Tuesday, May 21, 2019 Last Updated 58 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Nov 2018 04.27 PM

പഠിച്ചതെല്ലാം മറന്നുപോകുമ്പോള്‍

''പഠിപ്പിക്കുന്ന പാഠങ്ങള്‍ കുറച്ചു ഭാഗം മാത്രം ശ്രദ്ധിക്കുകയോ, ആ ഭാഗങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള കാര്യങ്ങളുമായി ബന്ധപ്പെടുത്തി ചിന്തിക്കാത്തതും മറവിക്ക് ആക്കം കൂട്ടും''
uploads/news/2018/11/266656/memorylossforstudy211118.jpg

'പാഠഭാഗങ്ങള്‍ മറന്നു പോകുക, ഹോം വര്‍ക്കുകള്‍ മറന്നു പോവുക' ഇവയൊക്കെ സ്‌കൂള്‍കുട്ടികളുടെ പതിവ് പല്ലവിയാണ്. അശ്രദ്ധയോടെ പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് പലപ്പോഴും ഓര്‍മ്മക്കുറവിന് കാരണം.

'ശ്രദ്ധാവൈകല്യമുള്ള കുട്ടികള്‍ കേട്ട കാര്യങ്ങള്‍ ആ ദിവസം തന്നെ മറന്ന് പോകും. പഠിപ്പിക്കുന്ന പാഠങ്ങള്‍ കുറച്ചു ഭാഗം മാത്രം ശ്രദ്ധിക്കുകയോ, ആ ഭാഗങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള കാര്യങ്ങളുമായി ബന്ധപ്പെടുത്തി ചിന്തിക്കാത്തതും മറവിക്ക് ആക്കം കൂട്ടും. മുന്‍വര്‍ഷങ്ങളിലെ ക്ലാസുകളില്‍ പഠിച്ചതിന്റെ തുടര്‍ച്ചയാണ് മുന്നോട്ടുള്ള ഓരോ ക്ലാസിലും പഠിക്കുന്നത്.

മറവി മനുഷ്യസഹജം


ഒരു പരിധി വരെ ആരോഗ്യകരമായ മനസിന്റെ ലക്ഷണവുമാണ് മറവി. മരണം വേദാനാജനകമാണെങ്കിലും ആരും ഒരിക്കലും മരിക്കാത്ത അവസ്ഥ ഭീതിജനകമാണ്. അതുപോലെ ജീവിത സായാഹ്‌നത്തിലെത്തിയിട്ടും ഗതകാലാനുഭവങ്ങള്‍ മറക്കാനാവാത്ത അവസ്ഥ ദയനീയമാണ്. എന്നാല്‍ ദൈനംദിനജീവിതത്തിന്റെ സമസ്ത മേഖലകളെയും ഒരുപോലെ ബാധിക്കുന്ന ഓര്‍മ്മക്കുറവ് തീര്‍ത്തും വ്യത്യസ്തമായ മാനുഷികാവസ്ഥയാണ്.

പ്രത്യേകിച്ച് സ്‌കൂള്‍ കുട്ടികളില്‍. കണ്ടും കേട്ടും വായിച്ചും ഗ്രഹിക്കുന്ന വസ്തുതകള്‍ മസ്തിഷ്‌കത്തിനുള്ളില്‍ രാസസന്ദേശങ്ങളായി മാറ്റുകയും ശേഖരിക്കപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് ഓര്‍മ്മ. എന്തെങ്കിലുമൊരുകാര്യം ഓര്‍ത്തെടുക്കുമ്പോള്‍ എന്‍കോഡു ചെയ്യപ്പെട്ടിരിക്കുന്ന വസ്തുതകള്‍ നമ്മുടെ ബോധമനസിലേക്ക് തിരികെയെത്തുന്നു.

കുട്ടികളില്‍ സംഭവിക്കുന്നത്


ആവര്‍ത്തിച്ചു പഠിക്കുമ്പോള്‍ താല്‍കാലിക ഓര്‍മ്മയില്‍ സൂക്ഷിക്കപ്പെടുന്ന കാര്യങ്ങള്‍ ദീര്‍ഘകാല ഓര്‍മ്മയിലേക്കു മാറ്റുവാന്‍ കഴിയും. 'പഠനവും പരീക്ഷയും മത്‌സരമായി മാത്രം കാണുമ്പോള്‍ അധ്വാനത്തിനു പകരം കടുത്ത മാനസിക സമ്മര്‍ദമാണ് ഉണ്ടാകുന്നത്. വര്‍ക്കിംങ്ങ് മെമ്മറി കൃത്യമല്ലെങ്കിലും ബുദ്ധിമുട്ടുണ്ടാകാം.

ഉദാഹരണത്തിന് കണക്ക് ചെയ്യുമ്പോള്‍ ആ കണക്ക് ഓര്‍ക്കുന്നതോടൊപ്പം ഓരോ ഗണിത ക്രിയകളുംമുന്‍ഗണനാക്രമത്തില്‍ദീര്‍ഘകാല ഓര്‍മ്മയില്‍ നിന്നും തിരികെ കൊണ്ടുവരാന്‍ കുട്ടിക്ക് കഴിയണം. എഡിഎച്ച്ഡി, ലേണിംഗ് ഡിസോഡര്‍ തുടങ്ങിയവ ഉള്ള കുട്ടികള്‍ക്ക് ഇത് ബുദ്ധിമുട്ടാണ്.

രസകരങ്ങളായ ആവര്‍ത്തന പരിശീലനങ്ങള്‍, ആരോഗ്യകരമായ കേട്ടെഴുത്ത് പരീക്ഷകള്‍ തുടങ്ങിയവ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ നല്ലതാണ്. പഠനവൈകല്യങ്ങളുള്ള കുട്ടികളുടെ കുറവുകള്‍ തിരിച്ചറിഞ്ഞ് പരിഹാരമാര്‍ഗങ്ങള്‍ അവലംബിക്കണം.എഴുതുവാനോ വായിക്കുവാനോ ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് പടങ്ങളും വിഡിയോ സി.ഡികളും ഉപയോഗിക്കാം.

ഓര്‍മ്മ വീണ്ടെടുക്കാം


പാഠഭാഗങ്ങളുടെ ചെറിയ നോട്ട്‌സ് തയാറാക്കി പഠിക്കുന്നതും സ്വയം അധ്യാപകരായി പഠിക്കുന്നതുംനല്ലതു തന്നെ. പരീക്ഷാകാലത്ത് മാത്രമല്ല മറ്റു ദിവസങ്ങളിലും ഓരോ ബുക്കിലേയും പേജുകള്‍ ആദ്യാവസാനം മറിച്ചുനോക്കുന്നതും നല്ലതാണ്.

പുസ്തകങ്ങളും മറ്റും ചിട്ടയായി അടുക്കി വയ്ക്കുക, സ്‌കൂളില്‍ കൊണ്ടുപോകുന്ന വസ്തുക്കള്‍ കൃത്യമായി തിരികെ കൊണ്ടു വരുന്നുണ്ടോയെന്ന് ദിവസവും സ്വയം പരിശോധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഓര്‍മ്മയും അടുക്കും ചിട്ടയും സ്വായക്തമാക്കാന്‍ സഹായിക്കും.

uploads/news/2018/11/266656/memorylossforstudy211118a.jpg

1. ചെറിയ ഗ്രൂപ്പുകളായി കാര്യങ്ങള്‍ പഠിപ്പിക്കുക. ഉദാഹരണത്തിന് ഓര്‍ത്തെടുക്കാന്‍ പ്രയാസമുള്ള വാക്കുകള്‍മൂന്നോ നാലോ അക്ഷരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അര്‍ത്ഥവത്തായ ചെറിയ കാര്യങ്ങളാക്കി മാറ്റുക.
2. വാരിവലിച്ചു പഠിക്കാതെ ഒരു സമയത്ത് ഒരു വിഷയം മാത്രം പഠിക്കുക. കൂടുതല്‍ ബുദ്ധിമുട്ടുംഓര്‍മ്മക്കുറവും ഉള്ള വിഷയങ്ങള്‍ ഉന്മേഷമുള്ള സമയത്ത് പഠിക്കുക.

3. പാഠ്യവിഷയങ്ങളോടു മതിപ്പു തോന്നുന്ന പഠനമാര്‍ഗങ്ങള്‍ സ്വീകരിക്കുക. ഏതെങ്കിലും വിഷയത്തോടോ അധ്യാപകരോടോ തോന്നുന്ന ഇഷ്ടക്കേടുകള്‍ പഠനത്തെ ബാധിക്കാം.
4. ഏകാഗ്രത വര്‍ധിപ്പിക്കാനുതകുന്ന പദപ്രശ്‌നങ്ങള്‍, ചെസ്, സുഡോക്കു തുടങ്ങിയവ ശീലിപ്പിക്കുക.

5. അയണ്‍, സിങ്ക്, വൈറ്റമിന്‍ ബി12 തുടങ്ങിയവയുടെ അപര്യാപ്തത ഓര്‍മ്മക്കുറവിനും ഏകാഗ്രത കുറയുന്നതിനും കാരണമാകാം. ഭക്ഷണത്തില്‍ ഇലക്കറികള്‍, മത്‌സ്യമാംസാദികള്‍ എന്നിവ കൂടുതലായി ഉള്‍പ്പെടുത്തുക.
6. പ്രാര്‍ത്ഥന,ആവശ്യത്തിന്നുള്ള ഉറക്കം, വിശ്രമം, വിനോദം എന്നിവ ദിനചര്യയുടെ ഭാഗമാക്കുക.

7. സ്‌നേഹവും സന്തോഷവും നിറഞ്ഞ കുടുംബാന്തരീക്ഷം ഓര്‍മ്മ സജീവമാക്കും.
8. ഏത് പ്രയാസമുള്ള വിഷയത്തിലും സ്വന്തം ഇഷ്ടങ്ങളും താല്‍പ്പര്യങ്ങളും ഉള്‍പ്പെടുത്തിയാല്‍, ആ കാര്യങ്ങള്‍ ദീര്‍ഘകാലം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയും.

9. തീവ്രമായ ആഗ്രഹവും പരിശ്രമവും പരിശീലനവും ഏതൊരു ആരോഗ്യമുള്ള വ്യക്തിയേയും കൂര്‍മമായ ഓര്‍മ്മശക്തിക്ക് ഉടമയാക്കും. പലതരത്തിലുള്ള ഓര്‍മ്മവിദ്യകള്‍ പ്രചാരത്തിലുണ്ടെങ്കിലും എല്ലാത്തിനും പിന്നിലെ രഹസ്യമെന്നു പറയുന്നത് ഓര്‍മ്മയുടെ ക്രമീകരണമാണ്.
10. അറിവുകളെ ചങ്ങലയിലെ കണ്ണികള്‍പോലെ കോര്‍ത്തെടുക്കാന്‍ കഴിയണം. ഒന്നിന് മറ്റ് പലതുമായി ബന്ധമുണ്ട്. ഇങ്ങനെ ബന്ധങ്ങള്‍ ഉപയോഗിച്ച് പല രീതികളും ശീലിക്കാം.

11. വായിക്കുന്ന കാര്യങ്ങളെ കാഴ്ചയായി മാത്രമല്ല, കേള്‍വിയായും സ്പര്‍ശനമായും അറിവിന്റെ സുഗന്ധമായും അനുഭവിക്കാന്‍ കഴിയണം. പഞ്ചേന്ദ്രിയങ്ങളിലെല്ലാം രേഖപ്പെടുത്തല്‍ നടക്കണം.
12. ഓര്‍മ്മകള്‍ ചിന്തയുടെ കാതലാണ്. തിരിച്ചു മറിച്ചും ഗുണിച്ചുംഹരിച്ചും എന്നതുപോലെ ഒഴിവുവേളകള്‍ ചിന്തകളാല്‍ നിറയ്ക്കുക. പരീക്ഷാക്കാലത്ത് പഠിച്ചത് മാത്രം ചിന്തിക്കുക.

വിദ്യാര്‍ഥികള്‍ക്ക് ആശങ്കയുടെയും മാനസിക പിരിമുറുക്കത്തിന്റെയും കാലമാണ് പരീക്ഷക്കാലം. ശാരീരികവും മാനസികവുമായ ഊര്‍ജ്ജം സ്വായത്തമാക്കേണ്ട സമയമാണ് പരീക്ഷയുടെ ദിനങ്ങള്‍. മാസങ്ങളോളം പഠിച്ച് മനസിലാക്കിയ കാര്യങ്ങള്‍ ക്ലിപ്ത സമയത്തിനുള്ളില്‍ എഴുതി അവതരിപ്പിച്ച് അറിവു തെളിയിക്കുന്ന പ്രത്യേക സംവിധാനമെന്ന് പരീക്ഷയെ നിര്‍വചിക്കാം. ശരീരത്തിനും മനസിനും കുളിര്‍മയും പ്രസരിപ്പും നല്‍കി, മാനസിക സമ്മര്‍ദം ഇല്ലാതാക്കി ബുദ്ധിയും ഏകാഗ്രതയും വര്‍ധിപ്പിച്ച് പഠനശേഷി മെച്ചപ്പെടുത്തണം.

കടപ്പാട്:
ഡോ. നിര്‍മ്മല ഡെനിസ,്തൃശൂര്‍

Ads by Google
Wednesday 21 Nov 2018 04.27 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW