Wednesday, November 21, 2018 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
പോള്‍ സി. ജേക്കബ്
Wednesday 21 Nov 2018 11.08 AM

മൂന്നാര്‍ മലനിരകളെ വെല്ലുന്ന കോട്ടപ്പാറയിലെ കോടമഞ്ഞ്; സഞ്ചാരികള്‍ക്ക് നിത്യവിസ്മയം

പ്രഭാതത്തിലേയും സായാഹ്‌നത്തിലേയും കോടമഞ്ഞാണ് ഈ പ്രദേശത്തെ വ്യത്യസ്തമാക്കുന്നത്. മൂന്നാര്‍ മലനിരകളെ വെല്ലുന്നതാണ് കോട്ടപ്പാറയിലെ കോടമഞ്ഞ്. സദാ ഇളം കാറ്റും ഒഴുകിയെത്തുന്ന കോടമഞ്ഞും ഇവിടെയെത്തുന്നവര്‍ക്ക് നവ്യാനുഭവം പകരുന്നു.
Kottappara - travel

പോത്താനിക്കാട്: വിനോദ സഞ്ചാരമേഖലയില്‍ ഒട്ടൊന്നും ഖ്യാതി നേടാത്ത കോട്ടപ്പാറയുടെ വശ്യ സൗന്ദര്യം കേട്ടറിഞ്ഞതോടെ വിനോദ സഞ്ചാരികളുടെ പ്രവാഹം.

എറണാകുളം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പ്രദേശത്താണ് മഞ്ഞു മൂടിയ ഈ മലനിര. സഞ്ചാരികള്‍ക്കൊപ്പം പ്രകൃതി സ്‌നേഹികളും ഇതിനകം ഇവിടം തേടി എത്തിക്കഴിഞ്ഞു. പ്രഭാതത്തിലേയും സായാഹ്‌നത്തിലേയും കോടമഞ്ഞാണ് ഈ പ്രദേശത്തെ വ്യത്യസ്തമാക്കുന്നത്. മൂന്നാര്‍ മലനിരകളെ വെല്ലുന്നതാണ് കോട്ടപ്പാറയിലെ കോടമഞ്ഞ്. സദാ ഇളം കാറ്റും ഒഴുകിയെത്തുന്ന കോടമഞ്ഞും ഇവിടെയെത്തുന്നവര്‍ക്ക് നവ്യാനുഭവം പകരുന്നു.
വണ്ണപ്പുറം പഞ്ചായത്തിലെ കോട്ടപ്പാറയിലെ പ്രഭാതങ്ങള്‍ ഇപ്പോള്‍ വിനോദ സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വണ്ണപ്പുറം- മുള്ളരിങ്ങാട് റൂട്ടില്‍ വണ്ണപ്പുറത്തു നിന്ന് മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കോട്ടപ്പാറയിലെ മനം കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ കാണാം. കോട്ടപ്പാറയുടെ മുകളില്‍ നിന്നും നോക്കുമ്പോള്‍ കിലോമീറ്ററുകളോളം ദൂരത്തില്‍ കോടമഞ്ഞ് മൂടി കിടക്കുന്ന കാഴ്ച ആര്‍ക്കും പെട്ടെന്ന് മറക്കാനാവില്ല. അതിരാവിലെ മുതല്‍ വെയില്‍ പരക്കുന്നതുവരെയാണ് അപൂര്‍വ കാഴ്ച. തലേ ദിവസം വൈകുന്നേരം മഴപെയ്യുന്ന പ്രഭാതങ്ങളിലാന്ന് കോടമഞ്ഞിന്റെ മനോഹാരിത കൂടുതലായി കാണപ്പെടുന്നത്.

മഞ്ഞ് മാറുന്നതോടെ വണ്ണപ്പുറം ടൗണിന്റെയും മറ്റു സമീപ പ്രദേശങ്ങളുടെയും വിദൂര കാഴ്ച അതി മനോഹരമാണ്. സമൂഹമാധ്യമങ്ങളില്‍ കൂടി കേട്ടറിഞ്ഞ പ്രകൃതി സൗന്ദര്യം തേടി നൂറുകണക്കിനാളുകളാണ് ദിവസവും കോട്ടപ്പാറയില്‍ എത്തുന്നത്. പുലര്‍ച്ചെ രണ്ടു മുതല്‍ ഇവിടെ സഞ്ചാരികള്‍ എത്തി തുടങ്ങും. മൂവാറ്റുപുഴയില്‍ നിന്നും കോതമംഗലത്തു നിന്നും 28 കിലോമീറ്ററും തൊടുപുഴയില്‍ നിന്നും 20 കിലോമീറ്ററുമാണ് കോട്ടപ്പാറയിലേയ്ക്കുള്ള ദൂരം.
ഇവിടെ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് തൊട്ടടുത്ത് തന്നെയുള്ള തൊമ്മന്‍കുത്ത്, മീനുളിയാന്‍ പാറ, കാറ്റാടി കടവ് തുടങ്ങിയ പ്രദേശങ്ങളും സന്ദര്‍ശിച്ച് മടങ്ങാം. എല്ലാ വാഹനങ്ങളും വ്യൂ പോയിന്റിനടുത്ത് എത്തിച്ചേരുമെന്നത് ഇവിടുത്തെ പ്രത്യേകതയാണ്. മറ്റടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും വണ്ണപ്പുറം ടൗണ്‍ തൊട്ടടുത്ത് ഉള്ളത് സഞ്ചാരികള്‍ക്ക് ആശ്വാസമാണ്. ഇതിനു പുറമെ താല്‍ക്കാലിക കടകളും വഴിയോര കച്ചവടവും ആരംഭിച്ചിട്ടുണ്ട്.

അവധി ദിവസങ്ങളിലെ തിരക്കു മൂലം വണ്ണപ്പുറം- മുള്ളരിങ്ങാട് റോഡില്‍ ഗതാഗത സ്തംഭനവും സാധാരണയാണ്. തിരക്കേറിയതോടെ അപകടങ്ങള്‍ ഒഴിവാക്കാന്‍ കുത്തനെയുള്ള പാറകെട്ടുകളുടെ വശങ്ങളില്‍ സംരക്ഷണ വേലി സ്ഥാപിക്കുവാനും ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനുമുള്ള ആലോചനയിലാണ് അധികൃതര്‍.

Ads by Google
Ads by Google
Loading...
TRENDING NOW