരു ഭാഗം കേന്ദ്ര സര്‍ക്കാരിനായിരുന്നു. ഇപ്പോഴത്തെ പ്രശ്‌നം ഇത്‌ സമ്പൂര്‍ണമായി കേന്ദ്രത്തിന്‌ കൈമാറണമെന്നതായിരുന്നു. കേവലമായ ഫണ്ട്‌ കൈമാറ്റത്തിനപ്പുറത്ത്‌ ഇത്‌ റിസര്‍വ്‌ ബാങ്കിന്റെ സ്വാതന്ത്ര്യത്തിന്റെയും സ്വയംഭരണാവകാശത്തിന്റെയും വിഷയം കൂടിയാകുന്നു.

കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ ബാങ്കുകളുടെ വായ്‌പകളുമായി ബന്ധപ്പെട്ടും മറ്റ്‌ ബാങ്കിങ്ങേതര സ്‌ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും സംഭവിച്ച നഷ്‌ടങ്ങള്‍ക്കും തെറ്റുകള്‍ക്കും റിസര്‍വ്‌ ബാങ്ക്‌ പ്രായശ്‌ചിത്തം ചെയ്യണമെന്ന നിലപാട്‌ നമ്മുടെ ധനകാര്യ കമ്പോളങ്ങളില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചേക്കാം.
റിസര്‍വ്‌ ബാങ്ക്‌ നിയമത്തിലെ സെക്ഷന്‍ 7 ഉപയോഗിച്ച്‌ കേന്ദ്ര സര്‍ക്കാരിന്‌ ഇടപെടാനാകുമെങ്കിലും ഇത്തരം നീക്കങ്ങള്‍ പൊതുവേ സ്വാഗതം ചെയ്യപ്പെടാറില്ല.

ശിക്ഷണനടപടികള്‍ നേരിടുന്ന ബാങ്കുകളുടെ പ്രത്യേകിച്ച്‌ നിഷ്‌ക്രിയ ആസ്‌തികള്‍ പെരുകിയ ബാങ്കുകളില്‍ നിന്ന്‌ വായ്‌പ അനുവദിക്കാന്‍ കഴിയാതെ വരുമ്പോള്‍ കൂടുതല്‍ പദ്ധതികള്‍ക്ക്‌ പണം ലഭിക്കാതെ വരുമെന്ന ആശങ്കയാണ്‌ സര്‍ക്കാരിനുള്ളത്‌.

പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പ്‌ പടി കടന്നുവരുമ്പോള്‍ ഇത്തരം നീക്കങ്ങള്‍ക്ക്‌ ഒരു രാഷ്ര്‌ടീയ പശ്‌ചാത്തലവുമുണ്ട്‌. വരും നാളുകളില്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ്‌ ബാങ്കും സ്വീകരിക്കുന്ന നിലപാടുകള്‍ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്‌ഥയില്‍ നിര്‍ണായകമാകാം.

നമ്മുടെ ഭരണഘടന നല്‍കിയിട്ടുള്ള സ്വതന്ത്രമായ അധികാരങ്ങള്‍ പാരസ്‌പര്യത്തോടെയും പരസ്‌പര ബഹുമാനത്തോടെയും നിര്‍വഹിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക്‌ ഉത്തരവാദിത്തമുണ്ട്‌. അധികാരങ്ങള്‍ കവര്‍ന്നെടുക്കാന്‍ കഴിഞ്ഞേക്കാം, പക്ഷേ പരസ്‌പരപൂരകങ്ങളായ ഭരണഘടനാ സ്‌ഥാപനങ്ങളുടെ വിശ്വാസ്യതയുടെയും പ്രവര്‍ത്തനങ്ങളുടെയും മുകളില്‍ കരിനിഴല്‍ വീഴ്‌ത്താനുള്ള എല്ലാ ശ്രമങ്ങളെയും ജനാധിപത്യ വിരുദ്ധമായ നിലപാടുകളായേ കാണാന്‍ കഴിയൂ.

Ads by Google
Ads by Google
Loading...
TRENDING NOW