Wednesday, November 21, 2018 Last Updated 2 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Nov 2018 11.28 AM

പൂക്കാമരം ഇനി പൂമരം

ഗായിക വൈക്കം വിജയലക്ഷ്മിയുടെ സ്വപ്‌നങ്ങള്‍ക്ക് നിറപ്പകിട്ടു നല്‍കാന്‍ ഇനി മിമിക്രി കലാകാരന്‍ അനൂപുണ്ട്. വൈക്കം മഹാദേവ ക്ഷേത്ര സന്നിധിയില്‍ വിവാഹിതരായ ഇരുവരുടെയും വിശേഷങ്ങള്‍...
uploads/news/2018/11/266588/Weeklyvikamviji2111118a.jpg

വിജയദശമിയുടെ ആഘോഷങ്ങള്‍ കഴിഞ്ഞിട്ടേയുള്ളൂ...
അഷ്ടമി ഒരുക്കങ്ങളുടെ കോപ്പുതൂക്കി യ വൈക്കം മഹാദേവ സന്നിധി. രാത്രി പെയ്തുതോര്‍ന്ന മഴയാകാശത്തുനിന്നും നവരത്‌നശോഭയോടെ സൂര്യന്‍ പടിയിറങ്ങിവന്നു.

പടിയാറും കടന്നു ചെല്ലുമ്പോള്‍ ദര്‍ശനദാതാവാകുന്ന ഭഗവാന്റെ തിരുനടയില്‍ അവര്‍ നിന്നു... വിജി എന്നു വിളിപ്പേരുള്ള വൈക്കത്തിന്റെ വാനമ്പാടി വൈക്കം വിജയലക്ഷ്മിയും മിമിക്രി കലാകാരന്‍ കൂടിയായ പ്രതിശ്രുത വരന്‍ അനൂപും.

പൂക്കാമരത്തിന്റെ ചില്ലകളിളക്കി ഒരു കാറ്റ് പാട്ടും മൂളി കടന്നുപോയി... മകരക്കൂറില്‍ ജനിച്ച ഉത്രാടക്കാരിക്ക് മിന്നുകെട്ടാന്‍ നേരമായി.
കിഴക്കേനടയില്‍ പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തില്‍ സുവര്‍ണശോഭയുള്ള പട്ടുസാരിയുടുത്ത് വിജി ഇരുന്നു. വെളുത്ത മുണ്ടും ഷര്‍ട്ടുമായിരുന്നു അനൂപിന്റെ വേഷം.

ഭഗവാന്റെ തിരുസന്നിധിയില്‍ പൂജിച്ചു കൊണ്ടുവന്ന താലി കീഴ്ശാന്തി അനൂപിനു കൈമാറി. 10.50-നും പതിനൊന്നിനുമിടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ വായ്ത്താരികളുടെയും നാമജപമന്ത്രങ്ങളുടെയും പശ്ചാത്തലത്തില്‍ അനൂപ് ഡോക്ടര്‍ വിജയലക്ഷ്മിയുടെ കഴുത്തില്‍ മിന്നുചാര്‍ത്തി.

തുടര്‍ന്ന് ഇരുവരും ഭഗവാന്റെ ഇഷ്ടഹാരമായ കൂവളത്തിലമാല പരസ്പരം ചാര്‍ത്തി. നേദിച്ച സിന്ദൂരം അനൂപ് വിജിയുടെ സീമന്തത്തില്‍ തൊട്ടതോടെ അച്ഛന്‍ മുരളീധരന്‍ വിജിയുടെ കരംപിടിച്ച് അനൂപിന്റെ കരങ്ങളില്‍ വച്ചു.

ആനന്ദക്കണ്ണീരോടെ അമ്മ വിമല വധൂവരന്മാര്‍ക്ക് മധുരം നല്‍കിയതോടെ വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയായി.
പൂക്കാമരം വിജയലക്ഷ്മി എന്ന പൂമരമായി. ഇനി ആ പൂമരത്തളിരിലെ സംഗീതസപര്യകളില്‍ മൂളിപ്പാട്ടുമായി പു ലിയന്നൂര്‍ കൊച്ചൊഴുകയില്‍ അനൂപും വിജിക്കൊപ്പമുണ്ടാകും.

വൈക്കത്തിന്റെ ആകാശങ്ങള്‍ക്ക് ചിരപരിചിതമായ ഹിന്ദോളരാഗത്തിന്റെ സ്വച്ഛതയില്‍ ലയിച്ച് പുരുഷാരം ചടങ്ങുകള്‍ക്കു സാക്ഷ്യം വഹിച്ചു. ഹിന്ദോളത്തിന്റെ ഇഷ്ടക്കാരിയുടെ കൈപിടിച്ച് അനൂപ് ശ്രീകോവിലിന് ഒരര്‍ദ്ധപ്രദക്ഷിണം വച്ചു.

അനൂപ് ഒളികണ്ണാല്‍ വിജിയുടെ മുഖത്തേക്കു നോക്കി. ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലിന്റെ ആനന്ദം, അതിന്റെ വശ്യത... വധൂവരന്മാര്‍ നേരെ വിജയലക്ഷ്മിയുടെ കുടുംബക്ഷേത്രമായ ഉദയനാപുരത്തെ നാഗചാമുണ്ഡേശ്വരി ക്ഷേത്രസന്നിധിയിലേക്ക്.

ക്ഷേത്രസമുച്ചയം നിലനില്‍ക്കുന്ന ആ തറവാട്ടുവീട്ടിലാണ് ഒരു വിജയദശമി ദിനത്തില്‍ വിജി ജനിച്ചത്. ഇപ്പോള്‍ ആ കഥകളൊക്കെ അനൂപിനും അറിയാം. അതാണ് വിജയലക്ഷ്മിയുടെ ആശ്വാസവും.

വൈക്കത്തിന്റെ വാനമ്പാടിക്ക് ഇന്നൊരു വിലാസമുണ്ട് . മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിദ്ധ്യവുമാണ്. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങള്‍. അമേരിക്കന്‍ സര്‍വ്വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ്.

പക്ഷേ ഈ അംഗീകാരങ്ങള്‍ക്കെല്ലാം അപ്പുറമുള്ള ഒരു വിജിയെ അനൂപിന് അറിയാം. ആ അറിവാണ് ആത്മവിശ്വാസത്തോടെ അനൂപിനൊപ്പമുള്ള ഒരു ജീവിതത്തിലേക്ക് തന്നെ ആകര്‍ഷിച്ചതെന്ന് ഈ ഗായിക ഓര്‍മ്മിപ്പിക്കുന്നു.

വൈക്കത്തെ ഒരു സാധാരണ വീട്ടിലാണ് വിജയലക്ഷ്മി ജനിച്ചത്. മുരളീധരന്‍-വിമല ദമ്പതിമാരുടെ ഏക മകള്‍. മദിരാശിയിലെ ഒരു ഇലക്‌ട്രോണിക്‌സ് കടയിലെ ജീവനക്കാരനായിരുന്നു മുരളി. മകള്‍ക്ക് വ്യക്തമായ കാഴ്ചയില്ലെന്ന് അറിഞ്ഞതോടെ തീരാദുഃഖത്തിലായി രക്ഷിതാക്കള്‍.

പച്ചച്ചാണകംകൊണ്ട് കളമെഴുതി കോലമിട്ട ഇടുങ്ങിയ തെരുവിലെ കുഞ്ഞുവീട്ടിലിരുന്ന് കേട്ടുപഠിച്ച എം.എസ്. വിശ്വനാഥിന്റെയും ഇളയരാജയുടെയും സംഗീതം കുഞ്ഞുവിജിയിലെ സംഗീതത്തെ ഉണര്‍ത്തി. മാനസഗുരുവായി ദാസേട്ടനെ പ്രതിഷ്ഠിച്ച് ആറുവയസില്‍ നൂറോളം രാഗങ്ങള്‍ ആ കൊച്ചുമിടുക്കി ഹൃദിസ്ഥമാക്കി.

സംഗീതജ്ഞന്‍ കൂടിയായ അച്ഛന്റെ സഹായത്താല്‍ വികസിപ്പിച്ചെടുത്ത ഒറ്റക്കമ്പി വീണയാണ് സംഗീതലോകത്ത് വിജയലക്ഷ്മിക്ക് വേറിട്ട ഒരു വിലാസം നേടിക്കൊടുത്തത്. ഒറ്റക്കമ്പി വീണയില്‍ വിജി തീര്‍ത്ത രാഗവിസ്മയങ്ങള്‍ കണ്ട് കര്‍ണ്ണാടക സംഗീതത്തിന്റെ കുലപതി കുന്നക്കുടി വൈദ്യനാഥ ഭാഗവതര്‍ ആശ്ചര്യപ്പെട്ടു. ആ സംഗീത ഉപകരണത്തിന് അദ്ദേഹം ഗായത്രിവീണ എന്ന പേര് നിര്‍ദ്ദേശിക്കുകയും ചെയ്തു.

ചെന്നൈ, തഞ്ചാവൂര്‍, ബോംബെ, കോയമ്പത്തൂര്‍, മധുരൈ തുടങ്ങി രാജ്യത്തെ പ്രമുഖ സംഗീതസഭകളിലെല്ലാം വിജി പാടിക്കഴിഞ്ഞു. ചെമ്പൈ സംഗീതോത്സവത്തിലും സൂര്യ സംഗീതോത്സവത്തിലും ക്ഷണിതാവുമാണ് ഈ വൈക്കംകാരി.

സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ 2011-ലായിരുന്നു വിജയലക്ഷ്മിയുടെ സിനിമയിലെ അരങ്ങേറ്റം. മുപ്പതോളം പാട്ടുകളിലായി പത്തോളം പുരസ്‌കാരം നേടിയ അപൂര്‍വം പാട്ടുകാരില്‍ ഒരാളാണ് വിജയലക്ഷ്മി.

ആലാപനത്തിന്റെ പ്രത്യേകത കൊണ്ട് സംഗീതലോകത്ത് ഇടം നേടിയ വിജി, ജനഹൃദയങ്ങളില്‍ സ്‌നേഹവും കണ്ണീരും കൊണ്ട് അടയാളപ്പെടുത്തലുകള്‍ നടത്തി.

കാഴ്ചയുടെ ലോകത്തിലേക്ക് നടക്കുക എന്ന വിജയലക്ഷ്മിയുടെ ചിരകാല സ്വപ്‌നത്തിന് കൈപിടിക്കാന്‍ ഇനി അനുപുമുണ്ട്.
അടുത്തവര്‍ഷം കണ്ണിന്റെ ചികിത്സകള്‍ക്കായി അമേരിക്കയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് വിജയലക്ഷ്മിയും അനൂപും.

തയ്യാറാക്കിയത്: സുരേഷ് കൃഷ്ണന്‍
ഫോട്ടോ: റോഷന്‍ ഉദയനാപുരം,
കലേഷ് വൈക്കം

Ads by Google
Ads by Google
Loading...
TRENDING NOW